പീറ്റ് ഹെഗ്സെത്ത്, ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി (സെക്രട്ടറി ഓഫ് വാർ) പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം യുഎസ് ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ തടഞ്ഞു. ഇംപീച്ച്മെന്റ് പ്രമേയം സഭയുടെ ജുഡീഷ്യറി കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം 204-നെതിരെ 211 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ പാസാക്കിയത്. ഇതോടെ ഹെഗ്സെത്തിനെതിരായ നീക്കം വഴിമുട്ടി.
ഡെമോക്രാറ്റുകൾ മുന്നോട്ടുവെച്ച ഇംപീച്ച്മെന്റ് ശ്രമം "ദയനീയമായി പരാജയപ്പെട്ടു" എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട് സഭയുടെ വോട്ടെടുപ്പിന് വിടാതെ ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചതോടെ പ്രമേയം തത്കാലത്തേക്ക് സ്തംഭിക്കും. റിപ്പബ്ലിക്കൻ പാർട്ടിയോട് വിയോജിച്ച് ഇംപീച്ച്മെന്റിനെ പിന്തുണച്ച് വോട്ട് ചെയ്തത് കെന്റക്കിയിൽ നിന്നുള്ള ജനപ്രതിനിധി തോമസ് മാസി മാത്രമാണ്. 11 ഡെമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് സമയത്ത് ഹാജരില്ലാതിരുന്നതും റിപ്പബ്ലിക്കന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കി.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ, സൈനിക നയങ്ങൾ, വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കങ്ങൾ എന്നിവയിൽ പീറ്റ് ഹെഗ്സെത്ത് അധികാരം ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് തോമസ് മാസിയുടെ നേതൃത്വത്തിൽ എട്ട് ഇംപീച്ച്മെന്റ് ചാർജുകൾ കൊണ്ടു വന്നത്.
ഹെഗ്സെത്തിനെ "മഹാനായ അമേരിക്കൻ രാജ്യസ്നേഹി" എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ സൈന്യത്തിന്റെ ആത്മവീര്യവും റിക്രൂട്ട്മെന്റും ഉയർന്നതായി ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തോമസ് മാസിയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഇംപീച്ച്മെന്റ് നടപടി വിജയിച്ചിരുന്നെങ്കിൽ യുഎസ് ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രതിരോധ സെക്രട്ടറിയാകുമായിരുന്നു പീറ്റ് ഹെഗ്സെത്ത്. 1876-ൽ വില്യം ബെൽക്നാപ് ആണ് ഇത്തരത്തിൽ നടപടി നേരിട്ട ഒരേയൊരു മുൻ സൈനിക മേധാവി.
Tags : donaldtrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash