സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തിരുവനന്തപുരം: കോൺഗ്രസിനെയും മുഖ്യമന്ത്രി വി.ഡി.സതീശനെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരിഹസിച്ച അദ്ദേഹം പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകാനാകുമെന്നും ചോദിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം ആസ്വദിച്ചാൽ പോരേയെന്നും അദ്ദേഹം പരിഹസിച്ചു.
കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പാണെന്നും മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭയാണ് കേരളത്തിലുള്ളത്. ആറ് മാസം കൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടായെന്നും ഉദ്യോഗസ്ഥർക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ കെസി- വിഡി വിഭാഗീയതയും അദ്ദേഹം പരിഹസിച്ചു. കെപിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റിമെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ്. കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി പിരിഞ്ഞുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കെ.സി.പക്ഷവും വി.ഡി.പക്ഷവുമായി പാർട്ടി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ പരാതിയുമായി ഹൈക്കമാൻഡിലേക്ക് ഘോഷയാത്ര നടത്തുന്ന സ്ഥിതിയാണെന്നും ഗോവിന്ദൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മെറ്റ ഓഫീസിലേക്ക് മാർച്ച് നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എതിരാളികളുടെ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്ന ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു.
Tags : PoliticalControversy Congress V.D.Satheesan ChiefMinister M.V.Govindan