National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടം. തന്നെ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ജന്തർ മന്തറിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തിൽ മാറ്റുന്നതിനിടെയാണ് പ്രതികരണം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. നീതിയുണ്ടാകണം. അവർ ഈ രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിന് അവർ വലിയ വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധത്തിൽ ഭയന്നുള്ള പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ രാഹുലിനെ പൊലിസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യ- സ്വിറ്റ്സർലൻഡ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയ സ്വിസ് പ്രസിഡന്റ് ഗൈ പർമെലിൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (ഇഎഫ്ടിഎ) തമ്മിലുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.
രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി.
ജനാധിപത്യ മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലകൊള്ളുന്നതെന്ന് പർമെലിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയ പർമെലിൻ വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതിക വിദ്യ, നവീനാശയങ്ങൾ, സാംസ്കാരിക കൈമാറ്റങ്ങൾ തുടങ്ങിയ വിവിധ മേഖലകളി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ച നടത്തും. ഇക്കൊല്ലം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
National
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ഛാറുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായി എഫ്സെഡ് 1073 വിമാനത്തിലാണ് സംഭവം. 174 പേരുമായി പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റൻ മച്ഛാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു.
ഇതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് പ്രവേശിച്ച് ആക്രമിയെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. കുത്തേറ്റ് താൻ നിലത്തുവീണെങ്കിലും യാത്രക്കാരെ രക്ഷിക്കണമെന്ന ചിന്തയാണ് തന്റെ മനസുലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മച്ഛാറിന്റെ ധൈര്യത്തെ മോദി നേരത്തെ തന്നെ അഭിനന്ദിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തെ വീരനെന്ന് വിശേഷിപ്പിച്ച് പ്രശംസിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മച്ഛാറിനെ ആദ്യം സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.
Kerala
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല. വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സര്ക്കാര് 30 മുതല് 50 വര്ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്ശിപ്പിച്ചാണ് രാഹുല് ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
ഒരു രാഷ്ട്രീയ പാര്ട്ടിക്കും ഇങ്ങനെ പറയാനാകില്ല. ഒരു രാഷ്ട്രീയ കുടുംബത്തില് നിന്നാണ് താന് വരുന്നത്. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്ക്കാര് തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള് ഇങ്ങനെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി വിജയങ്ങളില് ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള് പുറത്തുവരുന്നത്. നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്ക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്ത്തു.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിനെതിരേ ബിജെപി രംഗത്ത്.
പ്രധാനമന്ത്രിയുടെ വിദേശനയം എന്ന പരിഹാസത്തോടെ രാഹുലിനൊപ്പം സ്റ്റാൻഡപ്പ് കൊമേഡിയനായ പുൽകിത് മണി പരിപാടിക്കിടയിൽ നടത്തിയ അനുകരണത്തിനെതിരേയാണ് ബിജെപി രംഗത്തെത്തിയത്.
വിദേശ രാഷ്ട്രത്തലവൻമാരുമായി മോദി സംസാരിക്കുന്ന രീതിയും മറ്റ് പെരുമാറ്റങ്ങളും അനുകരിച്ചും പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെ പ്രസംഗം കേൾക്കാൻ വന്ന വയോധികയ്ക്ക് കസേര നൽകാൻ ആവശ്യപ്പെട്ടതുമായി ഒരു മിനിറ്റോളമാണ് പ്രധാനമന്ത്രിയെ ആക്ഷേപഹാസ്യത്തിലൂടെ പുൽകിത് മണി അവതരിപ്പിച്ചത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പുൽകിത് മണി ഹാസ്യരൂപേണ പ്രധാനമന്ത്രിയെ ആദ്യമായി അവതരിപ്പിച്ചത്. ആ വീഡിയോ വൈറലായതോടെ അത് നീക്കം ചെയ്തതിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു.
ഒരു വശത്ത് പ്രധാനമന്ത്രി മുതിർന്നവരെയും അമ്മമാരെയും ആദരിക്കുമ്പോൾ, മറുവശത്ത് രാഹുൽ ഗാന്ധി അവരെ പരിഹസിക്കുകയാണെന്നും ഇത് മൂല്യാധിഷ്ഠിത രാഷ്ട്രീയവും പ്രകടന രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമാണെന്നും ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, പ്രൾഹാദ് ജോഷി, പിയൂഷ് ഗോയൽ മുഖ്യമന്ത്രിമാരായ പുഷ്കർ സിംഗ് ധാമി, രേഖ ഗുപ്ത തുടങ്ങിയവർ രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്ത് എത്തിയപ്പോൾ മഹുവ മൊയ്ത്ര, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ മോദിയുടെ വിദേശനയം തുറന്നുകാട്ടി എന്ന കുറിപ്പോടെ പുൽകിത് മണിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
National
ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ തുറന്നുനൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
40ഓളം രാജ്യങ്ങളുമായി ഒപ്പുവച്ച ഈ കരാറുകൾ അഭൂതപൂർവമായ കരിയർ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ആഭ്യന്തര സംരംഭകർക്കായി പുതിയ വിപണികളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ തൊഴിൽ മേളയായ ‘റോസ്ഗാർ മേള’ യുടെ 20-ാം പതിപ്പ് വെർച്വലായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ യുവത്വത്തിന്റെ കഴിവും നൈപുണ്യവും ആഗോളതലത്തിൽ വലിയ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ടെന്നും രാജ്യത്തെ യുവാക്കളിലും സംരംഭകരിലും വലിയ പ്രതീക്ഷകളാണു ലോകം വച്ചുപുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ, വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 51,000ത്തിലധികം യുവാക്കൾക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വെർച്വലായി കൈമാറി.
National
ന്യൂഡൽഹി: വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,000ത്തിലധികം ഉദ്യോഗാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമനക്കത്തുകൾ കൈമാറും.
ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗിലൂടെ പുതിയ ഉദ്യോഗാർഥികളെ അഭിസംബോധന ചെയ്തശേഷമായിരിക്കും പ്രധാനമന്ത്രി കത്തുകൾ വിതരണം ചെയ്യുക. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ‘റോസ്ഗാർ മേള’യുടെ 20-ാം പതിപ്പിന്റെ ഭാഗമായാണു വിതരണം.
രാജ്യത്തുടനീളമുള്ള 37 കേന്ദ്രങ്ങളിലായാണ് റോസ്ഗാർ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര റവന്യു വകുപ്പ്, റെയിൽവേ, ആഭ്യന്തരം, ആരോഗ്യം-കുടുംബക്ഷേമം, ധനകാര്യ സേവനങ്ങൾ, പ്രതിരോധ മന്ത്രാലയം തുടങ്ങി കേന്ദ്ര വകുപ്പുകളിലേക്കാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ ആശംസകൾ അറിയിച്ചു. തങ്ങളുടെ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന തന്ത്രപ്രധാനമായ സൗഹൃദബന്ധം കൂടുതൽ ദൃഢമാവുകയാണെന്ന് നേതാക്കൾ എടുത്തുപറഞ്ഞു.
"എന്റെ സുഹൃത്തായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ഉന്മേഷവും വിജയവും ആശംസിക്കുന്നു" എന്ന് എക്സിൽ കുറിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും സഹകരണത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യയെ ഒരു ലോകശക്തിയാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായക പങ്കുവഹിച്ചുവെന്ന് നെതന്യാഹു പ്രശംസിച്ചു. ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തം മുൻപെങ്ങുമില്ലാത്തവിധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദിയിൽ മോദിക്കുള്ള ആഗോള സ്വാധീനത്തെയും റഷ്യ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെയും പുടിൻ അഭിനന്ദിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. മോദിയുടെ 25 വർഷത്തെ പൊതുസേവനവും വികസന സംഭാവനകളും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർത്തെടുത്തു. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വാഡ്നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി ഒരു മാസക്കാലം നീളുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Kerala
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിൽ ചക്കുളത്തുകാവിൽ സർവൈശ്വര്യപൂജയും പ്രത്യേക പ്രാർഥനകളും നടത്തി. നരേന്ദ്ര മോദി അനിഴം നക്ഷത്രം എന്ന പേരിലാണ് ഭക്തർ പൂജകൾ നടത്തിയത്.
രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ജനങ്ങളുടെ സമഗ്ര ക്ഷേമത്തിനും വേണ്ടിയും പ്രത്യേക പ്രാർഥനകളും പൂജകളും സംഘടിപ്പിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ എന്നിവർ കാർമികത്വം വഹിച്ചു.
ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ വിവിധ വഴിപാടുകളും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ചടങ്ങിൽ ഭക്തജനങ്ങളും വിവിധ മേഖലകളിലുള്ളവരും പങ്കെടുത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടും അദ്ദേഹം ഭരണഘടനാ പദവിയിൽ (ഗുജറാത്ത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി പദവി വരെ) 25 വർഷം പൂർത്തിയാക്കുന്നതിനോടും അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' രാജ്യവ്യാപകമായി ആരംഭിക്കുന്നു. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന വിപുലമായ സേവന, സാമൂഹിക, സാംസ്കാരിക പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 17-ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്തെ വീടുകളിൽ 'ആശീർവാദ് കാ ദിയ' ദീപങ്ങൾ തെളിക്കും. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി വൈകിട്ട് ഏഴിന് രാജ്യത്തെ വീടുകളിൽ ദീപം തെളിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു. വൈകുന്നേരം 6.45-ന് ഉജ്ജയിനിലെ രാം ഘട്ടിൽ അദ്ദേഹം ശിപ്ര ആരതി നടത്തി ദീപം തെളിക്കും.
ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചിത്വയജ്ഞം, അങ്കണവാടി പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിക്കുന്ന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ ഏഴിന് കാൽനട ജാഥകൾ, വാഹന റാലികൾ എന്നിവയ്ക്ക് പുറമെ 'വികസിത് ഭാരത് 2047' പ്രതിജ്ഞയും പ്രവർത്തകർ ഏറ്റെടുക്കും. മോദി സർക്കാരിന്റെ വികസന പദ്ധതികളും പൊതുജനസേവനവും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങളും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
National
ബംഗളൂരു: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉമർ ഖാലിദിനെ ഭയപ്പെടുകയാണെന്നും, അതിനാലാണ് വർഷങ്ങളായി വിചാരണ തുടങ്ങാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് രാജ്യസ്നേഹിയെന്നും രാജ്യദ്രോഹിയെന്നും തീരുമാനിക്കേണ്ടത് ബിജെപിയല്ല, രാജ്യത്തെ കോടതികളാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഉമർ ഖാലിദ് ദേശസ്നേഹിയാണെന്ന കർണാടക കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്തുണച്ചു. 2020 സെപ്റ്റംബറിൽ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഖാലിദ് വർഷങ്ങളായി ജയിലിലാണെന്നും, കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ എന്തുകൊണ്ട് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ രംഗത്തുവന്ന എബിവിപിയുടെ നടപടിയെ ഖാർഗെ വിമർശിച്ചു.
ഗുണ്ടായിസം സഹിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിദ്യാഭ്യാസ പരിഷ്കരണങ്ങളെക്കുറിച്ചും കർണാടക പിഎസ്സി നിയമന തട്ടിപ്പുകളെക്കുറിച്ചും സംസാരിക്കാൻ എബിവിപിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന രാജ്യദ്രോഹത്തിന് തുല്യമാണെന്നും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര ആരോപിച്ചു.
National
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ആഗോള തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവരടക്കം ലോകനേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി നടന്ന ചർച്ചകൾ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സിവിൽ ന്യൂക്ലിയർ മേഖലകളിലെ സഹകരണവും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാനുള്ള പദ്ധതികളും ചർച്ചയായി. റഷ്യ-യുക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് മോദി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സമാധാനവും സുരക്ഷയും പ്രധാന വിഷയമായി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും മോദി ചർച്ച നടത്തി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ചർച്ചയിൽ അതിർത്തി തർക്കങ്ങൾ, സമാധാനം, വിതരണ ശൃംഖലകളുടെ സുരക്ഷിതത്വം എന്നിവ ഉയർന്നുവന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ്, എത്യോപ്യൻ പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ചകൾ നടന്നു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, കസാഖ് പ്രസിഡന്റ് കാസിം ജോമാർട്ട് തോക്കയേവ്, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയർ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി സംസാരിച്ച് ഗ്ലോബൽ സൗത്ത് സഹകരണം കൂടുതൽ ശക്തമാക്കി. ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് പുറമേ നിരവധി അനൗദ്യോഗിക ചർച്ചകളും നയതന്ത്ര കൂടിക്കാഴ്ചകളും ഉച്ചകോടിയുടെ ഭാഗമായി നടന്നു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിംഗ് വിട്ടുനിന്നത്.
ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്കാണ് ഷീ ജിൻപിംഗ് പോയത്. അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു.
വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ബ്രിക്സ് നേതാക്കൾക്ക് പുറമേ കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും മോദി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും ലോക്സഭ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരുമെല്ലാമാണ് വിരുന്നിൽ പങ്കെടുത്തത്.
National
ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക, ഊർജ രംഗങ്ങളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
കൂടിക്കാഴ്ചയ്ക്കിടെ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ കിരീടാവകാശി പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും സർവതോമുഖമായ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള യുഎഇ ഭരണാധികാരിയുടെ സന്ദേശവും അദ്ദേഹം അറിയിച്ചു.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് നിർണായകമായ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള പരസ്പര സഹകരണവും പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. സാമ്പത്തിക നിക്ഷേപങ്ങൾ, സാങ്കേതികവിദ്യ, സുരക്ഷാ സഹകരണം തുടങ്ങിയ നിർണായക മേഖലകളിൽ പുതിയ പങ്കാളിത്ത അവസരങ്ങൾ തുറക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
National
ന്യൂഡൽഹി: ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ഭാരത് മണ്ഡപത്തിൽ ആരംഭിച്ച അംഗരാജ്യങ്ങളുടെ യോഗത്തെ ചരിത്രപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളാണ് പ്രധാനമന്ത്രി യോഗത്തിൽ മുന്നോട്ടുവച്ചത്. യുഎൻ സുരക്ഷാ സമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ചുരുക്കം ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലുള്ള സ്ഥാപനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. ആഗോളതലത്തിൽ നാവികരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും ഇതിനായി രാജ്യങ്ങൾ ഒത്തൊരുമിച്ച് ഒരു പൊതുസംവിധാനം ഉണ്ടാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഉച്ചകോടികൾക്കും ചർച്ചകൾക്കുമപ്പുറം വീണ്ടുമൊരു 'കാർപ്ലോമസി'ക്ക് സാക്ഷ്യം വഹിച്ച് ന്യൂഡൽഹി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടൊപ്പം ഒരേ ലിമോസിൻ കാറിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയടക്കം മുൻപ് മൂന്ന് ഘട്ടങ്ങളിൽ ഇരുവരും ഒന്നിച്ചു നടത്തിയ യാത്രകളുടെ തുടർച്ചയായാണ് നാലാം തവണയും ഈ അപൂർവ സൗഹൃദ നിമിഷം ആവർത്തിച്ചത്.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുനേതാക്കളുടെയും നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്കിടെ പ്രശസ്ത തമിഴ് വേദഗ്രന്ഥമായ 'തിരുക്കുറലിന്റെ' റഷ്യൻ പരിഭാഷ മോദി പുടിന് സമ്മാനമായി നൽകി. തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവർ രചിച്ച തിരുക്കുറൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ജനകീയവുമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.
റഷ്യ-യുക്രെയ്ൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ രംഗത്തെ സഹകരണം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്യും. ഇന്ത്യയ്ക്ക് കൂടുതൽ രാസവളവും ക്രൂഡ് ഓയിലും നൽകാൻ തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യവും ഉയർന്നുവരും.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ മോദി വൈകുന്നേരം 6:15ന് കാണും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശിനിയാഴ്ച വൈകുന്നരം 5:45ന് നടക്കും.
National
ന്യൂഡല്ഹി: ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25-ാം വാര്ഷികത്തിന് ഒരുമാസത്തെ പരിപാടികളുമായി ബിജെപി.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര് 17 മുതല് ഒക്ടോബര് 17 വരെ നീണ്ടുനില്ക്കുന്ന സേവാ സങ്കല്പ് അഭിയാന് എന്ന ഒരുമാസത്തെ പരിപാടികള് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബീന് ഡല്ഹിയില് നടന്ന വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു.
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യം ഉയര്ത്തിപ്പിടിച്ച് മോദിയുടെ 25 വര്ഷത്തെ ജനസേവനം രാജ്യത്തെ ഓരോ പൗരനിലേക്കും എത്തിക്കണമെന്ന് ബിജെപി അണികളെ ലക്ഷ്യമാക്കി നിതിന് നബീന് ആഹ്വാനം ചെയ്തു.
സെപ്റ്റംബര് 17ന് രക്തദാന ക്യാമ്പുകളോടെയാണ് സേവാ സങ്കല്പ് അഭിയാന് പരിപാടികള് ആരംഭിക്കുന്നത്.
അന്ന് വൈകുന്നേരം ഏഴുമണിക്ക് രാജ്യത്തെ എല്ലാ കുടുംബങ്ങളും നരേന്ദ്ര മോദിയോടുള്ള നന്ദിസൂചകമായി വീടുകളില് ദീപങ്ങള് തെളിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന് കൂട്ടിച്ചേര്ത്തു.
National
ന്യൂഡൽഹി: വിദ്യാർഥികളുടെ ലഹരി ആസക്തിക്കും അമിതമായ ഡിജിറ്റൽ ഉപയോഗത്തിനുമെതിരേ ജാഗരൂകരായിരിക്കണമെന്ന് അധ്യാപകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ അവാർഡ് ജേതാക്കളായ 82 അധ്യാപകരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാഠപുസ്തക പഠനത്തിനപ്പുറത്തേക്ക് അധ്യാപകർ ചിന്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അധ്യാപകർ തയാറാകണം.
കുട്ടികളിലെ ലഹരി ഉപയോഗത്തിനുള്ള കാരണം തിരിച്ചറിഞ്ഞ്, അതിൽനിന്നു മോചനം നേടാൻ അവരെ സഹായിക്കണം. കുട്ടികൾ എത്രസമയം സ്ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്നും രക്ഷിതാക്കളുമായി സംസാരിച്ചു മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ജിഎസ്എൽവി എഫ് -17 വിക്ഷേപണം വിജയമായതിനു പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടമാണിതെന്നും ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണ്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്നു പുലർച്ചെ 2.55നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി എഫ് -17 കുതിച്ചുയർന്നത്. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്.
സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുമ്പോൾ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ടു മാത്രമേ ലഭ്യമാകൂ. എന്നാൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും കാലാവസ്ഥാ വിശകലനങ്ങൾക്കും രാജ്യത്തിന് വൻ കരുത്താകും.
