Kerala
കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി.
അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്തു. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Business
മഞ്ഞലോഹത്തിൽ വീണ്ടും ബുൾ തരംഗം, ചിങ്ങം പിറക്കുന്നതോടെ സ്വർണം കൂടുതൽ തിളങ്ങാം. ബ്രസീലിൽ അടുത്ത സീസണിൽ കാപ്പി ഉത്പാദനം കുറയും, നേട്ടമാക്കാൻ നമ്മുടെ ഉത്പാദകർ ഒരുങ്ങുക. തമിഴ്നാട് ലോബി ഒടുവിൽ പത്തി താഴ്ത്തി, കടിച്ച പാമ്പിനെ കൊണ്ട് കേരളം വിഷം ഇറക്കിപ്പിച്ചു, കൃത്രിമമായി ഉയർത്തിയ എണ്ണ വില താഴ്ന്നു. ഏഷ്യൻ റബർ കരുത്തിൽ, സംസ്ഥാനത്ത് ഷീറ്റ് ക്ഷാമം രൂക്ഷം, ഓണത്തിന് ശേഷമേ പുതിയ ചരക്ക് സജ്ജമാകൂ. കുരുമുളക് വിപണിയിൽ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത.
ആഗോള സ്വർണ വിപണി വീണ്ടും ബുള്ളിഷ്. ജനുവരി അവസാനം ട്രോയ് ഔൺസിന് 5429 ഡോളറിൽ തുടക്കം കുറിച്ചതാണ് സാങ്കേതിക തിരുത്തൽ. ഏകദേശം ഏഴു മാസം നീണ്ട തിരുത്തലിൽ കർക്കടകം ഒന്ന് 3964 ഡോളറിലേക്ക് ഇടിഞ്ഞു. റിക്കാർഡ് വിലയിൽ നിന്നും ഔൺസിന്1465 ഡോളറിന്റെ തിരുത്തൽ. 3800ലേക്ക് ഇടിയുമെന്ന സാഹചര്യം ജൂലൈയിൽ ഉടലെടുത്ത അവസരത്തിലാണ് അമേരിക്കൻ തൊഴിൽ മേഖലയിൽ പ്രതിസന്ധിക്കു തുടക്കം കുറിച്ചത്. ഇതിനിടയിൽ ഡോളർ സൂചികയുടെ കാലിടറുന്നതു കണ്ട് നിക്ഷേപകർ മഞ്ഞലോഹത്തിലേക്കു തിരിഞ്ഞു.
പിന്നിട്ടവാരം ട്രോയ് ഔൺസിന് 4041 ഡോളറിൽ ട്രേഡിംഗ് തുടങ്ങിയ സ്വർണം 4025 ഡോളറിലേക്ക് താഴ്ന്ന ശേഷമാണു കുതിപ്പിനു തുടക്കം കുറിച്ചത്. ആദ്യം 4180 ഡോളറിലേക്കും അടുത്ത ചുവടുവയ്പ്പിൽ 4303 ഡോളറിലേക്കും കത്തിക്കയറിയ സ്വർണം വെള്ളിയാഴ്ച 4371 ഡോളർ വരെ സഞ്ചരിച്ചു. വാരമധ്യം 4067 ഡോളറിലെ പ്രതിരോധം തകർന്നതോടെ ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ രംഗത്തെത്തി, അവർ ഷോർട്ട് കവറിംഗിനും ഒപ്പം പുതിയ ബയിംഗിനും മത്സരിച്ചു.
സ്ഥിതിഗതികൾ പൊടുന്നനെ മാറിമറിഞ്ഞതിനാൽ രംഗത്തുനിന്ന് വിട്ടുനിന്നവർ സ്വർണത്തെ വാരിപ്പുണരാനുള്ള ശ്രമത്തിലാണ്. പുതിയ നിക്ഷേപകരുടെ വരവ് വിപണിയെ 4500നു മുകളിലെത്തിക്കാം. അത്തരം ഒരു സാഹചര്യത്തിൽ സെപ്റ്റംബർ-ഒക്ടോബറിൽ 4650-4680 റേഞ്ചിലേക്കു കയറാം. ഏപ്രിലിൽ ഈ റേഞ്ചിൽ സ്വർണം എത്തിയപ്പോൾ കേരളത്തിൽ പവൻ 1,12,000 രൂപയിലായിരുന്നു, അന്ന് രൂപയുടെ മൂല്യം 92 ആയിരുന്നു, നിലവിൽ മൂല്യം 95ലേക്ക് ദുർബലമായത് ഇറക്കുമതി ചെലവ് വർധിപ്പിക്കും.
ആഭരണ വിപണികളിൽ വാരാരംഭത്തിൽ 1,05,760 രൂപയിൽ നിന്നു പവൻ 1,05,600 ലേക്ക് താഴ്ന്നു. ഈ അവസരത്തിൽ രാജ്യാന്തര തലത്തിൽ വാങ്ങൽ ശക്തമായതോടെ പവൻ 1,11,720 രൂപയായി ശനിയാഴ്ച കയറി. ജനുവരിയിൽ രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ റിക്കാർഡ്, അന്ന് ഗ്രാമിനു വില 16,395 രൂപയായിരുന്നു.
കാപ്പിയിൽ രാജ്യത്തിന് പ്രതീക്ഷിക്കാം
എൽ നിനോ പ്രതിഭാസം ബ്രസീലിയൻ കാലാവസ്ഥയിൽ ഉളവാക്കുന്ന മാറ്റം അവരുടെ കാപ്പി കൃഷിയുടെ താളം തെറ്റിക്കും. അടുത്ത സീസണിൽ ഉത്പാദനത്തെയും കയറ്റുമതിയെയും കാര്യമായിത്തന്നെ ബാധിക്കുമെന്നാണു സൂചന. മഴ വൈകിയാൽ കാപ്പിത്തോട്ടങ്ങൾ പുഷ്പിക്കുന്നതും കായ്പിടിത്തവും കുറയും. നടപ്പ് സീസണിലെ കാപ്പി വിളവെടുപ്പ് ജൂലൈ അവസാനം 67 ശതമാനം പൂർത്തിയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 77 ശതമാനം വിളവെടുപ്പ് നടത്തിയിരുന്നു. എൽ നിനോ ബ്രസീലിൽ കാപ്പി ഉത്പാദനത്തെ ബാധിക്കുമെന്നത് ഇതര ഉത്പാദക രാജ്യങ്ങളിൽ വിലക്കയറ്റത്തിന് അവസരമൊരുക്കാം. ആഫ്രിക്കൻ രാജ്യങ്ങളും വിയറ്റ്നാമും കരുതലോടെയാണ് അന്താരാഷ്ട്ര മാർക്കറ്റിലെ ചലനങ്ങളെ വീക്ഷിക്കുന്നത്.
കേരളത്തിലെയും കർണാടകത്തിലെയും കാപ്പി കർഷകർക്ക് അടുത്ത സീസണിൽ ഉയർന്ന വില ഉറപ്പു വരുത്താനാകും. ആഭ്യന്തര വ്യാപാരികളും വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവരും ചരക്ക് സംഭരിക്കുന്നുണ്ട്. കൽപ്പറ്റയിൽ കാപ്പി പരിപ്പ് ക്വിന്റലിന് 39,200 രൂപയിലാണ്. കട്ടപ്പനയിൽ കാപ്പിക്കുരു റോബസ്റ്റ കിലോ 203 രൂപയിലും പരിപ്പ് 350 രൂപയിലും. കഴിഞ്ഞ സീസണിൽ രാജ്യം 3,73,000 ടൺ കാപ്പി ഉത്പാദിപ്പിച്ചു. ഇതിൽ കേരളത്തിന്റെ സംഭാവന 80,350 ടണ്ണായിരുന്നു. കർണാടകം 2,56,695 ടൺ കാപ്പി ഉത്പാദിപ്പിച്ചു. തമിഴ്നാട് 19,975 ടണ്ണും ആന്ധ്ര 15,290 ടണ്ണും വിളയിച്ചു.
