റെബേക്ക ടെയ്ലർ
ന്യൂമെക്സിക്കോ: വൈദ്യപരിശോധനയ്ക്കുശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെ പൊലിസ് വാഹനം തട്ടിയെടുത്ത് ഗർഭിണിയായ തടവുകാരി രക്ഷപ്പെട്ടു. അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാനത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. മോഷണം, ഭവനഭേദനം എന്നീ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 26കാരിയായ റെബേക്ക ടെയ്ലറാണ് കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഗർഭകാല പരിശോധനയ്ക്കായി റെബേക്കയെയും മറ്റൊരു തടവുകാരിയെയും ആശുപത്രിയിൽ കൊണ്ടുപോയി ജയിലിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ഉദ്യോഗസ്ഥർ. യാത്രാമധ്യേ ആൽബുകെർക്കിയിൽ ഭക്ഷണം വാങ്ങാനായി ഉദ്യോഗസ്ഥർ വാഹനം നിർത്തിയപ്പോഴാണു റെബേക്ക അവസരം മുതലെടുത്തത്.
ഉദ്യോഗസ്ഥരിൽ ഒരാൾ വാഹനത്തിന് അടുത്തുണ്ടായിരുന്നെങ്കിലും ഉള്ളിൽ ആരുമില്ലാത്ത തക്കം നോക്കി റെബേക്ക ഡ്രൈവിംഗ് സീറ്റിലേക്കു കയറി ഡോഡ്ജ് ജേർണി എന്ന പൊലിസ് വാഹനം ഓടിച്ചുപോകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇതര തടവുകാരി ഉടൻതന്നെ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
നാലു മാസം ഗർഭിണിയായതിനാൽ യാത്രയ്ക്കിടെ റെബേക്കയ്ക്ക് കൈവിലങ്ങോ മറ്റു നിയന്ത്രണങ്ങളോ ഇല്ലായിരുന്നു. ഇതാണ് അനായാസം ഡ്രൈവിംഗ് സീറ്റിലേക്കു മാറാനും വാഹനം തട്ടിയെടുക്കാനും ഇവർക്കു സഹായകമായത്. സംഭവത്തിനു പിന്നാലെ നടത്തിയ തെരച്ചിലിൽ റെബേക്ക തട്ടിയെടുത്ത വാഹനവും ഇവർ ധരിച്ചിരുന്ന ജയിൽ യൂണിഫോമും ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ റെബേക്കയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇവർക്കായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്. റെബേക്കയുടെ തിരോധാനത്തെത്തുടർന്ന് ന്യൂമെക്സിക്കോയിലെ എല്ലാ ജയിലുകളിലും താത്കാലികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ ആറോടെ ഇതു പിൻവലിച്ചെങ്കിലും റെബേക്കയെ പാർപ്പിച്ചിരുന്ന ''വെസ്റ്റേൺ ന്യൂമെക്സിക്കോ കറക്ഷൻസ് ഫെസിലിറ്റി''യിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇവിടെ സന്ദർശകർക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Tags : Prisoner Escaped America Police Vehicle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash