അപകടത്തിൽപെട്ട ബൈക്കുകൾ
കോഴിക്കോട്: കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്.
ഇരിങ്ങടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലായി ജനകീയ റോഡ് ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. വെള്ളിമാടുകുന്ന് ഭാഗത്തുനിന്നും ജനകീയ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കണ്ണൂർ രജിസ്ട്രേഷൻ നമ്പറിലുള്ള ഹിമാലയൻ ബൈക്കും വപ്പോളിത്താഴം ഭാഗത്തുനിന്നും വെള്ളിമാടുകുന്ന് ഭാഗത്തേക്കുപോയ ഇന്‍റർസെപ്റ്റർ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഹിമാലയൻ ബൈക്കിലായിരുന്ന സംജാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്‍റർസെപ്റ്റർ ബൈക്കിൽ ഉണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പ്രദേശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചതിൽ നിന്നും ഒരു വാഹനത്തിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്ന് വ്യക്തമാണ്. സംഭവത്തിൽ ചേവായൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.