National
ന്യൂഡൽഹി: ബംഗ്ലാദേശ് മാതൃകയിലുള്ള യുവജന പ്രക്ഷോഭമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് ബിജെപി. ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ തിരിച്ചെത്താൻ കഴിയാത്തതിനാൽ രാഹുലും കൂട്ടാളികളും അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത എഐഎസ്എ നേതാവ് നേഹ ബോറയുടെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ വിമർശനം.
ബംഗ്ലാദേശിലേതുപോലെ ഇന്ത്യയിലും പ്രക്ഷോഭം ഉണ്ടാകണമെന്ന് നേഹ ബോറ പറഞ്ഞത് രാഹുൽ ഗാന്ധിയുടെതന്നെ നിലപാടാണെന്നും, ഇത് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും ഭണ്ഡാരി ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും ഭരണമാറ്റം ലക്ഷ്യമിട്ടുമാണ് കോൺഗ്രസ് ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പ്രദീപ് ഭണ്ഡാരി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിക്കിം ഗവർണർ ദുഷ്യന്ത് ഗൗതമിന്റെ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചു. അങ്കിത ഭണ്ഡാരി കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ കത്തയച്ചത്. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ പദവിയിലെത്തിയാൽ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ തുടരാനോ കഴിയില്ലെന്ന ആശങ്കയും രാഹുൽ ഗാന്ധി കത്തിൽ ഉന്നയിച്ചു. 2022 ൽ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. റിസോർട്ട് ഉടമയായ ബിജെപി നേതാവിന്റെ മകനും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
ഒരു വിഐപിക്ക് വഴങ്ങാനുള്ള നീക്കത്തെ അങ്കിത എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിലെ വിഐപി ദുഷ്യന്ത് ഗൗതമാണെന്ന് അങ്കിതയുടെ കുടുംബവും കോൺഗ്രസും ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല.
അങ്കിതയ്ക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിന് സമീപം ഇന്നലെ രാത്രി പ്രതിഷേധിച്ച മാതാപിതാക്കളെയും കോൺഗ്രസ് നേതാക്കളെയും പുലർച്ചെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കി. അങ്കിത ഭണ്ഡാരി കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ദുഷ്യന്ത് ഗൗതമിന് ഗവർണർ പദവി നൽകിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി. ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. ബിജെപി അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയം പാസാക്കിയത്.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തിൽനിന്ന് കേന്ദ്രം പിൻവാങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ നീട്ടിവച്ചിട്ടുണ്ട്. 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ ഉത്സവ സീസണിൽ വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയാണെന്ന് എൻപിസിഐ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന എൻപിസിഐ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചെറുകിട വ്യാപാരികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: എൻഡിഎ അധികാരത്തിൽ എത്തിയ ശേഷം നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കു മുന്നിലാണ് ഇപ്പോൾ ബിജെപി നേതൃത്വം. ചോദ്യപേപ്പർ ചോർച്ച, വോട്ടുചോരി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷവും സിജെപി പോലുള്ള കൂട്ടായ്മകളും തുടങ്ങിയ പ്രതിഷേധങ്ങൾ വലിയ ജനകീയ പ്രക്ഷോഭങ്ങളായി വളർന്നതാണ് ബിജെപി നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. മാത്രമല്ല, മുൻ കാലത്തെങ്ങും ദൃശ്യമല്ലാത്ത രീതിയിൽ പ്രതിപക്ഷ നിരയിൽ ഐക്യം രൂപപ്പെട്ടിരിക്കുന്നുവെന്നതും സർക്കാരിനു തലവേദനയാണ്.
കുന്തമുന വിദ്യാർഥികൾ
സമരത്തിന്റെ കുന്തമുന വിദ്യാർഥികളും ചെറുപ്പക്കാരുമാണെന്നതാണ് ബിജെപിയെ കുഴക്കുന്ന മറ്റൊരു കാര്യം. വിദ്യാർഥിസമരത്തെ ഒരു പരിധിയിൽ കൂടുതൽ എതിർക്കുന്നതും ബലപ്രയോഗം നടത്തുന്നതും രാജ്യത്തെ യുവജനങ്ങളെ തങ്ങൾക്ക് എതിരാക്കുമെന്ന പേടിയും ബിജെപി നേതൃത്വത്തിനുണ്ട്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ നടന്ന സിജെപി സമരത്തിൽ കീഴടങ്ങേണ്ടി വന്നതിന്റെ ക്ഷീണം മാറും മുന്പേയാണ് പുതിയ പ്രക്ഷോഭത്തെ കൈകാര്യംചെയ്യേണ്ടി വന്നിരിക്കുന്നത്. സമരത്തെ ബലപ്രയോഗംകൊണ്ട് അടിച്ചമർത്തുന്നത് ഒരു പരിധി കഴിഞ്ഞാൽ പ്രയോജനം ചെയ്യില്ലെന്നു സിജെപി സമരത്തിലൂടെ വ്യക്തമായത്. അതുപോലെ കൈപൊള്ളിക്കാൻ ബിജെപി നേതൃത്വം ഇനി തയാറാകുമോയെന്ന് കണ്ടറിയണം.
ഇപ്പോൾ എരിഞ്ഞ് എരിഞ്ഞ് നിൽക്കുന്ന ജനകീയ പ്രതിഷേധം ഏതെങ്കിലുമൊരു ഘട്ടത്തിൽ വീണ്ടും അതിശക്തമായി വളരാനുള്ള എല്ലാ സാധ്യതകളും ബിജെപി മുന്നിൽ കാണുന്നുണ്ട്. വിളിച്ചാൽ വിളിപ്പുറത്ത് ആളെ എത്തിക്കാൻ മാത്രം രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ശക്തിപ്പെട്ടിരിക്കുന്നു എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. ഒറ്റ ദിവസത്തെ ആഹ്വാനത്തിലൂടെയാണ് സുപ്രീം കോടതി മാർച്ചിന് അത്രയും ജനങ്ങൾ ഡൽഹിയിലെത്തിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞത്.
മിന്നൽ സമരങ്ങൾ
ജന്തർ മന്തറിനെ സമരവേദി അല്ലാതാക്കി മാറ്റിയതും പുതിയ സമരവിഷയമായി പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനു തിരിച്ചടിയായിട്ടുണ്ട്. ജന്തർ മന്തർ ലക്ഷ്യമാക്കി കൂടുതൽ സമരങ്ങൾക്ക് ഇതു വഴിതെളിക്കാനാണ് സാധ്യത. എത്രനാൾ നഗരത്തെ ഇങ്ങനെ ബാരിക്കേഡുകളാൽ പൊതിഞ്ഞുകെട്ടി സൂക്ഷിക്കാനാകുമെന്നതാണ് സർക്കാരിനു മുന്നിലെ ഒരു പ്രധാന തലവേദന. എല്ലാ ദിവസവുംതന്നെ തലസ്ഥാനത്തെ തെരുവുകളിൽ സമരം നടക്കുകയാണ്.
ഇതോടെ പോലീസ് സേനയും സമ്മർദത്തിലായിരിക്കുന്നു. മുൻകൂട്ടി അറിയിച്ചുള്ള സമരരീതികൾ പാടെ ഉപേക്ഷിച്ച് മിന്നൽ സമരങ്ങളാണ് പലപ്പോഴും ഇപ്പോൾ ആയുധം. രാഹുൽ ഗാന്ധിപോലും ഇത്തരം സമരരീതികളാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ഇതു പോലീസിനെ കൂടുതൽ വലയ്ക്കുകയാണ്. പലപ്പോഴും സമരം തുടങ്ങിക്കഴിയുമ്പോഴാണ് പോലീസ് പോലും അത് അറിയുന്നത്.
സഖ്യകക്ഷികൾക്കും മൗനം
രണ്ടു നേതാക്കളെ ജയിലിൽ അടച്ചതോടെ സിജെപി വർധിത വീര്യത്തോടെ സമരം ചെയ്യുമെന്നു ഇതിനകം സിജെപി പ്രഖ്യാപിച്ചതും അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്.
ഗ്യാനേഷ്കുമാറിനെ പരമാവധി സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കിലും എൻഡിഎയിലെ സഖ്യകക്ഷികളൊന്നും ഗ്യാനേഷിനു കവചമൊരുക്കാൻ കാര്യമായി രംഗത്തില്ല എന്നതാണ് ബിജെപിയെ ഈ വിഷയത്തിൽ ഒറ്റപ്പെടുത്തുന്ന മറ്റൊരു ഘടകം. സർക്കാരിനെ വലിയ പ്രതിസന്ധിയുടെ മുന്നിലെത്തിച്ചിരിക്കുന്ന വിഷയത്തിൽ ഇനി എങ്ങനെ നീങ്ങണമെന്നതിൽ തിരക്കിട്ട ആലോചനയാണ് ബിജെപിയിൽ നടക്കുന്നത്. പ്രതിപക്ഷത്തെ ഏതെങ്കിലും രീതിയിൽ ഭിന്നിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ പ്രാഥമിക തന്ത്രം.
