ഷോണ്‍ ജോർജ്
തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്താ യിൽനിന്നു പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ പാർട്ടിയുടെയും സംഘപരിവാർ നേതാക്കളുടെയും പേരുകൾകൂടി ഉൾപ്പെട്ടതു ബിജെപിക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷമാക്കുന്നു.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജാണ് കർത്തായിൽനിന്നു പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ ബിജെപിയുടെ പ്രമുഖ നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
വി. മുരളീധരൻ എംഎൽഎയുടെ പേരും പട്ടികയിൽ ഇടംപിടിച്ചതാണു ബിജെപിക്കുള്ളിൽ പുതിയ വിവാദത്തിനു വഴിവച്ചിരിക്കുന്നത്. തന്റെ പേരുണ്ടെങ്കിൽ അന്വേഷിച്ചോട്ടേയെന്നു വി. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബവും ആരോപണവിധേയരായി നിൽക്കുന്പോൾ ഇങ്ങനെയൊരു നീക്കം ഷോണ്‍ ജോർജ് തന്നെ നടത്തിയതു രാഷ്ട്രീയമായി തിരിച്ചടിയായെന്നാണു ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന രണ്ടു മന്ത്രിമാരുടെ പേരും നേരത്തേ കർത്തായുടെ ഡയറിയിൽ കണ്ടതു കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്പോഴാണ് സ്വന്തം പാർട്ടിയിലെ നേതാക്കളുടെ പേരുകൂടി അടങ്ങിയ പട്ടിക ബിജെപി സംസ്ഥാന ഉപാധ്യക്ഷൻകൂടിയായ ഷോണ്‍ ജോർജ് പുറത്തുവിട്ടത്.
ഇങ്ങനെയൊരു പട്ടികയും അതിൽ പാർട്ടി നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നേതൃത്വവുമായി ഷോണ്‍ ആലോചിക്കണമായിരുന്നുവെന്ന വാദം ബിജെപി നേതാക്കൾക്കിടയിലുണ്ട്.
മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്കു പോകുന്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നീക്കമാണ് അറിഞ്ഞോ അറിയാതെയോ ഷോണ്‍ ജോർജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ ഷോണ്‍ നടത്തിയ ഈ നീക്കം ബിജെപിയിലെ നേതാക്കൾ തമ്മിലുള്ള പടലപിണക്കത്തിന്റെ ഭാഗമാണെന്നുകൂടി വിശ്വസിക്കുന്ന നേതാക്കളും പാർട്ടിയിലുണ്ട്.
Tags : BJP ShonGeorge Headache CMRL SasidharanKartha VMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash