Kerala
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്.
ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയിരുന്നെങ്കിലും ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല. രാവിലെ താമരശേരി പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിനുശേഷം ബസില്‍ കയറിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
Kerala
കോഴിക്കോട്: കോഴിക്കോട് കടലൂർ സ്വദേശിനിയായ ഒൻപതു വയസുകാരിയുടെ മരണം കവാസാക്കി രോഗം ബാധിച്ചെന്നു നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണു മെഡിക്കൽ കോളജില്‍ മരിച്ചത്.
കോടിക്കൽ എഎംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം പുളിവളപ്പ് മസ്ജിദ് കബർസ്ഥാനിൽ നടത്തി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്കു മാറ്റിയ കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞതും കണ്ണുകൾ ചുവന്നതും രോഗനിർണയത്തിനു കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ ലക്ഷണങ്ങൾ വിലയിരുത്തിയ ത്വക്ക് രോഗ ഡോക്ടറാണ് കവാസാക്കി രോഗം ആകാൻ ഇടയുണ്ടെന്നു സൂചിപ്പിച്ച് മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
മെഡിക്കൽ കോളജിലെത്തിയപ്പോൾ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണ് എന്ന വിലയിരുത്തി അതിനുള്ള ചികിത്സ നൽകി വരുന്നതിനിടെയാണു മരണമുണ്ടായത്.
Kerala
കോഴിക്കോട്: ട്രെയിൻ തട്ടി എട്ടു വയസുകാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ് കണ്ണഞ്ചേരിയിലുണ്ടായ സംഭവത്തിൽ കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് പരിക്കേറ്റത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരിക്കേറ്റ നിലയിൽ കണ്ടത്.
Kerala
കോഴിക്കോട്: കോഴിക്കോട്ട് പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ മഠത്തിലാംതൊടി സുനിത(54) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സുനിതയ്ക്ക് ഷിഗെല്ല രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ചിരുന്നില്ല. രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മേഖലയിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക്കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ൽ ആണ് രോഗബാധ കണ്ടെത്തിയത്.
യുപി സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്നെത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.
Kerala
വടകര: 26 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചോമ്പാല പോലീസ് സ്റ്റേഷന് പരിധിയില്‍ നാദാപുരം റോഡ് ബൈത്തുല്‍ ജദീദ് വീട്ടില്‍ ജാസിറിന്റെ മകനാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം. മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്കിയ ശേഷം തൊട്ടിലില്‍ കിടത്തി ഉറക്കിയതായിരുന്നു.
കുറച്ചു സമയത്തിനു ശേഷം കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഉടന്‍തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
രാവിലെ അഞ്ചിനും എട്ടരയ്ക്കും ഇടയിലാണ് സംഭവം. കുഞ്ഞിന്റെ മരണത്തില്‍ ചോമ്പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Kerala
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നൽകാൻ തയാറാകാത്തതാണ് ശിശുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. വരുന്ന 24നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിച്ചതായാണ് ബന്ധുക്കളുടെ പരാതി. കൃത്യമായ സമയത്ത് പരിചരണവും ചികിത്സയും ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: ജില്ലയിൽ വീണ്ടും മലമ്പനി റിപ്പോർട്ട് ചെയ്തു. ഒളവണ്ണ പഞ്ചായത്തിലാണ് മലമ്പനി റിപ്പോർട്ട് ചെയ്തത്. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലൂരിൽ 63 വയസുകാരനാണ് മലമ്പനി ബാധിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് മലമ്പനി സ്ഥിരീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം, മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. തിക്കോടിയിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് അവസാനവാരമാണ് മധ്യപ്രദേശ് സ്വദേശി കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.
Kerala
കോഴിക്കോട്: തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ നിന്ന് വന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം ബാധിച്ചത്.
മേയ് അവസാനവാരമാണ് ഇയാള്‍ കോഴിക്കോട് എത്തിയത്. ജൂണ്‍ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിള്‍ പരിശോധനയില്‍ മലേറിയ സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്.
ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ഇന്നലെ ചർച്ച നടത്തി. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുത്തു.
ആരോഗ്യമന്ത്രി ഇന്ന് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
അതേസമയം, രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. മെഡിക്കൽ കോളജിലാണ് പരിശോധന നടത്തിയത്.
District News
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചത് ഇതിനാണോ ?