തമിഴ്നാട് വെളിച്ചെണ്ണ ലോബിയുടെ തന്ത്രത്തിൽ വീഴാതെ കേരള നാളികേര കർഷകർ
ഇന്ത്യൻ വെളിച്ചെണ്ണ വിപണിയുടെ ചുക്കാൻ നിയന്ത്രിക്കുന്ന തമിഴ്നാട് ലോബി ഒടുവിൽ പത്തി താഴ്ത്തി, കടിച്ച പാമ്പിനെ കൊണ്ടുതന്നെ കേരളം വിഷം ഇറക്കിപ്പിച്ചു, വിപണി വില കൃത്രിമമായി ഉയർത്തി എണ്ണ വിറ്റഴിക്കാൻ അവർ നടത്തിയ നീക്കം ദീപിക ഇതേ കോളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തു. കൊപ്രയും പച്ചത്തേങ്ങയും വ്യവസായികൾ സംഭരിച്ചാൽ മാത്രമേ കർഷകർക്കു ഗുണം ലഭിക്കൂ. വിലക്കയറ്റം കൃത്രിമമെന്ന് മനസിലാക്കി രണ്ടാഴ്ച മുന്നേ കരുതിയിരിക്കാൻ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓണം അടുക്കുന്നതിനാൽ നിരക്ക് കൂടുതൽ ഉയരുമെന്നു പ്രതീക്ഷിക്കാതെ വിറ്റുമാറാനും ഉപദേശം നൽകിയിരുന്നു.
കൃത്രിമ വിലക്കയറ്റത്തിനായി കാങ്കയം ലോബി കൊപ്ര പൂഴ്ത്തിവച്ച് വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചു. കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം പുറത്തുവന്നതോടെ അവർ രംഗത്തുനിന്നും അപ്രത്യക്ഷരായി. വിപണിയുടെ ഓരോ ചലനങ്ങളും അടിമുടി നിരീക്ഷിച്ച് തയാറാക്കുന്ന ഈ വിപണി പ്രതിവാര അവലോകനം പുറത്തുവന്നതാണ് തമിഴ്നാട് ലോബിയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചത്.
കാങ്കയത്ത് കൊപ്ര കഴിഞ്ഞവാരം 16,400ൽനിന്നും 16,800 രൂപ വരെ ഉയർന്നു. എന്നാൽ, സംഭരണത്തിന് വ്യവസായികൾ തയാറാവാഞ്ഞത് മൂലം വാരാന്ത്യം വില 16,300ലേക്ക് ഇടിഞ്ഞു. വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ശക്തമല്ല. ചിങ്ങം പടിവാതിക്കൽ എത്തിയതിനാൽ മുന്നിലുള്ള ആഴ്ചകളിൽ ഭക്ഷ്യയെണ്ണ വ്യാപാരരംഗം ചൂടുപിടിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 24,500ലും കൊപ്ര 16,400ലും സ്റ്റെഡി.
പുതിയ ദിശതേടി ഏഷ്യൻ റബർ വിപണി
പുതിയ ദിശതേടിയുള്ള യാത്രയിലാണ് ഏഷ്യൻ റബർ മാർക്കറ്റ്. നിക്ഷേപകരും ഊഹക്കച്ചവടക്കാരും വൻ പ്രതീക്ഷയിലാണ് ഓരോ ആഴ്ചയും വിപണിയെ സമീപിക്കുന്നതെങ്കിലും ഇരുകൂട്ടർക്കും റബറിനെ വരുതിയിലാക്കാനായില്ല. ബാങ്കോക്കിൽ റബർ 267 രൂപയിലാണ്. ജപ്പാൻ ഒസാക്കയിൽ കിലോ 410- 423 യെന്നിൽ ചാഞ്ചാടി. യെൻ ശക്തിപ്രാപിച്ചതും റബറിനു ചൈനീസ് ഡിമാൻഡ് കുറഞ്ഞതും വിലയെ സ്വാധീനിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ തിരിച്ചുവരവ് റബറിനു താങ്ങായി. 421നു മുകളിൽ തുടരുവോളം 436-440ലേക്ക് ചുവടുവയ്ക്കാൻ ശ്രമിക്കാം. അതേസമയം, 410 ലെ സ്പ്പോർട്ട് നഷ്ടമായാൽ 395 ലേക്ക് തിരുത്തൽ സാധ്യത.
