Image for representation
കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും നിയമലംഘനങ്ങളും തടയാന്‍ പരിശോധന ശകതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചിയില്‍ ഇന്ന് രാവിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.
കലൂര്‍, പാലാരിവട്ടം, ഹൈക്കോടതി ജംഗ്ഷന്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ബസ് ജീവനക്കാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലെന്നു കണ്ടെത്തി. കലൂരില്‍ 12 ബസുകളില്‍ നടത്തിയ പരിശോധനയില്‍ 10 ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ല.
അമിതവേഗതയിലെത്തിയ രണ്ട് ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടുന്നതായി കണ്ടെത്തി. നിലവിലെ ട്രിപ്പ് മുടക്കാതെ ബസ് പറഞ്ഞുവിട്ടു. ട്രിപ്പ് അവസാനിച്ച ശേഷം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ ഹാജരാക്കിയാല്‍ മാത്രമേ ബസിന് തുടര്‍ന്ന് സര്‍വീസ് നടത്താന്‍ സാധിക്കുകള്ളു.
സ്വകാര്യ ബസുകളുടെ മരണപാച്ചിലില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് എംവിഡി പരിശോധന നടത്തിയത്. കാക്കനാട് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് തൃശൂര്‍ സ്വദേശിനിയായ ഇന്‍പാര്‍ക്ക് ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
സ്വകാര്യ ബസുകള്‍ കില്ലിംഗ് മെഷീന്‍ ആവരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം, ഇന്‍പാര്‍ക്ക് ജീവനക്കാരി അക്ഷരയുടെ മരണത്തിന് ഇടയാക്കിയ മലയില്‍ ബസ് 154 നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ വളരെ കുറച്ച് നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ഒടുക്കിയിട്ടുള്ളത്. ബസിനെതിരെ എംവിഡി കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
Tags : PrivateBus MVD Inspections Kochi