കളമശേരി ഗവണ്മെന്റ് പോളിടെക്നിക് കോളജ്
കൊച്ചി: കളമശേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നല്കിയ പരാതിയിലാണ് നടപടി.
കോളജിന്റെ തന്നെ പെരിയാര്‍ ഹോസ്റ്റലിലാണ് വിദ്യാര്‍ഥി താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 14 മുതല്‍ നവംബര്‍ അഞ്ച് വരെ ഹോസ്റ്റലില്‍ വച്ച് റാഗിംഗിന് ഇരയായെന്നാണ് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്ന ഹോസ്റ്റല്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും മര്‍ദിക്കുമെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ച്ചയായ മര്‍ദനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. റാഗിംഗ് സംബന്ധിച്ച് കോളേജ് അധികൃതര്‍ക്ക് പരാതി നല്കിയപ്പോഴും ഭീഷണി നേരിടേണ്ടിവന്നതായി വിദ്യാര്‍ഥി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Case Registered Ragging Kalamassery Polytechnic Students