കോഴിക്കോട്: മാവൂർ റോഡിൽ കെഎസ്ആർടിസിയുടെ പ്രധാന ബസ് ടെർമിനലിലെ യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലത്തിനു മുകളിലെ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.22 നാണ് സീലിംഗ് വീണത്. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിംഗ് ഇളകി വീഴുകയായിരുന്നു.
മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് ഇത് വീണത്. ബസ് കാത്ത് ടെർമിനലിലെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ ആയതിനാൽ ഇവിടെ അധികം യാത്രക്കാരില്ലായിരുന്നു.
അതിനാലാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും അടർന്നു വീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ടെർമിനലിലെ ഒന്നാം നിലയിലെ ജിപ്സം സീലിംഗ് പൊട്ടി വീണിരുന്നു. ഒന്നാം നിലയുടെ ഒരു വശത്ത് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്. ഇതിന് അല്പം മാറിയാണ് ഒന്നാംനിലയിലെ സീലിംഗ് വീണത്.
2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെഎസ്ആർടിസി സമുച്ചയത്തിന്റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും ഇവ അടിയന്തരമായി ബലപ്പെടുത്തണമെന്നും ഇതിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐഐടി സമർപ്പിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സിന്റെ ആവശ്യപ്രകാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘവും ഇക്കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടത്തിൽ വീണ്ടും പരിശോധന നടത്തി ഈ വർഷം ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കെട്ടിടം ആരു ബലപ്പെടുത്തണം, അറ്റകുറ്റപ്പണിയുടെ ചെലവ് ആരു വഹിക്കണം എന്നതുമായി ബന്ധപ്പെട്ട് സർക്കാരും (കെടിഡിഎഫ്സി) പാട്ടക്കാരായ അലിഫ് ബിൽഡേഴ്സും തമ്മിൽ കോടതിയിലെ നിയമതർക്കവും തുടരുകയാണ്.
Kerala
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐസിഎംആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോണൽ ആന്റിബോഡി ആദ്യത്തെ ഡോസ് നൽകിയിട്ടുണ്ട്.
പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ നാലുപേരും ഉയർന്ന റിസ്ക് 16 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 286 വീടുകളിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. സർവേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി.
എന്നാൽ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്നും ആർആർടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.നാഷണൽ ഡിസീസ് കണ്ട്രോൾ സെന്ററിൽ (എൻസിഡിസി) നിന്നുള്ള വിദഗ്ധർ 13ന് ജില്ലയിൽ സന്ദർശനം നടത്തും
Kerala
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.
ജിപ്സം സീലിംഗ് ഇളകി വീണാണ് അപകടമുണ്ടായത്.യാത്രക്കാരുടെ തലയിൽ ചെറിയ മുറിവ് മാത്രമാണുള്ളത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
Kerala
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരിപ്പിടത്തിന് മുകളിലേക്ക് സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്ക്. രണ്ട് പുരുഷന്മാർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ജിപ്സം സീലിംഗാണ് അടർന്നുവീണത്. 13-ആം നന്പർ പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് 2022-ൽ സർക്കാരിന് സമർപ്പിച്ചതാണെങ്കിലും ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
Kerala
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ തന്നെ തയാറാക്കി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറുകിട വ്യാപാരിയായ ഇയാൾ അടുത്തിടെ ഒരു ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വന്തമായി വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പനി വന്ന് മാറിയ ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇയാൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് വിപുലമായ സമ്പർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഒപി വിഭാഗത്തിൽ ചികിത്സ തേടിയതിന് പുറമെ, രോഗി എംആർഐ സ്കാനിംഗ്, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്കും വിധേയനായിരുന്നു.
സമ്പർക്ക സാധ്യത കണക്കിലെടുത്ത് ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും മറ്റ് ജീവനക്കാരോടും കർശനമായി ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് രോഗിയെ മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ പേ വാർഡിന് പരിസരത്തും മെഡിക്കൽ കോളജ് ക്യാമ്പസിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും തയാറാകണം.
Kerala
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇദ്ദേഹത്തെ ഐസൊലേഷനിലാക്കി.
ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകി വരികയാണ് നാളെ വൈകിട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാന്പിളിന്റെ പരിശോധന ഫലം വരിക. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് സംഭവം.
കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടകരമായ രീതിയിൽ ദേശീയപാതയിൽ ഓടിച്ചത്. തൊണ്ടയാട് നിന്നും ദേശീയപാത ബെപ്പാസിലേക്ക് കയറിയ ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോയപ്പോഴാണ് ഫാസ്റ്റ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് ജീവനക്കാർ മനസിലാക്കിയത്.
തുടർന്ന് അവിടെനിന്ന് ബസ് വളച്ച് തിരിച്ച് പോകുകയായിരുന്നു. മദ്ധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്റർ പോയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ യാത്ര സ്ലോ ട്രാക്കിലേക്ക് മാറ്റി. കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽവച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. ബസ് വൺവേ തെറ്റിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
ഫാസ്റ്റ്ടാഗിൽ പണമില്ലാത്ത സമയങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർ തന്റെ യുപിഐ വഴി പണമടച്ചാൽ തുക റീഇംബേഴ്സ് ചെയ്യാൻ വകുപ്പില്ല. ഇതാണ് പണമടയ്ക്കാതെ തിരികെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചത്. കെഎസ്ആർടിസിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടിവരും.
Kerala
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി?ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുടലിൽ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍ നിന്ന് ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Kerala
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രപ്യാപിച്ചത്.
കാസർഗോഡും, കോഴിക്കോടും അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
രണ്ട് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ മലപ്പുറം കോഹിന്നൂരിൽ വച്ചുണ്ടായ അപകടത്തിൽ തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജഹാൻ എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
District News
കോഴിക്കോട്: ചുട്ടു പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാന്‍ അബ്ദുള്‍ റഷീദും മകള്‍ നൂറ സൈനബും ചേര്‍ന്ന് ആരംഭിച്ച എളിയ സംരംഭം നാടാകെ പടര്‍ന്നുപന്തലിച്ച് കൂറ്റന്‍ ആല്മരങ്ങള് പോലെ ഭൂമിക്ക് തണലും ജീവശ്വാസവുമേകുകയാണ്. ജീവശ്വാസം നല്ലതും സുഗന്ധപൂരിതവുമാകണം. ആ ഉദ്ദേശത്തില്‍ പുതിയ ഒരു പദ്ധതി കൂടി ആരംഭിച്ചിരിക്കുകയാണ് അബ്ദുള്‍റഷീദ്. 1000 കാട്ടുചെമ്പകങ്ങള് നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്കാണ് ഈ പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. 2017 ല്‍ താമരശേരി കേന്ദ്രീകരിച്ച് അബ്ദുള്‍ റഷീദും നൂറയും ചേര്‍ന്ന് ആരംഭിച്ച "പ്ലാന്റ്സ് ഔവര്‍ പാഷന്' എന്ന കൂട്ടായ്മ പ്രവര്‍ത്തനത്തിലെ വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഏകദേശം 50 മീറ്റര്‍ ചുറ്റളവില്‍ സുഗന്ധം പരത്തുന്ന കാട്ടുചെമ്പകത്തിന്റെ 167 തൈകള്‍ ഇതിനകം അബ്ദുള്‍റഷീദ് വിവിധ സ്ഥാപനങ്ങളിലും വീടുകളിലും നട്ടുപിടിപ്പിച്ചു കഴിഞ്ഞു.
ഒരു ചെടി നട്ട് കൈയും കഴുകി സ്ഥലം കാലിയാക്കുന്നതിനു പകരം ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ ക്യു ആര് കോഡ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമൊരുക്കിയാണ് പ്ലാന്റ്സ് ഔവര്‍ പാഷന് ശ്രദ്ധേയമാകുന്നത്. 250 മുതല്‍ 500 രൂപ വരെ വിലയുള്ള കാട്ടുചെമ്പകത്തിന്റെ തൈകള്‍ അബ്ദുള്‍റഷീദ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നട്ടുനല്കും. ചെടിയുടെ സംരക്ഷണത്തിന് ട്രീ ഗാര്‍ഡ് സ്ഥാപിക്കുകയും ചെയ്യും. ചെടി പരിപാലനത്തില്‍ വൈദഗ്ധ്യം നേടിയ ജോലിക്കാരാണ് അബ്ദുള്‍റഷീദിന്റെ സഹായത്തിനുള്ളത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മയ്ക്കായി ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിന് പരിസ്ഥിതി സ്നേഹികള്‍ അബ്ദള്‍ റഷീദിന് ചെറിയൊരു തുക സംഭാവനയായി നല്‍കും. യാതൊരു ലാഭവും ഈടാക്കാതെയാണ് ചെടികള്‍ നട്ടുനല്കുന്നതെന്ന് അബ്ദുള്‍റഷീദ് പറയുന്നു. വഴിയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദ് മെനക്കെടാറില്ല. ചെടി നടുന്നതല്ലാതെ പലരും പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ലാത്തതു തന്നെ കാരണം.
