ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആണവ പോർമുനകൾ പരിശോധിക്കുന്നു.
പ്യോഗ്യാംഗ്: ഉത്തരകൊറിയ അണ്വായുധം ഉപേക്ഷിക്കില്ലെന്ന് പരമോന്നത നേതാവ് കിം ജോംഗ് ഉൻ. ഉത്തരകൊറിയയുടെ അണ്വായുധശേഷി ഒരു യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവ പോർമുനകളും ആണവ ഗവേഷണ കേന്ദ്രവും സന്ദർശിക്കുന്നതിനിടെയാണ് കിം ഇതു പറഞ്ഞതെന്ന് ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ മടിച്ചതിനു പിന്നാലെയാണ് കിം ആണവ പോർമുനകൾ പരിശോധിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടിരിക്കുന്നത്. അണ്വായുധ രാഷ്ട്രമെന്ന പദവി ഉത്തരകൊറിയ ഉപേക്ഷിക്കില്ലെന്ന് കിം വ്യക്തമാക്കി.
അണുബോംബ് ഉണ്ടാക്കാനായി യുറേനിയം സന്പുഷ്ടീകരിക്കുന്ന പ്ലാന്റ് കിം സന്ദർശിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഉത്തരകൊറിയയുടെ യുറേനിയം സന്പുഷ്ടീകരണം ആശങ്കപ്പെടുത്തുംവിധം വർധിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അടുത്തിടെ മുന്നറിയിപ്പു നല്കിയിരുന്നു. വർഷം 12-15 ബോംബുകൾ നിർമിക്കാൻ വേണ്ട യുറേനിയം സന്പുഷ്ടീകരിക്കുന്നുണ്ടത്രേ.
ട്രംപ് അടുത്തിടെ നടത്തിയ ചൈനാ സന്ദർശനത്തിൽ കിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കിം ചൈനയിലെത്തിയില്ല. കിം തന്നെ ഒഴിവാക്കിയതല്ലെന്നും സമയം ശരിയല്ലാത്തതിനാലാണു കൂടിക്കാഴ്ച നടക്കാതിരുന്നതെന്നും ട്രംപ് പിന്നീട് പറയുകയുണ്ടായി.
Tags : Nuclear weapons North Korea Kim Jong Un KCNA Nuclear capability Nuclear warheads Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash