പ്രതീകാത്മക ചിത്രം
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാർഥികളുടെ നിരാഹാര സമരം തുടരുന്നു. 12 ദിവസത്തോളം നിരാഹരമിരുന്ന മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം മറ്റ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അര്‍ച്ചന എന്നീ വിദ്യാര്‍ഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
എംഎ തിയറ്റര്‍ വിദ്യാര്‍ഥിയും വിവാദമായ ലൈറ്റ് മരിച്ചേ എന്ന നാടകത്തിന്റെ സംവിധായകനുമായ എം.എസ്. ശിവകുമാര്‍, എംഎ ചരിത്ര വിദ്യാര്‍ഥിനി സി.പി. ശ്രദ്ധ, സംസ്കൃത ഗവേഷക വിദ്യാര്‍ഥിനി കെ.എല്‍. അതുല്യ എന്നിവര്‍ നിരാഹാരം ആരംഭിച്ചു. എന്ത് സംഭവിച്ചാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും എസ്എഫ്ഐ അറിയിച്ചു. അതേസമയം വിദ്യാര്‍ഥികളുടെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
മാപ്പപേക്ഷ നല്കിയാല് സസ്പെന്ഷന് പിന്‍വലിക്കാമെന്ന സര്‍വകലാശാലയുടെ തീരുമാനം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യും. മാപ്പപേക്ഷ നല്കിയാല് 16ല്‍ 12 പേരുടെ സസ്പെന്ഷന് പിന്‍വലിക്കാമെന്നും നാലുപേരുടെ സസ്പെന്ഷന് രണ്ടു മാസം കൂടി നീട്ടിയതായും സര്‍വകലാശാല സത്യവാഗ്മൂലം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ പുതിയ തീരുമാനം കൂടി ചേര്‍ത്തു ഹര്‍ജിയില്‍ ഭേദഗതി വരുത്തുന്നുണ്ടോയെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വിദ്യാര്‍ഥികളുടെ അഭിഭാഷകനോടു ചോദിക്കുകയും ഉണ്ടെന്ന് മറുപടി നല്കുകയിരുന്നു. അതിനാല്‍ ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Tags : Student Suspension Kalady Sanskrit University Student Protest Hunger Strike Student Agitation Sfi DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash