സുപ്രീംകോടതി
ന്യൂഡൽഹി: ഒബിസി നോൺ-ക്രീമിലെയർ പദവി നിർണയിക്കുന്നതിൽ 1993ലെ ഓഫീസ് മെമ്മോറാണ്ടം ബാധകമാണെന്ന മാർച്ച് 11ലെ വിധി സുപ്രീംകോടതി നിലനിർത്തി.
ഇതിനകം പൂർത്തിയായ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും സീനിയോറിറ്റിയും വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കേണ്ടതില്ലെന്നും എന്നാൽ 2025ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒബിസി ഉദ്യോഗാർഥികളുടെ സർവീസ് അലോട്ട്മെന്റ് മാർച്ച് 11ലെ വിധിക്ക് അനുസൃതമായിരിക്കണമെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഒബിസി നോൺ ക്രീമിലെയർ പദവി നിർണയിക്കുമ്പോൾ മാതാപിതാക്കളുടെ ശമ്പളവരുമാനം മാത്രമല്ല, അവർ വഹിക്കുന്ന തസ്തികയുടെ സ്വഭാവവും പദവിയും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ മാർച്ച് 11ലെ വിധി. ഇതിൽ വ്യക്തത തേടിയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വിധി അതിലെ കക്ഷികൾക്കാണ് ബാധകമാകുകയെന്ന് കോടതി വ്യക്തമാക്കി. ആ വിധിയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ സീനിയോറിറ്റിക്ക് തനിയെ ഭംഗം വരുത്താനോ നേരത്തേ പൂർത്തിയായ തെരഞ്ഞെടുപ്പുകളും നിയമനങ്ങളും വീണ്ടും പരിശോധിക്കാനോ കഴിയില്ല.
എന്നാൽ, സമാന സാഹചര്യത്തിലുള്ളവരുടെ കേസുകൾ ഏതെങ്കിലും കോടതി, ട്രൈബ്യൂണൽ അല്ലെങ്കിൽ അധികാരപ്പെട്ട സ്ഥാപനം മുമ്പാകെ നിലവിലുണ്ടെങ്കിൽ അവയുടെ വസ്തുതകളും അർഹതയും പരിശോധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം 2025ലെ സിവിൽ സർവീസ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒബിസി ഉദ്യോഗാർഥികളുടെ സർവീസ് അലോട്ട്മെന്റിൽ മാർച്ച് 11ലെ വിധി ബാധകമാക്കണമെന്ന് കോടതി പ്രത്യേകം നിർദേശിച്ചു.
Tags : Supreme Court Previous Order Upholds Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OBC Non Creamy Layer