Kerala
കോട്ടയം: ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ(48)യെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സെബാസ്റ്റ്യൻ മാത്രമാണ് പ്രതി.
സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ജെയ്നമ്മയെ കാണാതായത്.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.
കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
Kerala
കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസിൽ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവിനെ മറയാക്കിയാണ് മരംമുറി നടന്നത്. വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ നിന്ന് നിയമവിരുധമായി ഈട്ടിമരങ്ങള്‍ മുറിച്ചതിന് 49 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. 15 കോടിയുടെ ഈട്ടിത്തടികള്‍ 2021-ല്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ഈ തടികള്‍ ഡിപ്പോയില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മരങ്ങള്‍ നശിക്കാതെ സംരക്ഷിക്കണമെന്ന കോടതി ഉത്തരവ് വനം വകുപ്പ് നടപ്പാക്കിയില്ല. മരങ്ങള്‍ കൈവശം കിട്ടുന്നതിന് കേസിലെ കക്ഷികളില്‍ ചിലരും ലേലത്തില്‍ വില്‍ക്കുന്നതിന് വനം വകുപ്പും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലും തീര്‍പ്പ് വൈകുകയാണ്.
ഇഴയുന്ന നടപടികൾ
അനധികൃത മരംമുറിക്കെതിരേ 2021ല്‍ റവന്യു വകുപ്പ് ആരംഭിച്ച കെഎല്‍സി നടപടികളും അനിശ്ചിതത്വത്തിലാണ്. ആരില്‍നിന്നു പിഴ ഈടാക്കണം എന്നതില്‍ റവന്യു അധികാരികള്‍ക്ക് വ്യക്തതയില്ല. സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന തെറ്റിധാരണയില്‍ കച്ചവടക്കാര്‍ക്ക് മരങ്ങള്‍ വിറ്റ ആദിവാസികളടക്കം ചെറുകിട ഭൂ ഉടമകളെ കെഎല്‍സി നടപടികളില്‍നിന്നു ഒഴിവാക്കിയിട്ടില്ല. കെഎല്‍സി പ്രകാരം രജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. 31 കേസുകളില്‍ പിഴ നിശ്ചയിക്കാനുണ്ട്. ആദിവാസികളടക്കം ചെറുകിട ഭൂവുടമകളെ പിഴ അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കുമെന്ന് റവന്യു മന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ ആദിവാസികള്ക്കെതിരേയടക്കം കെഎല്‍സി നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോകുകയാണ്.
ഉന്നതര്‍ക്ക് പങ്കുണ്ടോ?
മുട്ടില്‍ സൗത്ത് വില്ലേജിലടക്കം റവന്യു പട്ടയ ഭൂമികളില്‍ നടന്ന തേക്ക്, ഈട്ടി മുറിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നതില്‍ വ്യക്തത വരുത്തുന്നതിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് 121/2021 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജില്‍ 500 വര്‍ഷം പഴക്കമുള്ള ഈട്ടി മുറിച്ചതിന് മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും മന്ദഗതിയിലാണ്. കേസ് വെള്ളിയാഴ്ച കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി വിചാരണയ്ക്ക് എടുക്കുന്നുണ്ട്. അനധികൃത ഈട്ടിമുറിക്കേസുകള് കൈകാര്യം ചെയ്യുന്നതിന് കല്‍പ്പറ്റ ബാറിലെ അഡ്വ.ജോസഫ് മാത്യുവിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നേരത്തേ നിയമിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതിന്റെ ഭാഗമായി കേസ് ഫയല്‍ 2024 നവംബര്‍ 17ന് മേപ്പാടി പോലീസ് അഡ്വ.ജോസഫ് മാത്യുവില്‍നിന്നു തിരികെ വാങ്ങിയിരുന്നു. തൃക്കൈപ്പറ്റ മരം മുറിയില്‍ കെഎല്‍സി പ്രകാരം ചുമത്തിയ 37,27,412 രൂപ പിഴ ഈടാക്കുന്നതിന് വൈത്തിരി തഹസില്‍ദാര്‍ നടപടി സ്വീകരിച്ചുവെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചില്ലെന്നാണ് അറിയുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കോടതിയിൽ എസ്ഐടി സമർപ്പിക്കുന്ന കുറ്റപത്രം പരിശോധിച്ച ശേഷം മാത്രമേ എ. പത്മകുമാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സ്വർണക്കൊള്ള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയ എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഗോവിന്ദൻ. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടപടിയെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപിച്ചവർ നീതി പുലർത്തിയില്ലെന്നു യോഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിനെതിരേ നടപടി വേണമെന്ന ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഗോവിന്ദന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. എല്ലാ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി സ്വർണക്കൊള്ളയിലെ പാർട്ടി നിലപാട് അറിയിച്ചു.
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരും പരാതി നൽകാത്തതിനാലാണ് അദ്ദേഹം ജയിലിലാകാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രാഹുലിനെതിരേ മുന്‍പും പല ഓഡിയോകളും പുറത്തുവന്നിരുന്നു. അദ്ദേഹത്തിനു സംരക്ഷണം നൽകുന്നത് കോൺഗ്രസാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
National
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ പ്രതിയാക്കിയിരിക്കുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കന്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2200 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്.
ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുന്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല എന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായി.
നൂറുകണക്കിന് ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് സിഐഡി വിഭാഗം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.
Kerala
വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷകസംഘം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണക്കേസിലാണ് നടപടി.
കേസിൽ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനും രണ്ടും മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന് വിജേഷ് ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സർക്കാരിന് തിരിച്ചടി. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പോലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.