പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിലുള്ളവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകി തെരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടറാണെന്നു തെളിയിക്കുന്ന രേഖകൾ സഹിതം പേരു ചേർക്കാൻ അവസരം ഒരുക്കുകയാണ്.
നിലവിൽ 17 വയസ് മുതലുള്ളവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനായിരുന്നു ആദ്യം അവസരമൊരുക്കിയത്. എന്നാൽ, എസ്ഐആർ കരട് വോട്ടർപട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്ക് അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 സമർപ്പിക്കാമെന്നാണ് കമ്മിഷൻ നിലപാട്. കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക്, അവർ മുന്പ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിക്കുന്നതിനു തടസമില്ല.
എസ്ഐആർ നടപടികളിലോ അതിനു ശേഷമോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനായി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പുതുതായി അപേക്ഷ സമർപ്പിണം. ഇത്തരത്തിൽ മുന്പ് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നെന്ന കാരണത്താൽ ഫോം 6 സമർപ്പിച്ചതിന്റെ പേരിൽ ജനപ്രാതിനിധ്യ നിയമം, 1950ലെ വകുപ്പ് 31 പ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നടപടി സ്വീകരിക്കാനാകില്ല.
മുൻപു വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നവർ എസ്ഐആർ കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ഫോം 6 സമർപ്പിക്കുന്പോൾ അതിൽ ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതാണെന്ന പ്രഖ്യാപനം നൽകേണ്ടതുള്ളതിനാൽ തെറ്റായ പ്രഖ്യാപനമാകുമോ എന്ന ആശങ്ക ചില വോട്ടർമാർക്കുണ്ടായിരുന്നു.
എന്നാൽ, ഇതിന്റെ പേരിൽ ഇരട്ടവോട്ടിനായി അപേക്ഷിക്കാനാകില്ല. ഇവർ ബന്ധപ്പെട്ട പാർലമെന്റ്/നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള മറ്റൊരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടവരാണെങ്കിൽ പുതുതായി പേരു ചേർക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
Tags : Election Commission Electoral roll SIR Votter Pattika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash