Kerala
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിശ്ചയിക്കുന്നതുസംബന്ധിച്ച് കേരളം നൽകിയ റിപ്പോർട്ടും നിർദേശങ്ങളും കേന്ദ്രം വെട്ടി. കൂടുതൽ ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നതുൾപ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശമാകുമെന്ന 2024ലെ കരടിന്റെ ആവർത്തനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിലുമുള്ളത്.
2024ലെ കരട് വിജ്ഞാപനത്തിനുശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ഇഎസ്എയിൽനിന്ന് ജനവാസ മേഖലകള് ഉൾപ്പെടെ 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും ബാധകമാകുന്ന വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. അന്നു കേന്ദ്രം നിയോഗിച്ച ഉന്നതാധികാര സമിതിയുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ചതാണ്. ഇതു സംബന്ധിച്ചും കേരളം തയാറാക്കിയ കീഹോൾ മാർക്കപ് ലാംഗ്വേജ് (കെഎംഎൽ) രേഖകളും ഇഎസ്എ അതിർത്തി നിർദേശങ്ങളും കേന്ദ്രത്തിനു കൈമാറി.
2024 ജൂലൈ 31ന് പുറത്തിറക്കിയ ഇഎസ്എ കരട് നോട്ടിഫിക്കേഷന്റെ കാലവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം തയാറാക്കിയത്.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്ററിൽ 1500 ചതുരശ്ര കിലോമീറ്റർ (ഏകദേശം 3.7 ലക്ഷം ഏക്കർ) എങ്കിലും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇഎസ്എ സംബന്ധിച്ചു നേരത്തേയുള്ള കരടുകളിൽനിന്ന് വ്യത്യസ്തമായി പരാതികളോ നിർദേശങ്ങളോ അറിയിക്കാനുള്ള 60 ദിവസം കഴിഞ്ഞാൽ എന്നു വേണമെങ്കിലും വിജ്ഞാപനം അന്തിമമാകുമെന്ന പ്രത്യേക അറിയിപ്പും ഇക്കുറിയുണ്ട്. ജൂലൈ 27നാണ് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
അന്നുമുതൽ ആറു മാസത്തിനുള്ളിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ നൽകിയിട്ടുള്ള തടസവാദങ്ങളിലും നിർദേശങ്ങളിലും ഗൗരവതരമായ കേന്ദ്രപരിഗണന ഉണ്ടായില്ലെങ്കിൽ കരട് വിജ്ഞാപനം കാര്യമായ മാറ്റങ്ങളില്ലാതെതന്നെ നിയമപരമായി അന്തിമവിജ്ഞാപനമാകും.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇഎസ്എയിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശസ്ത്രക്രിയാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പു പുതിയ മാർഗനിർദേശം ഇറക്കി.
രോഗ, ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക എന്നിവയാണു പ്രധാന നിർദേശങ്ങൾ. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജിൽ വരെ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശം ബാധകമാണ്. രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റുന്നതിനു മുന്പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ ഐപി നന്പർ, യൂണിറ്റ്, കേസ് റിക്കാർഡ് എന്നിവ പൂർത്തിയാക്കണം.
രോഗിയെ അഡ്മിറ്റ് ചെയ്തിട്ടുള്ള യൂണിറ്റിലെ നഴ്സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്നു പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.
ഓപ്പറേഷൻ തിയറ്ററിൽ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇതുവായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷമേ രോഗിയെ തിയറ്ററിലേക്കു പ്രവേശിപ്പിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
National
ന്യൂഡൽഹി: ഭരണപരമായ വീഴ്ചകളും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ദേശീയപാതകളിലെ അപകടങ്ങൾക്കു കാരണമായി മാറരുതെന്ന് സുപ്രീംകോടതി. രാജ്യത്തെ ആകെ റോഡ് ശൃംഖലയുടെ രണ്ടു ശതമാനം മാത്രമാണു ദേശീയപാതകളെങ്കിലും രാജ്യത്തെ വാഹനാപകടത്തിന്റെ 30 ശതമാനവും സംഭവിക്കുന്നത് ഇവിടെയാണെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രാജസ്ഥാനിലും തെലുങ്കാനയിലും ഒരു ദിവസത്തിന്റെ ഇടവേളയിൽ ദേശീയപാതയിൽ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നിരീക്ഷണം. രണ്ട് അപകടങ്ങളിലുമായി 34 പേരാണു മരിച്ചത്. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കേണ്ട ചില നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ഒഴിവാക്കാവുന്ന ഒരു മരണംപോലും സംഭവിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പാർക്കിംഗ്, അപകടമേഖലകൾ എന്നിവ കാരണം ഒരു ജീവൻ നഷ്ടപ്പെടുന്നത് പൗരന്മാർക്കു ഭരണകൂടം നൽകേണ്ട സുരക്ഷാ കവചത്തിന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന ‘ജീവിക്കാനുള്ള അവകാശത്തെ’ റോഡ് സുരക്ഷയുമായി കോടതി നേരിട്ട് ബന്ധിപ്പിച്ചു. മനുഷ്യജീവൻ സംരക്ഷിക്കപ്പെടുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അനധികൃത പാർക്കിംഗും നിർമാണങ്ങളും ഒഴിവാക്കണം
