അനിത, തലസാനി മധുസൂധൻ റെഡ്ഡി, ഉപേന്ദ്ര
ബംഗളൂരു: കർണാടകയിലെ ദൊഡ്ഡതൊഗൂരുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഹൃദയാഘാതമാണെന്നു വരുത്തിത്തീർത്തു. സംഭവത്തിൽ അനിത (36), കാമുകൻ തലസാനി മധുസൂധൻ റെഡ്ഡി (48) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. അനിതയുടെ ഭർത്താവ് ഉപേന്ദ്രയാണ് (41) കൊല്ലപ്പെട്ടത്.
ഉപേന്ദ്രയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഒക്ടോബർ 12-നാണ് അദ്ദേഹത്തിന്റെ സഹോദരൻ പൊലിസിൽ പരാതി നൽകിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പൊലിസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. നവംബർ അഞ്ചിനു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴാണ് തലസാനി മധുസൂധൻ റെഡ്ഡി കൊലപാതകവിവരം പുറത്തുപറഞ്ഞത്.
അനിതയും തലസാനി മധുസൂധൻ റെഡ്ഡിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധത്തിന് തടസമാകുമെന്നു കരുതിയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഒക്ടോബർ 12-ന് പുലർച്ചെ ഉപേന്ദ്രയുടെ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണവിവരം പുറത്തറിയാതിരിക്കാൻ ശുചിമുറിയിൽ തെന്നി വീണ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ഇവർ നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
തലസാനി മധുസൂധൻ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗുരുവിലെ വീട്ടിൽ നിന്നും അനിതയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴു ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.