National
ചത്തീസ്ഗഡ്: പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.
വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.
പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.
അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.
National
ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ധൻരാജ് നാഥ് (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ധൻരാജിന്റെ ഭാര്യ ധാപുവ് കാമുകൻ പങ്കജ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുടെയും പങ്കജിന്റെയും ബന്ധത്തെക്കുറിച്ച് ധൻരാജ് നാഥ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതിന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ധാപുവും പങ്കജും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പിന്നീട് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് ധൻരാജ് നാഥിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
National
ഭോപ്പാല്‍: കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ ധാറിലാണ് സംഭവം.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് വരുത്തി തീർക്കാനുള്ള നീക്കം പോലീസിന്റെ ഇടപെടലിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
28കാരനായ പുരോഹിത് ദേവ്കൃഷ്ണ ഏപ്രില്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധത്തില്‍ നിന്നും മുറിവേറ്റാണ് ദേവകൃഷ്ണയുടെ മരണം.
ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പോലീസിനെ സംശയത്തിലാക്കിയത്. പിന്നീട് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചരുൾ അഴിഞ്ഞത്. മൂന്നര ലക്ഷത്തോളം രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ നിന്നും മോഷണം പോയെന്നും മോഷ്ടാക്കളുടെ ആക്രമണത്തിലാണ് ദേവ്കൃഷ്ണ കൊലപ്പെട്ടതെന്നുമായിരുന്നു പ്രിയങ്കയുടെ ആദ്യമൊഴി.
പ്രിയങ്കയുടെയും ദേവ്കൃഷ്ണയുടെ ദാമ്പത്യജീവിതത്തില്‍ ഏറെക്കാലമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 25കാരിയായ പ്രിയങ്ക എപ്പോഴും കറുത്തിരിക്കുന്നുവെന്ന പേരില്‍ ദേവ്കൃഷ്ണയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും കറുത്തിരിക്കുന്നതിനാല്‍ നീ എന്നെ അര്‍ഹിക്കുന്നില്ല, നിന്നെക്കാള്‍ മികച്ചതാണ് താന്‍ അര്‍ഹിക്കുന്നതെന്ന് പറഞ്ഞ് അപമാനിക്കുമായിരുന്നെന്നും യുവാവിന്റെ സഹോദരി പറയുന്നു.
രാജ്ഘട്ട് സ്വദേശിയായ കമലേഷ് പുരോഹിത് എന്ന 32കാരനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിവാഹേതര ബന്ധത്തിന് തടസമായി നിന്ന ദേവ്കൃഷ്ണയെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. 50,000രൂപ അഡ്വാൻസും നൽകി. സംഭവദിവസം വീട്ടിലെ കതക് മനപൂര്‍വം യുവതി തുറന്നിട്ടു.
വാടക കൊലയാളിയായ സുരേന്ദര്‍ ഇതുവഴി അകത്ത് കടന്നാണ് കൃത്യം നിര്‍വഹിച്ചത്. മോഷണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മുറിമുഴുവന്‍ കൊലപാതകി അലങ്കോലമാക്കുകയും ചെയ്തു. ആഭരണങ്ങള്‍ അടക്കം നഷ്ടമായി എന്നായിരുന്നു പ്രിയങ്കയുടെ മൊഴി.
എന്നാല്‍ ഇവ വീട്ടില്‍ നിന്ന് തന്നെ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഡാറ്റയും മറ്റ് തെളിവുകളുമെല്ലാം പ്രിയങ്കയ്ക്ക് എതിരായതോടെ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നാലെ കാമുകനും അഴിക്കുള്ളിലായി. അതേസമയം സുരേന്ദര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
National
പൂനെ: ആറു വയസുള്ള മകനെ കൊലപ്പെത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന ബാസിരൻ മെഹബൂബ് ഷെയ്ക്ക് (27) ആണ് കാമുകനൊപ്പം ജീവിക്കാൻ മകനെ കൊലപ്പെത്തിയത്. കാമുകനുമായി ചേർന്ന് ബക്കറ്റിൽ മുക്കിയാണ് കുട്ടിയെ കൊന്നത്. പിന്നീട് മരണം ഉറപ്പിക്കാനായി കുട്ടിയെ നിലത്തടിക്കുകയും ചെയ്തു.