എന്നാൽ, മാറിയ അന്തരീക്ഷത്തിൽ അത് എത്ര മാത്രം ഫലവത്താകുമെന്ന ആശങ്ക പലർക്കുമുണ്ട്. രണ്ടു ധ്രുവങ്ങളിൽനിന്നു സമരം ചെയ്തിരുന്ന കോൺഗ്രസും സിജെപിയും തമ്മിൽ ഗ്യാനേഷ്കുമാറിനെ എതിർക്കുന്ന കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും ഈ നീക്കത്തെ ദുർബലപ്പെടുത്തുന്നതാണ്. എതിർപക്ഷത്ത് ആകെ വേറിട്ടുനിൽക്കുന്നത് ഡിഎംകെയും എഎപിയുമാണ്. എന്നാൽ, അവർ പോലും ഗ്യാനേഷ്കുമാർ രാജിവയ്ക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ഒറ്റയ്ക്കു നിന്നു പ്രതിരോധിക്കേണ്ട വലിയ കടമ്പയാണ് ബിജെപിക്കും കേന്ദ്രസർക്കാരിനും മുന്നിൽ രൂപപ്പെട്ടിരിക്കുന്നത്. കേസ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെതിരേ ഏതെങ്കിലും തരത്തിൽ കോടതിയിൽനിന്നു പരാമർശമുണ്ടാൽ സമരം കത്തിപ്പിടിക്കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.
Kerala
കൊല്ലം: രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് ബിജെപി കൗണ്സിലര് ആര്. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില് ആണ് പരാതി നല്കിയത്.
രാഹുലിനെതിരായ ശ്രീലേഖയുടെ പരാമര്ശം അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും കേവലം രാഷ്ട്രീയ വിമര്ശത്തിന്റെ പരിധിയില് ഉള്ളതാണെന്ന് കരുതുന്നില്ലെന്നും വിഷ്ണു പരാതിയില് ആരോപിച്ചു.
ബുധനാഴ്ച പുനലൂരില് നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില് വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്ശം. ഡല്ഹിയില് നടക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്ശം.
എന്നാൽ, രാഹുല്ഗാന്ധിയുടെ സല്പ്പേരിനെയും വിശ്വാസ്യതയെയും മനഃപൂർവം ഹനിക്കുന്നതിനും അപകീര്ത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് പരാമര്ശമെന്നും "മയക്കുമരുന്ന് അമിതമായി ഉള്ളില് ചെല്ലുമ്പോഴുള്ള താണ്ഡവം' നടത്തിയെന്ന പരാമര്ശം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നും പരാതിയില് പരാമര്ശിക്കുന്നു.
National
ന്യൂഡൽഹി: ബിജെപിയെ ശക്തിപ്പെടുത്താനായി പ്രവർത്തിക്കുമെന്ന് ഗവർണർ ബ്രജ് റാം മോഹൻ പറഞ്ഞത് വിവാദത്തിൽ. ഒഡിഷയുടെ പുതിയ ഗവർണറായി നിയമിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ബ്രജ് മോഹൻ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ ബിജെഡിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ പുതിയ ഗവർണർക്കെതിരേ രംഗത്തെത്തി.
ഝാർഖണ്ഡിലെ മുൻ ബിജെപി എംപിയും ദളിത് വിഭാഗം നേതാവുമാണ് ബ്രജ് മോഹൻ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ഗവർണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപിയുടെ എസ്സി മോർച്ചയെ കൂടുതൽ സജീവമാക്കാനും പാർട്ടിക്ക് കൂടുതൽ വോട്ടുകൾ നേടാനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നുമായിരുന്നു പുതിയ ഗവർണർ വാർത്താ ഏജൻസിയോട് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരേയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ബിജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക്കും ഗവർണറുടെ പ്രസ്താവനയിൽ ആശങ്ക അറിയിച്ചു. വിവാദപ്രസ്താവന നടത്തിയ ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം കടന്നാക്രമിച്ചു. ജനങ്ങൾ ഇന്ത്യാ സഖ്യത്തെ പൂർണമായും തള്ളിക്കളഞ്ഞു.
രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഇതിന് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാ സഖ്യത്തിലെ വിവിധ പാർട്ടികൾ ഒന്നിച്ചുനിന്ന് ശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായത്. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന റോഡ് ഷോകൾ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദത്തെ പ്രതിനിധീകരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുൽ ഗാന്ധി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അമിത് ഷാ ആരോപിച്ചു. 2029ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനങ്ങൾ നിരാകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കൾ തീരുമാനിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ മന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. തമിഴ്നാട്ടിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രിയായിരുന്നു എൽ. മുരുകൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് എൽ.മുരുകൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദിവസവേതനക്കാരന്റെ മകനായ തനിക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു. അതേസമയം കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുൻപായി പ്രഖ്യാപനമുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: സുപ്രീംകോടതിക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തള്ളിയിടുകയും കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി പരാതി. 'വൺ ഇന്ത്യ' വാർത്താ വെബ്സൈറ്റിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഇവർ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തന്നെ തള്ളിയിടുകയായിരുന്നുവെന്നും, തുടർന്ന് തന്റെ വയറിനും കാലിനും പരിക്കേറ്റതായും റിച്ച പരാശർ ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
National
ബംഗളുരു: സംസ്ഥാനത്തെ മന്ത്രിമാര് ഉള്പ്പെടെ കോണ്ഗ്രസിന്റെ 25 എംഎല്എമാര് ബിജെപിയിലേക്ക് വരാന് തയാറാണെന്ന് കര്ണാടക സംസ്ഥാന അധ്യക്ഷന് ബി.വൈ. വിജയേന്ദ്ര. ഇപ്പോള് തെരഞ്ഞെടുപ്പ് നടന്നാല് എംഎല്എമാര് കോണ്ഗ്രസ് വിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് പറഞ്ഞു.
നിലവില് സംസ്ഥാനത്തെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും പല കോണ്ഗ്രസ് നേതാക്കളും പക്ഷം മാറാന് തയാറാണെന്നും ബി.വൈ. വിജയേന്ദ്ര വ്യക്തമാക്കി. നേതാക്കളെ വിലയ്ക്കുവാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വിഷയത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തിയിട്ടുണ്ട്. സമയം കളയാതെ അവരെ ഇപ്പോള് തന്നെ കൊണ്ട് പൊയ്ക്കോളൂവെന്നാണ് ഡി.കെ. ശിവകുമാര് പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയമാണ്. കേരളത്തിൽ ഇത്രയും കാലം ഭരിച്ചിട്ടും വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
എസ്ഐആർ നടപടികളിൽ കേരളത്തിൽ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടെന്നും അങ്ങനെയെങ്കിൽ എസ്ഐആർ നടപടികൾ അവർക്കെതിരെയും ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരള സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെയും വാഹനവ്യൂഹങ്ങൾക്കുനേരെ നടന്ന പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.
കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധവും കേരള സന്ദർശനത്തിനിടെ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കളുമായി ബന്ധപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കുവച്ചു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്ത് ബിജെപി. പ്രമേയത്തിൽ ഭേദഗതികൾ നിർദേശിച്ചാണ് ബിജെപി എതിർപ്പ് അറിയിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നിയമസഭ പിരിച്ചുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറിലെ അപാകതകളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ പറഞ്ഞു. എസ്ഐആർ നടപടികളിൽ അപാകതകളുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി നിർദേശം.
എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ബിജെപി അംഗങ്ങൾ ഭേദഗതിയിലൂടെ മുന്നോട്ടുവച്ചു. എന്നാൽ ബിജെപി നിർദേശിച്ച ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തുടർന്ന് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാനായി പ്രമേയം പാസാക്കിയത്.
National
ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ മുൻ ബിജെപി എംഎൽഎ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിലുണ്ടായ സംഭവത്തിൽ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഭോണ്ട ഗ്രാമത്തിൽ അതർ സിംഗ് ഭദാനയുടെ ഉടമസ്ഥതയിലുള്ള ക്രഷർ യൂണിറ്റ് പ്രവർത്തിച്ചിരുന്നു. പ്രദേശത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ഖനനവും നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. എന്നാൽ ഖനനത്തിനെതിരെ ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി പ്രതിഷേധത്തിലായിരുന്നു.
ഖനനമേഖലയിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങളിലൂടെയാണെന്ന് ആരോപിച്ചായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി പലതവണ ധർണ നടത്തുകയും വഴിതടയുകയും ചെയ്തിരുന്നു. കോടതിയിൽനിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
ഇതിനു പിന്നാലെ ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിലെത്തിയ മുൻ എംഎൽഎയെ ഗ്രാമവാസികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭദാനയെ ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജയ്പുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണത്തിൽ അതർ സിംഗ് ഭദാനയുടെ അംഗരക്ഷകനും പരുക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിയാന സ്വദേശിയായ അതർ സിംഗ് ഭദാന 2003-ൽ ബയാന നിയമസഭാ മണ്ഡലത്തിൽനിന്നാണ് രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ അദ്ദേഹം എംഎൽഎയായി തുടർന്നു.
Kerala
തിരുവനന്തപുരം: കൗൺസിലർ ആർ.ശ്രീലേഖയുടെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ്.സുരേഷ്. ശ്രീലേഖയ്ക്ക് പരാതികളുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കും. മേയർക്കെതിരായ പരാമർശങ്ങളിൽ ശ്രീലേഖയ്ക്ക് വീഴ്ച പറ്റിയോ എന്നത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സുരേഷ് വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ പിണറായി വിജയൻ നടത്തിയ പ്രതിഷേധത്തിനെതിരെയും സുരേഷ് രൂക്ഷ വിമർശനം ഉന്നയിച്ചു. മലയാളം ചാനലുകൾക്ക് മുന്നിൽ നടത്തിയ നാടകമാണ് സമരമെന്നും ഇത് കേരളത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. എസ്ഐആർ നടപ്പാക്കിയതുകൊണ്ടാണോ അധികാരം നഷ്ടപ്പെട്ടതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് വി.ഡി.സതീശന്റെയും പിണറായി വിജയന്റെയും മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ രംഗത്തെത്തിയിരുന്നു. കൗൺസിലറായി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി.
National
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്നർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന് ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്. ബിജെപിയുടെ പ്രവൃത്തികള് അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡല്ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും വേണുഗോപാല് പറഞ്ഞു.
നരേന്ദ്ര മോദി സര്ക്കാര് പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്ഹിയില് നടക്കുന്നത്.
"രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന് പോകുന്നതെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നല്കി. പൊലിസ് നടപടിയില് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്കും. തെരഞ്ഞെടുപ്പ് കമ്മീഷ്ണര് ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കും.'-വേണുഗോപാല് പറഞ്ഞു.
National
കോൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ രണ്ട് സീറ്റിലും ബിജെപിക്ക് വൻ വിജയം. നന്ദിഗ്രാമിൽ റിക്കാർഡ് ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാർഥി ഹസി റാണി രഥ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹസി റാണി രഥ് പരാജയപ്പെടുത്തിയത്.
ഹസി റാണി രഥിന് 1,64,427 വോട്ടുകൾ ലഭിച്ചപ്പോൾ മിലൻ പ്രധാനിന് 41,674 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാർഥി സന്തി ഗോപാൽ ഗിരിക്ക് 5,779 വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചിരുന്നു. തുടർന്ന് നന്ദിഗ്രാം സീറ്റിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ മാതാവാണ് ഹസി റാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മേയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നന്ദിഗ്രാമിന് പിന്നാലെ റെജിനഗർ നിയമസഭാ മണ്ഡലത്തിലും ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥി ശങ്കറവ്വ് സർക്കാർ 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചെടുത്തത്.
ശങ്കറവ്വ് സർക്കാരിന് 1,29,914 വോട്ടുകൾ ലഭിച്ചു. ആം ജനത ഉന്നയൻ പാർട്ടി സ്ഥാനാർഥി ഗുലാം നബി ആസാദിന് 54,098 വോട്ടുകൾ ലഭിച്ച് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തായ കോൺഗ്രസ് സ്ഥാനാർഥി അബ്ദുള്ളാഹിൽ കാഫിക്ക് 6,168 വോട്ടുകൾ മാത്രമാണ് നേടാനായത്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി റബിബുൾ അലാം ചൗധരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആം ജനത ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് റെജിനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
National
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പുരോഗമിക്കുന്നു. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും തമിഴക വെട്രി കഴകം മുന്നേറുകയാണ്. അണ്ണാ ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളിലാണ് ടിവികെയുടെ മുന്നേറ്റം.
2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധാരാപുരത്ത് മൂന്നാം സ്ഥാനത്തായിരുന്നു ടിവികെ. അതേസമയം പശ്ചിമ ബംഗാളിലും അസമിലും ബിജെപി ലീഡുനേടി. നന്ദിഗ്രാമിൽ 1,900 വോട്ടുകളുടെ ലീഡുമായി ബിജെപി മുന്നിലാണ്. റെജിനഗർ മണ്ഡലത്തിലും 900 വോട്ടുകളുടെ ലീഡുമായി ബിജെപി മുന്നേറുകയാണ്.
തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അസമിൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിയാണ് ലീഡ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെത്തുടർന്ന് രാജിവെച്ച തട്ടാഞ്ചാവടി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് സീറ്റ് നിലനിർത്തി. 8,482 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാർട്ടി വിജയിച്ചത്.
എൻആർ കോൺഗ്രസ് സ്ഥാനാർഥി 13,358 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 4,876 വോട്ടുകൾ ലഭിച്ചു. 2,664 വോട്ടുകൾ നേടിയ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്.
National
ന്യൂഡൽഹി: എസ്ഐആറിൽ അട്ടിമറി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷ പ്രതിഷേധം രാജ്യവ്യാപകമാകുന്നതിനിടയിൽ എൻഡിഎ സഖ്യകക്ഷികൾക്കിടയിലും വിഷയത്തിൽ അമർഷം പുകയുന്നതായി റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പു കമ്മിഷനെ പ്രതിരോധിക്കാൻ ബിജെപി മാത്രമാണ് ഇതുവരെ രംഗത്തു വന്നത് എന്നതും സഖ്യകക്ഷികളാരും കമ്മിഷനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കമ്മിഷനെതിരേ പരസ്യപ്രതികരണത്തിനു മുതിർന്നില്ലെങ്കിലും എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ജെഡിയു കടുത്ത അതൃപ്തി അറിയിച്ചതായാണു വിവരം. എസ്ഐആറിലൂടെ തങ്ങളുടെ പരമ്പരാഗത വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റപ്പെട്ടുവെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമാണ്. രണ്ടു പതിറ്റാണ്ടിലേറെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ കഴിഞ്ഞ ഏപ്രിലിലാണു പദവി ബിജെപിക്കു കൈമാറിയത്. ഇതിനുശേഷം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ അർഹമായ പരിഗണന ലഭിക്കാത്തതിലെ നിരാശയും ജെഡിയുവിനുണ്ട്.
കേന്ദ്രസർക്കാരിന്റെ പ്രധാന ബില്ലുകളിലടക്കം ബിജെപിയെ പിന്തുണയ്ക്കാറുള്ള ഒഡീഷയിലെ ബിജെഡി തെരഞ്ഞെടുപ്പു കമ്മിഷനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കാളിയായത് ബിജെപിക്കു വൻ തിരിച്ചടിയായി.
മുന്നണിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കുമ്പോഴും, തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിക്കെതിരേ ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കാനാണു പാർട്ടിയുടെ തീരുമാനം. എസ്ഐആർ വഴി വോട്ട് വെട്ടിയതു പല പ്രാദേശിക പാർട്ടികളുടെയും ജനകീയാടിത്തറയെ ബാധിച്ചതിനാൽ, കക്ഷിരാഷ്ട്രീയം മറന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ എൽജെപി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി), ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ എൻഡിഎ ഘടകകക്ഷികളും വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രക്രിയയുടെ നിഷ്പക്ഷതയിൽ ജനങ്ങൾക്കു സംശയം ഉടലെടുക്കുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്നും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കമ്മിഷൻ അടിയന്തരമായി പരസ്യ വിശദീകരണം നൽകണമെന്നുമാണ് ഈ പാർട്ടികളുടെ ആവശ്യം.
National
പനാജി: 2027-ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പനാജിയിൽ പാർട്ടി നേതാക്കളുമായി നിർണായക ചർച്ച നടത്തി. ഗോവയിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുമാണ് യോഗം ചേർന്നത്.
മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി ഗോവ യൂണിറ്റ് പ്രസിഡന്റ് വാത്മീകി നെയ്ക് തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. ബിജെപിക്കും കോൺഗ്രസിനും എതിരായി ഗോവയിൽ ശക്തമായ രാഷ്ട്രീയ ബദൽ ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി ലക്ഷ്യമിടുന്നുവെന്ന് യോഗം വ്യക്തമാക്കുന്നു. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ വേരുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാർട്ടി.
ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ സഖ്യങ്ങളും സംഘടന സംവിധാനങ്ങളും കെജ്രിവാളിന്റെ നേതൃത്വത്തിൽ വിലയിരുത്തിവരുന്നു. ഗോവയിൽ ബിജെപിക്കൊപ്പം കോൺഗ്രസിനെയും ശക്തമായി എതിർക്കുമെന്നും, ജനകീയ പ്രശ്നങ്ങൾ മുൻനിർത്തി മുന്നോട്ട് പോകുമെന്നും എഎപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു മുദ്രാവാക്യം വിളിച്ചയാൾക്ക് ആൾക്കൂട്ടത്തിന്റെ മർദനം. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം. വോട്ടർ പട്ടികയിലെ പ്രത്യേക സൂക്ഷ്മപരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന മൂന്നാം ദിവസത്തെ പ്രതിഷേധത്തിനിടയിലാണ് ഈ അനിഷ്ട സംഭവമുണ്ടായത്.
National
ന്യൂഡൽഹി: പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാൻ ബിജെപി സജീവശ്രമം തുടരുമ്പോഴും വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരേ ഒറ്റക്കെട്ടായി പൊരുതി ഇന്ത്യാസഖ്യം.
കേന്ദ്രസർക്കാരിനെ ലക്ഷ്യമിട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധ സമരത്തിൽ സഖ്യനേതാക്കളും പ്രവർത്തകരും ഒന്നിച്ചണിനിരന്നു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇന്ത്യാസഖ്യം ഒന്നിക്കുന്ന ഇതു രണ്ടാം തവണയാണ്. ബിഹാറിലെ എസ്ഐആർ നടപ്പാക്കലിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 11നായിരുന്നു പ്രതിപക്ഷ നേതാക്കൾ ആദ്യമായി തെരുവിലിറങ്ങിയത്.
അന്നു പാർലമെന്റിൽനിന്നു തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തിയവരിൽ പലരും ഇന്ന് മുന്നണിക്കൊപ്പമില്ല. എങ്കിലും പോരാട്ടവീര്യം ഒട്ടും ചോരാതെയാണ് ഇത്തവണയും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗസംഖ്യയിൽ കുറവുണ്ടെങ്കിലും സമരച്ചൂടിൽ തങ്ങൾ ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തുനിന്ന് ഉയർന്നുകേൾക്കുന്നത്.
രാഷ്ട്രീയകാരണങ്ങളാൽ നിലവിൽ സഖ്യത്തിനു പുറത്തുള്ള ഡിഎംകെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ഇടതുപക്ഷവും സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമ്പോൾ, ചില അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും സമരത്തിന് പിന്തുണയുമായുണ്ട്. അതേസമയം, ആം ആദ്മി പാർട്ടി സ്വന്തം നിലയിലാണു കമ്മിഷനെതിരേ പ്രതിഷേധിക്കുന്നത്.
“വോട്ട് കൊള്ള’’ എന്ന ആരോപണം രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും മാത്രം സൃഷ്ടിയാണെന്ന ധാരണയായിരുന്നു ആദ്യഘട്ടത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കുണ്ടായിരുന്നത്.
എന്നാൽ, പരമ്പരാഗതമായി തങ്ങൾക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെയാണു വിഷയം തങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ബോധ്യം സഖ്യകക്ഷികൾക്കുണ്ടായത്. ഇതാണു തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്.
Kerala
കണ്ണൂർ: എയിംസിന് തറക്കല്ലെങ്കിലും ഇടാതെ താൻ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.
ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള അഞ്ച് സ്ഥലങ്ങളുടെ പ്രപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. അത് നൽകുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നൽകും. കാർഷിക സർവകലാശാലയുടെ തൃശൂരിലെ ഭൂമി ഉൾപ്പെടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തൃശൂർ: കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ജയിൽ മോചിതനായ ബിജെപി കൗണ്സിലര് ആര്. സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് സുഗതനെ സ്വീകരിച്ചത്.
സുഗതന്റെ ഭാര്യയും മകനും വിയൂർ ജയിലിൽ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു.
ഒരു പൊലിസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിതെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും സുഗതൻ വ്യക്തമാക്കി. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസത്തിന് തയാറാണെന്നും തന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയുണ്ടെന്നും സുഗതൻ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് കമ്മിഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാനാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ തന്നെ നീക്കാമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇവിടെ ഇരിക്കരുതെന്ന് പൊലിസ് പറയുകയാണെന്നും പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബിജെപി കൗണ്സിലര് ആര്. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആർ. സുഗതന്റെ എല്ലാ കേസുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ശബരിനാഥൻ അറിയിച്ചു.
സുഗതന് ലീവ് കൊടുത്തത് ഉൾപ്പെടെ സംസ്ഥാന സർക്കാർ പരിശോധിക്കും. എൽഡിഎഫ് കൊടുത്ത പരാതിയിലും കൃത്യമായി അന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്കിയ ഹർജിയാണ് ഡിവിഷന് ബഞ്ച് അംഗീകരിച്ചത്. ഇതോടെ ആർ. സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കാപ്പ തടവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയത് എന്നായിരുന്നു ഹർജിയിലെ വാദം.
സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പ ചുമത്തിയതിനെ തുടർന്ന് മൂന്നര മാസമായി വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയാണ് സു ഗതൻ. ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
സുഗതൻ സമൂഹത്തിന് ഭീഷണിയാണ് എന്നായിരുന്നു കളക്ടറുടെ ഉത്തരവിൽ പറഞ്ഞത്. സുഗതനെതിരെ എട്ട് വർഷത്തിനിടെ 7 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൗൺസിലറായ ശേഷവും വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. 2012 മുതൽ ഗുരുതര കേസുകളിൽ പ്രതി യാണ്. 2014 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ 2023ൽ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏർപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലിസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.
കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസും ആരോപണം ഏറ്റെടുത്തു.
എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫിസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ. സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് സ്പോൺസർമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു സ്പോൺസേർഡ് മുഖ്യമന്ത്രിയാണെന്നും ഗോപകുമാർ ആരോപിച്ചു. സതീശൻ ലീഗിന്റെ പിന്തുണകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയായതെന്നും എംഎൽഎ പറഞ്ഞു.
ലീഗാണ് അദ്ദേഹത്തെ സ്പോൺസർ ചെയ്തതെന്നും ബിജെപി നേതാവ് ആരോപിച്ചു. ലീഗിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സർക്കാരാണിത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ റോൾ ഏറ്റെടുക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്നും ബി.ബി. ഗോപകുമാർ അഭിപ്രായപ്പെട്ടു.
കുറ്റക്കാരനായ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിക്ക് സമ്മർദത്തിലാക്കാൻ സാധിക്കുന്നുണ്ട്. അമിത് ഷായെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് മന്ത്രി ഒ.ജെ. ജനീഷ് ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ മന്ത്രി പോസ്റ്റ് ഇടുന്നതിന്റെ അപകടം മുഖ്യമന്ത്രി മനസിലാക്കി. മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് ജനീഷ് ആ പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ കന്റോൺമെന്റ് എസിപി അന്വേഷണം നടത്തും.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്ട്രറിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ഒപ്പിടുകയായിരുന്നുവെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപിച്ചു.
ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ആറുമാസം യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ചട്ടപ്രകാരം കൗൺസിലർ സ്ഥാനം നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് വ്യാജ ഒപ്പിട്ടതെന്നാണ് സിപിഎം വാദം. മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ഒപ്പിട്ട് രജിസ്റ്റർ സൂക്ഷിച്ചതെന്നും സുഗതനെ സംരക്ഷിക്കാൻ ബിജെപിയും ആർഎസ്എസും ബോധപൂർവം ക്രമക്കേട് നടത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടു. എന്നാൽ ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും തെളിവുകൾ ബോധപൂർവം മറച്ചുവെക്കുകയാണെന്നും എസ്.പി. ദീപക് കൂട്ടിച്ചേർത്തു. ഈ ഗുരുതര ക്രമക്കേടിൽ പൊലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ യുഡിഎഫും സർക്കാരും ശക്തമായ ഇടപെടൽ നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപനം പിൻവലിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
അതേസമയം രാജിസംബന്ധിച്ച് ശ്രീലേഖ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കം. രാജി പ്രഖ്യാപനം പിൻവലിച്ചതിൽ ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് ശ്രീലേഖ പിൻവലിച്ചത്. ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ആരോഗ്യപ്രശ്നങ്ങളാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
അതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് ആശുപത്രിയിലെത്തി ശ്രീലേഖയെ സന്ദർശിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ ബിജെപിക്ക് ആശ്വാസം. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച ആർ. ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച രാജി സന്ദേശമാണ് അവർ പിൻവലിച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വവും മേയർ വി.വി. രാജേഷും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജി പിൻവലിച്ചതുമായി ബന്ധപ്പെട്ടോ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചോ ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ശാസ്തമംഗലം വാർഡിലെ കൗൺസിലറായി മാത്രം തുടരുന്നതിലുള്ള അതൃപ്തിയാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് സൂചന.
