പി.എം. മുഹമ്മദ് ഹനീഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളുടെ സുരക്ഷ പരിശോധിക്കാൻ സർക്കാർ. കെട്ടിടങ്ങളുടെ സുരക്ഷ, നിർമാണ അപാകതകൾ, അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട തകരാർ കണ്ടെത്താനാണ് തീരുമാനം.
സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷിതത്വവും ഉറപ്പും കാലപ്പഴക്കവും അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് എല്ലാ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കെട്ടിടങ്ങളുടെ ഘടനാപരമായ അവസ്ഥയും സുരക്ഷയും സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സര്‍ക്കുലർ ഇറക്കി.
കെട്ടിടങ്ങളിൽ സുരക്ഷിതമല്ലാത്ത ഭാഗങ്ങളുണ്ടെങ്കിൽ അവിടേക്കുള്ള പ്രവേശനം ഉടൻ നിയന്ത്രിക്കുകയും രോഗികളെയും ജീവനക്കാരെയും താമസിയാതെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുകയും വേണമെന്നും പ്രത്യേകം നിർദേശിക്കുന്നു.
പഴകിയതും ജീർണിച്ചതുമായ കെട്ടിടങ്ങള്‍, വിള്ളലുകള്‍, ചോര്‍ച്ച, മേല്ക്കൂരയ്ക്കുണ്ടായ കേടുപാടുകള്‍ അല്ലെങ്കില്‍ മറ്റു തകരാറുകള്‍ പ്രകടമാക്കുന്ന കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ സൂപ്രണ്ടുമാര്‍ അത് പ്രത്യേകമായി റിപ്പോര്‍ട്ട് നല്‍കണമെന്നും രോഗികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, ഓപ്പറേഷന് തിയറ്ററുകള്‍, ഐസിയുകള്‍, വാര്‍ഡുകള്‍, ലാബുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ പ്രത്യേക നിർദേശമുണ്ട്.
ഏതെങ്കിലും കെട്ടിടമോ അതിന്റെ ഭാഗമോ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാല്‍ പതിവ് റിപ്പോര്‍ട്ടിംഗ് നടപടി ക്രമങ്ങള്‍ക്കോ കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ സൂപ്രണ്ടുമാര്‍ ഇക്കാര്യം ഉടന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയെയോ ആരോഗ്യ വകുപ്പ് ഡയറക്ടറെയെയോ അറിയിക്കണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും ആവശ്യമെങ്കില്‍ രോഗികളെയും ജീവനക്കാരെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
കെട്ടിടങ്ങളുടെ ഘടനയില്‍ തകരാറുകള്‍ സംശയിക്കുന്ന സാഹചര്യങ്ങളില്‍ യോഗ്യരായ എന്‍ജിനിയറിംഗ് വിദഗ്ധരെക്കൊണ്ട് സാങ്കേതിക പരിശോധന നടത്തണം. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍, നവീകരണം അല്ലെങ്കില്‍ പുനര്‍നിര്‍മാണം എന്നിവ സംബന്ധിച്ച ശിപാര്‍ശകളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും ഉറപ്പാക്കാണമെന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Tags : Government Seeks report Security Government Hospitals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash