മന്ത്രി റോജി എം. ജോൺ
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സര്‍വകലാശാലകളില്‍ ഏകാധിപത്യ നടപടികള്‍ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറാകണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കുന്നതിനും വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും, പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.
സര്‍വകലാശാലകള്‍ സ്വതന്ത്രമായ ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ട ഇടങ്ങളാണ്. അവിടെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.
ജനാധിപത്യ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറാകണം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
Tags : Mahatma Gandhi University Media ban Kottayam Minister Roji M. John anti-democratic withdraw