രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല. വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ല. ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Tags : AmitShah RahulGandhi NarendraModi Congress BJP