ശ്രദ്ധാകേന്ദ്രമായി വീണ്ടും ജിഎസ്എൽവി
ജിഎസ്എൽവി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. 420.5 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന്റെ പ്രധാന കരുത്ത് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ്. തുടക്കകാലത്തെ ചില അസ്ഥിരതകൾ കാരണം ‘നോട്ടി ബോയ്’എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിഎസ്എൽവി, പിന്നീട് ബാക്ക് ടു ബാക്ക് വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്ക്ക് ഈ ജിഎസ്എൽവി ദൗത്യത്തിന്റെ വിജയത്തോടെയായി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ച് ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.
ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും ചർച്ച നടത്തിയതും, തുടർന്ന് ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറുകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും.
രാഷ്ട്രങ്ങൾക്ക് സ്വന്തം വിദേശനയങ്ങൾ ഉണ്ടാകുകയെന്നത് സ്വാഭാവികമാണെന്നും മറ്റ് രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്നും റൂബിയോ വ്യക്തമാക്കി. യുഎസ് പ്രതിനിധികളും മുൻകാലങ്ങളിൽ ഇറാനിയൻ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ ഏതെങ്കിലും രാജ്യം ഇറാനെ സഹായിച്ചാൽ അവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഭീകരപ്രവർത്തനങ്ങൾകും ആണവായുധ നിർമാണത്തിനുമുള്ള ഇറാന്റെ ഫണ്ടിംഗ് തടയുകയാണ് ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് ഭരണകൂടം ഇതിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്നും റൂബിയോ വ്യക്തമാക്കി.
ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നും നിലവിലുള്ള സാമ്പത്തിക ഉപരോധങ്ങൾക്ക് പുറമെ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും മാർക്കോ റൂബിയോ ഓർമിപ്പിച്ചു.
National
ബിഷ്കെക്ക്: കിർഗിസ്ഥാനിൽ നടക്കുന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സെഷനിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും, ആഗോള സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ഊന്നിപ്പറയും.
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകൾ തന്നെയാണ് മാർഗമെന്ന് മോദി ഇരുനേതാക്കളെയും അറിയിച്ചു.
പുടിനൊപ്പം ഒരേ വാഹനത്തിൽ മോദി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
International
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടക്കുന്ന ഷാംഗ്ഹായ്സഹകരണ ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ മോദി സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
സാധാരണക്കാർക്കും ചരക്കുകപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായി തുടരണമെന്നും മോദി വ്യക്തമാക്കി. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലെ വ്യാപാര സഹകരണം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ഡൽഹി: മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്ന പാവപ്പെട്ടവരും മധ്യവർഗക്കാരുമായ ഉദ്യോഗാർഥികൾക്കു സൗജന്യ ഓൺലൈൻ കോച്ചിംഗും ഒരു കോടി യുവാക്കൾക്ക് സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) പരിശീലനവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഇവയുൾപ്പെടെ ഏഴു പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.
2047ഓടെ വികസിത ഭാരതം
2047ഓടെ വികസിത ഭാരതം എന്ന സ്വപ്നം രാജ്യം കെട്ടിപ്പെടുക്കുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ സാധിച്ചത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം നാലിരട്ടിയായി വർധിച്ചു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റൽ ഇടപാടുകളിലും 100 മടങ്ങ് വർധനയുണ്ടായി. മെട്രോ ശൃംഖല വിപുലീകരിച്ചതായും പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പതാക ഉയർത്തലിനു പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് എൻസിസി കേഡറ്റുകൾ വന്ദേമാതരവും ദേശീയഗാനവുംആലപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചരിത്രത്തിൽ ആദ്യമായാണു വന്ദേമാതരം ആലപിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചടങ്ങിൽനിന്ന് വിട്ടുനിന്നു.
മറ്റു പ്രഖ്യാപനങ്ങൾ
അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളിലെ കായിക കഴിവുകൾ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനായി രാജ്യവ്യാപകടാലന്റ് ഹണ്ട് നടത്തും.
സുപ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് നെറ്റ്വർക്ക് രൂപീകരിക്കും.
അടുത്ത എട്ടു വർഷത്തിനുള്ളിൽ രാജ്യത്ത് അഞ്ചുമുതൽ എട്ടു വരെ പുതിയ സെമികണ്ടക്ടർ നിർമാണ പ്ലാന്റുകൾ ആരംഭിക്കും.
2047ഓടെ 100 ജിഗാവാട്ട് ആണവോർജ ഉത്പാദനം കൈവരിക്കും. ഇതിനായി പത്തു വർഷത്തിനുള്ളിൽ അഞ്ച് പുതിയ റിയാക്ടറുകൾ സ്ഥാപിക്കും.
ലഖ്പതി ദീദി പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ആറു കോടിയായി ഉയർത്തി. നേരത്തേ ഇത് മൂന്നു കോടിയായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി.
കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘വികസിത ഭാരതം’ കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ ഈ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ എന്നും പ്രചോദനമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രിയാണ് നേതൃത്വം നൽകുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും അർപ്പണബോധത്തെയും രാജ്യം നന്ദിയോടെ സ്മരിക്കുന്നു. 140 കോടി ജനങ്ങളുടെ കരുത്തിൽ ഇന്ത്യ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ആദർശങ്ങൾ ഉൾക്കൊണ്ട്, 'വികസിത ഭാരതം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏവർക്കും ഒറ്റക്കെട്ടായി മുന്നേറാമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം പ്രധാന മേഖലകളിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
സംഭാഷണത്തിനിടെ, വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്തയിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹം പിന്തുണയും ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
National
ന്യൂഡൽഹി: വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങളണിഞ്ഞ് സാമുഹിക മാധ്യമങ്ങളിൽ 'ഗെറ്റ് റെഡി വിത്ത് മീ' വീഡിയോകൾ പങ്കുവെക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്.
ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തു പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദശലക്ഷക്കണക്കിന് നെയ്ത്തുതൊഴിലാളി കുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും ഇത്തരം സോഷ്യൽ മീഡിയ ട്രെൻഡുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1905 ഓഗസ്റ്റ് ഏഴിന് ബ്രിട്ടീഷ് ഭരണത്തിനെതിരെ തുടക്കം കുറിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം ചൂണ്ടിക്കാണിച്ചാണ് ഈ ദിനം ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. ഫ്രണ്ട്ഷിപ്പ് ഡേ പോലെ തന്നെ ജനകീയ പങ്കാളിത്തത്തോടെ ദേശീയ കൈത്തറി ദിനവും ആഘോഷിക്കപ്പെടണമെന്നും കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് നേരിട്ട് ആശ്വാസമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ യുവതലമുറ കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള വീഡിയോകൾ ചെയ്ത് രാജ്യത്തിന്റെ വൈവിധ്യമാർന്ന കൈത്തറി ഉത്പന്നങ്ങളെയും നെയ്ത്തു പാരമ്പര്യത്തെയും ആഗോളതലത്തിൽ ട്രെൻഡിംഗ് ആക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവിൽ 2021-ന് ശേഷം വൻ വർധനവ്. 2021-ൽ 36 കോടി രൂപയായിരുന്ന വാർഷിക യാത്രാച്ചെലവ് 2025 ആയപ്പോഴേക്കും അഞ്ചിരട്ടി വർധിച്ച് 180 കോടി രൂപ കടന്നതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരീറ്റയാണ് സഭയിൽ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചത്.
2021 മുതൽ ഇതുവരെ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ആകെ 550 കോടിയലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 2021-ൽ 36 കോടി, 2022-ൽ 55 കോടി, 2023-ൽ 93 കോടി, 2024-ൽ 109 കോടി എന്നിങ്ങനെ ഉയർന്ന ചെലവ് 2025-ലാണ് 180 കോടിയിലധികമായി ഉയർന്നത്. 2026-ൽ ഇതുവരെ 74.58 കോടി രൂപ ചെലവഴിച്ചു. മേയിൽ നടന്ന അഞ്ച് രാജ്യങ്ങളുടെ പര്യടനത്തിൽ നോർവേ സന്ദർശനത്തിനാണ് ഈ വർഷം ഏറ്റവും കൂടുതൽ തുക (17.46 കോടി രൂപ) ചെലവായത്.
അതേസമയം, ഈ വിദേശസന്ദർശനങ്ങൾ വഴി രാജ്യത്തിന് വലിയ നേട്ടമുണ്ടായെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയ്ക്ക് ശേഷം പ്രതിരോധം, എ.ഐ, സെമികണ്ടക്ടർ, പുനരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലായി 316 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ 381.8 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
National
ന്യൂഡൽഹി: ബാങ്കിപുർ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ എൻഡിഎയിൽ അമർഷം പുകയുന്നു. തോൽവിക്ക് പിന്നാലെ ജെഡിയു നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, രാജ്യസഭാംഗവും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ കുമാർ ഝാ എന്നിവരും നിതീഷ് കുമാറിനൊപ്പം ഒപ്പമുണ്ടായിരുന്നു.
ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ബാങ്കിപുരിലേത്. ഇവിടെയുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതിൽ ജനങ്ങൾ രോഷാകുലരാണെന്നും ഈ ജനരോഷമാണ് ബാങ്കിപുർ തോൽവിക്ക് കാരണമെന്നും ജെഡിയു എംഎൽഎയായ അനന്ത് സിംഗ് വ്യക്തമാക്കി.
തോൽവിയെക്കുറിച്ച് പാർട്ടി ഗൗരവമായി പഠിക്കുമെന്നും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആലോചിച്ച് ആവശ്യമായ തിരുത്തൽ നടപടികളെടുക്കുമെന്നും മുതിർന്ന ജെഡിയു നേതാവ് ശ്യാം രജക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം മുന്നണിക്കുള്ളിലെ ചർച്ചകളിൽ ശക്തമായി ഉന്നയിക്കാനാണ് ജെഡിയുവിന്റെ തീരുമാനം.
National
ചെന്നൈ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോടാണ് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പിന്റെ ആവശ്യമില്ലെന്നും പകരം അദ്ദേഹം വിദ്യാർഥികളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവച്ച് രാഹുൽ ഗാന്ധി നേരിൽകണ്ട് ആശ്വസിപ്പിച്ചു.
മക്കളുടെ വേർപാടിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും നഷ്ടപ്പെട്ടുപോയ ഓരോ ജീവിതവും അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത ആയുഷ്കാല വേദനയാണ് സമ്മാനിച്ചിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ വഴിതെറ്റിപ്പോകുന്ന യുവാക്കളെ ശരിയായ പാതയിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
വഴിതെറ്റിയ യുവാക്കളെ ശത്രുതയോടെ കാണുന്നതിന് പകരം അവരെ തിരികെ നല്ല വഴിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. "ഇവർ വഴിതെറ്റിപ്പോയ നമ്മുടെ കുട്ടികളാണ്, അവർക്ക് ശരിയായ ദിശ കാണിച്ചുകൊടുക്കുകയാണ് നാം ചെയ്യേണ്ടത്," എന്ന് വീഡിയോയിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചീത്തവിളികൾ കൊണ്ടോ അധിക്ഷേപങ്ങൾ കൊണ്ടോ ഒന്നും പരിഹരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യക്കടലാസ് ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തുവരുന്നത്.
കഴിഞ്ഞ പല ദശകങ്ങളായി കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ചോദ്യക്കടലാസ് ചോർച്ചയുടെ ഗുരുതരമായ പ്രശ്നം നേരിടുന്നുണ്ടെന്നും, ഇത് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കേണ്ടതും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തേണ്ടതും ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഭാവിയുമായി കളിക്കുന്ന പേപ്പർ മാഫിയകളെയും ചോർച്ചാ സംഘങ്ങളെയും ഒരു കാരണവശാലും വെറുതെ വിടില്ലെന്നും, അവർക്ക് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതിനായി കർശനമായ നിയമങ്ങൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
താൻ നൽകിയ വാഗ്ദാനപ്രകാരം പാർലമെന്റിന്റെ ഇരുസഭകളും വിശദമായ ചർച്ചകൾക്ക് ഒടുവിൽ കർശന വ്യവസ്ഥകളുള്ള പുതിയ ബിൽ പാസാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.
National
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പദവി ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിലെ പ്രതിഷേധത്തിന് ശേഷം മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ദീപ്കെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചത്.
വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. "പ്രധാനമന്ത്രി ഇപ്പോൾ ഒരു ഇൻഫ്ലുവൻസർ ആകണമെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ലുവൻസർ എന്ന ജോലി അദ്ദേഹം വളരെ നന്നായി ചെയ്യുന്നുണ്ട്. അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേരയിൽനിന്ന് രാജിവെച്ച് ആ ചുമതല മറ്റേതെങ്കിലും നേതാവിനെ ഏൽപ്പിക്കണം, ദീപ്കെ പരിഹസിച്ചു.
ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വിവിധ സംസ്ഥാന സർക്കാരുകൾ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധക്കാർ സർക്കാരിന് ശക്തമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം ജനങ്ങളുടെ രോഷം അടങ്ങില്ലെന്നും ദീപ്കെ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളാരും തീവ്രവാദികളല്ലെന്നും, അവരെ വീണ്ടും ലക്ഷ്യംവെച്ചാൽ സമരം കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഇനി മുതൽ ഉന്നതതലത്തിൽ അധിക നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തുമെന്ന് മെറ്റ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയാണ് മെറ്റ അധികൃതർ ഇക്കാര്യം അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജെൻ സി വിദ്യാർത്ഥികളോട് സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വീഡിയോ നീക്കം ചെയ്തത് ഒരു സാങ്കേതിക "പിഴവ്" മൂലമാണെന്ന് സമ്മതിച്ച മെറ്റ, വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ച നിസാര വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വേദന മനസിലാക്കുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റക്കാർക്ക് കഠിന ശിക്ഷയും ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നു ധർമേന്ദ്ര പ്രധാനെ മാറ്റിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷിക്കാനാണെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടയിലെ രാഷ്ട്രീയ നീക്കമാണ് മന്ത്രിയുടെ മാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ചവർക്കാണ് ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയാത്തതെന്നും അദ്ദേഹം പരിഹസിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെക്കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിച്ച യുവതലമുറയെ അഖിലേഷ് യാദവ് അഭിനന്ദിച്ചു. യുവാക്കളുടെ പ്രതിഷേധങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി.
മോദി സർക്കാർ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഉത്തർപ്രദേശിൽ ബിജെപി ഭരണകാലത്ത് പത്തു വർഷത്തിനിടെ 20 ചോദ്യ പേപ്പർ ചോർച്ചകൾ ഉണ്ടായതായി അഖിലേഷ് ആരോപിച്ചു.
പ്രശ്നം നിയമങ്ങളിലല്ല അവ നടപ്പാക്കുന്ന രീതിയിലാണ്. കർഷക സമരത്തെ പരാമർശിച്ച അഖിലേഷ് ജനകീയ സമ്മർദ്ത്തിനു മുന്നിലാണ് സർക്കാർ പലപ്പോഴും തീരുമാനങ്ങൾ മാറ്റുന്നത്. തെരഞ്ഞെടുപ്പ് ഭയം മൂലമാണ് കർഷക നിയമങ്ങൾ പിൻവലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ലിൻമേൽ ലോക്സഭയിൽ ചർച്ചതുടങ്ങി. ബില്ലിന്മേൽ വിശദമായ ചർച്ചയ്ക്കായി സ്പീക്കർ പത്ത് മണിക്കൂർ സമയം അനുവദിച്ചു. അതേസമയം ചർച്ച ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ചർച്ചാ സമയം വർധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ബിൽ ചർച്ചയ്ക്കുള്ള സമയം ഉയർത്തിയത്. ആദ്യം ആറ് മണിക്കൂറായി നിശ്ചയിച്ചിരുന്ന സമയം പിന്നീട് എട്ട് മണിക്കൂറായും തുടർന്ന് പത്ത് മണിക്കൂറായും വർധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ട് ഇത്തരമൊരു നിയമനിർമാണം ആദ്യമായാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും താൽപര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നിയമഭേദഗതിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ആഗോളതലത്തിൽ വിശ്വസ്ത പ്രതിരോധ പങ്കാളിയായി ഇന്ത്യ വളർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിലൂടെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ വാങ്ങുന്നതിന് ഇന്തോനേഷ്യയുമായി ഉണ്ടാക്കിയ കരാറും അദ്ദേഹം ഓർമിപ്പിച്ചു.
പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെയും കുഷ മിസൈലുകളുടെയും പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒയുടെ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി.
75 ശതമാനത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച ആധുനിക യുദ്ധക്കപ്പൽ ഐഎൻഎസ് മഹേശ്വരി നാവിക സേനയുടെ ഭാഗമാക്കിയത് വലിയ നേട്ടമാണ്.
സ്വകാര്യ മേഖല വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വൻ പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, രാജ്യത്തെ പരീക്ഷാ സമ്പ്രദായം പൊളിച്ചെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല ടാസ്ക് ഫോഴ്സിൽ വിവിധ മേഖലകളിലെ പ്രമുഖർ അംഗങ്ങളാകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സമിതി.
ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ദ്ധനുമായ നന്ദൻ നിലേകനി നയിക്കുന്ന സമിതിയിൽ ശാസ്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രമുഖരുടെ നിരതന്നെയുണ്ട്.
നന്ദൻ നിലേകനി (ഐടി വിദഗ്ദ്ധൻ): പരീക്ഷാ നടത്തിപ്പിൽ അത്യാധുനിക സാങ്കേതികവിദ്യയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ഉറപ്പാക്കി ചോർത്താനാകാത്തവിധം സുരക്ഷിതമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്യാൻ ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായിക്കും.
എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ): ബഹിരാകാശ ദൗത്യങ്ങൾക്ക് സമാനമായ 'സീറോ-ഡിഫെക്ട്' സുരക്ഷാ പാളികളും പ്രക്രിയകളും പരീക്ഷാ നടത്തിപ്പിൽ നടപ്പിലാക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത് മുതൽ ഫലപ്രഖ്യാപനം വരെ ഘട്ടം ഘട്ടമായുള്ള പരിശോധനകൾ ഉറപ്പാക്കും.
തപൻ ഡെക്ക (മുൻ ഐബി ഡയറക്ടർ): ചോദ്യപ്പേപ്പർ ചോർത്തുന്ന പരീക്ഷാ മാഫിയകളെയും റാക്കറ്റുകളെയും പിടികൂടുന്നതിനുള്ള തത്സമയ സൈബർ നിരീക്ഷണ സംവിധാനവും രഹസ്യാന്വേഷണ ശൃംഖലയും കെട്ടിപ്പടുക്കുന്നതിൽ നിർദേശങ്ങൾ നൽകും.
വി. കാമകോടി (ഐഐടി മദ്രാസ് ഡയറക്ടർ): പരീക്ഷാ സോഫ്റ്റ്വെയറുകളും സെർവറുകളും സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗങ്ങൾ രൂപകൽപ്പന ചെയ്യും.