ഏപ്രിൽ നാലിന് രാത്രി 11.30 ഓടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീർക്കാൻ അമ്മയും കാമുകനും ശ്രമിച്ചെന്ന് പോലീസ് പഞ്ഞു.
ഭർത്താവായ മഹ്ബൂബിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. മഹ്ബൂബിനും യുവതിക്കും മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരിൽ രണ്ടുപേർ പിതാവിനൊപ്പം ആറ് വയസുകാരൻ ആവേസ് അമ്മയുടെ സംരക്ഷണയിലുമായിരുന്നു. ഇതിനിടെയിലാണ് യുവതി റാം വിനായകുമായി അടുപ്പത്തിലാകുന്നത്. മകൻ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് യുവതി കാമുകൊപ്പം ചേർന്ന് കൊലപാതകം നടത്തിയത്.
രാവിലെ ബാസിരൻ മകന്റെ മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദായാഘാതം മൂലം കുട്ടി മരിച്ചെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. ആദ്യം യുവതി പറഞ്ഞത് വിശ്വസിച്ച കുടുംബം കുട്ടിയെ സംസ്കരിക്കാനായി തയാറെടുത്തു. എന്നാൽ മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മദനമേറ്റ പാടുകൾ കണ്ട് സംശയം തോന്നിയ കുടുംബം വിവരം പോലീസിനെ അറിയിച്ചു.
പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള കാമുകനായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
National
മുംബൈ: കാമുകിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് 15 നാണ് ഭയ്യാസാഹേബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്റെയും ഭയ്യാസാഹേബിന്റെ പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ, ഇദ്ദേഹം നാന്ദേഡിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി.
എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
ജീവനൊടുക്കണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ബംഗുളൂരു: ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഹൃദയാഘതം മൂലം മരിച്ചെന്ന് വിശ്വസിപ്പിച്ച യുവതിയും കാമുകനും പിടിയിലായി. തുംകൂരു സ്വദേശി കെ. പരമേശി (50) നെയാണ് ഭാര്യ പി. ആശ (46), ആശയുടെ കാമുകൻ ചന്ദ്രപ്പ (48) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് ആശയും ചന്ദ്രപ്പയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പരമേശ് അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്.
സ്ഥിരമായി മദ്യപിക്കാറുള്ള പരമേശ് ജനുവരി 29ന് രാത്രി മദ്യപിച്ച ശേഷം ഉറങ്ങൻ പോയി. ഈ സമയത്താണ് ആശയും ചന്ദ്രപ്പയും ചേർന്ന് ഇയാളെ ശ്വാസംമുട്ടിച്ച് കൊന്നത്. പിറ്റേന്ന് രാവിലെ പരമേശ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മരണത്തിന് പിന്നാലെ ആശയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും ചന്ദ്രപ്പയുമായുള്ള അടുപ്പവും പരമേശിന്റെ സഹോദരി കെ. നാഗമ്മയ്ക്ക് സംശയമുണ്ടാക്കി. നാഗമ്മയുടെ ചോദ്യങ്ങൾക്ക് ആശ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മാർച്ച് നാലിന് പോലീസിൽ പരാതി നൽകി.
തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും പരമേശിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിയുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
National
ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ യുവതിയെ പങ്കാളി വെടിവച്ചു കൊന്നു. എയിംസ് ആശുപത്രിയിലെ ജീവനക്കാരി പ്രീതി റാവത്ത് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.
വിവാഹമോചിതയായ പ്രീതി, ശിവാജി നഗർ പ്രദേശത്തെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഋഷികേശിൽ വച്ച് വിവാഹിതനായ സുരേഷ് ഗുപ്ത എന്നയാളെ പ്രീതി പരിചയപ്പെട്ടു.
തുടർന്ന് ഇവർ പ്രണയത്തിലായി. പ്രീതിയെ വിവാഹം ചെയ്യാൻ ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ഇയാൾ അപേക്ഷ നൽകി. ഇതിനിടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രീതിയുടെ ബന്ധുക്കൾ, വിവാഹത്തിന് മുമ്പ് ഋഷികേശിൽ ഒരു വീട് വാങ്ങാൻ സുരേഷിനോടു ആവശ്യപ്പെട്ടു.