ശ്രീലേഖ രാജിവച്ചാൽ കോർപറേഷനിലെ ബിജെപി ഭരണം പ്രതിസന്ധിയിലായോനെ. അതേസമയം സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചുവെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആർ. ശ്രീലേഖ ആശുപത്രിയിലാണെന്നും അവരെ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് എസ്.സുരേഷ് അറിയിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ട്. അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്ന് പറഞ്ഞ സുരേഷ്, ഭരണം വീഴുമെന്ന് സ്വപ്നം കണ്ടവർ ആ വെള്ളം വാങ്ങിവച്ചോളൂവെന്നും പറഞ്ഞു.
Kerala
തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിന്റെ ആരംഭം മുതൽ മേയർ വി.വി. രാജേഷിനു രാജിക്കത്തു നൽകിയ സെപ്റ്റംബർ 30 വരെ ബിജെപിക്കു സംഘടനാപരമായി വലിയ തലവേദനയായിരുന്നു ശാസ്തമംഗലം വാർഡ് കൗണ്സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
ബിജെപിയുമായോ രാഷ്്ട്രീയമായോ യാതൊരു ബന്ധവും ഇല്ലാത്ത ആർ. ശ്രീലേഖയെ വലിയ പ്രതീക്ഷയോടെയാണ് പാർട്ടി ശാസ്തമംഗലത്തു കൗണ്സിലർ സ്ഥാനാർഥിയാക്കിയത്. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപി പ്രാദേശിക നേതൃത്വത്തിനു വലിയ അതൃപ്തിയുണ്ടായിരുന്നു. എന്നിട്ടും ശാസ്തമംഗലം വാർഡിൽ വലിയ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. മേയറാകുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീലേഖ. എന്നാൽ അതുണ്ടായില്ല. ഇതോടെ ബിജെപി നേതൃത്വവുമായി അവർ തെറ്റിയെന്നു മാത്രമല്ല വാർഡിലെ ജനങ്ങൾക്കും ഒരു പരിധി വരെ അവർ അന്യയാകുന്ന സ്ഥിതിയായിരുന്നു.
മേയർ ആകാത്തതിൽ ശ്രീലേഖയ്ക്കു കടുത്ത നിരാശയുണ്ടായിരുന്നു. 45 വർഷം കോർപറേഷൻ ഭരിച്ച ഇടതുപക്ഷത്തിൽനിന്നു ഭരണം പിടിച്ചെടുത്ത ബിജെപിക്കു ഭരണത്തിന്റെ തുടക്കത്തിലേ ശ്രീലേഖ കല്ലുകടിയായി. കൗണ്സിൽ യോഗങ്ങളിൽ പങ്കെടുക്കുമെങ്കിലും യോഗം പിരിയുന്നതിനു മുന്പേ അവർ കൗണ്സിൽ ഹാൾ വിടുമായിരുന്നു. കോർപറേഷന്റെ പ്രധാന പരിപാടികളിൽനിന്നു വിട്ടുനിന്ന ശ്രീലേഖ മേയർ ആകാത്തതിലെ അതൃപ്തി ഇങ്ങനെയൊക്കെയായിരുന്നു പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ ജില്ലയിലെ പാർട്ടി നേതാവു കൂടിയായ മേയർ വി.വി. രാജേഷ് ശ്രീലേഖയ്ക്കു വലിയ പിന്തുണയാണു നൽകിയത്. ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലായിരുന്നു വാർഡ് കമ്മിറ്റി ഓഫീസും പ്രവർത്തിച്ചിരുന്നത്. ഇവിടെ നേരത്തേ വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫീസും പ്രവർത്തിച്ചിരുന്നു. എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്നു കാണിച്ച് കൗണ്സിലർ ശ്രീലേഖ എംഎൽഎയ്ക്കു കത്തു നൽകിയതും പിന്നീടു നടന്ന സംഭവങ്ങളും വലിയ വിവാദമായിരുന്നു. ബിജെപിയും മേയർ വി.വി. രാജേഷും വലിയ പിന്തുണയാണു ഇക്കാര്യത്തിൽ ശ്രീലേഖയ്ക്കു നൽകിയത്.
പിന്നീടാണു നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീലേഖയെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഇതോടെ മേയറാക്കാത്തതിലെ നീരസം ശ്രീലേഖയ്ക്കു മാറിയെന്നാണു ബിജെപി നേതൃത്വം ധരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിലെ തോൽവി ശ്രീലേഖയെ വീണ്ടും നിരാശയാക്കി. തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലെല്ലാം പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനാണെന്നും ചുമതലക്കാരായ നേതാക്കൾക്കതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും ബിജെപി നേതൃത്വം ചെവിക്കൊണ്ടില്ല. ഇതോടെ ബിജെപി നേതൃത്വവുമായി ശ്രീലേഖ വല്ലാതെ അകന്നു.
ശ്രീലേഖയെ ബിജെപി ദേശീയ നേതൃത്വവും കൈവിടുന്ന സ്ഥിതിയുണ്ടായി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. തന്നെ അവഗണിക്കുന്നതിനു പിന്നിൽ സംസ്ഥാനത്തെ പ്രമുഖരായ ബിജെപി നേതാക്കളാണെന്നാണ് ശ്രീലേഖ വിശ്വസിക്കുന്നത്. അവർക്ക് ആകെ പിന്തുണയായുള്ളതു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ്. അതുകൊണ്ടാണു ശ്രീലേഖയെ രാജിയിൽനിന്ന് അനുനയിപ്പിച്ചു മാറ്റാനുള്ള ശ്രമം രാജീവ് ചന്ദ്രശേഖർ തന്നെ നടത്തുന്നത്.
എന്നാൽ, ശ്രീലേഖ കൗണ്സിലർ സ്ഥാനം രാജിവയ്ക്കുന്നെങ്കിൽ വയ്ക്കട്ടെയെന്ന നിലപാടിലാണു ഭൂരിപക്ഷം ബിജെപി നേതാക്കളും.
പാർട്ടിയെ സമ്മർദത്തിലാക്കുന്ന നടപടിയാണ് ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അതിനു വഴങ്ങരുതെന്നുമാണു മുതിർന്ന നേതാക്കളുടെയെല്ലാം അഭിപ്രായം. മേയർ വി.വി. രാജേഷിനും ഇപ്പോൾ ഇതേ നിലപാടാണ്. ഉപതെരഞ്ഞെടുപ്പു വന്നാൽ ശാസ്തമംഗലത്തു ജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണു മേയർ.
Kerala
തിരുവനന്തപുരം: ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർ രാജിവച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലേഖ ഏതെങ്കിലും തരത്തിലുള്ള പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ രാജി ഒരു സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. നേതാക്കളുടെ അഭ്യർഥനയും സമ്മർദ്ദവും കാരണമാണ് അവർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറായത്. ഔദ്യോഗിക ജീവിതത്തിൽ ഉടനീളം മൂല്യങ്ങൾ മുറുകെ പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇപ്പോൾ പൂർണമായും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. വരുന്ന അഞ്ച് വർഷവും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും പി.കെ. കൃഷ്ണദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Kerala
പാലക്കാട്: തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്നറിയുന്നു എന്നും ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നു, തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
ഇത് ബിജെപി ക്യാമ്പിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണ്. അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. എൽഡിഎഫും സിപിഎമ്മും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കും എന്നും അദ്ദേഹം പ്രതികരിച്ചു.
മേയര് സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന ആര് ശ്രീലേഖ നിലവില് കൗണ്സിലർ സ്ഥാനം രാജി വെച്ചിരിക്കുകയാണ്. രാജി ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഇനി 49 അംഗങ്ങളാണ് ബിജെപിക്ക് കോർപ്പറേഷനിലുള്ളത്. ഉപതെരഞ്ഞെടുപ്പ് നിർണായകമാകും. പാര്ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് ശ്രീലേഖയുടെ രാജി തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി. ശ്രീലേഖയുമായി ഫോണിൽ സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനമായി. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർക്ക് ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി നൽകേണ്ടിയിരുന്നത് നഗരസഭാ സെക്രട്ടറിക്കാണ്. കത്ത് കിട്ടിയ വിവരം മേയർ സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സെക്രട്ടറി അറിയിച്ചു.
ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണ വേണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ, ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആകും. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ശ്രീലേഖ. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട് ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്. തിരുവനന്തപുരം കോർപറേഷൻ ഭരണം ആറുമാസമായി തകർന്ന നിലയിലാണെന്നും മേയർ വി.വി. രാജേഷ് പരാജയമാണെന്നും കെ.എസ്.ശബരീനാഥൻ ആരോപിച്ചു.
കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും ആഭ്യന്തര തർക്കങ്ങളാണ് ഇതിന് കാരണമെന്നും ശബരീനാഥൻ പറഞ്ഞു. മേയർ കെയർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ശ്രീലേഖയുടെ നിലപാടാണ് ഇനി വ്യക്തമാകേണ്ടതെന്നും കൗൺസിലർ സ്ഥാനത്ത് അവർക്ക് അസൗകര്യമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും ശബരീനാഥൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെയും ശബരീനാഥൻ പരിഹാസമുന്നയിച്ചു. നഗരസഭാ കൗൺസിലർ സ്ഥാനം രാജിവച്ചതായി ആർ. ശ്രീലേഖ വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ല. സ്ഥാനത്ത് തുടരുന്നതിൽ അസൗകര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 30ന് മേയർ വി.വി. രാജേഷിന് കത്ത് നൽകിയിരുന്നു.
ചട്ടപ്രകാരം കൗൺസിലർ രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ ഔദ്യോഗിക നടപടിക്രമം പൂർത്തിയായിട്ടില്ല.2024ൽ ബിജെപിയിൽ ചേർന്ന ആർ. ശ്രീലേഖ പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം ശ്രീലേഖ ഒഴിയുകയാണെങ്കിൽ തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലെ ബിജെപിയുടെ അംഗബലത്തെ അത് ബാധിക്കും. ഇതിനിടെ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
National
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്ശനത്തിനിടെ സുരക്ഷവ്യൂഹം ഭേദിച്ചുള്ള കരിങ്കൊടി പ്രതിഷേധം ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ക്രിമിനല് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്.
ബിജെപി ഒരിക്കലും ജനാധിപത്യപരമായ പ്രതിഷേധങ്ങള്ക്ക് എതിരല്ല. എന്നാല് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള് ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസര്ക്കാരുമായി നല്ല ബന്ധം നിലനിര്ത്തി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രപദ്ധതികളും ജനക്ഷേമ പദ്ധതികളും സഹായങ്ങളും ഉറപ്പാക്കുന്നതിനാണ് സര്ക്കാര് മുന്ഗണന നല്കേണ്ടത്.
കേന്ദ്രവുമായി ഏറ്റുമുട്ടലുണ്ടാക്കി ജനങ്ങള്ക്ക് ലഭിക്കേണ്ട പദ്ധതികളും സഹായങ്ങളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാജീവ് ചന്ദ്രശേഖര് ആവശ്യപ്പെട്ടു. കേരളത്തിന് വികസനമാണോ വേണ്ടത്, അതോ ബഹളവും വിവാദങ്ങളുമാണോ വേണ്ടത് എന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.
ബിജെപി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ പൊലിസ് മര്ദിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ച സംഭവത്തില് കോണ്ഗ്രിന്റെ നിലപാട് എന്താണെന്ന് രാഹുല്ഗാന്ധിയോട് രാജീവ് ചന്ദ്രശേഖര് ചോദിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ചിനെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ.
പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നും ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. യോഗം ചേരുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ശിവരാജ് സിംഗ് ചൗഹാൻ പരിഹാസമുയർത്തിയത്. ഇന്ത്യ സഖ്യത്തിനോ കോൺഗ്രസിന് പോലുമോ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരള സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ.
പ്രതിഷേധത്തിന്റെ പേരിൽ നടന്ന സുരക്ഷാലംഘനം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ബിജെപി എതിരല്ലെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
പരസ്പരം വഴക്കുണ്ടാക്കാനും ബഹളമുണ്ടാക്കാനുമാണ് സർക്കാരിന് താത്പര്യമെങ്കിൽ അഞ്ച് വർഷവും ബിജെപി പ്രതിഷേധിക്കാൻ തയാറാണ്. എന്നാൽ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളായിരിക്കുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരുമായി നല്ല ബന്ധം നിലനിർത്തി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രപദ്ധതികളും ജനക്ഷേമ പദ്ധതികളും സഹായങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി ആയിരുന്നു ജയരാജന്റെ വിമർശനം.
എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച അദ്ദേഹം മുമ്പ് നായാടി മുതൽ നമ്പൂതിരി വരെ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നാണ് പറയുന്നതെന്നും ആരോപിച്ചു.
മുസ്ലിങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും ജയരാജൻ പറഞ്ഞു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും ജയരാജൻ പരിഹാസമുയർത്തി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്കര ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.
നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ച മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര് കോണ്ഗ്രസുകാര് തടഞ്ഞിരുന്നു. കൈയാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.
ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്ഗ്രസ് - ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്കര ആനാവൂരിൽ കോണ്ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്.
സംഭവത്തിൽ നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവര്ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം യുവമോര്ച്ച തുടരുമെന്നതിനാൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള് കല്ലെറിഞ്ഞ് തകര്ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്ച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം.
ബിജെപിയുമായുള്ള തര്ക്കത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് കോണ്ഗ്രസ് പ്രവര്ത്തകര് പറയുന്നത്. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോണ്ഗ്രസ് പ്രവര്ത്തകരും തമ്മില് പ്രതിഷേധങ്ങള് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയും യുവമോര്ച്ചയും നടത്തിയ അക്രമമാണെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ ആരോപണം.
ഡിസിസി ഓഫീസ് ആക്രമിച്ചതിൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്നും മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സംഭവസ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്നാണ് വിവരം. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്ഗ്രസിന് മേല് ആക്രമണം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്. ശക്തന് പറഞ്ഞു.
ഇന്നലെ രാത്രി നടന്ന ആക്രമണം ഇന്ന് രാവിലെയാണ് അറിയുന്നത്. നെയ്യാറ്റിന്ക്കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്ഗ്രസുകാരെ ഭീഷണിപ്പെടുത്തിയെന്നും ശക്തന് പറഞ്ഞു. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകുമെന്നും കോണ്ഗ്രസ് പ്രവര്ത്തകരും ബിജെപി പ്രവര്ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്ഹി: ശിവന് പാവപ്പെട്ടവരുടെയും ശ്രീരാമന് സമ്പന്നരുടെയും ദൈവമാണെന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്ശം വിവാദത്തില്.
ഡല്ഹിയില് ഒരു മാധ്യമ ചർച്ചയ്ക്കിടെയാണ്, ബിജെപി പതിവായി ഉപയോഗിക്കുന്ന ‘ജയ് ശ്രീറാം’എന്ന മുദ്രാവാക്യത്തെക്കുറിച്ച് രേവന്ത് റെഡ്ഢി പരാമർശം നടത്തിയത്.
രേവന്ത് പറഞ്ഞത്: ജയ് ശ്രീറാം എന്ന് ഉരുവിടുന്ന പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ട് ഹര് ഹര് മഹാദേവ് എന്നു പറയുന്നില്ല. ഞങ്ങള് ദ്രാവിഡരാണ്. അവര് ആര്യന്മാരാണ്. ഞങ്ങള് ശിവഭക്തരാണ്, അവര് രാമഭക്തരും.
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് മാത്രമാണു കോണ്ഗ്രസിന് വിജയിക്കാന് കഴിയുന്നത്. വടക്കേ ഇന്ത്യയിൽ തിരിച്ചടി കിട്ടുന്നത് ഭഗവാന് ശ്രീരാമനെ ബിജെപി കൈക്കലാക്കിയതുകൊണ്ടാണ്. ദക്ഷിണേന്ത്യയില് കൂടുതൽ ആരാധിക്കപ്പെടുന്നത് ശിവനാണ്. ശിവന് പാവപ്പെട്ടവരുടെ ദൈവവും രാമന് സമ്പന്നരുടെ ദൈവവുമാണ്. ബിജെപി സമ്പന്നരുടെ പാര്ട്ടിയാണ്.
അതേസമയം, രേവന്തിന്റെ പ്രസ്താവനയെ വിമര്ശിച്ച് ബിജെപി ഇന്നലെ രംഗത്തെത്തി. ഇന്ത്യയെ തെക്കും വടക്കും വിഭജിച്ചു വോട്ട് തട്ടാനുള്ള കോൺഗ്രസ് അടവുനയമാണിതെന്ന് തെലുങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു കുറ്റപ്പെടുത്തി.
