പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലത്ത് പരിപ്പുവടയിൽ ഉപ്പില്ലാത്തതിനാൽ ഹോട്ടൽ തല്ലിത്തകർത്തെന്നത് വ്യാജപ്രചരണമെന്ന് പൊലിസ്. ഗുണ്ടാസംഘങ്ങൾ വിവിധ കടകളിൽ കയറി ആക്രമണം നടത്തിയതാണെന്നും ഭക്ഷണത്തെ ചൊല്ലിയുള്ള പ്രശ്നമല്ലെന്നും പൊലിസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും പൊലിസ് അറിയിച്ചു. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകൾ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
ഇരുസ്ഥലങ്ങളിലുമുണ്ടായ ആക്രമണത്തിന് പിന്നിൽ ഒരേ സംഘം തന്നെയാണ്. നിരവധി കേസുകളിലെ പ്രതികളായ കൊള്ളി നിയാസും സുഹൃത്ത് ജാക്സണും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.
പെരുമ്പുഴയിലെ ഹോട്ടലിൽ പലഹാരം തയാറാക്കിയിരുന്ന ജീവനക്കാരനുനേരെ ആക്രമണമുണ്ടായി. ഇതേതുടർന്നാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ കട തല്ലിത്തകർത്തുവെന്ന വാർത്തകൾ പ്രചരിച്ചത്.