സംസ്ഥാനത്ത് നാലാം ഗ്രേഡ് 28,400 രൂപയിലും അഞ്ചാം ഗ്രേഡ് 28,000 രൂപയിലും ഒട്ടുപാൽ 19,000 രൂപയിലും ലാറ്റക്സ് 19,200 രൂപയിലുമാണ്.
കുരുമുളക്
കുരുമുളക് വിപണിയിൽ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത. ഉത്തരേന്ത്യൻ അന്വേഷണങ്ങൾക്കിടയിൽ നിരക്ക് ഇടിക്കാൻ അവർ സമ്മർദം ചെലുത്തുന്നുണ്ട്. ചരക്ക് കൈവിടാതെ കർഷകർ ചെറുത്ത് നിൽക്കുന്നതു വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും അതു മുഖത്തു കാണിക്കാതെ അവർ ചരക്കിനായി എല്ലാ വാതിലുകളും മുട്ടുകയാണ്. ഒക്ടോബർ വരെയുള്ള ഉത്സവ സീസണിനുള്ള മുളക് അവർക്ക് സംഭരിക്കാനുണ്ട്. കൊച്ചിയിൽ അൺഗാർബിൾഡ് 69,500 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച ക്ലോസിംഗ് വേളയിൽ 69,400ലേക്ക് തന്ത്രപരമായി താഴ്ത്തി.
National
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി എന്‍. മാരി വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
വിവാഹവേളയില്‍ വധുവിന് എട്ട് ഗ്രാം സ്വര്‍ണനാണയവും പട്ടുസാരിയും നല്കുന്ന ‘അണ്ണന് സീര്‍’ പദ്ധതിക്ക് 812 കോടി രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം നല്കുന്ന പദ്ധതിക്ക് 560 കോടി രൂപയും അനുവദിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യമായി കറവപ്പശുക്കളെ നല്‍കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന് 4,880 കോടി രൂപ നീക്കിവച്ചു. ഹജ്ജ് തീര്‍ഥാടകരുടെ സബ്സിഡി 25,000 രൂപയില്‍നിന്ന് 35,000 രൂപയായി ഉയര്‍ത്തി.
സംസ്ഥാനത്തെ 717 മദ്യശാലകള്‍ അടച്ചുപൂട്ടിയതായും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
Business
കാഞ്ഞിരപ്പള്ളി: ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, ചെങ്ങന്നൂര്‍, മുണ്ടക്കയം ഷോറൂമുകളില്‍ മെഗാ ഓണം ഓഫര്‍ സെയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആഭരണശേഖരവും പ്രത്യേക വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വിവാഹം, നിശ്ചയം, ജന്മദിനം തുടങ്ങി ജീവിതത്തിലെ വിവിധ ആഘോഷ മുഹൂര്‍ത്തങ്ങള്‍ക്കായി കരവിരുതിന്റെ ചാരുതയോടെ രൂപകല്പന ചെയ്ത സ്വര്‍ണ-ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. ആന്റിക്, ചെട്ടിനാട്, ക്ലാസിക്, ട്രഡീഷണല്‍, ടര്‍ക്കിഷ്, ബ്രൈഡല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കളക്ഷനുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.
ഓണം ഓഫറിന്റെ ഭാഗമായി ആന്റിക്, ചെട്ടിനാട് ആഭരണങ്ങള്‍ക്ക് എട്ട് ശതമാനം മുതല്‍ പണിക്കൂലി ഇളവ്, മൂന്ന് പവന് മുതലുള്ള ഗോള്‍ഡ് ചെയിനുകള്‍ക്ക് രണ്ട് ശതമാനം പണിക്കൂലി ഇളവ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഓരോ കാരറ്റിനും മുപ്പതിനായിരം രൂപ വരെ കിഴിവ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 18 കാരറ്റ് 916 ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രത്യേക ശേഖരവും അവതരിപ്പിച്ചിട്ടുണ്ട്. മെഗാ ഓണം ഓഫര്‍ 2026 ഓഗസ്റ്റ് 31 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെ ബോംബെ, സൂററ്റ്, ജയ്പുര്‍, കോല്‍ക്കത്ത തുടങ്ങിയ പ്രമുഖ ആഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ശേഖരിച്ച ആഭരണങ്ങളും പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം യുവതലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള ആധുനിക ഡിസൈനുകളുടെയും വലിയ ശേഖരം ഇവിടെ ലഭ്യമാണ്.
ഓണക്കാലം ഇടിമണ്ണിക്കല്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഷാജി തോമസ് അറിയിച്ചു. ഓഫറുകള്‍ കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, ചെങ്ങന്നൂര്‍, മുണ്ടക്കയം ഷോറൂമുകളില്‍ ലഭ്യമണ്.
Kerala
കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം. 14 കേസുകളിലായാണ് എട്ടു കിലോ സ്വര്‍ണം പിടിച്ചെടുത്തത്. വിവിധ സംഭവങ്ങളില്‍ ആറു മലയാളികളടക്കം ഒമ്പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
റവന്യു ഇന്റലിജന്‍സും കേരള പോലീസും കസ്റ്റംസുമായി ചേര്‍ന്നു നടത്തിയ മികച്ച ഏകോപനവും സഹകരണവുമാണ് പല കേസുകളിലും സ്വര്‍ണം പിടികൂടാന്‍ സഹായകമായതെന്ന് കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി യാത്രക്കാരുടെ പ്രൊഫൈലിംഗും ഇന്റലിജന്‍സ് നിരീക്ഷണവും കസ്റ്റംസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയും പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റുകള്‍ക്കുള്ളിലും കടത്തിക്കൊണ്ടുവരാനുമാണ് കള്ളക്കടത്തുകാര്‍ പ്രധാനമായും ശ്രമിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വര്‍ണക്കള്ളക്കടത്ത് തടയുന്നതിനും കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും ഈ കള്ളക്കടത്ത് സംഘങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസ്രോതസുകളെയും ഏജന്റുമാരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Kerala
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ (47) ആണ് അറസ്റ്റിലായത്.
കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്രീദേവി അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണം പണയം വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശ്രീജയെ റിമാൻഡ് ചെയ്തു.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ പാരാ അത്ലറ്റിക്സ് ഷോട്ട്പുട്ട് എഫ് 57ല്‍ ഇന്ത്യയുടെ സോമന് റാണ 13.40 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 13.28 മീറ്ററുമായി ഇന്ത്യയുടെ ശുഭം ജുയാല്‍ വെള്ളിയണിഞ്ഞു.
ബോക്സിംഗിലൂടെ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം അടക്കം ഇടിച്ചു നേടിയ ദിനത്തിലായിരുന്നു റാണയുടെ സുവര്‍ണനേട്ടം. 2008 ഒളിമ്പിക്സില്‍ മെഡല്‍ നേടിയ വിജേന്ദര്‍ സിംഗ്, ഇന്ത്യന്‍ ബോക്സിംഗ് കോച്ച് കെ.സി. കുട്ടപ്പ തുടങ്ങിയവര്‍ക്കൊപ്പം റിംഗില്‍ മത്സരിച്ചവനാണ് സോമന് റാണ.
സര്‍വീസസിനായി സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡലും നേടി. സൈനികനായ റാണ, കാഷ്മീരില്‍ ഡ്യൂട്ടിക്കിടെ ഒരു കുഴിബോംബില്‍ കാലുവച്ചു. വലതുകാല്‍ നഷ്ടപ്പെട്ടു. 2017ൽ ആര്‍മിയുടെ പാരാലിമ്പിക് ടീമിനൊപ്പം ചേർന്നു.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ പഞ്ച്. ബോക്സിംഗില്‍ അഞ്ചും പാരാ അത്ലറ്റിക്സില് ഒന്നും ഉള്‍പ്പെടെ ഇന്നലെ ആറ് സ്വര്‍ണം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 11 ആയി.
