ധനരാജിന്റെ ഭാര്യ സജിനി വിധി കേൾക്കാനായി തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ എത്തിയപ്പോൾ
തളിപ്പറമ്പ്: ധനരാജ് വധക്കേസിലെ വിധി കേൾക്കാൻ ധനരാജിന്റെ ഭാര്യ സജിനിയും തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലെത്തി. വികാര വിക്ഷുബ്ധതയോടെയാണ് സജിനി കോടതിയിൽ വിധി കേട്ടിരുന്നത്. 17 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
കുന്നരുവിലെ കണ്ടനാര്‍ കേളന് തെയ്യത്തിന്റെ കഥ പറഞ്ഞാണ് കോടതി വിധി പറയാന്‍ തുടങ്ങിയത്. ധനരാജിന്റെ ഭാര്യ സജിനിയുടെ മൊഴി വിശ്വസനീയമല്ലെന്ന പ്രതിഭാഗം വാദവും പ്രണബ് അന്നൂരിനെ ഒഴിവാക്കിയതും കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഗ്രാമീണരായ ഭാര്യയും അമ്മയും എല്ലാ കാര്യങ്ങളും നടന്നപടി പറയണമെന്നില്ല എന്ന് നിരീക്ഷിച്ച കോടതി ഇരുവരേയും വിശ്വാസത്തിലെടുക്കുന്നതായും പറഞ്ഞു.
പ്രതികളുടേയും ധനരാജിന്റെയും ടവര്‍ ലൊക്കേഷന്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല. സാക്ഷി റിനീഷിനെ വിശ്വസിക്കാനാവില്ല. കക്കമ്പാറയിലേയും ആര്‍എസ്എസ് കാര്യാലയത്തിലേയും ഗൃഹപ്രവേശനത്തിലേയും ഗൂഢാലോചന വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷി പ്രജീഷ് ചൂരക്കാട്ട് ബിജു വധക്കേസിലെ പ്രതിയും ബ്രാഞ്ച് സെക്രട്ടറിയുമായതിനാല്‍ പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഒന്നാം സാക്ഷി പ്രദീഷിന്റെ മൊഴി വിശ്വസിച്ച് മുന്നോട്ടുപോയെന്നും വേണ്ടപോലെ അന്വേഷിച്ചില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം പ്രോസിക്യൂഷന് തിരിച്ചടിയായി. നാലുമുതല്‍ 20 വരേയുള്ള പ്രതികളെ വെറുതെ വിടുന്നത് ഇതിനാലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
Tags : Dhanaraj MurderCase Wife Verdict