ദേശീയപാതകളിലോ അവയുടെ വശങ്ങളിലോ നിശ്ചിത പാർക്കിംഗ് ഏരിയകളിൽ അല്ലാതെ വലിയ വാഹനങ്ങളോ വാണിജ്യ വാഹനങ്ങളോ നിർത്താൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, ജിപിഎസ് അധിഷ്ഠിത ഫോട്ടോഗ്രാഫിക് തെളിവുകൾ, ഇ-ചെലാൻ സംവിധാനം എന്നിവ വഴി നിയമലംഘനങ്ങൾ കണ്ടെത്തണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ), സംസ്ഥാന പോലീസ്, ഗതാഗത വകുപ്പുകൾ എന്നിവർ 60 ദിവസത്തിനുള്ളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനകൾക്കും പട്രോളിംഗിനുമായി ജില്ലാ മജിസ്ട്രേറ്റുമാർ പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദേശീയപാതയോരങ്ങളിൽ നിയമവിരുദ്ധ നിർമാണങ്ങൾ നടത്തുന്നതിനെതിരേയും കോടതി കടുത്ത നിലപാട് സ്വീകരിച്ചു.
പാതയോരങ്ങളിൽ നിശ്ചിത ദൂരപരിധി മറികടന്ന് പുതിയ ധാബകളോ മറ്റു വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിരോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം.
ദേശീയപാതാ അഥോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതിയില്ലാതെ സുരക്ഷാ മേഖലകളിൽ പുതിയ ലൈസൻസുകൾ നൽകരുത്. നിലവിലുള്ള ലൈസൻസുകൾ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണം
റോഡ് സുരക്ഷ നിരീക്ഷിക്കുന്നതിനായി 15 ദിവസത്തിനുള്ളിൽ ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണകൂടം, പോലീസ്, എൻഎച്ച്എഐ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ ഈ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടണം.
അപകടസാധ്യതയുള്ള ഇടങ്ങളിൽ മികച്ച വെളിച്ചം ഉറപ്പാക്കുക, നിരീക്ഷണസംവിധാനങ്ങൾ വർധിപ്പിക്കുക, ട്രക്കുകൾക്കായി പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുക, അടിയന്തര സേവന സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സുപ്രീംകോടതി നിർദേശിച്ചു.
Kerala
പരവൂർ: പൈപ്പ് വഴി പാചകവാതകം ലഭിക്കുന്ന വീടുകളിൽ എൽപിജി സിലിണ്ടർ കണക്ഷനുകൾ സ്വമേധയാ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആറായിരം പേർ ഇത്തരത്തിൽ തങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്തതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഇവർ കാണിച്ച മാതൃകയെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. അതിന് മന്ത്രാലയം അറിയിച്ചത് വലിയ നന്ദിയാണ്. സിലിണ്ടർ സൗകര്യം ലഭ്യമല്ലാത്തവർക്ക് അത് ഉറപ്പാക്കാൻ പിഎൻജി ഉപഭോക്താക്കൾ സഹകരിക്കണമെന്നും പെട്രോളിയം മന്ത്രാലയം അഭ്യർഥിച്ചു.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം എൽപിജി ഇറക്കുമതിയിൽ സമ്മർദം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
National
ന്യൂഡൽഹി: മുനന്പം വഖഫ് ഭൂമി തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
വിഷയത്തിൽ ഇടപെടൽ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
സമാനമായി വഖഫ് സംരക്ഷണവേദിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുനന്പം ഭൂമി തർക്കത്തിൽ ജുഡീഷൽ കമ്മീഷൻ നിയമനവും മുന്പത്തേതു വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി നിരീക്ഷണവുമാണ് വഖഫ് സംരക്ഷണവേദി സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.
എന്നാൽ ജുഡീഷൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി മുനന്പത്തേതു വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണം സ്റ്റേ ചെയ്തിരുന്നു. ഇരുകൂട്ടരും സമർപ്പിച്ച ഹർജി ഒരുമിച്ചായിരിക്കും സുപ്രീംകോടതി പരിഗണിക്കുക.
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജി സുകുമാരൻ നായര് പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്ക്കില്ലെന്നും ഇപ്പോള് പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും ഗണേഷ് കുമാര് പറഞ്ഞു.
"എന്റെ പിതാവായ ആര്. ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള് നടക്കുന്നത്.'ഗണേഷ് കുമാർ ആരോപിച്ചു.
"എനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. മതേതര വിശ്വാസിയും സാധാരണക്കാരനുമാണ് ഞാൻ. വളഞ്ഞ വഴിയിൽ അല്ല ഞാൻ എൻഎസ്എസ് താലൂക്ക് യൂണിയന്റെ ഭാരവാഹിയായത്. വോട്ട് ചെയ്ത് തെരഞ്ഞെടുത്തതാണ്.
ജി. സുകുമാരൻ നായര് ജീവിച്ചിരിക്കുന്നടത്തോളം അദ്ദേഹത്തെ എതിര്ക്കില്ലെന്ന് അച്ഛന് നൽകിയ വാക്കാണ്, അത് ഞാൻ പാലിക്കും. മന്നത്ത് പത്മനാഭൻ കെട്ടിപടുത്തതാണ് എൻഎസ്എസ് എന്ന മഹാപ്രസ്താനം. ഞാൻ ഏകാധിപതിയൊന്നുമല്ല. അത്തരത്തിൽ ഞാൻ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള് പറയില്ല.'-ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഞാൻ സാധാരണക്കാരനായ പൊതുപ്രവര്ത്തകനാണ്. എല്ലാസമൂഹത്തിനും എന്നെ വിമര്ശിക്കാനും തിരുത്താനും അവകാശമുണ്ട്. ഞാൻ താലൂക്ക് യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കാൻ കത്ത് നൽകാൻ തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എൻഎസ്എസിനെ ആരെങ്കിലും നയിച്ചാൽ മതിയല്ലോ. എനിക്ക് ജീവിക്കാൻ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും താൻ ഓടിളക്കി വന്നയാളല്ലെന്നും ഗണേഷ് കുമാര് പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷ്ണറുമായിരുന്ന എൻ. വാസുവിനും തന്ത്രി കണ്ഠര് രാജീവർക്കും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് അയച്ചത്.
തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്ക് ആശ്വാസമാണ്.
അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില് ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില് ഇടപെടല് നടത്തിയതെന്നും സ്വര്ണാപഹരണ കേസുകളില് പങ്കില്ലെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്.
District News
പാലാ: സഭയും സമൂഹവും നേരിടുന്ന സാമുദായിക വിഷയങ്ങള് പരിഹരിക്കപ്പെടാന് പരസ്പര കേള്വിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് മാര് ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്ജിനിയറിംഗ് കോളജില് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററല് കൗണ്സിലിന്റെ രണ്ടാം സമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സമുദായ ശക്തീകരണ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കുന്നതിനായി പങ്കാളിത്ത സഭയുടെ ആത്മാവോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും ബിഷപ് പറഞ്ഞു.
സീറോമലബാര് സഭ ഈ വര്ഷം സമുദായ ശക്തീകരണ വര്ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില് സമുദായ ശക്തീകരണം എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളില് ഗ്രൂപ്പ് ചര്ച്ചകള്, പ്ലീനറി സെഷനുകള്, വിഷയാവതരണങ്ങള് എന്നിവ നടത്തി.മോഡറേറ്റര് മോണ്. സെബാസ്റ്റ്യന് വേത്താനത്തിന്റെ നേതൃത്വത്തിലാണ് ചര്ച്ചകള് ക്രമീകരിച്ചത്.
അവസാനമായി നടന്ന പൊതുചര്ച്ചയില് അംഗങ്ങള് ഉന്നയിച്ച സഭാ-സാമൂഹ്യ-സാമുദായിക വിഷയങ്ങള് ഈ കാലഘട്ടത്തില് ഏറെ പ്രസക്തമാണെന്നും അവയ്ക്ക് ദീര്ഘകാലവും പ്രായോഗികവുമായ പരിഹാരങ്ങള് കണ്ടെത്തുന്നതിനായി തുടര്കാലയളവില് കൂരിയയുടെ നേതൃത്വത്തില് വിവിധ പ്രവര്ത്തന പദ്ധതികള് രൂപപ്പെടുത്തുമെന്നും ബിഷപ് അറിയിച്ചു.
പാസ്റ്ററല് കൗണ്സില് ചെയര്മാനും ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്ജിനിയറിംഗ് കോളജ് പ്രിന്സിപ്പലുമായ ഡോ. വി.പി. ദേവസ്യ വള്ളിക്കാവുങ്കല്, മുഖ്യ വികാരി ജനറാള് മോണ്. ജോസഫ് തടത്തില്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് എന്നിവര് പ്രസംഗിച്ചു.
Kerala
കോഴിക്കോട്: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യസംസ്കരണ പ്ലാന്റിനുനേരെ നടന്ന സമരം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില് മുന്കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള് നുഴഞ്ഞുകയറി.
ഇവർ കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. നിരവധി വാഹനങ്ങള് അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള് നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.
നാട്ടുകാര് നടത്തിയ പ്രതിഷേധം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു. സമരക്കാര് പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കല്ലേറില് പോലീസുകാര്ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.