പ്ലാന്റ്സ് ഔവര്‍ പാഷൻ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം വൃക്ഷതൈകള്‍ സൗജന്യമായി നട്ടുപിടിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും 10 രാഷ്ട്രങ്ങളിലും അരയാല്‍ മരത്തിന്റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു 2024 ലെ പ്രധാന ലക്ഷ്യം. ഓക്സിജന്റെ കലവറയായ അരയാല്‍ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു പിന്നില്‍.
ദീര്‍ഘകാലം നിലനില്ക്കുന്നതും വലിയ അളവില്‍ ഓക്സിജന്‍ പുറത്തു വിടുന്നതുമായ വൃക്ഷം അരയാല്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്. യുഎഇ, അജ്മാന്, ഷാര്‍ജ, ദുബായ്, മുസഫ, ഖത്തര്‍, മദീന തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിന് പുറത്ത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബേസ് യൂണിവേഴ്സിറ്റി, പ്രസിഡന്‍സി കോളജ്, ഗ്രീന്‍ ഫീല്‍ഡ് പബ്ലിക് സ്കൂള്‍, ജെയിന് ഹെറിറ്റേജ് സ്കൂള്‍, മൈസൂര്‍ ജെഎസ്എസ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലും അരയാല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ കഴിഞ്ഞു.
കേരളത്തില്‍ ഫറൂഖ് കോളജ്, പിഎസ്എംഒ കോളജ് തിരുരങ്ങാടി, എന്‍ഐടി കോഴിക്കോട്, കക്കോടി തപോവനം എന്നിവിടങ്ങളിലും നിരവധി ക്ഷേത്രങ്ങള്‍, പള്ളികള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളിലും അരയാല്‍ മരങ്ങള്‍ നടാന്‍ സാധിച്ചു. അരയാല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചവരില് ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷംതോറും റിപ്പബ്ലിക് ദിനത്തില്‍ 10000 രൂപയുടെ കാഷ് അവാര്‍ഡും പ്ലാന്റ്സ് ഔവര്‍ പാഷന് നല്‍കാറുണ്ട്. വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന അബ്ദുള്‍ റഷീദ് നിലവില്‍ നാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഎസ്സി ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ നൂറ സൈനബാണ് നാടും നഗരവും മരുഭൂമിയും വരെ പച്ചപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദിന് താങ്ങും തണലുമായി കൂടെയുള്ളത്.
Kerala
കോഴിക്കോട്: മുതിർന്ന സിപിഎം നേതാവും കോഴിക്കോട് നഗരസഭാ മുൻ മേയറുമായ ടി.പി. ദാസൻ. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സിപിഎം ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ.
മക്കൾ: മിലി (ആർക്കിടെക്ട്, യുഎൽസിസിഎസ്.), മിനി (എച്ച്ആർ ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യുകെ.). മരുമക്കൾ: ബൈജു (പ്രിന്റിംഗ് പ്രസ്, വെസ്റ്റ്ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യുകെ) സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായികമേളയുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷന് ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുമെന്നു ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈറ്റ് വാട്ടര്‍ കയാക്കിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തര്‍ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പാണിത്.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹകരണവും ലഭ്യമാകും.
Kerala
കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വയോധികന് മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.
കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
കോഴിക്കോട്: വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്. ഉടൻ തന്നെ കാർത്തിക്കിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തിക്കിന്റെ കൈവശമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
International
റിയാദ്: ഇരുപത് വർഷമായി സൗദി ജയിൽ കഴിയുകയായിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ ഒപ്പുവച്ചെന്നും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാമെന്നും അധികൃതർ പറഞ്ഞു.
2006-ൽ ഡ്രൈവർ ജോലിക്കായിട്ടാണ് റഹീം സൗദിയിലെത്തിയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ഈ യുവാവ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു.
വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്.
ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായിരിക്കുന്നത്.
Kerala
കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്ളാറ്റിന്റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.
സ്കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ബോധവത്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തേ കോഴിക്കോട് ജില്ലയിലെ പെരുവയലിൽ ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതമതിയെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലു പേർക്ക് മിന്നലേറ്റു.
പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
NRI
ദുബായി: കാപ്പാട് ചീനച്ചേരി മഹല്ല് മുൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി ദുബായിയിൽ അന്തരിച്ചു. ചീനിച്ചേരി റാഹത്ത് മൻസിലിൽ കുനിയിൽ റസാഖ് (54) ആണ് മരിച്ചത്.
ദുബായിയിലെ ബസ് സ്റ്റോപ്പിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജോലി ആവശ്യത്തിനായി പോകവേയാണ് സംഭവം.
ചീനച്ചേരി തർബിയത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മുൻ ഖജാൻജിയായും ചീനിച്ചേരി ശാഖാ മുസ്ലിം ലീഗ് മുൻ ഭാരവാഹിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: സജിനത്ത് (കാപ്പാട് പണ്ടാരവയലിൽ). മക്കൾ: അബ്ദുൽ ഫത്താഹ് (ദുബായി), ഫാത്തിമ ഷബ്നം, നഫീസ ഫെല്ല. മരുമക്കൾ: ഷിഫാന (തായൽപുര, കാപ്പാട്), ഷാഫി (ബൈത്തുൽ ബർക്ക, കാപ്പാട്).
Kerala
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പേരാമ്പ്രയിലും നാദാപുരത്തും വളയത്തുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു.
മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി. റോഡില്‍ മരങ്ങള്‍ വീണതോടെ ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.
നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശേരി മലോരമേഖലയിലും മഴ ലഭിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും തൃശൂരും ചാമ്പ്യന്മാര്. പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴയെ മുക്കിയാണ് കോഴിക്കോടിന്റെ കിരീടധാരണം. സ്കോര്‍: 84-41. ആണ്‍കുട്ടികളുടെ ഫൈനലില്‍ തൃശൂരും തിരുവനന്തപുരവും തമ്മില്‍ അരങ്ങേറിയത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 231 പോയിന്റ് പിറന്ന പോരാട്ടത്തില്‍ 119-112ന് തൃശൂര്‍ വെന്നിക്കൊടി പാറിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശക്തമായ പോരാട്ടത്തിലൂടെ കൊല്ലത്തെ 68-69നു കീഴടക്കി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ കോട്ടയം 88-73ന് ആലപ്പുഴയെ തോല്‍പ്പിച്ച് വെങ്കലം സ്വന്തമാക്കി.
Sports
കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടും ആലപ്പുഴയും ഏറ്റുമുട്ടും.
ആദ്യസെമിയില്‍ കോഴിക്കോട് 68-36ന് കൊല്ലത്തെ കീഴടക്കി ഫൈനലിലേക്കു മുന്നേറി. തിരുവനന്തപുരത്തെ 54-66നു തോല്‍പ്പിച്ചാണ് ആലപ്പുഴയുടെ ഫൈനല്‍ പ്രവേശം.
ആണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ ആലപ്പുഴ 71-51ന് മലപ്പുറത്തെയും തിരുവനന്തപുരം 64-23ന് എറണാകുളത്തെയും തൃശൂര്‍ 38-13ന് പാലക്കാടിനെയും കോട്ടയം 87-37ന് കണ്ണൂരിനെയും തോല്‍പ്പിച്ച് സെമി ടിക്കറ്റ് കരസ്ഥമാക്കി.
Kerala
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ ഡ്രൈവിംഗ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കർ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.
Kerala
കോഴിക്കോട്: കുറ്റ്യാടി കട്ടിപ്പാറയിലെ ജനവാസമേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്. പോത്തിന്റെ മുന്നിൽപ്പെട്ട യാത്രക്കാർ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച പകൽ മുതലാണ് ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ടുതുടങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എന്നാൽ, ഇതുവരെ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്ഥിതി ചെയ്യുന്ന ‘റെഡ് സ്റ്റാർ' പ്രസിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തീപിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയുടെ പിന്നിലാണ് തീപിടിത്തമുണ്ടായത്. പ്രിന്റിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നതും പേപ്പറുകൾ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു.
