കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു. പകരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു.
ജില്ലയിൽ പൂർണമായി നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെയാണ് കളക്ടർ തീരുമാനം മാറ്റിയത്.
ഈ നിശ്ചിത പരിധിക്കുള്ളിൽ നാല് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിന് തടസമുണ്ടാകില്ല. വോട്ടെണ്ണൽ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ കൗണ്ടിംഗ് സെന്ററുകൾക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.