പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി... അധികാരത്തിലേക്കുള്ള വഴിയിലെ നിർണായക പോർമുഖം... അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ഉത്തർപ്രദേശിന്. രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിർണയിക്കുന്നതിൽ എന്നും നിർണായക പങ്കുവഹിച്ചിട്ടുള്ള മണ്ണ്.
403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്സഭാ സീറ്റുകളുമുള്ള ഈ രാഷ്ട്രീയ ഭൂമികയിൽ 2027-ൽ വീണ്ടും പോരാട്ടച്ചൂടുയരുകയാണ്. എന്നാൽ ഇത്തവണ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നുനിൽക്കുന്ന ഒരു ചോദ്യം കോൺഗ്രസിനെക്കുറിച്ചാണ്.
ഒരുകാലത്ത് ഈ മണ്ണിൽ അധികാരത്തിന്റെ അമരക്കാരായിരുന്ന കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാകുമോ?
നിലനിൽപ്പിന്റെ പോരാട്ടം
2022-ൽ വെറും രണ്ട് നിയമസഭാ സീറ്റുകളിലേക്ക് ചുരുങ്ങിയ പാർട്ടിക്ക് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നൽകിയ പ്രതീക്ഷകൾ നിയമസഭാ പോരാട്ടത്തിലും വഴിതുറക്കുമോ? 2027-ലേക്ക് ഉത്തർപ്രദേശ് ഉറ്റുനോക്കുമ്പോൾ കോൺഗ്രസിന്റെ മുന്നിലുള്ളത് കേവലം ഒരു തെരഞ്ഞെടുപ്പല്ല, ഹിന്ദി ഹൃദയഭൂമിയിലെ തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാനുള്ള നിർണായക പോരാട്ടം കൂടിയാണ്.
2022-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ആകെയുള്ള 403 സീറ്റുകളിൽ 399 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തി. എന്നാൽ വിജയിക്കാനായത് വെറും രണ്ട് സീറ്റുകളിൽ മാത്രം.
പാർട്ടിയുടെ വോട്ട് വിഹിതം 2.33 ശതമാനമായി ചുരുങ്ങി. അതായത് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തികളിലൊന്നായിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തമാകുന്ന സ്ഥിതിയിലേക്ക് നീങ്ങി.
മറുവശത്ത് ബിജെപി 255 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിച്ചു. സമാജ്വാദി പാർട്ടി 111 സീറ്റുകളുമായി പ്രധാന പ്രതിപക്ഷമായി. ബഹുജൻ സമാജ് പാർട്ടിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം. എന്നാൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ലഭിച്ച ഓക്സിജനായിരുന്നുവെന്ന് പറയാം.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സമാജ്വാദി പാർട്ടിയുമായി കൈകോർത്താണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് 17 സീറ്റുകളിലും സമാജ്വാദി പാർട്ടി 62 സീറ്റുകളിലുമാണ് മത്സരിച്ചത്. കോൺഗ്രസ് ആറ് സീറ്റുകൾ നേടിയപ്പോൾ സമാജ്വാദി പാർട്ടിക്ക് ലഭിച്ചത് 37 സീറ്റുകൾ. ഇരുപാർട്ടികളും ചേർന്ന് 43 സീറ്റുകൾ നേടിയപ്പോൾ 2019-ൽ 62 സീറ്റുകൾ നേടിയിരുന്ന ബിജെപി 2024-ൽ 33 സീറ്റുകളിലേക്ക് ചുരുങ്ങി.
കോൺഗ്രസിന്റെ വിജയങ്ങളിൽ അമേഠിയും റായ്ബറേലിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അമേഠിയിൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി കിഷോരി ലാൽ ശർമ വിജയിച്ചത് കോൺഗ്രസിന് വലിയ രാഷ്ട്രീയ ആത്മവിശ്വാസം നൽകി.
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ വിജയവും പാർട്ടിയുടെ തിരിച്ചുവരവിന്റെ പ്രതീകമായി. സാക്ഷാൽ നരേന്ദ്ര മോദിയെ വാരണാസിയിൽ വിറപ്പിക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.

സമാജ്വാദി പാർട്ടിയുമായുള്ള സഖ്യം: കോൺഗ്രസിന് അനുഗ്രഹമോ?
2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാവി ഏറെക്കുറെ നിർണയിക്കുക സമാജ്വാദി പാർട്ടിയുമായുള്ള ബന്ധമായിരിക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയാണ് ഇന്ന് ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ ശക്തി. 2022-ൽ 111 നിയമസഭാ സീറ്റുകൾ നേടിയ പാർട്ടിക്ക് സംസ്ഥാനത്തുടനീളം ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്.
കോൺഗ്രസിന് നിലവിൽ അത്തരമൊരു അടിത്തറയില്ല. അതിനാൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ സമാജ്വാദി പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് അനിവാര്യമാണ്. എന്നാൽ സഖ്യത്തിനുള്ളിൽ സീറ്റ് വിഭജനമാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം.
റിപ്പോർട്ടുകൾ പ്രകാരം 2027-ലെ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി സമാജ്വാദി പാർട്ടി ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നവംബർ 23, 24 തീയതികളിൽ കോൺഗ്രസുമായി ചർച്ചകൾ നടത്താനാണ് നീക്കം. അതേസമയം ആം ആദ്മി പാർട്ടിയുമായും സിപിഐ (എംഎൽ) ലിബറേഷനുമായും അഖിലേഷ് യാദവ് ചർച്ചകൾ നടത്തിയിട്ടുണ്ട്.
കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടുവെന്നാണ് അഖിലേഷ് യാദവ് സൂചിപ്പിച്ചത്. എന്നാൽ ഈ ആവശ്യം സംബന്ധിച്ച് ഔദ്യോഗിക ധാരണയായിട്ടില്ല. ഇവിടെയാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
2022-ൽ 399 സീറ്റുകളിൽ മത്സരിച്ചിട്ടും രണ്ടിടത്ത് മാത്രം വിജയിച്ച പാർട്ടിക്ക് 2027-ൽ 100-ലധികം സീറ്റുകൾ ആവശ്യപ്പെടാൻ എന്താണ് അടിസ്ഥാനം? മറുവശത്ത്, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ നേടിയ പാർട്ടിക്ക് കൂടുതൽ രാഷ്ട്രീയ ഇടം നൽകേണ്ടതില്ലേ? ഈ തർക്കം പരിഹരിക്കുന്നതിൽ ഇരുപാർട്ടികളും കാണിക്കുന്ന രാഷ്ട്രീയ പക്വത നിർണായകമാകും.
സമാജ്വാദി പാർട്ടിയുടെ നിലപാട് കൂടി പരിശോധിക്കുമ്പോൾ കോൺഗ്രസിന് മുന്നിലുള്ള പ്രതിസന്ധി വ്യക്തമാകും. 2022-ൽ സമാജ്വാദി പാർട്ടി 111 സീറ്റുകളിൽ വിജയിക്കുകയും 223 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
ഈ 334 മണ്ഡലങ്ങളെയും ചർച്ചയ്ക്ക് പുറത്തുനിർത്തുന്ന നിലപാടാണ് സമാജ്വാദി പാർട്ടി സ്വീകരിക്കുന്നതെങ്കിൽ കോൺഗ്രസിന് ലഭിക്കുന്ന അവസരം വളരെ പരിമിതമാകും.
അതേസമയം 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കോൺഗ്രസിനും രാഷ്ട്രീയ ന്യായമുണ്ട്. അതുകൊണ്ട് 2027-ലെ സഖ്യചർച്ചകൾ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
കോൺഗ്രസ് ശക്തമാണോ?
ഉത്തർപ്രദേശിലെ 75 ജില്ലകളിലും സംഘടന ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തലത്തിൽ പ്രവർത്തകരെ സജ്ജമാക്കുക, വോട്ടർ പട്ടിക പരിശോധിക്കുക, ജില്ലാ ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തുക തുടങ്ങിയ നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ജില്ലാ തലത്തിലുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രത്യേക ലക്ഷ്യങ്ങൾ നിശ്ചയിക്കുകയുംപ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ ഭാരവാഹികളെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം 2027-ലെ തെരഞ്ഞെടുപ്പിനുള്ള തന്ത്രത്തിൽ രാഹുൽ ഗാന്ധി സംഘടനാ പുനരുജ്ജീവനത്തിനും യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുവെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധിയും സഖ്യ ഏകോപനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഇവയെല്ലാം നല്ല സൂചനകളാണ്. പക്ഷേ സംഘടനാ പുനഃസംഘടനയും തെരഞ്ഞെടുപ്പ് വിജയവും രണ്ടാണ്. ബൂത്ത് തലത്തിൽ പാർട്ടിക്ക് വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് യഥാർഥ പരീക്ഷണം.

യോഗിയെ നേരിടാൻ രാഹുലിനാവുമോ?
ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ അംഗമെന്ന നിലയിൽ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിക്കും നിർണായകമാണ്. എന്നാൽ യോഗി ആദിത്യനാഥ് "നയിക്കുന്ന' ബിജെപിയെ നേരിടുക എന്നത് ചെറിയ കാര്യമല്ല.
2022-ൽ 41.29 ശതമാനം വോട്ട് നേടിയ ബിജെപി 255 സീറ്റുകളിലാണ് വിജയിച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തലത്തിൽ പാർട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ട്.
യോഗി സർക്കാരിനെതിരേ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷത്തിന് അവസരമുണ്ട്. എന്നാൽ ഈ വിഷയങ്ങൾ വോട്ടുകളാക്കി മാറ്റാൻ ശക്തമായ പ്രാദേശിക നേതൃത്വം ആവശ്യമാണ്.
കോൺഗ്രസിന് ഈ മേഖലയിൽ സമാജ്വാദി പാർട്ടിയുടെ പിന്തുണ ലഭിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ഉത്തർപ്രദേശിൽ കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചുവരവിനുള്ള അവസരം തീർച്ചയായും നിലനിൽക്കുന്നുണ്ട്. 2024-ലെ ആറ് ലോക്സഭാ സീറ്റുകൾ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതയും വ്യക്തമാക്കുന്നു.
2027-ൽ കോൺഗ്രസ് എത്ര സീറ്റുകളിൽ മത്സരിക്കുന്നു എന്നതിലുപരി മത്സരിക്കുന്ന സീറ്റുകളിൽ എത്രത്തോളം വിജയസാധ്യതയുണ്ടെന്നതാണ് പ്രധാനം.
സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ട് സ്വന്തം സംഘടനാ ശക്തി വർധിപ്പിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് സംസ്ഥാനത്ത് വീണ്ടും പ്രസക്തി നേടാം.
Tags : UP Election Congress Samajwadi Party politics Indian politics bjp