ശിവന്റെയും രാമന്റെയും പേരില് വേര്തിരിവ് ഉണ്ടാക്കാനാണ് രേവന്തിന്റെ നീക്കമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബന്ഡി സഞ്ജയ് കുമാര് ആരോപിച്ചു. തെലുങ്കാനയിൽ ബിജെപി പ്രവർത്തകർ രേവന്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 38 തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് തിരിച്ചടി. 19 സീറ്റുകളോടെ യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയപ്പോൾ 18 സീറ്റുകളുമായി എൽഡിഎഫ് തൊട്ടുപിന്നിലെത്തി. ട്വന്റി 20യിലൂടെ എന്ഡിഎ ഒരു സീറ്റിലും വിജയിച്ചു.
എന്നാൽ ബിജെപിക്ക് സീറ്റുകളൊന്നും നേടാനായില്ല. നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എല്ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്ഡിഎഫ് യുഡിഎഫില് നിന്ന് ഏഴ് സീറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം യുഡിഎഫ് എല്ഡിഎഫിന്റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകള് എല്ലാം നിലനിര്ത്താൻ സാധിക്കാതിരുന്നത് തിരിച്ചടിയാണ്.
പാലക്കാട് ചിറ്റൂരില് സുമേഷ് അച്യുതന് രാജിവെച്ച സീറ്റില് എല്ഡിഎഫ് നറൂക്കെടുപ്പിലൂടെ വിജയിച്ചു. ആലത്തൂര് ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയമാണുണ്ടായത്. ഇവിടെ യുഡിഎഫ് സീറ്റ് എല്ഡിഎഫ് പിടിച്ചെടുത്തു.
രമ്യ ഹരിദാസിന്റെ കൈയാങ്കളി വിവാദമുണ്ടായ ചിറയിന്കീഴില് യുഡിഎഫിന്റെ സീറ്റില് എല്ഡിഎഫ് വിജയിച്ചു. തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്എ രാജിവെച്ച വാര്ഡില് എല്ഡിഎഫ് അട്ടിമറി വിജയം നേടി.
തൃക്കൊടിത്താനത്തും എല്എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്ലിയയുടെ കുറ്റിച്ചിറയിലും സി.വി. ശാന്തകുമാറിന്റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.
12 ജില്ലകളിലെ 38 തദ്ദേശ വാര്ഡുകളിലായി 126 സ്ഥാനാര്ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില് 58.81ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര് ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്.
Kerala
കൊച്ചി: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോര്ച്ച പ്രവര്ത്തകര്. കൊച്ചിയില് സ്കൂള് കലോത്സവ സംഘാടക സമിതി യോഗത്തിനെത്തിയ മന്ത്രിക്ക് നേരെയാണ് കരിങ്കൊടി പ്രതിഷേധം.
മന്ത്രി യോഗം നടക്കുന്ന വേദിയിലേക്ക് എത്തുന്നതിന് മുമ്പ് ടൗണ്ഹാളിന് സമീപം യുവമോര്ച്ച പ്രവര്ത്തകര് മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശുകയായിരുന്നു. പൊലിസ് എത്തി പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് മന്ത്രി കടന്നു പോയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്ശനത്തിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാണിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി ഉള്പ്പെടെയുള്ളവര്ക്ക് നേരെ യുവമോര്ച്ച പ്രവര്ത്തകരുടെ കരിങ്കൊടി പ്രതിഷേധം.
Kerala
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. എല്ഡിഎഫ് സ്ഥാനാര്ഥി മഞ്ജു സുജിത് ആണ് 2,140 വോട്ടിന്റെ ലീഡിന് വിജയിച്ചത്. എൽഡിഎഫിന് 16,280 വോട്ട് ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ടാന് 14,140 വോട്ട് ലഭിച്ചു. എന്ഡിഎയ്ക്കായി മത്സരിച്ച എ. മനോജ് 3,993 വോട്ട് നേടി. തൃക്കൊടിത്താനം ജില്ലാ ഡിവിഷന് അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി നിയോജകമണ്ഡലത്തില് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുന് ഡിവിഷന് അംഗം കൂടിയായിരുന്ന സിപിഎമ്മില മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് വിനു ജോബ് അട്ടിമറി വിജയം നേടിയത്.
Kerala
കഴക്കൂട്ടം :മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല് വാര്ഡ് യുഡിഎഫിൽ നിന്നും എല്ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫ് സ്ഥാനാര്ഥി രമ്യ വി. തുളസി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 22 സീറ്റുള്ള മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് ഏഴ്, എൻഡിഎ ഏഴ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
നിലവില് കോണ്ഗ്രസ് വിമതൻ ശ്രീചന്ദിന്റെ പിന്തുണയോടെയാണ് എല്ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. എല്ഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. 440 വോട്ടുകളാണ് രമ്യ വി. തുളസി നേടിയത്. യുഡിഎഫിന്റെ അജന്ത ഷിജിക്ക് 301 വോട്ടുകളും ബിജെപി സ്ഥാനാർഥി ദിവ്യ ദിവാകരന് 159 വോട്ടുകളും ലഭിച്ചു.
Kerala
കണ്ണൂർ: ജില്ലയിൽ രണ്ടിടങ്ങളിൽ തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയം. പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത എൽഡിഎഫ് മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് നിലനിർത്തുകയും ചെയ്തു.
ബാവോട് ഈസ്റ്റിൽ സിപിഎം സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം. രഞ്ചിഷിനെ പരാജയപ്പെടുത്തിയത്. രതീശന് 600 വോട്ടും രഞ്ചിഷിന് 535 വോട്ടും ബിജെപി സ്ഥാനാർഥി കെ.പി.പ്രജിത്തിന് 56 വോട്ടും ലഭിച്ചു. യുഡിഎഫിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 1,393 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ13 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എൽഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തത്.അന്ന് യുഡിഎഫിന് 530 വോട്ടും എൽഡിഎഫിന് 517 വോട്ടും ബിജെപിക്ക് 87 വോട്ടുമാണ് ലഭിച്ചത്.
ഉരുവച്ചാൽ വാർഡിൽ സിപിഎമ്മിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ ലത്തീഫ് പഴശിയെ പരാജയപ്പെടുത്തിയത്. സുരേഷ് കുമാറിന് 638 വോട്ടും ലത്തീഫ് പഴശിക്ക് 362 വോട്ടും ബിജെപി സ്ഥാനാർഥി കെ.മോഹനന് 31 വോട്ടുമാണ് ലഭിച്ചത്. ആകെയുള്ള 1234 വോട്ടർമാരിൽ 1031 പേരാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ ഏഴ് വോട്ട് കൂടുതൽ ലഭിച്ചു. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ നടക്കുന്നതിനാൽ ഒരു വർഷം മാത്രമാണ് പുതിയ കൗൺസിലറുടെ കാലാവധി ഉണ്ടാകുക.
Kerala
കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തില് വീണ്ടും ഭരണം പിടിച്ച് ട്വന്റി 20. 339 വോട്ടുകളുടെ ഭൂരിപക്ഷത്തില് ദീനാമ്മ ജേക്കബ് വിജയിച്ചു. ബിജെപി - ട്വന്റി 20 കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക.
ട്വന്റി 20യുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോന് രാജിവച്ചതിനെ തുടര്ന്നാണ് പൂതൃക്ക പഞ്ചായത്തില് ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്ഡിഎ മുന്നണി ബന്ധം പരാമര്ശിക്കാതെ ആയിരുന്നു ട്വന്റി 20 ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തിയത്.
പോസ്റ്ററുകളില് ട്വന്റി 20 സ്ഥാനാര്ഥി എന്നു മാത്രമാണ് നല്കിയത്. പ്രചാരണ പ്രവര്ത്തനങ്ങളില് ബിജെപി പ്രവര്ത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം ഉയര്ന്നിരുന്നു.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലുമാണ് വിമർശനം.
രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്ഐആർ എന്നത് ഭരണഘടനാപരമായ നടപടിക്രമമാണെന്നും അത് നടപ്പിലാക്കാൻ ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് ബാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എസ്ഐആർ നടപ്പിലാക്കുമ്പോൾ കോൺഗ്രസ് ജയിച്ചാൽ കുഴപ്പമില്ലെന്നും ബിജെപി ജയിച്ചാൽ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് പ്രതിപക്ഷ ശൈലിയെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശുക്കൾക്ക് സംരക്ഷണം നൽകുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വിശ്വാസത്തെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യാതൊരു മടിയും കൂടാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹനുമാൻ ചാലിസ വിതരണം ചെയ്യുക. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക. ഒന്നിനെയും ഭയപ്പെടാനില്ലെന്നും സംസ്ഥാനത്തെ കാറ്റ് മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. സന്യാസികളെ അപമാനിക്കുന്നവരെ സർക്കാർ ജയിലടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബിജെപി. പുതുതായി നിയമിച്ച സംസ്ഥാന പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം 29ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടുന്ന വെല്ലുവിളികളും ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതിനകം സംഘടനാതലത്തിൽ പുനഃസംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പാർട്ടി പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയ്ക്കും പഞ്ചാബിന്റെ ചുമതല സതീഷ് പൂനിയയ്ക്കുമാണ്. രാം മാധവിനാണ് ഉത്തരാഖണ്ഡിന്റെ ചുമതല നൽകിയിരിക്കുന്നത്. ഹരിയാനയുടെ ചുമതല സ്മൃതി ഇറാനിക്കാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്നതിനുള്ള പാർട്ടി തന്ത്രങ്ങളും സംഘടനാ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
National
ന്യൂഡൽഹി: കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി. ഗാന്ധി കുടുംബം ജനാധിപത്യത്തിന്റെ സംരക്ഷകരല്ലെന്നും മറിച്ച് രാജ്യത്തിനുതന്നെ ഭീഷണിയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
വോട്ട് ചോർച്ച, തെരഞ്ഞെടുപ്പു കമ്മീഷൻ, ഭരണഘടന, ജനാധിപത്യം എന്നിവയിലൊന്നും കോൺഗ്രസിന് താത്പര്യമില്ല.
കേന്ദ്രത്തിൽ ഗാന്ധി-വാദ്ര കുടുംബത്തെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യം. അവരെ സംബന്ധിച്ചിടത്തോളം എന്നും മുൻഗണന കുടുംബവാഴ്ചയ്ക്കു മാത്രമാണെന്നും പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.
Kerala
കൊല്ലം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി.മുരളീധരൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപിയിൽ വിവാദമുണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ജയിലിൽ പോകണമെന്ന് നേരത്തെ പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ നിലപാട് മാറ്റി. എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും വ്യത്യസ്ത നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആർ വഴിയാണ് കോൺഗ്രസിനെ തോൽപ്പിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണ്.
അഴിമതിയും വികസന മുരടിപ്പുമാണ് ജനങ്ങൾ അവരെ തള്ളാനുള്ള കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായ വ്യത്യാസങ്ങളെ വീഴ്ചയായി കാണാനാകില്ലെന്നും അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മൂന്ന് പേർ ചർച്ച ചെയ്യുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പ്രശ്നങ്ങളുണ്ടെന്ന വാദത്തിന് അടിസ്ഥാനമില്ല. രാഹുൽ ഗാന്ധി വർഷങ്ങളായി തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്താ യിൽനിന്നു പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ പാർട്ടിയുടെയും സംഘപരിവാർ നേതാക്കളുടെയും പേരുകൾകൂടി ഉൾപ്പെട്ടതു ബിജെപിക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷമാക്കുന്നു.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോർജാണ് കർത്തായിൽനിന്നു പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ ബിജെപിയുടെ പ്രമുഖ നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
വി. മുരളീധരൻ എംഎൽഎയുടെ പേരും പട്ടികയിൽ ഇടംപിടിച്ചതാണു ബിജെപിക്കുള്ളിൽ പുതിയ വിവാദത്തിനു വഴിവച്ചിരിക്കുന്നത്. തന്റെ പേരുണ്ടെങ്കിൽ അന്വേഷിച്ചോട്ടേയെന്നു വി. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബവും ആരോപണവിധേയരായി നിൽക്കുന്പോൾ ഇങ്ങനെയൊരു നീക്കം ഷോണ് ജോർജ് തന്നെ നടത്തിയതു രാഷ്ട്രീയമായി തിരിച്ചടിയായെന്നാണു ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന രണ്ടു മന്ത്രിമാരുടെ പേരും നേരത്തേ കർത്തായുടെ ഡയറിയിൽ കണ്ടതു കോണ്ഗ്രസ് രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്പോഴാണ് സ്വന്തം പാർട്ടിയിലെ നേതാക്കളുടെ പേരുകൂടി അടങ്ങിയ പട്ടിക ബിജെപി സംസ്ഥാന ഉപാധ്യക്ഷൻകൂടിയായ ഷോണ് ജോർജ് പുറത്തുവിട്ടത്.
ഇങ്ങനെയൊരു പട്ടികയും അതിൽ പാർട്ടി നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നേതൃത്വവുമായി ഷോണ് ആലോചിക്കണമായിരുന്നുവെന്ന വാദം ബിജെപി നേതാക്കൾക്കിടയിലുണ്ട്.
മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്കു പോകുന്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നീക്കമാണ് അറിഞ്ഞോ അറിയാതെയോ ഷോണ് ജോർജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ ഷോണ് നടത്തിയ ഈ നീക്കം ബിജെപിയിലെ നേതാക്കൾ തമ്മിലുള്ള പടലപിണക്കത്തിന്റെ ഭാഗമാണെന്നുകൂടി വിശ്വസിക്കുന്ന നേതാക്കളും പാർട്ടിയിലുണ്ട്.
Kerala
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്നുവർഷമാണ് കാലാവധി.
ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും അവർ ജനവിധി തേടിയിട്ടുണ്ട്.
നിവേദിത സുബ്രഹ്മണ്യത്തിന് പുറമേ ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും ദേശീയ വനിതാ കമ്മിഷൻ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഭരണവിരുദ്ധവികാരമെന്നതു ഒരു യാഥാർഥ്യമാണെന്നും ഒരു സർക്കാരിനെയും അത് വെറുതെ വിടില്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ബംഗ്ലാദേശ് യുദ്ധം വിജയിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഇന്ദിരാഗാന്ധിക്കു ഭരണനഷ്ടമുണ്ടായതു ചൂണ്ടിക്കാട്ടിയ രാഹുൽ, കോൺഗ്രസ് ഉൾപ്പടെയുള്ള ദേശീയ-പ്രാദേശിക കക്ഷികൾക്ക് ഭരണവിരുദ്ധവികാരം നേരിടേണ്ടിവരുമ്പോൾ ഏതോ ഒരു കാരണത്താൽ ബിജെപിയെ മാത്രം ഇതു ബാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പുഫലം വരുമ്പോൾ അത് അപ്രത്യക്ഷമാകുകയാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണു രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന നിഗമനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി താൻ ഇതേക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ബിജെപി ജയിച്ചാലും ജനങ്ങൾ വിശ്വസിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന ഇത്തരം ക്രമക്കേടുകൾ കാരണം ഭാവിയിൽ ബിജെപി വിജയിച്ചാൽ പോലും ജനങ്ങൾ അതു വിശ്വസിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിനെതിരേയുള്ള ജനരോഷമാണ് ജന്തർ മന്തർ പ്രതിഷേധത്തിൽ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല. വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സര്ക്കാര് 30 മുതല് 50 വര്ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്ശിപ്പിച്ചാണ് രാഹുല് ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
ഒരു രാഷ്ട്രീയ പാര്ട്ടിക്കും ഇങ്ങനെ പറയാനാകില്ല. ഒരു രാഷ്ട്രീയ കുടുംബത്തില് നിന്നാണ് താന് വരുന്നത്. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്ക്കാര് തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള് ഇങ്ങനെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി വിജയങ്ങളില് ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള് പുറത്തുവരുന്നത്. നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്ക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് വി.ഡി. സതീശന്റെ സർക്കാർ അധികാരത്തിലെത്തിയതെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ മകളുടെ കമ്പനിക്ക് സേവനം നൽകാതെയും പണം ലഭിച്ച സാഹചര്യമുണ്ടായെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അവിടെ ഒരു കൊള്ള നടന്നു. കൊള്ളയ്ക്ക് പിന്നിൽ ക്രിമിനൽസുണ്ട്. എന്നാൽ ഇതുവരെ സർക്കാർ എക്സാ ലോജിക്കിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന് ജനങ്ങൾ ചോദിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശശിധരൻ കർത്തയുടെ ഡയറിയിൽ നിലവിലെ മുഖ്യമന്ത്രിയുടെയും പേരുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.
വിശ്വാസികളുടെ ക്ഷേമത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. അയ്യപ്പന്റെ പേര് പറഞ്ഞ് പ്രചാരണം നടത്തിയ കോൺഗ്രസ് ഇപ്പോൾ വിശ്വാസികളെ മറന്നു. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെങ്കിൽ ആരാണ് പണം നൽകിയതെന്ന് വ്യക്തമാക്കണം. യാത്രയുടെ ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.