പ്രതീകാത്മക ചിത്രം - എഐ
മുംബൈ: ആഗോള വിപണിയിൽ പ്രതീക്ഷ പകർന്ന് ബ്രെന്റ് ക്രൂഡ്, സ്വർണം വില ഇടിയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന് ഒരു പരിഹാരമുണ്ടാകുമെന്ന വ്യാപാരികളുടെ പ്രതീക്ഷ ശക്തമായതോടെ ഓഗസ്റ്റിനുശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് വില 90 ഡോളറിനു താഴേക്കു പോയി. മറുവശത്ത് 2026 ജനുവരിയിലെ റിക്കാർഡ് ഉയരത്തിൽനിന്ന് സ്വർണവില താഴേക്ക് ഇറങ്ങി.
ട്രംപിന് തോൽവിയുടെ ആഘാതം
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോണ്ഗ്രസിൽ ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു. ഇതേത്തുടർന്ന് ഇറാനെതിരേ കൂടുതൽ ആക്രമണം വേണ്ടെന്ന നിലപാടിലേക്കു പ്രസിഡന്റ് മാറിയിട്ടുണ്ട്. ഇതിനുശേഷം ഇറാനെതിരേ കൂടുതൽ ആക്രമണമുണ്ടാകില്ലെന്ന പ്രതീക്ഷയിൽ ആഗോള എണ്ണ വിലയിൽ ബാരലിന് 100 ഡോളറിൽനിന്ന് താഴേക്കു പതിച്ചുതുടങ്ങി. തിങ്കളാഴ്ച ആറു ശതമാനം ഇടിഞ്ഞതിനുശേഷം ഇന്നലെ ആഗോള ബ്രെന്റ് ക്രൂഡ് സൂചിക 3.1 ശതമാനം വരെ വീണ്ടും താഴ്ന്നു.
ഈ മാസം എണ്ണവിപണിയിൽ വലിയ മാറ്റമാണ് ദൃശ്യമായത്. ഒക്ടോബർ അവസാനത്തിൽ ആറു മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ എണ്ണവില കുത്തനെ ഇടിഞ്ഞു. ജൂലൈ മാസത്തിന് ശേഷം ആദ്യമായി, യുഎസിലെ ഗ്യാസോലിൻ വില ഗാലണിനു നാലു ഡോളറിനു താഴേക്ക് എത്തി. ഉയർന്ന പണപ്പെരുപ്പത്തെ നേരിടുന്ന സെൻട്രൽ ബാങ്ക് അധികൃതർക്ക്, ചെലവുകൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നുണ്ടെങ്കിലും, ഇതൊരു ആശ്വാസമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും ചർച്ച ആരംഭിച്ചതായാണ് വിവരം. ചർച്ചകൾ തുടരുമെന്നും അവ നടക്കുന്പോൾ മറ്റ് സൈനികനീക്കം ഉണ്ടായേക്കില്ലെന്നുമാണ് ഈ വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കുനേരേ ഇറാൻ ആക്രമണം നടത്തുന്പോഴും മേഖലയിൽനിന്നുള്ള എണ്ണ കയറ്റുമതി തുടരുന്നുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കങ്ങൾ വർധിച്ചതോടെ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതി യുദ്ധത്തിന് മുന്പുണ്ടായിരുന്ന നിലവാരത്തോട് അടുത്തെത്തിയിരിക്കുകയാണ്.
ആഗോളതലത്തിൽ സ്വർണ നിക്ഷേപർക്കു തിരിച്ചടി
സ്വർണത്തിന്റെ വിലയിറക്കത്തിന്റെ ആഘാതം ആഗോള നിക്ഷേപകരെ അപേക്ഷിച്ച് ഇന്ത്യൻ നിക്ഷേപകർക്കു കുറവായിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഉയർന്ന ഇറക്കുമതി തീരുവയും ആഭ്യന്തര സ്വർണവിലയ്ക്ക് പിന്തുണയായി.
ഇതിന്റെ ഫലമായി, ഡോളർ കണക്കിലെ വരുമാനത്തെ അപേക്ഷിച്ച് രൂപയിലുള്ള വരുമാനത്തിൽ താരതമ്യേന കുറഞ്ഞ ഇടിവ് മാത്രമേ ഉണ്ടായുള്ളൂ എന്ന് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2026 ജനുവരി 30ലെ ഏറ്റവും ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുന്പോൾ, 2026 ഒക്ടോബർ 30 ആയപ്പോഴേക്കും അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളറിലുള്ള സ്വർണവില 21.4 ശതമാനം ഇടിഞ്ഞു. എന്നാൽ, ഇതേ കാലയളവിൽ ഇന്ത്യൻ വിപണിയിൽ രൂപയിലുള്ള സ്വർണവിലയിലെ ഇടിവ് 14.9 ശതമാനമായി പരിമിതപ്പെട്ടു.
ആക്സിസ് മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് അനുസരിച്ച് രണ്ടുകാരണങ്ങളാണ് ആഭ്യന്തര സ്വർണവിലയെ താങ്ങി നിർത്തിയത്. ഒന്ന്, ഡോളറിനെതിരേ രൂപയുടെ മൂല്യം 89 രൂപയിൽനിന്ന് 96 രൂപയായി ഇടിഞ്ഞത്. മാർച്ചിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തിയത്.
Tags : West Asian Conflict Crude oil gold Trump Brent crude Business