പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ തര്‍ക്കം തീര്‍ക്കാന്‍ ഡോ. ജോണ്സണ് കെ. വര്‍ഗീസ് തങ്ങള്‍ക്ക് ആദ്യം ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് നടിയുടെ മൊഴി. നടന്ന സംഭവങ്ങൾ പുറത്തുപറയാതിരിക്കാനായിരുന്നു ഇത്. പിന്നീട് ഒരു കോടി രൂപ നൽകാൻ കഴിയില്ലെന്നും 25 ലക്ഷം രൂപ നൽകാമെന്നും ഡോക്ടർ പറഞ്ഞതായി നടിയും സംഘവും കടവന്ത്ര പൊലിസിനു മൊഴി നൽകി.
രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ ലഭിച്ച നടി അതുല്യ ചന്ദ്ര, നടന് വിപിന്‍ പെരുമ്പള്ളി, വിഷ്ണു എന്നീ പ്രതികളുമായി കടവന്ത്ര എസ്എച്ച് ഒ ആർ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എറണാകുളം പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അതുല്യയുടെ ബന്ധുവായ അമ്പതുകാരിയാണ് ഡോക്ടർ മദ്യംനൽകി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്. ഇൻഫോപാർക്ക് പൊലിസ് കേസെടുത്തതോടെ ഡോ. ജോൺസൺ കെ. വർഗീസ് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ബന്ധുവായ അമ്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നു കോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോ. ജോൺസൺ കെ. വർഗീസിന്റെ പരാതിയിലാണ് നടിയുൾപ്പടെ മൂന്നു പേരെ കടവന്ത്ര പൊലിസ് പിടികൂടിയത്.
കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ നടിയെ കാക്കനാട് വനിതാ ജയിലിലും മറ്റ് രണ്ടു പ്രതികളെ സബ് ജയിലിലും റിമാൻഡ് ചെയ്തു.
Tags : Dr. Johnson K. Varghese Actress Actress Athulya Chandra Actor Vipin Perumbally Kadavantra Police Police Custody Infopark Police Look Out Notice