District News
കോട്ടയം: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെ അഞ്ചിടങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍ ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകള്‍ സിസിടിവി നിരീക്ഷണത്തിലാണ്. സായുധ പോലീസിന്റെ കാവലുമുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണമുണ്ട്.
വോട്ടെണ്ണല്‍ ജോലികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും തുടങ്ങി. വിവിധ ബാച്ചുകളിലായാണ് പരിശീലനം. ആദ്യഘട്ട റാന്‍ഡമൈസേഷനിലൂടെ 851 ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. 259 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, 259 മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മേയ് രണ്ടിനു നടക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ ഇവരില്‍ നിന്നും 20 ശതമാനം പേരെ ഒഴിവാക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പാലാ, കടുത്തുരുത്തി- കാര്‍മല്‍ സ്കൂള്‍ പാലാ.
ചങ്ങനാശേരി, പുതുപ്പള്ളി- എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചങ്ങനാശേരി.
ഏറ്റുമാനൂര്‍, കോട്ടയം- എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോട്ടയം.
പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി- സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ.
വൈക്കം- ബസേലിയോസ് കോളജ് കോട്ടയം.
National
ചെന്നൈ: തമിഴ്നാട്ടിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തെങ്കാശി ആലങ്കുളത്ത് വോട്ടിനു പണം നൽകുന്നതുമായി ബന്ധപ്പെട്ടു നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ എഐഎഡിഎംകെ സ്ഥാനാർഥി സ്ഥാനാർഥി കെ.ആര്.പി. പ്രഭാകരനും അൻപതോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്തു.
അതേസമയം, കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപനൽകുന്നുവെന്ന് ആരോപിച്ച് എഐഎഡിഎംകെ ജില്ലാ കളക്ടര്‍ക്കു പരാതി നൽകി.
District News
കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫിന് ബഡാജെ ജിഎല്‍പി പ്രൈമറി സ്കൂളിലെ 22-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്ക് വാമഞ്ചൂര്‍ ജിഎല്‍പി സ്കൂളിലെ 32-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് കോഴിക്കോട് ബാലുശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ എയുപി സ്കൂളിലെ 187-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്.
കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ കളനാട് ജിഎല്‍പി സ്കൂളിലെ 18-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഷാനവാസ് പാദൂരിന് തെക്കില്‍പറമ്പ ജിയുപി സ്കൂളിലെ 41-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍. അശ്വിനിക്ക് കൊടലമൊഗറു ശ്രീവിജയവാണി എയുപി സ്കൂളിലെ 49-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്.
ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. നീലകണ്ഠന് കാറഡുക്ക ജിവിഎച്ച്എസ്എസിലെ 215-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പുവിന് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ 177-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി മനുലാല്‍ മേലത്തിന് മാനടുക്കം ജിയുപി സ്കൂളിലെ 221-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിക്ക് കോട്ടയം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ പാലതുരുത്ത് സെന്റ് തെരേസ യുപി സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന് പള്ളിക്കാപ്പിലിന് രാവണീശ്വരം ജിഎച്ച്എസ്എസിലെ ആറാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി എം. ബല്‍രാജിന് ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലെ 179-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്.
തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ക്ക് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ ചെത്തല്ലൂര്‍ എന്എന്എന്എംയുപി സ്കൂളിലെ 238-ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി.പി. മുസ്തഫയ്ക്ക് വള്വക്കാട് ജിഎല്‍പി സ്കൂളിലെ 207-ാം നമ്പര്‍ ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി രവി കുളങ്ങരയ്ക്ക് പൊള്ളപ്പൊയില്‍ എഎല്‍പി സ്കൂളിലെ 141-ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട്.
Kerala
പാലക്കാട്: വോട്ടിന് കോഴ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേകം തിരക്കഥ തയാറാക്കി വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.
താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. അപ്പോൾ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. ആ കാറിലുണ്ടായിരുന്നു ചെറുപ്പക്കാരൻ മോശമായി ആംഗ്യം കാണിച്ചതിനാലാണ് താൻ തന്റെ കാറിൽനിന്നും ഇറങ്ങി ചെന്ന് ആ യുവാവിനെതിരെ പ്രതികരിച്ചത്. ആ കാറിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിനേഷ് ഉണ്ടായിരുന്നു.
മോശമായ രീതിയിലും വൃത്തിക്കെട്ട രീതിയിലും ഏതോരു സ്ത്രീയും വേദനിക്കുന്ന രീതിയിലുമാണ് ആ കാറിലുണ്ടായിരുന്നു യുവാവ് പ്രതികരിച്ചത്. ആ അമ്മയ്ക്ക് പണം നൽകിയത് വിനേഷിനോപ്പം കാറിലെത്തിയ യുവതിയായിരിക്കുമെന്നും ശോഭ ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. മാറ്റത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യുഡിഎഫിലേക്കാണ്. ബിജെപിക്കുപോലും അമിത വിജയ പ്രതീക്ഷയില്ല.
പിന്നെ എന്തുമാറ്റമാണ് അവര്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുക. കേന്ദ്രത്തില്‍ അധികാരമുള്ളതിനാല്‍ പണം വാരിയെറിഞ്ഞ് പ്രചാരണം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ യുഡിഎഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വര്‍ഷത്തെ നേട്ടമെന്ന പേരില്‍ എല്‍ഡിഎഫ് 10 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണല്‍ ഹൈവേ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ ഒന്നിലും എല്‍ഡിഎഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല.
വികസനം ആരു നടത്തിയാലും അതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. വേള്‍ഡ് സ്റ്റാര്‍ട്ടപ്പ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് നല്‍കിയത് സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ മുമ്പ് ഇടതു സര്‍ക്കാരിന് പിന്തുണച്ച് എഴുതിയ ലേഖനത്തില്‍നിന്നും താന്‍ പിന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
District News
ചവറ: എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ആര്. രാജേഷിന്റെ ചവറ നിയോജക മണ്ഡലം പര്യടനം തുടരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. വീടുകളിലെത്തിയും വോട്ട് അഭ്യര്‍ഥിച്ചു.
ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം സംഘടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു മുമ്പ് രാവിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥന നടത്തി. പ്രചാരണാര്‍ഥം പ്രവര്‍ത്തകര്‍ ചില ഇടങ്ങളില്‍ ഇരുചക്ര വാഹന റാലിയും നടത്തി.
Kerala
തൃശൂർ: മണലൂർ മണ്ഡലത്തിലും വോട്ടിനായി കിറ്റ് വിതരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്. വിതരണത്തിനായി തയാറാക്കിയ 500ലധികം കിറ്റുകൾ കണ്ടെത്തി.
വാടാനപ്പളി സെന്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയാറാക്കി വച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് യുഡിഎഫ് പ്രവർത്തകരും പിന്നാലെ എൽഡിഎഫ് പ്രവർത്തകരും എത്തി പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിന്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
100ലധികം കിറ്റുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നതിന് വന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകുകയും ചെയ്തിരുന്നു.
District News
വടകര: വോട്ടര്‍മാരുടെ സുഖവിവരങ്ങളന്വേഷിച്ച് എല്‍ഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഭാസ്ക്കരന്‍ പര്യടനം തുടരുന്നു. ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന രണ്ടാംഘട്ട പൊതു പര്യടനത്തിന്റെ മുന്നോടിയായി സ്ഥാനാര്‍ഥി വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വ്യക്തികളെ കണ്ടും മണ്ഡലത്തില്‍ സജീവമായി.
മടപ്പള്ളി ഗവ: കോളജിലെത്തിയ സ്ഥാനാര്‍ഥിക്ക് വിദ്യാര്‍ഥികള്‍ സ്വീകരണം നല്കി. വടകര സഹകരണ ആശുപത്രിയില്‍ പ്രസിഡന്റ് ആര്. ഗോപാലന്റെ നേതൃത്വത്തില്‍ ഭരണ സമിതിയുംജീവനക്കാരും ഡോക്ടര്‍മാരും സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. സിപിഐ നേതാവ് എം. കുമാരന്റെ ചരമ വാര്‍ഷിക ദിനാചരണത്തിലും പങ്കെടുത്തു. നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനം സന്ദര്‍ശിച്ചു. വടകരയിലെ പ്രധാന ടെക്സ്റ്റയില്‍ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ഷോപ്പുകളിലും വോട്ട് അഭ്യര്‍ത്ഥന നടത്തി.
.
Kerala
തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതാൻ 2,71,42,952 വോട്ടർമാർ. നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 1,32,20,811 പുരുഷൻമാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്ജെൻഡർമാരുമാണുള്ളത്.
കൂടാതെ 53,984 സർവീസ് വോട്ടർമാർ കൂടിയുണ്ട്. ഇതുകൂടി ഉൾപ്പെടുന്പോൾ ആകെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936 പേരായി ഉയരും.
18നും 19നും ഇടയിലുള്ള വോട്ടർമാർ 4,66,408 പേരുണ്ട്. 2,34,707 പുരുഷൻമാരും 2,31,701 സ്ത്രീകളുമാണ്. 20- 29 വയസിന് ഇടയിൽ 45.72 ലക്ഷം പേരുണ്ട്. 22.89 ലക്ഷം പുരുഷൻമാരും 22.83 ലക്ഷം സ്ത്രീകളും.
District News
എടപ്പാൾ: പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് തവനൂർ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയ്.പുറത്തൂർ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം പര്യടനം നടത്തിയത്.
പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ച സ്ഥാനാർഥി പഞ്ചായത്ത് കണ്‍വൻഷനുകളിലും യുദ്ധവിരുദ്ധ റാലിയിലും പങ്കെടുത്തു.
District News
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജിൻ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമെത്തിയാണ് വോട്ടഭ്യർഥിച്ചത്. ഇന്നലെ രാവിലെ മലയിടംതുരുത്തിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചാണ് പര്യടനം തുടങ്ങിയത്. തുടർന്ന് മലയിടംതുരുത്ത് ഷാപ്പുംപടി, ബാവപ്പടി, പഴങ്ങനാട് സമരിറ്റൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
ഉച്ചകഴിഞ്ഞ് കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല, അമ്പലപ്പടി, വെമ്പിളി വായനശാല പരിസരം എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലെത്തിയും പിണർമുണ്ടയിൽ വീടുകൾ സന്ദർശിച്ചും വോട്ട് തേടി. പള്ളിക്കര ടൗണിൽ വ്യാപാരികളും പൊതുജനങ്ങളും സ്ഥാനാർഥിക്ക് സ്വീകരണം നൽകി.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നതായും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ പോക്കുകണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികർ ഇന്നു മാനസികസമ്മർദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടു താത്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ആശാസമരത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണു സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്കു പെട്ടെന്നു സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്സഭയിൽ പ്രതിപക്ഷനേതാവിനെപ്പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിയെ വിമർശിക്കുന്ന വർക്കെതിരേയുള്ള സൈബർ ആക്രമണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പസംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽനിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെ ന്നും അദ്ദേഹം പരി ഹസിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം വേണ്ടവിധത്തില്‍ സീറ്റും വോട്ടും പിന്തുണയും നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിമര്‍ശനം.
വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധികളാണ് സിപിഎമ്മില്നിന്നുണ്ടായ ദുരനുഭവങ്ങള്‍ നിരത്തിയത്. പ്രചാരണത്തില്‍ സഹകരിച്ചില്ല, വോട്ട് മറിച്ചുകുത്തി തുടങ്ങി വിമര്‍ശനങ്ങളുണ്ടായി.
മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് താഴേത്തട്ടില്‍ സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുന്നതിലെ അതൃപ്തി തുറന്നടിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ സമ്പൂർണ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ്ഐആറിൽ കുരുങ്ങി വോട്ട് നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിൽ രാഷ്ട്രീയ പാർട്ടികൾ. അനുകൂലമായി നിൽക്കുന്ന വോട്ടർമാരെയും അനുകൂലമാകാൻ സാധ്യതയുള്ളവരെയും വോട്ടർ പട്ടികയിൽ നിലനിർത്താനും ഉൾപ്പെടുത്താനും കൊണ്ടുപിടിച്ച ശ്രമമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിവരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടികൾ എസ്ഐആർ പ്രശ്നങ്ങളിലേക്ക് സജീവശ്രദ്ധ തിരിച്ചിരിക്കുകയാണ്. പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ സജീവമായി രംഗത്തിറങ്ങിയത് ബിഎൽഒമാർക്കും ആശ്വാസമായിട്ടുണ്ട്. കണ്ടുമുട്ടാനാകാത്തവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പ്രശ്നങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ ഇടപെടുന്നുണ്ട്.
സംസ്ഥാനത്ത് നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ 24,437 പോളിംഗ് ബൂത്തുകളുണ്ട്. എല്ലാ ബൂത്തുകളിലും വിവിധ രാഷട്രീയ പാർട്ടികളുടെ പ്രതിനിധികളായി ബൂത്ത് ലെവൽ ഏജന്റുമാരെ ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഎമാരുടെ സേവനംകൂടി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പട്ടിക അനുസരിച്ച് ഓരോ പാർട്ടികളുടെയും ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ബിഎൽഎമാരായി സിപിഎം- 21,346, സിപിഐ-5,120, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്- 20,278, മുസ്ലിംലീഗ്- 4,286, ബിജെപി- 7,249 എന്ന കണക്കിനാണ് ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
Kerala
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ നടന്ന റീ പോളിംഗിൽ 71.68 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 772 വോട്ടുകളിൽ 368 എണ്ണം പുരുഷന്മാരുടേതും 404 എണ്ണം സ്ത്രീകളുടേതുമാണ്. 1077 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജകമണ്ഡലത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ, പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 09 ന നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മെഷീൻ തകരാറിയിരുന്നു.
ഇതിലെ വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അന്നത്തെ പോളിംഗ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയും റീ പോളിംഗ് തീരുമാനിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13 ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതാത് സ്ഥാപനങ്ങളിലെയും വോട്ടുകളാണ് എണ്ണുക.
സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 8.30 ഓടെ ആദ്യഘട്ട ഫല പ്രഖ്യാപനം വരും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും. തെരഞ്ഞെടുപ്പ് മാറ്റിവച്ച മൂന്ന് സ്ഥലങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പ് നടക്കും.
കള്ളവോട്ട് പരാതികൾ പരിശോധിക്കണമെന്നും ഭിന്നശേഷി ആളുകൾക്കായി സ്പെഷ്യൽ ബാലറ്റ് അടക്കമുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിനു ശേഷം സർക്കാരുമായി ചർച്ച ചെയ്യുമെന്നും എ. ഷാജഹാൻ അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിഎസ്പി ഒരു സീറ്റ് നേടി. രാംഗഡിൽനിന്നും ബിഎസ്പിയുടെ സതീഷ് കുമാർ സിംഗ് യാദവാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷിന്റെ ജയം. ബിജെപിയുടെ അശോക് കുമാർ സിംഗിന്റെ വെല്ലുവിളിയെ മറികടന്നാണ് സതീഷ് ജയിച്ചിരിക്കുന്നത്.
72,689 വോട്ടുകളാണ് സതീഷ് നേടിയത്. അശോക് 72,659 വോട്ടുകളും ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടുകളും നേടി.
National
പാറ്റ്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ബിഹാറിലും ബംഗാളിലും വോട്ട്. ഇതേത്തുടർന്ന് ബിഹാറിലെ റോഹ്താസ് ജില്ലാ ഇലക്ഷൻ ഓഫീസർ പ്രശാന്ത് കിഷോറിനു നോട്ടീസയച്ചു.
മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൽക്കത്തയിലെ ഭവാനിപുർ മണ്ഡലത്തിലും ബിഹാറിലെ കാർഗാഹർ മണ്ഡലത്തിലുമാണ് പ്രശാന്തിനു വോട്ടുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു.
National
ചെന്നൈ: ഒരു നേതാവിന് ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞാലും ആ പിന്തുണ വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. ഇത് താൻ ഉൾപ്പെടെ എല്ലാവർക്കുമെന്നതു പോലെ തന്നെ നടൻ വിജയ്ക്കും ബാധകമാണെന്ന് കമൽ പറഞ്ഞു.
തമിഴക വെട്രി കഴകം പാർട്ടിയുടെ റാലികളിൽ ദൃശ്യമാകുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.""ശരിയായ പാതയിലൂടെ നീങ്ങുക, ധൈര്യത്തോടെ മുന്നേറുക, ജനങ്ങൾക്ക് നന്മ ചെയ്യുക ഇതാണ് എല്ലാ നേതാക്കളോടും എനിക്ക് പറയാനുള്ളത്’’, വിജയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശം കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു.
സെപ്റ്റംബർ 20ന് തിരുവാരൂരിൽ നടന്ന റാലിയിൽ വിജയ് ഇതേ ചോദ്യം ജനക്കൂട്ടത്തോടു ചോദിച്ചത് വാർത്തയായിരുന്നു. വിമർശകർ ആരോപിക്കുന്നത് പോലെ ഇതൊരു അർഥശൂന്യമായ റാലിയാണോയെന്നും നിങ്ങളാരും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ലേയെന്നും വിജയ് ആരാഞ്ഞപ്പോൾ, വിജയ് വിജയ് എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.
Kerala
എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണി വോട്ടുകളിൽ ചോർച്ച. ഇടതുപക്ഷത്തുനിന്നാണ് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,567 വോട്ടുകളുടെ കുറവാണ് ഇടതുമുന്നണിക്കുണ്ടായിട്ടുള്ളത്.
2021-ൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 81,227 വോട്ടുകളാണു നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശ് 78,527 വോട്ടുകളും നേടിയിരുന്നു. 2,700 വോട്ടുകൾക്കാണ് പി.വി. അൻവർ അന്ന് വിജയിച്ചത്. ബിജെപി സ്ഥാനാർഥി 8,595 വോട്ടുകളും നേടിയിരുന്നു.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും 2021 ലെ തെരഞ്ഞെടുപ്പിൽ മുന്നണി നേടിയ വോട്ട് നിലനിർത്താനോ ഉയർത്താനോ കഴിഞ്ഞില്ല.
77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. 2021 നേക്കാൾ 790 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണയുണ്ടായിട്ടുള്ളത്. നാലു വർഷംകൊണ്ടുണ്ടായ പുതിയ വോട്ടുകൾ പരിഗണിക്കാതെയാണ് ഈ കണക്കുകൾ.
ഇടത്, വലത് മുന്നണികളുടെ വോട്ട് നിലയിൽ ഉണ്ടായ കുറവ് സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി.വി. അൻവറിനാണ് നേട്ടമുണ്ടാക്കിയത്. 19,760 വോട്ടുകളാണ് അൻവർ നേടിയത്.
ബിജെപിക്കാകട്ടെ നാലു വർഷത്തിനു ശേഷം 53 വോട്ടുകളുടെ വർധന മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ആര്യാടൻ ഷൗക്കത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 44.17 ശതമാനവും ഇടത് സ്ഥാനാർഥി എം. സ്വരാജ് 37.88 ശതമാനവും പി.വി. അൻവർ 11.23 ശതമാനവും വോട്ട് നേടി.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനു കിട്ടിയത് 4.91 ശതമാനം വോട്ടാണ്. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി 2,075 വോട്ടും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച എൻ. ജയരാജൻ 52 വോട്ടുകളും പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് 43 വോട്ടുകളും വിജയൻ 85 വോട്ടുകളും ജി. സതീഷ് കുമാർ 114 വോട്ടുകളും ജി. ഹരിനാരായണൻ 185 വോട്ടുകളും നേടി.
630 വോട്ടുകളാണ് അസാധുവായി രേഖപ്പെടുത്തിയത്. 75.27 ശതമാനം പോളിംഗാണ് നടന്നത്. ആകയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.