പ്രതീകാത്മക ചിത്രം
കൊച്ചി: വാഴക്കുലയില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ കേസില്‍ അന്വേഷണത്തിനായി കര്‍ണാടക പൊലിസ് കൊച്ചിയിലെത്തി. കര്‍ണാടക ഇന്റലിജന്‍സ് വിഭാഗം അങ്കമാലി പൊലിസ് സ്റ്റേഷനിലാണ് എത്തിയത്. മൈസൂരുവിലെ നഞ്ചന്ഗുഡുവില് നിന്നാണ് ഡാനി എന്ന് വിളിക്കപ്പെടുന്ന ധനേഷ് എസ്. നായര്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക പൊലിസ് ഇന്നലെ അങ്കമാലി പൊലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്. നഞ്ചന്ഗുഡുവില് ആറേക്കര്‍ വാഴത്തോട്ടമാണ് ഇയാള്‍ക്കുള്ളത്. ബംഗളൂരുവിലും മൈസുരുവിലുമുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത് എന്നായിരുന്നു ധനേഷ് മൊഴി നല്‍കിയത്. ഇതില്‍ കര്‍ണാടക പൊലിസ് അന്വേഷണം നടത്തും.
2023 മുതല്‍ വാഴക്കുലകള്‍ക്കിടയില്‍ വച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിവരുന്നുണ്ട്. ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോണില്‍ നിന്നാണ് പൊലിസ് ധനേഷിലേക്കും ലഹരി കടത്താന്‍ ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളിലേക്കും എത്തിയത്.
Tags : plantain bunch mdma smuggled case Police Kochi Karnataka Police