അനിത കർവാൾ (മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി): ഗ്രേസ് മാർക്ക് നയം, ആൻസർ കീ തർക്കങ്ങൾ പരിഹരിക്കൽ, കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ അക്കാദമിക് പരിഷ്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കും.
അമൃത് ലാൽ മീന (ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ): ചോദ്യപ്പേപ്പർ അച്ചടി, വിതരണം, സൂക്ഷിപ്പ് എന്നിവയിൽ ജിപിഎസ് ട്രാക്കിംഗ്, കൃത്യസമയത്ത് മാത്രം തുറക്കുന്ന ഡിജിറ്റൽ ലോക്കുകൾ എന്നിവ ഉപയോഗിച്ച് അട്ടിമറികൾ തടയുന്ന വിതരണ ശൃംഖല ഉറപ്പാക്കും.
പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കുകയാണ് ഈ ബഹുമുഖ വിദഗ്ധ സമിതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉന്നതതല കർമസമിതിയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ (ആധാർ) മുൻ ചെയർമാനുമായ നന്ദൻ നിലേകാനിയാണ് കർമ സമിതിയുടെ അധ്യക്ഷൻ.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മത്സരപ്പരീക്ഷകളും പ്രവേശന പരീക്ഷകളും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭാഗമാകുമെന്നാണ് വിവരം.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയെന്ന നിലയിലാണ് പുതിയ ദൗത്യത്തിനായി നന്ദൻ നിലേകനിയെ പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നതിന്റെ ഭാഗമായി മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളെ ആകർഷിക്കുന്നതിനായി മന്ത്രിമാർ റീൽസുകൾ നിർമിക്കുകയും സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ പ്രാധാന്യം മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ചെറു വീഡിയോകളും റീൽസുകളും വഴി നയങ്ങളും പദ്ധതികളും പരിചയപ്പെടുത്താൻ മന്ത്രിമാർ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർധരാത്രിയിൽ നടത്തിയ സോഷ്യൽ മീഡിയ ലൈവിനെതിരേ രൂക്ഷവിമർശനവുമായി പ്രമുഖ കണ്ടന്റ് ക്രിയേറ്ററും രാഷ്ടീയ നിരീക്ഷകനുമായ ധ്രുവ് റാത്തി. ലൈവിനിടെ പ്രധാനമന്ത്രിയുടെ കണ്ണുകളുടെ ചലനം ചൂണ്ടിക്കാട്ടിയായിരുന്നു ധ്രുവ് റാത്തിയുടെ പരിഹാസവും വിമർശനവും. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ രണ്ടു മിനിറ്റ് പോലും സംസാരിക്കാൻ പ്രധാനമന്ത്രിക്കു കഴിയുന്നില്ലെന്നാണ് ധ്രുവ് റാത്തി വിമർശിച്ചത്.
അർധരാത്രി ലൈവിലെത്തിയ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്കു താഴെ രാജ്യവ്യാപക ജനരോഷമാണ് ഉയർന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ നിഷ്ക്രിയമായിരുന്ന സർക്കാരിനെയും പ്രധാനമന്ത്രിയെയും യുവാക്കളും വിദ്യാർഥികളും കടുത്ത ഭാഷയിലാണു വിമർശിച്ചത്.
കേന്ദ്രമന്ത്രിമാർ വൻ ക്രമക്കേടുകളാണു നടത്തിയതെന്നും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നുമുള്ള നിരവധി കമന്റുകളാണ് ഉയർന്നത്.
Kerala
ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.
മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ മൂന്നു പ്രധാന ആവശ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോടു മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ. രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതു വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പങ്കുവെച്ച അർദ്ധരാത്രി വീഡിയോ സന്ദേശത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആക്രമണം. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവെച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്ക് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ.
രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയർന്നുവരുന്നത്. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവെച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സിലൂടെ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്.
"ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി കർശന നടപടികൾ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.
പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നും മോദി കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ കുറിച്ച് വീഡിയോ സന്ദേശത്തിൽ യാതൊരു പരാമർശവുമില്ല.
National
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയെ തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും യുവാക്കളുടെ ഭാവിയാണ് കേന്ദ്രസർക്കാർ തകർത്തതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെക്കുക, വിദ്യാർഥികളോട് മാപ്പ് പറയുക, അവർക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്ക് കേന്ദ്രസർക്കാർ സംരക്ഷണം നൽകുകയാണെന്നും പാർലമെന്റിൽ ഈ വിഷയം സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് മോഷണം, സീറ്റ് മോഷണം, സംഭാവന കൊള്ള, ചോദ്യപേപ്പർ ചോർച്ച തുടങ്ങി കേന്ദ്ര ഭരണത്തിന് കീഴിൽ ക്രമക്കേടുകളുടെ പട്ടിക നീളുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും സിജെപിയും.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർഥികളെ പോലീസ് അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു.
പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ഡൽഹി പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ജന്തർ മന്ദറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ.
മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. മോദിജിക്ക് സ്വന്തമായി കുട്ടികളില്ല. അതുകൊണ്ട് കുട്ടികളുണ്ടാകുന്നതിന്റെ വേദന അദ്ദേഹത്തിന് അറിയില്ലെന്നും കെജ്രിവാൾ ആരോപിച്ചു.
ഈ വിദ്യാർഥികളെല്ലാം നമ്മുടെ മക്കളാണ്. അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. നിരവധി വിദ്യാർഥികൾക്കെതിരെ വ്യാജ എഫ്ഐആറുകളും കള്ളക്കേസുകളും എടുത്തിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
National
ന്യൂഡല്ഹി: നീറ്റ് വിഷയത്തിൽ എൻഡിഎ യോഗത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പര് ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില് അടയ്ക്കുമെന്ന് മോദി പറഞ്ഞു. നീറ്റ് വിഷയത്തിൽ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്ഥികളുടെ ഭാവി സുരക്ഷിതമാക്കും. വിദ്യാര്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഉയരുന്നതിൽ നരേന്ദ്ര മോദി പ്രതികരിക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ജന്തർ മന്ദറിൽ ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ധര്മ്മേന്ദ്ര പ്രധാന് രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം, അർഥവത്തായ ചർച്ചകൾ, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കൂട്ടായ നിശ്ചയദാർഢ്യം എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വർഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പൊതുവായ പ്രതിബദ്ധതയോടെ അറിവോടും ആദരവോടും കൂടിയ സംവാദത്തിൽ ഏർപ്പെടാൻ പാർലമെന്റ് അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
വിക്രം-1 റോക്കറ്റിലൂടെ ദേശീയപതാക ബഹിരാകാശത്തേക്ക് എത്തിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിനെ പ്രകീർത്തിച്ചു സംസാരിക്കവേ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.
സ്കൈറൂട്ട് കമ്പനി ടീമിന്റെ ശരാശരി പ്രായം 28 വയസാണെന്നും താൻ സംസാരിക്കുന്നത് 56 വയസുള്ള ഏതെങ്കിലും ചെറുപ്പക്കാരനെക്കുറിച്ചല്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം.
National
ന്യൂഡൽഹി: ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ദേശീയ തലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്.
അവർക്കു നേരേ പോലീസ് നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധമാണ്. 152 ചോദ്യപേപ്പർ ചോർച്ചയുണ്ടായി. 7.5 കോടി വിദ്യാർഥികൾ അതിന് ഇരകളായി. എന്നാൽ ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല- രാഹുൽ ഗാന്ധി പറഞ്ഞു.
National
ജിന്ദ്: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസൽ ട്രെയിനുകൾക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകൾ മികച്ചൊരു ബദലായി മാറും.
International
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്. രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
International
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്.
എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷസൂചകമായാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്.
ബുധനാഴ്ച മസ്കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ജോർദാനിലെയും എത്യോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.
"നമ്മുടെ പൂർവികർ മികച്ച വ്യാപാരബന്ധം വച്ചുപുലർത്തിയിരുന്നു. കടലിലൂടെയുള്ള കച്ചവടത്തിലൂന്നിയുള്ള ആ ബന്ധത്തിന് അറബിക്കടലായിരുന്നു നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള പാലം. ഈ പുരസ്കാരം ഞാൻ ഇന്ത്യയിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു. മാണ്ഡവി മുതൽ മസ്കറ്റുവരെ നീണ്ട വ്യാപാരബന്ധം വികസിപ്പിച്ച നമ്മുടെ പൂർവികർക്കും ഞാനീ സമ്മാനം സമർപ്പിക്കുന്നു.'-എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി കുറിച്ചു.
National
തിരുവനന്തപുരം: തലസ്ഥാനത്ത് വൈകാതെ എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരസഭയിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരത്തെ വിജയം ബിജെപിക്ക് ഒരു വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. വിജയത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.
1987-ൽ അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചെടുത്ത ശേഷമാണ് ബിജെപി പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്ന ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നേതാക്കന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ഇവരോട് ഉടൻ സംസാരിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ളവർ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസിന് ഇന്ന് പച്ചക്കൊടി വീശും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും. 9 മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില് മാത്രമാണ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി.
ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.
Editorial
കുറ്റക്കാരായ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിനുള്ള ബിൽ പാസായാലും പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള മന്ത്രിമാരോ കേസിൽ പെടുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. പരസ്യത്തിലുള്ളതാകില്ല ലക്ഷ്യത്തിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു.
ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം.
മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും.
ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്!
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബിൽ.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമുണ്ടായിരുന്നു.
ഇവ ചർച്ച ചെയ്യാൻ, സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകക്ഷിക്കൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി കേന്ദ്രം ജെപിസി രൂപീകരിച്ചേക്കും.
കുറ്റകൃത്യ-അഴിമതി വിരുദ്ധമെന്നു ബിജെപി പരസ്യം കൊടുത്തിരിക്കുന്ന ബില്ലിന്റെ കാണാച്ചരടുകൾ ശത്രുസംഹാരക്രിയയിലൂടെ ജനാധിപത്യ ധ്വംസനത്തിനുള്ളതായിരിക്കുമെന്നു ഭയപ്പെടാൻ കാര്യമുണ്ട്.
നിലവിലെ നിയമമനുസരിച്ച്, പാർലമെന്റ് അംഗവും നിയമസഭാംഗവും രണ്ടു വർഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാകുകയുള്ളൂ. എന്നാൽ, പുതിയ ഭേദഗതികളനുസരിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യുന്ന കേസിൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ അയോഗ്യരാകും. ഇവിടെ പ്രധാന ചോദ്യം, ആരാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ട് കോടതികളിൽ പോലും തലകുനിച്ചു നിൽക്കുന്ന അന്വേഷണ ഏജൻസികൾ! ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റം ചുമത്തി പ്രതിപക്ഷത്തെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതും ജാമ്യം കിട്ടാത്ത വാദങ്ങൾ നിരത്തി 30 ദിവസം അകത്തിടാൻ കോടതിയിൽനിന്ന് അനുമതി വാങ്ങുന്നതും നിസാരമാണെന്ന് ആർക്കാണറിയാത്തത്? ഈ നിയമം വന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതോദ്യോഗസ്ഥർ കേന്ദ്രത്തിനെതിരേ എന്തെങ്കിലും തീരുമാനമെടുക്കുമോ?.
130-ാം ഭരണഘടനാ ഭേദഗതിയുടെ ആപത്സാധ്യതകളെ, അന്വേഷണ ഏജൻസികളുടെ ബിജെപി ഭരണത്തിലെ നടപടികളുമായി ചേർത്തല്ലാതെ വിശകലനം ചെയ്യാനാകില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ഇഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ. റഹീം എംപിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞതനുസസരിച്ച്, 10 വർഷത്തിനിടെ ഇഡി 193 കേസുകളെടുത്തു.
തെളിയിക്കാനായത് രണ്ടു ശതമാനം. 2014 മുതൽ 2022 വരെ എട്ടു വർഷത്തിനിടെ 121 രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുത്തു. 95 ശതമാനവും പ്രതിപക്ഷ നേതാക്കൾ. അതിലേറെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസുകാർ.
അതേസമയം, യുപിഎ സർക്കാരിന്റെ 2004 മുതലുള്ള 10 വർഷത്തിനിടെ 26 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ ഏകദേശം പകുതി, അതായത് 14 പേർ മാത്രമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളത്. അഴിമതിക്കേസുകളില് പ്രതികളായവര് ബിജെപിയില് ചേര്ന്നാൽ പിന്നെ കേസ് വേറെ വഴിക്കാകും.
ഇഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്നു സുപ്രീംകോടതി വിമർശിച്ചതു രണ്ടു ദിവസം മുന്പാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന് (ടാസ്മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.
മൂന്നുമാസം മുന്പ്, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്തിനാണെന്നും തങ്ങളേക്കൊണ്ട് കൂടുതൽ പറയിച്ചാൽ ഇഡിക്കെതിരേ കഠിനമായ പരാമർശങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നുമാണ് ചീഫ് ജസ്റ്റീസ് തന്നെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഇഡി അപ്പീൽ നൽകിയതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.
പലതും ചേർത്തുവായിക്കേണ്ടതാണ്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിലെ സർക്കാർ അപ്രമാദിത്വം, തുടർന്നുണ്ടായ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം ഈ ഭേദഗതി നിയമത്തിന്റെ ദുരുപയോഗവുമുണ്ടായാൽ പ്രതിപക്ഷമുക്ത സ്വസ്ഥഭരണത്തിന്റെ കുറുക്കുവഴിയാണ് തെളിയുന്നത്. ആ വഴി ജനാധിപത്യത്തിന്റേതല്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ ബിൽ പാസാകില്ലെന്നു പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും അറിയാമെന്നതു മറക്കരുത്. സർക്കാരിനു സമയമുണ്ട്.
പ്രതിപക്ഷത്തെ കൊടികെട്ടിയ അഴിമതിക്കാരെയോർത്താൽ ഈ നിയമം അനിവാര്യം തന്നെയാണ്. പക്ഷേ, ‘ഇവരെ സൂക്ഷിക്കുക’ എന്ന പോസ്റ്ററൊട്ടിക്കുന്നത് ഏകാധിപത്യമാണെങ്കിൽ പോസ്റ്ററിലേക്ക് മാത്രമല്ല നോക്കേണ്ടത്. മമത ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ “ഇഡി, സിബിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾക്ക്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത്.”
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടിയാൻജിൻ സന്ദർശനം ചൈനയിൽ ഏഴുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യത്തേതായിരുന്നു. അവിടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ അസ്വസ്ഥമാക്കാനുള്ള ബഹുമുഖ ഒത്തൊരുമയുടെ പ്രതീകമായി ഉയർത്തിക്കാട്ടി. എന്നാൽ, ഈ കാഴ്ചയ്ക്കു പിന്നിൽ തന്ത്രപരമായ ഒരു യാഥാർഥ്യമുണ്ട്. അതാകട്ടെ കൂടുതൽ സങ്കീർണമാണ്. ജാഗ്രതയോടും വ്യക്തതയോടുംകൂടിയാ ണ് ഇന്ത്യ കൈകാര്യം ചെയ്യേണ്ടത്.
മോദിയുടെ ചൈനാ യാത്രയ്ക്ക് നയതന്ത്ര പുനഃക്രമീകരണത്തിന്റെ തൊങ്ങലുകളുണ്ടായിരുന്നു. മോദിയും ഷിയുമായുള്ള ഊഷ്മളമായ ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ സമ്മതിച്ചു. ടിബറ്റിൽ സ്ഥിതിചെയ്യുന്ന ഹിന്ദു തീർഥാടനകേന്ദ്രമായ കൈലാസ്- മാനസസരോവറിലേക്കുള്ള പാത വീണ്ടും തുറക്കാനും മോദിയും ഷിയും തലകുലുക്കി. ഹസ്തദാനങ്ങൾക്കിടയിൽ കാമറ ഫ്ളാഷുകൾ മിന്നി. അതോടെ രണ്ട് ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള സമാധാനപരമായ സഹകരണത്തിന്റെ പുതിയ ഘട്ടം തുടങ്ങുന്നതുപോലെ തോന്നി.
എന്നാൽ, സന്ദേഹിക്കാൻ വലിയ കാരണമുണ്ട്. 1950 മുതൽ ഇന്ത്യ നിരന്തരം ചൈനയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. വഞ്ചനപോലും നേരിടേണ്ടിവന്നു. ഹിമാലയൻ അതിർത്തിയിലൂടെ ചൈനീസ് സൈന്യം നടത്തിയ ആസൂത്രിത ആക്രമണത്തിലൂടെ തുടങ്ങിയ 1962ലെ യുദ്ധം സുഗമമായ ബന്ധത്തിന്റെ ആദ്യപ്രതീക്ഷകൾ തകർത്തു.
എൺപതുകളുടെ ഒടുക്കം, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടലിലൂടെ താരതമ്യേന ശാന്തമായ കാലഘട്ടത്തിനു തുടക്കമിട്ടു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷിബന്ധം പിരിമുറുക്കമുള്ളതായി. 2013ൽ ഡെപ്സാംഗിലും 2014ൽ ചുമാറിലും 2017ൽ ഡോക്ലാമിലും അതിർത്തി സംഘർഷങ്ങളുണ്ടായി. പിന്നാലെ 2020ൽ ഗാൽവനിൽ ജീവഹാനിയുണ്ടായ ഏറ്റുമുട്ടലും.
ചൈന-ഇന്ത്യ അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്നും തുടരുന്നു. നിയന്ത്രണരേഖയോടു ചേർന്ന് ചൈന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതും തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനുമായുള്ള ചൈനയുടെ ആഴത്തിലുള്ള ബന്ധം ഇന്ത്യയുടെ തന്ത്രപരമായ ദൗർബല്യങ്ങൾക്ക് അടിവരയിടുന്നു. ചൈന- പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിലും പാക്കിസ്ഥാനുള്ള ചൈനയുടെ സൈനിക, നയതന്ത്ര പിന്തുണയിലും ഈ ബന്ധം വ്യക്തമാണ്. വളരെ ശ്രദ്ധാപൂർവം തിരശീലയിട്ടാൽ പോലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് മറയ്ക്കാനാകില്ല.
