രാജ്മോഹൻ ഉണ്ണിത്താൻ എംപി.
തിരുവനന്തപുരം: ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിവാദങ്ങളൊന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. മണ്ഡലത്തിലെ പരിപാടികളുടെ തിരക്കിലാണെന്നും എല്ലാ കാര്യങ്ങളും പിന്നീട് പറയുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമായി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ഉണ്ണിത്താന്റെ ആരോപണത്തോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായത്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ കേസ് കാലത്ത് പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് രംഗത്തുണ്ടായിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് എന്ന് അവകാശപ്പെടുന്ന പലരും പ്രതിച്ഛായ നഷ്ടപ്പെടുമെന്ന് ഭയന്ന് അന്ന് ഒളിച്ചോടിയെന്നായിരുന്നു ഉണ്ണിത്താന്റെ മറ്റൊരു ആരോപണം. പരസ്യ വിമർശനങ്ങളും പ്രത്യാരോപണങ്ങളും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നൽകിയിരിക്കെയാണ് വിവാദത്തിൽ കൂടുതൽ പ്രതികരിക്കാതെ ഉണ്ണിത്താൻ ഒഴിഞ്ഞുമാറുന്നത്. അതേസമയം കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് ഉണ്ണിത്താനുമായി സംസാരിച്ചിരുന്നു.
Tags : CongressInfighting Congress KeralaPolitics PoliticalControversy Response