കൊല ചെയ്യപ്പെട്ട ശിവൻകുട്ടി ചെട്ടിയാർ
ഹരിപ്പാട്: കരുവാറ്റ ശിവൻകുട്ടി ചെട്ടിയാർ വധക്കേസിൽ വിശദമായ തെളിവുശേഖരണവും പ്രാദേശിക അന്വേഷണവും പൂർത്തിയാക്കി ഹരിപ്പാട് പൊലിസ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസിന്റെ അന്തിമ കുറ്റപത്രം നാളെ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് എസ്എച്ച്ഒ അറിയിച്ചു.
നേരിട്ടുദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ വിവരങ്ങളും കൃത്യമായി കോർത്തിണക്കിയാണ് കുറ്റപത്രം സജ്ജമാക്കിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ കൊല്ലം സ്വദേശികളായ മൂന്ന് ആൺകുട്ടികൾ ട്രെയിൻ മാർഗം ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് മുതലുള്ള സഞ്ചാരപഥങ്ങളും കരുവാറ്റയിലെ വീട്ടിലേക്കും തിരിച്ചുമുള്ള സിസിടിവി ദൃശ്യങ്ങളും പ്രധാന തെളിവായി മാറിയിട്ടുണ്ട്.
കുട്ടികളെ വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി പൊലിസ് രേഖപ്പെടുത്തിയ മൊഴിയും കേസ് ഡയറിയിൽ നിർണായക കണ്ണിയാണ്.
ഓഗസ്റ്റ് 15ന് രാത്രിയായിരുന്നു പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17ന് സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഹരിപ്പാട് പൊലിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ മിന്നൽ നീക്കത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
Tags : Charge Sheet Police Submitted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Karuvatta Murder Case