വലിയ സാന്പത്തിക അസന്തുലിതാവസ്ഥയും ഇന്ത്യ-ചൈന ബന്ധത്തിലുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഏകദേശം നൂറ് ബില്യൺ ഡോളറാണ്. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ നിർമാണസാമഗ്രികൾ മുതൽ അപൂർവ മൂലകങ്ങൾക്കുവരെ ചൈനയെ ആശ്രയിക്കുന്നതിന്റെ പരിണതഫലം. ഇന്ത്യൻ വിവരസാങ്കേതിക കന്പനികളും സേവനദാതാക്കളും ചൈനീസ് വിപണിയിൽ പ്രവേശിക്കാൻ പാടുപെടുന്പോഴും, ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ വിതരണ ശൃംഖലകളിൽ ആധിപത്യം പുലർത്തുന്നു. ഇതുവരെ, സാന്പത്തിക സഹവർത്തിത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തെ ചൂഴുന്ന ഘടനാപരമായ പിഴവുകൾ അടയാളപ്പെടുത്താൻ ഒരു ഉച്ചകോടിക്കും കഴിയില്ല. എസ്സിഒ ഉച്ചകോടിയിൽ ഷി പറഞ്ഞത് വ്യാളിയും ആനയും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ്. മോദിയാകട്ടെ, അതിർത്തിയിലെ സമാധാനത്തിനും മികച്ച വ്യാപാരബന്ധങ്ങൾക്കുംവേണ്ടി വീണ്ടും ആവശ്യപ്പെട്ടു. ചൈനയുടെ അന്തർദേശീയ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തോടുള്ള ഇന്ത്യയുടെ എതിർപ്പും തീവ്രവാദത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ അവകാശപ്പെടുന്ന, പാക്കിസ്ഥാൻ പ്രദേശത്തുകൂടിയുള്ള ഹൈവേയാണ് റോഡ് സംരംഭത്തിലെ വലിയ പദ്ധതി.
ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും രണ്ടു രാജ്യങ്ങളും വ്യത്യസ്തരാണ്. ചൈന ഒരു ബദൽ ആഗോളക്രമം പ്രോത്സാഹിപ്പിക്കുന്നു. നിർമിത ബുദ്ധി, ധനകാര്യം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ എസ്സിഒ ഉച്ചകോടിയിൽ ഷി ജിൻപിംഗ് ഉയർത്തിപ്പിടിച്ചു. പാശ്ചാത്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഉപരോധങ്ങളാൽ വലയുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് ഭൗമരാഷ്ട്രീയ ജീവരേഖയാണ്. എന്നാൽ, പ്രാദേശിക ഇടപെടലിനുള്ള സൗകര്യപ്രദമായ വേദിയായും തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പിക്കുന്നതിനുള്ള വേദിയായും മാത്രമാണ് ഇന്ത്യ എസ്സിഒയെ കാണുന്നത്. അമേരിക്കയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ ഇന്ത്യക്ക് യാതൊരു താത്പര്യവുമില്ല.
ഇന്ത്യയുടെ വിദേശനയം ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത ചിലപ്പോൾ അമിതമായി കാണുന്നതുപോലെ, അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രതിരോധസാധ്യതയെ കുറച്ചുകാണുകയും ചെയ്യുന്നു. ചൈനയിൽനിന്നു വ്യത്യസ്തമായി, അമേരിക്ക ഇന്ത്യൻ പ്രദേശം കൈക്കലാക്കുകയോ യുദ്ധസമയത്ത് പാക്കിസ്ഥാനെ സഹായിക്കുകയോ ഏഷ്യയിൽ അതിർത്തികൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രതിരോധകാര്യങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും അമേരിക്കയും വളരെ ശ്രമകരമായി രൂപപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമൊത്ത് ക്വാഡ് സഖ്യത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇന്തോ-പസഫിക്കിൽ സ്ഥിരമായ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ഉച്ചകോടിയുടേതുൾപ്പെടെ ക്വാഡിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ അനിവാര്യതയെ നിഷേധിക്കുന്നില്ല.
മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് അമേരിക്ക. കൂടാതെ അർധചാലകങ്ങൾ മുതൽ മലിനീകരണരഹിത ഊർജം വരെയുള്ള നിർണായകമേഖലയിലെ നിക്ഷേപകരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണ് അമേരിക്ക. 40 ബില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരമിച്ചം ഇതിനു തെളിവായുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം തീർച്ചയായും പിരിമുറുക്കത്തിലാണ്. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ആഗോളവ്യാപാരത്തിൽ ഇന്ത്യയെയും ചൈനയ്ക്കും റഷ്യക്കുമൊപ്പം ‘മോശം അഭിനേതാക്കൾ’ എന്നാണു വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടമാകട്ടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയും ചുമത്തി. എങ്കിലും ഉഭയകക്ഷി വ്യാപാരതർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകും. അത് നടന്നുകൊണ്ടിരിക്കുകയാണ്.
ആത്യന്തികമായി ഇടപാടിലല്ല, ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ യുക്തി. അത് ഘടനാപരമാണ്. നിലവിലൊരു മാന്ദ്യം ഉണ്ടെങ്കിലും ആഗോള വിതരണശൃംഖലകൾ സുരക്ഷിതമായി നിലനിർത്തുന്നതിലും ചൈനയുടെ ആധിപത്യമോഹം നിയന്ത്രിക്കുന്നതിലും ഇരുവർക്കും പൊതു താത്പര്യമുണ്ട്. നേരേമറിച്ച്, ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ മോദിയുടെ ചൈന സന്ദർശനം ആവശ്യമാണെങ്കിലും യഥാർഥ മഞ്ഞുരുക്കത്തിനുള്ള ശക്തമായ തടസം ഇപ്പോഴുമുണ്ട്. എത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലും ഭൂമിശാസ്ത്രം, പ്രത്യയശാസ്ത്രം, അധികാര അസമത്വം എന്നിവ നയതന്ത്രത്തിന് എളുപ്പം വഴങ്ങില്ല.
രണ്ടു ധ്രുവങ്ങൾക്കിടയിലെ നെട്ടോട്ടമല്ല തന്ത്രപരമായ പരമാധികാരമെന്ന് ഈ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ ഓർക്കേണ്ടതുണ്ട്. മറ്റൊരു ശക്തിയുടെ അജൻഡയിൽ കുടുങ്ങാതെ ഇന്ത്യക്ക് അതിന്റെ താത്പര്യങ്ങൾ പിന്തുടരാൻ കഴിയുന്ന ഇടം രൂപപ്പെടുത്തലാണത്. ചൈനയുമായുള്ള സംഘർഷം കുറയ്ക്കുക എന്നതിനർഥം പങ്കാളിത്തത്തിന്റെ മിഥ്യാധാരണകൾക്ക് ഇരയാകുക എന്നതല്ല. അതുപോലെ അമേരിക്കയുമായി ഉറച്ച ചർച്ചകൾ നടത്തുക എന്നുവച്ചാൽ നിർണായകമേഖലയിലെ ഇടപെടലുകളെ തടസപ്പെടുത്താൻ വിയോജിപ്പുകളെ അനുവദിക്കുക എന്നതുമല്ല.
ഇന്ത്യയുടെ വിദേശനയം ഉച്ചകോടിയുടെ നാടകവേദിയിലൂടെയല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, തന്ത്രപരമായ താത്പര്യത്തിന്റെ സത്തയിലൂടെയാണ്. വ്യാളി ഹസ്തദാനം ചെയ്തേക്കും. അപ്പോഴും അതിന്റെ നഖങ്ങൾ കാണാം. കഴുകന്റെ തൂവലുകൾ അലങ്കോലപ്പെട്ടിരിക്കാം. പക്ഷേ, അതിന്റെ ചിറകുകൾ ഇപ്പോഴും ഉയർത്താൻ പര്യാപ്തമാണ്. രണ്ടുമായും ഇടപെടാൻ ഞാണിൻമേൽക്കളി മാത്രമല്ല, ദീർഘവീക്ഷണവും ആവശ്യമാണ്.
Copyright: Project Syndicate, 2025.
www.project-syndicate.org
Leader Page
മാധ്യമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുതുമയുള്ള കാര്യങ്ങളിലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും, വിശേഷിച്ച് മണിപ്പുരിനെക്കുറിച്ചും ആർജവത്തോടെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ സമീപ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാതെ വയ്യ. 2023ൽ വാർത്തകളിൽ നിറഞ്ഞ സംസ്ഥാനത്ത് ഏറ്റവും പ്രധാനമായത് മനുഷ്യഘടകമാണ് (Human Quotient). കൂടാതെ, ജനങ്ങളുടെ സ്വത്വവും ഭൂമിയും പ്രധാന പ്രശ്നങ്ങളാണ്.
മണിപ്പുരിലെ അക്രമം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത് മ്യാൻമറിൽനിന്നുള്ള കുക്കി ഗോത്രവർഗക്കാരുടെ വരവിനെയാണ്. കുക്കികളുടെ വരവ് മെയ്തെയ്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി 2023 ഓഗസ്റ്റ് ഒന്പതിന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. കുക്കികളും സോ വംശജരും ക്രൈസ്തവരാണ്. അതേസമയം, മണിപ്പൂരിനകത്തും പുറത്തുമുള്ള മെയ്തെയ് വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കുക്കി-മെയ്തെയ് വംശീയസംഘർഷത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഘടകങ്ങളും പങ്കു വഹിച്ചെന്ന് പലരും മുൻകാലത്തു പറഞ്ഞിട്ടുണ്ട്. പള്ളികൾ കത്തിക്കുകപോലും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ, നാഗാലാൻഡിലും മിസോറമിലും 87 ശതമാനത്തിലധികം പേർ ക്രൈസ്തവരാണ്. മണിപ്പുരിൽ 41 ശതമാനം, അരുണാചൽ പ്രദേശിൽ 30 ശതമാനം എന്നിങ്ങനെയുമാണ് ക്രൈസ്തവരുള്ളത്. 2023 മേയിൽ മണിപ്പുരിൽ അക്രമം തുടങ്ങിയപ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രി മെയ്തെയ് ഹിന്ദുവായിരുന്നു- എൻ. ബിരെൻ സിംഗ്.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. ഇത് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകരിക്കുകയും ചെയ്തു. നാഗാലാൻഡും മിസോറമും ഇതിനെതിരേ രോഷാകുലരായി പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുർ കലാപത്തിലെ കുക്കികളുടെ യാതനയ്ക്ക് വില കൊടുക്കുകയും ചെയ്തു. കുക്കികളും മിസോകളും തമ്മിൽ വംശീയബന്ധമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായിരുന്നു.
2023ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയില്ല. അതുപോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലും മിസോറമിലും അദ്ദേഹം വന്നില്ലെന്നതും ശ്രദ്ധേയമായി. കുക്കികൾക്കും സോ വംശജർക്കും മിസോകളുമായുള്ള വംശീയബന്ധം അത്രയും ശക്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയുടെ ഇലക്ഷന് മാനേജർമാർ പ്രധാനമന്ത്രിയോട് മിസോറമിൽ പോകേണ്ടെന്ന് ഉപദേശിച്ചത്.
യഥാർഥത്തിൽ, 2023 മേയിൽ കലാപം തുടങ്ങിയതിൽപ്പിന്നെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 13നാണ് അദ്ദേഹം മണിപ്പുരിലെത്തിയത്. സമാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളെ കണ്ട അദ്ദേഹം ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രണ്ടു റാലികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ റാലികളിലൊന്ന് കുക്കി ശക്തികേന്ദ്രമായ ചുരാചന്ദ്പുരിലും മറ്റൊന്ന് മെയ്തെയ് കോട്ടയും തലസ്ഥാനവുമായ ഇംഫാലിലുമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹ്രസ്വസന്ദർശനത്തിൽ കാര്യമായൊന്നും ഇല്ലായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്രം ഇബോബി സിംഗ് പറഞ്ഞത്.
എന്നാൽ, സമാധാനത്തിനുള്ള മാർഗരേഖയൊന്നും പ്രധാനമന്ത്രി പങ്കുവച്ചില്ലെന്ന് ആരോപിക്കാനും വാദിക്കാനും എളുപ്പമാണ്. മണിപ്പുർ പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു ദേശീയനേതാവിന് എളുപ്പത്തിലൊരു പരിഹാരവും സമാധാനവും സാധ്യമാകുമെന്ന് കരുതുക അസാധ്യം തന്നെയാണ്.
‘നമ്മളും അവരും’ മനോഭാവം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതുവായുള്ളതാണ്. അതിനാൽ ഡൽഹിയിൽനിന്നുള്ള ഒരു പറക്കൽകൊണ്ട് സമാധാനവഴികൾ തുറക്കാമെന്നത് വന്യഭാവന മാത്രമാണ്.
അവർക്ക് അങ്ങേയറ്റം ചെയ്യാനാകുന്നത് വികസനപദ്ധതികൾ പ്രഖ്യാപിക്കുകയാണ്; എന്നിട്ടതിനെ സമാധാനത്തിനുള്ളൂ ഉപകരണമാക്കുക. 2023 മേയിലെ പോരാട്ടങ്ങൾക്ക് മുന്പുതന്നെ ഈ വികസനപ്രതിഭാസം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ മേഖലകളിൽ അതിശയകരമായ പുരോഗതിയുമുണ്ടായി. കുറച്ചുകാലമായി ‘സമാധാനത്തിന്റെ ദ്വീപ്’ ആയി ഉയർത്തിക്കാട്ടിയിരുന്ന മണിപ്പുർ, ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിനു കീഴിൽ വികസനത്തിന്റെ പുതുവഴികളിലേക്കു നടന്നിട്ടുണ്ട്. ഒട്ടേറെ നിക്ഷേപങ്ങളും സംസ്ഥാനത്തുണ്ടായി. എന്നാൽ, ആ ശ്രമങ്ങളെല്ലാം പാഴായി. യാത്ര പാളംതെറ്റുകയും ചെയ്തു.
നാഗന്മാരുടെ പ്രശ്നങ്ങൾ
മണിപ്പുരിലെ നാഗന്മാർക്ക് അവരുടേതായി പരാതിക്കഥകളുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നാഗാ സമാധാനചർച്ച തികഞ്ഞ അനിശ്ചിതത്വത്തിലാണ്. നാഗാ കലാപം തീർക്കാൻ എന്താണു കൈയിലുള്ളതെന്ന് ആർക്കുമറിയില്ല. ശക്തമായ ഒരു നാഗാ തീവ്രവാദി സംഘം തൊണ്ണൂറുകളിലെ പഴയ കലാപത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ സേനകളിൽനിന്നുള്ള റിപ്പോർട്ട്. നാഗാ പ്രദേശങ്ങളോടു ചേർന്നയിടങ്ങളിൽ ‘അഖണ്ഡത’ വേണമെന്ന് നാഗാ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന വിമത സായുധഗ്രൂപ്പായ എൻഎസ്സിഎൻ-ഐഎം പറയുന്പോൾ, നാഗന്മാരും മെയ്തെയ്കളും പരസ്പരം അവിശ്വസിക്കുന്നു.
രാജ്യാന്തര അതിർത്തി പരിപാലനം
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി’ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള എഫ്എംആർ (Free Movement Regime) റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024 ജനുവരിയിൽ തീരുമാനിച്ചു.
ഇന്ത്യയു മ്യാൻമറും തമ്മിലുള്ള 1643 കി.മീ അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പരസ്പരം വീസയില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഉഭയകക്ഷി ക്രമീകരണമായിരുന്നു എഫ്എംആർ. അതിർത്തിക്കിരുവശവുമുള്ള സമുദായങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും കുടുംബപരവുമായ ബന്ധം നിലനിർത്താനാണ് ഇതാരംഭിച്ചത്.
എഫ്എംആർ റദ്ദാക്കലിനെ നാഗന്മാരും മോസോകളും ശക്തമായി എതിർത്തു. ന്യൂഡൽഹിയിലെ ഭരണക്കാർ അതിർത്തികളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഫ്എംആർ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാൻ സുരക്ഷയെ കൂട്ടുപിടിക്കുന്നു.
ചുരുക്കത്തിൽ
മണിപ്പുർ നിലവിൽ പ്രസിഡന്റ് ഭരണത്തിലാണ്. കാര്യങ്ങളുടെ അവസാനമെന്തെന്നറിയാൻ ബന്ധപ്പെട്ടവർക്കെല്ലാം ക്ഷമ, കഠിനാധ്വാനം, ശരിയായ ന്യായബോധം എന്നീ മൂന്നു ഗുണങ്ങളുണ്ടായിരിക്കണം. ശരിയായ സന്തുലിതാവസ്ഥയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും വാക്ചാതുര്യവും വെറും വാചകക്കസർത്തു മാത്രമായി അവശേഷിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കുന്നു.
കുക്കികൾക്കും മെയ്തെയ്കൾക്കും പരസ്പരം വിശ്വസിക്കാനാകുന്നില്ല. മെയ്തെയ് നിയന്ത്രിത ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായി കുക്കികൾ പറയുന്നു. തങ്ങളുടെ ഗുരുതരമായ പരാതികൾ കേന്ദ്രം അവഗണിക്കുന്നതായി മെയ്തെയ്കളും പറയുന്നു.
അവസാനമായി നമുക്കൊന്നു പറയാം. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന നല്ലൊരു നേതൃത്വം മണിപ്പുരിന് ആവശ്യമാണ്. എന്നാൽ പകുതി വിശുദ്ധമായിരിക്കുന്നതിനൊപ്പം ഭരണകൂടം തെറ്റു ചെയ്യുന്നവരോട് നിർദാക്ഷിണ്യം പെരുമാറണം. നിയമവാഴ്ച തിരിച്ചുവരണം.
വംശീയ അകൽച്ച പഴയപടിതന്നെ
സമാധാനത്തിനുള്ള ഏതെങ്കിലും മാന്ത്രിക സൂത്രവാക്യവുമായി മോദി വരുമെന്ന പ്രതീക്ഷ തകർന്നുവെന്നത് വസ്തുതയാണ്. കുടിയൊഴിക്കപ്പെട്ട് 28 മാസമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രി ഒന്നും കൊണ്ടുവന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഇബോബി പറഞ്ഞു. നിരവധി കുക്കികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്.
പഴയതും വിവാദവിഷയവുമായ ഒരാവശ്യം വീണ്ടും ഉയർന്നുവന്നു എന്നത് സ്ഥിതി അതിലും വഷളാക്കി. മണിപ്പുർ വിഭജിച്ച് പുതിയ കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ബിജെപിയുടേതടക്കമുള്ള കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഈ മാസം 19ന്, പ്രളയ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തെ മെയ്തെയ് തീവ്രവാദികളെന്നു കരുതുന്നവർ ആക്രമിച്ചു. രണ്ട് സൈനികർ ജീവത്യാഗം ചെയ്തു. മറ്റു നാലുപേർക്കു പരിക്കേറ്റു. വിദഗ്ധ വിശകലനമനുസരിച്ച്, ഇത് ഒരു പട്ടാളവ്യൂഹത്തിനു നേരേ മാത്രമുള്ള ആക്രമണമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദ്ദേഹം കുക്കികൾക്കു നല്കിയെന്നു കരുതപ്പെടുന്ന പ്രാധാന്യത്തിലും താഴ്വരയിലെ ചിലർ സന്തുഷ്ടരല്ല എന്ന സന്ദേശമാണതു നല്കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, സമൂഹം പൊതുവെയും മണിപ്പുരിലെ മറ്റു ജനങ്ങളും സന്ദർഭത്തിനൊത്തുയർന്നു. അടുത്ത ദിവസം, ആസാം റൈഫിൾസിനെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.
(വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുന്ന, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റാണ് ലേഖകൻ)