കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ കാര്യങ്ങളിലല്ല ഗ്യാനേഷ്കുമാറിനെതിരായ പോരാട്ടങ്ങളിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്ത് വോട്ടുചോരിക്കെതിരെ ഇത്ര വലിയ പോരാട്ടം നടക്കുമ്പോള്‍ യുഡിഎഫിലെ ചെറിയെ തര്‍ക്കങ്ങളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ആദ്യം വേവലാതിപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നു എന്ന വാര്‍ത്തകൾ വേണുഗോപാൽ തള്ളി. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും കെഎസ്ഇബിയുമൊക്കെ ചേര്‍ന്ന് വളരെ വേഗത്തില്‍ പരിഹരിക്കുമെന്നും അത് വരും ദിവസങ്ങളില്‍ കാണാമെന്നും വേണുഗോപാല്‍ പറഞ്ഞു.
ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇതെല്ലാം. എല്ലാ പാര്‍ട്ടികളിലും ചെറിയ അഭിപ്രായ ഭിന്നതകള്‍ കാണും. അതെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും അതേക്കുറിച്ച് അറിയാന്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമാണ് വേണുഗോപാലിന്റെ പ്രതികരണം.
അടൂര്‍ പ്രകാശ് നടത്തിയ പരസ്യപ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതും പരസ്യ പ്രതികരണമാകും. താനൊരു അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. എവിടെ എന്ത് പറയണമെന്ന് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അത് അനുസരിച്ച് മാത്രമേ പ്രതികരിക്കൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Tags : kc venugopal Vote theft massive struggle UDF issues Chief Minister VD Satheesan