ഇതിനായി ഹരിദ്വാറിലെ ലക്സറിലുള്ള തന്റെ സ്വത്തുക്കൾ 35 ലക്ഷം രൂപയ്ക്ക് വിറ്റ അദ്ദേഹം ഋഷികേശിൽ വീട് അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ, അനുയോജ്യമായ വീട് കണ്ടെത്താൻ സുരഷിന് കഴിഞ്ഞില്ല.
ഇതേചൊല്ലി സുരേഷും പ്രീതിയും തമ്മിൽ വഴക്ക് പതിവായി. പ്രീതിയെ വിവാഹം കഴിക്കാൻ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ കഴിയാത്തതിനാലും സ്വത്തുക്കൾ മുഴുവൻ വിറ്റിട്ടും ഋഷികേശിൽ ഒരു വീട് വാങ്ങാൻ സാധിക്കാത്തതിലുമുണ്ടായ വിഷാദം മൂലമാണ് ഗുപ്ത, പ്രീതിയെ കൊലപ്പെടുത്തിയതെന്ന് അജയ് സിംഗ് പറഞ്ഞു.
പ്രീതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഋഷികേശ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം ഗുപ്തയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ.
രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് തടസമായി നിന്ന രാജേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവിനെ കൊന്ന് ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ യുവതിയും കാമുകനും പോലീസ് പിടിയിൽ.
ഉത്തർപ്രദേശിലെ സംഭലിലെ ചാന്ദൗസി പ്രദേശത്തായിരുന്നു സംഭവം. റൂബി, സുഹൃത്ത് ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. 38 കാരനായ രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഡിസംബർ 15ന് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കൈയും തലയും വേർപ്പെട്ട നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ചോദ്യം ചെയ്യലിൽ ഭാര്യ റൂബി കൊലപാതകക്കുറ്റം സമ്മതിച്ചു. സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി.
ഇരുമ്പ് വടികൊണ്ട് രാഹുലിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരഭാഗങ്ങൾ രാജ്ഘട്ടിലെത്തിച്ച് ഗംഗയിൽ ഒഴുക്കി. ചില ഭാഗങ്ങൾ അഴുക്കുചാലിലും തള്ളുകയായിരുന്നു.
ആൺസുഹൃത്തുമായുള്ള ബന്ധത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹങ്ങളുണ്ടായിരുന്നതായാണ് വിവരം. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അസ്വാഭാവികത തോന്നിയ പോലീസ് കുടുംബത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്തി. ഇതിനിടെ രാഹുലിന്റെ ഫോൺ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.
ഇതിനിടെയാണ് മൃതദേഹാവശിഷ്ടവും കണ്ടെത്തിയത്. ശരീരം മുറിക്കാൻ ഉപയോഗിച്ച ഉപകരണവും മർദിക്കാനുപയോഗിച്ച ഇരുമ്പ് വടിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊന്ന സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ.
നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്.
അഞ്ചലിന്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ, മാതാവ് ജയശ്രീ മാമിദ്വാർ, മുതിർന്ന സഹോദരൻ സാഹിൽ ഗജാനൻ മാമിദ്വാർ, സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കർ, ചേതൻ ബാലാജി മാമിദ്വാർ, പേര് വെളിപ്പെടുത്താത്ത ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അഞ്ചലിന്റെ 17കാരനായ ഇളയ സഹോദരനും പ്രതികളിൽ ഉൾപ്പെടുന്നു. ആറ് പേരെ പിടികൂടിയെങ്കിലും രണ്ടുപേർ ഒളിവിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചലിന്റെ കാമുകൻ സാക്ഷാം ടേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മർദിച്ചതിന് ശേഷം വെടിവച്ചാണ് ഇവർ സാക്ഷമിനെ കൊന്നത്.
National
ഗൊരഖ്പൂർ: മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിച്ചതിനാണ് 20 വയസുകാരിയായ ശിവാനിയെ യുവാവ് കൊന്നത്. സംഭവത്തിൽ കാമുകൻ വിനയ് എന്ന ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം.
ഈ വർഷം മേയിലാണ് ശിവാനി വിവാഹിതയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അമ്മയുടെ വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.
അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയിൽ വിനയും ശിവാനിയും ഒരുമിച്ച് നിൽക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്യെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ശിവാനിയുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
National
ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.
സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.
ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
Kerala
പത്തനംതിട്ട: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം.
ആക്രമണത്തിൽ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 22നാണ് യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ യുവതിയെ കാണാതായി എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പോലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്.