x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരിങ്ങളത്തെ വര്‍ക്ക്‌ഷോപ്പിലെ തീപിടിത്തം: 20 ലക്ഷം രൂപയിലേറെ നഷ്ടം, കാരണം തേടി പൊലിസ്

കോഴിക്കോട് ബ്യൂറോ
Published: November 23, 2026 03:23 PM IST | Updated: November 23, 2026 03:23 PM IST

പെരിങ്ങളത്ത് വര്‍ക്ക്ഷോപ്പിലെ തീയണയ്ക്കുന്ന അഗ്നിശമനസേനാംഗങ്ങൾ

കോഴിക്കോട്: കുന്നമംഗലം പെരിങ്ങളത്ത് മില്‍മ ഹെഡ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് കടയിലും വര്‍ക്ക്ഷോപ്പിലുമുണ്ടായ തീപിടിത്തത്തിന്‍റെ കാരണം തേടി പൊലിസ്. ഇരുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.

ബൈക്കുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ ഏകദേശം 13 വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്‌സ് കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് നിഗമനം. ബാഹ്യ ഇടപെടലുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 20 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്.

അര്‍ധരാത്രിയോടെ വര്‍ക്ക്ഷോപ്പിനുള്ളില്‍ നിന്ന് കനത്ത പുകയും തീനാളങ്ങളും ഉയരുന്നത് പ്രദേശവാസികളുടെയും ഇതുവഴി സഞ്ചരിച്ചിരുന്ന വാഹനയാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അപകടം കണ്ടയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി പ്രാഥമികമായി തീ അണയ്ക്കാന്‍ ശ്രമം നടത്തി.

എന്നാല്‍ കടയ്ക്കുള്ളില്‍ ഓയിലും വേഗത്തില്‍ തീപിടിക്കുന്ന മറ്റ് വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നു. വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള യൂണിറ്റ് ഒന്നര മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്.

അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരുന്ന വാഹനങ്ങളുടെ ടാങ്കുകളില്‍ പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനം ഉണ്ടായിരുന്നത് തീ നിയന്ത്രണവിധേയമാക്കുന്നതിന് വലിയ വെല്ലുവിളിയായി. പിന്നീട് മുക്കം, മാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടി മൂന്ന് ഫയര്‍ യൂണിറ്റുകള്‍ കൂടി എത്തിയാണ് തീയണച്ചത്. സമീപത്തെ ഹോട്ടലിലേക്കും ഫര്‍ണിച്ചര്‍ കടയിലേക്കും തീ പടരാതെ അഗ്നിരക്ഷാസേന നടത്തിയ ദൗത്യം വിജയിച്ചു. അല്ലെങ്കില്‍ വലിയ ദുരന്തം സംഭവിച്ചേനെ.

Tags : Fire Workshop Kozhikode Fireforce

Recent News

Corehub Up