ദോഹ: പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവില്ലാതെ തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും ഉൗർജകയറ്റുമതിയും തടസപ്പെട്ടതോടെ അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്നു.
2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്നിൽ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം അസംസ്കൃത എണ്ണയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിവാര വിലവർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഈ ആഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വിലയിൽ 20 ശതമാനം വർധനയുണ്ടായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില 25 ശതമാനത്തോളം കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡ് വില ഇന്നലെയും കുതിപ്പ് തുടർന്നു. അഞ്ചു ശതമാനത്തിലേറെ വർധനയോടെ ബാരലിന് 90 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്ല്യുടിഐ 8.1 ശതമാനത്തിലധികം ഉയർന്ന് 88 ഡോളറിലെത്തി. രണ്ടു സൂചികകളും 2024 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.