District News
വൈക്കം: ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പെർമിറ്റില്ലാത്ത കക്കാത്തോട് ഫിഷറീസ് അധികൃതർ പിടികൂടി. വെച്ചൂർ ബണ്ട് റോഡിനു സമീപം ചേരകുളങ്ങര ഭാഗത്തുനിന്നുമാണ് 3.5 ടൺ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കക്കസംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയോ കക്കാതോടോ കക്ക ഇറച്ചിയോ ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. സമീപ ദിവസങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കാതോട് കടത്താൻ ശ്രമിച്ചവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.
ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കാതോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിയമാനുസൃത രേഖകളില്ലാതെ വെച്ചൂർ ബണ്ട് റോഡ് ഭാഗത്ത് വാഹനത്തിൽ കക്കാതോട് കയറ്റി പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന് പിടികൂടിയത്. നിയമലംഘനം നടത്തിയവർക്കെതിരെ കെഐഎഫ്എ ആക്ട് (KIFA act) പ്രകാരം 15,900 രൂപ പിഴ ഈടാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നിർദേശനുസരണം നടത്തിയ പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ സി.കെ. സ്മിത, ജിഷ്ണു, ഗിരീഷ്, വിപിൻ, സ്വാതിഷ് എന്നിവർ പങ്കെടുത്തു.
District News
പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.
2020ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറാം പ്രതിയായിരുന്നു. കഴിഞ്ഞ മേയിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് കുറുപ്പംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
Kerala
ചിറ്റൂർ: ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ രണ്ടു പേരെ ചിറ്റൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
പെരുമാട്ടി നന്ദിയോട് കൈപ്പൻകളം സ്വദേശി എം. മിഥുൻദാസ് (29), മുതലമട നരിപ്പാറ ചള്ള സ്വദേശി യു. മധു (27) എന്നിവരെയാണ് 1.45 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.30ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തത്തമംഗലത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ ഒട്ടേറെ കേസുകളിലെ പ്രതിയായ മധുവിനെ കഴിഞ്ഞമാസം കാപ്പ ചുമത്തി മൂന്നു മാസത്തേക്കു ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും മധുവിനെതിരേ കേസെടുക്കും.
Kerala
നെടുമ്പാശേരി: കേരളത്തിൽ വിതരണം ചെയ്യുന്നതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലാൻഡിൽനിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
ബാങ്കോങ്കിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ തായ് എയർഏഷ്യ വിമാനത്തിൽ വന്ന തൃശൂർ കോട്ടപ്പുറം സ്വദേശി റിച്ചി ആന്റണിയുടെ പക്കൽനിന്നാണ് 5.88 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.
District News
ചേര്‍ത്തല: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാർഡ് തിരുനെല്ലൂർ പുത്തൻതറ വീട്ടിൽ അനന്തു (അപ്പു-28) വിനെയാണ് ആറുമാസത്തേക്ക് ആലപ്പുഴ ജില്ലയിൽനിന്നു നാടുകടത്തിയത്.
ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടർ ഹേമന്ത് കുമാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലാ പോലീസ് മേധാവി എറണാകുളം റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
District News
മട്ടന്നൂർ: പച്ചക്കറി വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം മട്ടന്നൂർ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട വേങ്ങാട് സ്വദേശി ഷമീറിനെ (35) അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കർണാടകയിൽ നിന്നെത്തിക്കുന്ന പച്ചക്കറികളുടെ മറവിലാണ് ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. പിടിയിലായയാൾ ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തുന്ന മൊത്തക്കച്ചവടക്കാരനാണെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം മട്ടന്നൂർ ഇൻസ്പെക്ടർ എ. ബിനു, എസ്ഐ ഫൈറൂസ് മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ്, റിജിൽ എന്നിവരടങ്ങിയ സ്ക്വാഡാണ് ലഹരി ഉത്പന്ന കടത്ത് പിടികൂടിയത്.
National
ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺമാർഗം കടത്തിയെന്ന് സംശയിക്കുന്ന രണ്ട് കിലോയോളം ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു.
അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു ജില്ലയിലെ ബിഷ്നാ സെക്ടറിൽ പോലീസ് നടത്തിയ പരിശോധനയിലാണു ലഹരിമരുന്ന് കണ്ടെത്തിയത്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി.
ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.
അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.
തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.
എൻജിനീയറിംഗ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റിനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്കു കുറിയർ ചെയ്തത്.
പ്രണവിന്റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.
District News
ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ വാഗമണ്‍ പാറക്കെട്ട് സ്വദേശി മരുതുംമൂട്ടില്‍ വിനീതിനെ (25) കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ആറു മാസത്തേക്ക് വിലക്കി.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ ചന്ദന മരം മുറിച്ചുകടത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ചന്ദന മരം ഞായറാഴ്ച രാത്രി മോഷണം പോയെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രി അധികൃതർ പരാതി നൽകാത്തതിനെ തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. താലൂക്ക് ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് മോഷണം പോയത്.
എട്ടോളം സുരക്ഷ ജീവനക്കാർ രാത്രിയും പകലുമായി കാവൽ നിൽക്കുന്ന സ്ഥലത്ത് നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. സ്ഥലത്ത് സിസിടിവിയുണ്ടെങ്കിലും ആശുപത്രി അധികൃതർ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ചന്ദനമരം മോഷണം പോയതിന് ശേഷം പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പരാതി നൽകിയില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പാറശാല പോലീസ് അറിയിച്ചു.
Kerala
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 29 ലക്ഷം രൂപയും 12 പവൻ സ്വർണവും പോലീസിന്റെ വാഹന പരിശോധനയിൽ പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേർ പിടിയിലായി. കുറച്ചുകാലമായി കാഞ്ഞങ്ങാട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ തുക്കാറാം, രോഹിത് എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ കാസർഗോഡ് ബാങ്ക് റോഡിൽ വച്ചാണ് പണവുമായി സഞ്ചരിക്കുകയായിരുന്ന കാർ പിടികൂടിയത്.
പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം സംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലേക്ക് പണമൊഴുകാനിടയുണ്ടെന്നു നേരത്തേ പോലീസിന് സൂചന ലഭിച്ചിരുന്നു.
Kerala
തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.
ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.
District News
കൊച്ചി: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മട്ടാഞ്ചേരി ലോബോ ജംഗ്ഷന് ഹൗസ് നമ്പര്‍ 6/760 ല്‍ ഷിനാസി(27)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാടുകടത്തിയത്.
കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിനും ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒന്‍പതു മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാല്‍ ഇയാള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
District News
മാനന്തവാടി: രേഖകളില്ലാതെ കടത്തുകയായിരുന്ന 86,58,250 രൂപ തോൽപ്പെട്ടിയിൽ വാഹന പരിശോധനയിൽ എക്സൈസ് സംഘം പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്നു കോഴിക്കോടിനുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര ഖാനപ്പൂർ ചിൻഞ്ചനി സാൻകേത് തുക്കാറാം നിഗം(24) സൊർഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേൽ(25)എന്നിവരുടെ കൈവശമാണ് പണം ഉണ്ടായിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജു, തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർമരായ കെ. ജോണി, അരുണ്‍ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ബി. സുദീപ്, സിവിൽ എക്സെസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുലർച്ചെ മൂന്നോടെ ബസ് പരിശോധിച്ചത്. പിടിച്ചെടുത്ത പണം തുടർ നടപടികൾക്ക് ആദായനികുതി വകുപ്പിന് കൈമാറി.
ഈ മാസം ആദ്യം മീനങ്ങാടിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ കണ്ടെടുത്തിരുന്നു.