മെഷീനുകളും പ്രിന്റ് ചെയ്യാനായി എത്തിച്ച വലിയ അളവിലുള്ള കടലാസ് റീലുകളും ബണ്ടിലുകളും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്ക് പുറമേ നിരവധി ബാറ്ററികളും എട്ടോളം എസി ഔട്ട് ഡോർ യൂണിറ്റുകളും ഉരുകിനശിച്ചു. ഒരു കോടിയുടെ പേപ്പർ റീലുകൾ മാത്രം നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
International
ദോഹ: കോഴിക്കോട് - ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഖത്തർ എയർവേയ്സിന്റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി, തുടർന്ന് 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകും.
ദോഹയിൽനിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.
Kerala
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു. പകരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു.
ജില്ലയിൽ പൂർണമായി നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെയാണ് കളക്ടർ തീരുമാനം മാറ്റിയത്.
ഈ നിശ്ചിത പരിധിക്കുള്ളിൽ നാല് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിന് തടസമുണ്ടാകില്ല. വോട്ടെണ്ണൽ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ കൗണ്ടിംഗ് സെന്ററുകൾക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
കോഴിക്കോട്: 151 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തിൽ നിന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്.
അൽഫാത്ത് വലിയതോതിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് ഡാൻസാഫിന് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ അവധിക്കാലമായതിനാൽ എംഡിഎംഎയ്ക്ക് ആവശ്യക്കാരേറിയെന്ന് ഇയാൾ മൊഴി നൽകി.
ഇതിനാലാണ് വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്നും ഇയാൾ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എംഡിഎംഎ എത്തിച്ചതായി പ്രതി മൊഴി നൽകി.
Kerala
മലപ്പുറം: ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി.അന്‍വര്‍. മറിച്ചുസംഭവിച്ചാൽ റിയാസ് കമ്മലിടണ്ട മൊട്ടയടിച്ചാല്‍ മതി. ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയാറാണോയെന്നും അന്‍വര്‍ ചോദിച്ചു.
65000 ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. തനിക്ക് 25000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികളെല്ലാം യുഡിഎഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളുമുണ്ട്.
ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധവോട്ടുകളുണ്ട്. അതെല്ലാം യുഡിഎഫിനു ലഭിച്ചു. കോഴിക്കോട് ജില്ലയിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം റിയാസാണ്. സിപിഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു.
ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിലടക്കം അഴിമതി നടന്നുവെന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തതെന്നും അൻവർ ചോദിച്ചു.
Kerala
കോഴിക്കോട്: രാത്രി ഉറങ്ങാൻ കിടന്ന വിദ്യാർഥിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് വൈഗ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഏഴരയോടെ വീട്ടുകാര്‍ വൈഗയെ ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് താമരശേരിയിൽ ചെമ്പ്ര പുലിയാറക്കുന്ന് ശിൽപ്പയ്ക്കാണ് (20) പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുവച്ചാണ് കടിയേറ്റത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്തുവച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
സ്ട്രോംഗ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ ഏജന്റിനെ അറിയിച്ചിരുന്നുവെന്നു പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിവരം വിളിച്ചറിയിച്ചത്. ഒമ്പതുമണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നു.
സ്ട്രോംഗ് റൂം അല്ല തുറന്നതെന്ന ഉദ്യോഗസ്ഥരുടെ അവകാശവാദം ഫാത്തിമ തഹ്ലിയ തള്ളുകയും ചെയ്തു. തുറന്ന റൂമിന്റെ മുകളില്‍ ‘സ്ട്രോംഗ് റൂം’ എന്നു വ്യക്തമായി എഴുതിയിട്ടുണ്ടെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥര്‍ ഉള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവിടെ പ്രവേശിക്കാന്‍ അവകാശമുണ്ടായിട്ടും തടഞ്ഞത് ദുരൂഹമാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ മുറി തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എം.കെ. രാഘവന് എംപി, ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധമുയര്‍ത്തി. സ്ട്രോംഗ് റൂമിനു സമീപത്തെ റൂം അടയ്ക്കണമെന്നും ഇതിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളാണു ജെഡിടിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥികളെയോ അവരുടെ ചീഫ് ഏജന്റുമാരെയോ മുന്‍കൂട്ടി അറിയിക്കാതെ സ്ട്രോംഗ് റൂം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തുറന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം ആണ് തുറന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കോഴിക്കോട് സൗത്ത് മണ്ഡലവുമായി ബന്ധപ്പെട്ട മുറിയാണ് തുറന്നതെന്നും യുഡിഎഫ് ആരോപിക്കുന്നു.
പേരാമ്പ്ര മണ്ഡലത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ക്കും മറ്റ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, എല്‍ഡിഎഫ് ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
Kerala
കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ചു പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ. കോഴിക്കോട് ജില്ലയിലെ ഏഴു മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നതായാണ് പരാതി.
തുറന്നതു സ്ട്രോംഗ് റൂം അല്ലെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിംഗുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂമാണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഏതു റൂം തുറന്നാലും അതു ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നു ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം സ്ട്രോംഗ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടിനാണ് വിളിച്ച് അറിയിച്ചത്. ഒമ്പതിന് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.
ഇതിനിടെ, കോണ്‍ഗ്രസ് ആരോപണം തള്ളി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു. രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച ആളുകൾക്ക് സ്ഥാനാര്‍ഥിത്വം നല്കാന് ഡിസിസി തയാറായിരുന്നില്ല. ഇതിനെതിരെ പരസ്യമായി അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.
ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.
അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
Kerala
കോഴിക്കോട്: ട്രെയിനിൽ കടത്തുകയായിരുന്ന നാൽപ്പതു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിലുണ്ടായ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവരെ ചേദ്യം ചെയ്തെങ്കിലും നോട്ടീസ് നൽകി വിട്ടയച്ചു.
രാവിലെ പതിനൊന്നിന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു
Kerala
കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.
15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞു പോയ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കൊയിലാണ്ടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
Kerala
കായംകുളം: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റെയും ലതികയുടെയും മകൻ ഗിരിപ്രകാശാണ് (23) മരിച്ചത്.
ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കിവച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: മലബാറില്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും കനത്ത പോളിംഗിൽ വലിയ പ്രതീക്ഷയിൽ മുന്നണികൾ. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള കോഴിക്കോടും മലപ്പുറത്തും മുന്നണികളുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പോളിംഗാണു നടന്നത്. തരംഗത്തിന് സമാനമായ ഫലമായിരിക്കും ഈ ജില്ലകളില്‍ ഉണ്ടാകുക എന്നാണ് വോട്ടെടുപ്പിനുശേഷം യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്.
മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ച് മലപ്പുറം തൂത്തുവാരുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രഖ്യാപനം. ഇരുപത് വര്‍ഷമായി എംഎല്‍എമാരില്ലാത്ത കോഴിക്കോട്ട് കോണ്‍ഗ്രസും ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
പോളിംഗ് ഉയര്‍ന്നാല്‍ അത് യുഡിഎഫിനും കുറഞ്ഞാല്‍ അത് എല്ഡിഎഫിനുമെന്നതാണ് പൊതുവേയുള്ള രാഷ്ട്രീയ ചിത്രമെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം കോഴിക്കോട്ടെ അഞ്ച് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടായെന്ന് എന്‍ഡിഎയും പറയുന്നു. എന്തായാലും കാടടച്ച് നടത്തിയ പ്രചാരണം വെറുതേയായില്ലെന്ന ആശ്വാസത്തിലാണ് മുന്നണികള്‍.
Kerala
കണ്ണൂർ: കണ്ണൂരിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിൽനിന്ന് പുറത്തിറങ്ങാനാവാത്തവിധം സിപിഎം പ്രവർത്തകർ വളയുകയായിരുന്നെന്ന് പറയുന്നു. സംഘർഷത്തിൽ പലർക്കും മർദനമേറ്റു. പോലീസെത്തിയാണ് പലയിടത്തും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ പുറത്തിറക്കിയത്. പോലീസ് ഇല്ലാതിരുന്നയിടങ്ങളിലാണ് യുഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലും സംഘർഷമുണ്ടായി. പയ്യാനിയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിലെ ബൂത്തിലാണ് സംഘർഷമുണ്ടായത്. യുഡിഎഫ് മതംപറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ സംഘർഷമുണ്ടാക്കുകയാണെന്നാണ് പറയുന്നത്. പോലീസെത്തിയാണ് ഇവരെ പറഞ്ഞുവിട്ടത്.
District News
കോഴിക്കോട്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. പള്ളികളില്‍ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടന്നു. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് പള്ളികളില്‍ ചടങ്ങുകള്‍ നടന്നത്.
രാത്രി 8 മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധനയും തുടര്‍ന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കലും നടന്നു. താമരശേരി മേരി മതാ കത്തീഡ്രലിൽ തിരുകർമങ്ങൾക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു.രാവിലെ 7 ന് ദിവ്യബലിയോടനുബന്ധിച്ച് നടന്ന കാലു കഴുകൽ ശുശ്രുഷയും ബിഷപ് നിർവ്വഹിച്ചു. വികാരി ഫാ.തോമസ് ചിലമ്പിക്കുന്നേൽ, അസി.വികാരി ഫാ.എഡ് വിൻ കോനൂക്കുന്നേൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും കാല്കഴുകല്ശുശ്രൂഷയും നടന്നു. കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കാര്‍മികത്വം വഹിച്ചു.ഇന്ന് രാവിലെ 7.30-ന് കുരിശിന്റെ വഴി കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ എത്തിച്ചേരും. തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കും.
പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ സൈമൺ കിഴക്കേകുന്നേൽ കാർമികത്വം വഹിച്ചു. കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ വികാരി ഫാ അനീഷ് പുളിച്ചമാക്കൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി. തിരുക്കർമങ്ങൾക്ക് ഫാ. ജോസ് ഒറവനാം തടത്തില്‍, ഫാ.ജിതിന് പന്തലാടിക്കല്‍,എന്നിവർ സഹകാർമികരായിരുന്നു .
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിച്ചു.ഫാ.സായി പാറൻകുളങ്ങര വചന സന്ദേശം നൽകി. അസിസ്റ്റന്റ് വികാരിമാരായ ഫാ. സെബാസ്റ്റ്യൻ തോട്ടമറ്റത്തിൽ, ഫാ.സെബാസ്റ്റ്യൻ പെരുംമ്പാപള്ളി, ഫാ.തോമസ് തൈക്കുന്നുംപുറത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു. കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ റെക്ടർ ഫാ.ഡോ.തോമസ് കളരിക്കൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികനായി. നരിനട സെൻറ് അൽഫോൻസ പള്ളിയിൽ വികാരി ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികനായി, ഫാ.സോജി ഇടമണ്ണേൽ സഹകാർമികത്വം വഹിച്ചു.
കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയിൽ വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ നടന്ന കാൽകഴുകൽ ശ്രുശ്രൂഷയ്ക്ക് വികാരി ഫാ. ജിനോ ചുണ്ടയിൽ കാർമികത്വം വഹിച്ചു. കരിയാത്തുംപാറ സെൻറ് ജോസഫ് പള്ളിയിൽ ഫാ. രാജേഷ് കുറ്റിക്കാട്ട് കാർമികനായി. കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരി ഫാ. ജോസഫ് കൂനാനിക്കൽ കാർമികത്വം വഹിച്ചു. കരികണ്ടൻപാറ സെന്റ് ജോസഫ് ഇടവകയിൽ വികാരി ഫാ. അമൽ കൊച്ചുകൈപ്പേൽ കാർമികത്വം വഹിച്ചു. പാത്തിപ്പാറ സെന്റ് ജോസഫ് ഇടവകയിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാ. ജോസഫ് പാലക്കാട്ട് കാർമികത്വം വഹിച്ചു.
കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ രാവിലെ ഏഴിന് സിറോ മലബാർ സഭയുടെ ചാൻസലർ ഏബ്രഹാം കാവിൽപുരയിടത്തില്കാൽകഴുകൽ ശുശ്രുഷയും തുടർന്നു വിശുദ്ധകുർബ്ബാനയും അർപ്പിച്ചു. ബഹു. ഷാരോൺ കൊച്ചുപുരയില്‍ പെസഹാ സന്ദേശം നല്കി. വികാരി ഫാ. ബിനു പുളിക്കൽ, അസി. വികാരി ഫാ. എബിൻ മാടശ്ശേരി സിഎസ്ടി ,ഫാ. ജോർജ് മുട്ടത്തുപറമ്പിൽ എസ്ഡിബി എന്നിവർ സഹകാർമികരായിരുന്നു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ വ്യാഴാഴ്ച നടന്ന തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ സഹകാർമികരായി.
Kerala
കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരിൽ നിന്നായി രണ്ടേമുക്കാൽ കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് സമീപത്ത് നിന്നാണ് മുഹമ്മദ് ഹനീഫ പിടിയിലായത്.
ഇയാളിൽ നിന്ന് 517 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റെയ്ഹാനത്തിൽ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരുവരും അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് ലഹരി വാങ്ങാൻ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി വേട്ട. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയെത്തിച്ച് വിൽപന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കാലിക്കച്ചവടം നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു.