Image for representation
ആലുവ: സൈബര്‍ തട്ടിപ്പിനിരയായ യുവാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 97,000 രൂപ നഷ്ടപ്പെട്ടു. ആലുവ എടത്തല പഞ്ചായത്ത് പേങ്ങാട്ടുശേരിയില്‍ താമസിക്കുന്ന വി.എസ്. ജലീലിനാണ് പണം നഷ്ടമായത്. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ ഓട്ടോ അപ്‌ഡേറ്റ് ഡൗണ്‍ലോഡിംഗ് എന്ന് എഴുതി കാണിക്കുകയും സ്‌ക്രീന്‍ മൊത്തം ബ്ലാക്കാവുകയും ചെയ്തു. ഇത് സാധാരണ സോഫ്റ്റ്‌വെയര്‍ അപ്‌ലോഡിംഗ് ആണെന്നായിരുന്നു കരുതിയിരുന്നത്.
ഡൗണ്‍ലോഡ് പൂര്‍ത്തിയായതിന് ശേഷം തന്നെ പൂര്‍വസ്ഥിതിയിലേക്ക് ഫോണ്‍ എത്തിയെങ്കിലും ഇടയ്ക്ക് കടയില്‍ കയറി ചായ കുടിച്ച ശേഷം പണം സ്‌കാനര്‍ വഴി കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഫോണില്‍ വൈറസ് കയറിയതായി എഴുതി കാണിച്ചത്. എന്നാല്‍ രാത്രി ഫോണില്‍ നിന്നും മകള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ഒരു ലക്ഷം രൂപ അയക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇന്നത്തെ പണമിടപാട് അവസാനിച്ചുവെന്ന് ബാങ്ക് സെര്‍വര്‍ എഴുതി കാണിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ചെക്ക് ചെയ്തപ്പോഴാണ് ഒരു ലക്ഷത്തിനടുത്ത് രൂപ നഷ്ടപ്പെട്ടത് അറിയുന്നത്. പല അക്കൗണ്ടു വഴിയാണ് തട്ടിപ്പു നടന്നത്. ആദ്യം 90,000 രൂപ പിന്‍വലിച്ചു. അപ്പോള്‍ തന്നെ വേറെ അക്കൗണ്ടില്‍ നിന്നും 95,000 പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഹാക്കര്‍ പരാജയപ്പെട്ടു.
തുടര്‍ന്ന് അവര്‍ 8,600 രൂപ ജലീലിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചിട്ട ശേഷം കൂടുതല്‍ തുക എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല പിന്നീട് ആ 8,600 രൂപയും അതു കൂടാതെ 7,000 രൂപ കൂടി പിന്‍വലിച്ചു. വീണ്ടും പണം തട്ടാന്‍ ശ്രമമുണ്ടായിയെങ്കിലും വിജയിച്ചില്ല. ബാങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. പണം നഷ്ടപ്പെട്ട വിവരം സൈബര്‍ സെല്ലിലും ബാങ്കിലും അറിയിച്ചിട്ടുണ്ട്.
Tags : CyberFraud FraudCase Police Case CyberCrime