പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ടയിൽ കുടുംബവഴക്കിനെ തുടർന്ന് വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി. മഹ്ബൂബ് ബീയെയാണ് (43) ഭർത്താവ് സതീഷ് കൊലപ്പെടുത്തിയത്. റൂറൽ പൊലിസ് സ്റ്റേഷന് എതിർവശത്തുള്ള പൊലിസ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ കുട്ടികൾ സ്കൂളിൽ പോയതിന് പിന്നാലെ മഹ്ബൂബ് ബീയും സതീഷും തമ്മിൽ വാക്കുതർക്കമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തർക്കം പിന്നീട് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും സതീഷ് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. മഹ്ബൂബിന്റെ കഴുത്തുതിരിക്കുകയും തല തറയിൽ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന മഹ്ബൂബ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഹോം ഗാർഡായി ജോലി ചെയ്തിരുന്ന സതീഷിനെ വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇവർക്കിടയിൽ പതിവായി വഴക്കുകൾ നടന്നിരുന്നുവെന്നും കുടുംബവഴക്കും പ്രതിയുടെ മദ്യപാന ശീലവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട മഹ്ബൂബയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് സതീഷിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.