പ്രതി ഹേമന്ത്
അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയിൽ സ്കൂളിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിയെ യന്ത്രവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ മുറിച്ചമാറ്റിയ കാൽ സംരക്ഷിക്കാൻ അനന്തപൂർ സർക്കാർ ആശുപത്രി അധികൃതർക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. പൊലിസ് വെടിവയ്പ്പിനെത്തുടർന്ന് ചികിത്സയിലിരിക്കെ അണുബാധ ബാധിച്ച് കാൽ മുറിച്ചുമാറ്റേണ്ടി വന്ന പ്രതി ഹേമന്തിന്റെ കാലാണ് കോടതി നിർദേശപ്രകാരം സൂക്ഷിക്കുന്നത്.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ബന്ധുകൂടിയായ ഹേമന്ത്, അമരാവതി സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പത്താം ക്ലാസ് വിദ്യാർഥിയെ യന്ത്രവാൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ പൊലിസ് പ്രതിയെ പിടികൂടിയിരുന്നു.
തുടർന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി പൊലിസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും കല്ലുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കുവേണ്ടി കാലിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അണുബാധ പടരുന്നത് തടയാൻ വലതുകാൽ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
പൊലിസ് വെടിവച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് തെളിവായ മുറിച്ചുമാറ്റിയ കാൽ സൂക്ഷിച്ചുവയ്ക്കാൻ കോടതി ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയത്. കേസ് ഡിസംബർ 30-ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഹേമന്ത് കടുത്ത ലഹരിക്ക് അടിമയായിരുന്നെന്നും പലപ്പോഴും വിഭ്രാന്തി കാട്ടാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Tags : Student Proposal Leg Police