മെഡൽ നിലയിൽ ഇന്ത്യ ഇതോടെ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ബോക്സിംഗിൽ ഇന്ത്യക്ക് ഇന്നലെ 10 ഫൈനലുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആദ്യ ആറ് ഫൈനൽ കഴിഞ്ഞപ്പോൾ അഞ്ച് സ്വർണവും ഒരു വെള്ളിയും ലഭിച്ചു.
പ്രീതി, ജാസ്മിന്
വനിതകളുടെ 54 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ പ്രീതി പവാറിന്റെ സ്വര്‍ണത്തോടെയാണ് ഇന്ത്യ റിംഗിലെ സ്വര്‍ണവേട്ടയ്ക്കു തുടക്കമിട്ടത്. കാനഡയുടെ സ്കാര്‍ലറ്റ് സവന്ന ഡെല്‍ഗാഡോയെ കീഴടക്കിയാണ് പ്രീതി സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2025 ലോക ബോക്സിംഗില്‍ 54 കിലോഗ്രാം സ്വര്‍ണജേതാവാണ് ഇരുപത്തിരണ്ടുകാരിയായ പ്രീതി പവാര്‍.
വനിതകളുടെ 57 കിലോഗ്രാം ഫൈനലില്‍ ജാസ്മിന് ലാംബോറിയ സ്വര്‍ണം ഇടിച്ചു നേടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിഷേല വാല്‍ഷിനെ കീഴടക്കിയാണ് ജാസ്മിന് സ്വര്‍ണം സ്വന്തമാക്കിയത്.
സാക്ഷി, പ്രിയ, അരുദ്ധതി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഇടിച്ചിട്ട് സാക്ഷി ചൗധരി സ്വർണം സ്വന്തമാക്കി. തൊട്ടുപിന്നാലെ നടന്ന വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ പ്രിയ ഘംഗാസും സ്വർണം ഇടിച്ചുനേടി.
വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ അരുദ്ധതി ചൗധരിയും ഇടിക്കൂട്ടിൽനിന്ന് സ്വർണം നേടി.
പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം ബോക്സിംഗ് ഫൈനലില്‍ ഇന്ത്യയുടെ ജാദുമാനി സിംഗിനു ജയം നേടാന്‍ സാധിച്ചില്ല. വനിതകളുടെ ജൂഡോയിൽ ഇന്ത്യക്കായി ഉന്നതി ശർമ വെങ്കലം സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.
കാനഡയുടെ സ്കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.
അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ ബോക്സിംഗ് സംഘത്തിന്റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്സിംഗ് റിംഗിലെത്തുക.
National
തുമകുരു: കർണാടകത്തിലെ തുമകുരുവിലുള്ള ജ്വല്ലറിയിൽനിന്നും സ്വർണം ‘കടിച്ചുമാറ്റിയ’ പ്രതി സിസിടിവിയിൽ കുടുങ്ങി. ഒരാഴ്ചയ്ക്കിടെ ജ്വല്ലറിയിൽ നിന്ന് പത്ത് സ്വർണമോതിരങ്ങളും രണ്ട് മാലയും കാണാതായതോടെ തുടങ്ങിയ അന്വേഷണമാണ് സൂപ്പർ ട്വിസ്റ്റിൽ കലാശിച്ചത്. പതിവു കണക്കെടുപ്പിലാണ് മോഷണവിവരം ഉടമയും ജീവനക്കാരും അറിഞ്ഞത്.
മോഷ്ടാക്കളെയാണ് ആദ്യം സംശയിച്ചതെന്ന് ഉടമ വിനോദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ഇടപാടുകാരിൽ ഒരാളെപ്പോലും സംശയിക്കാനുള്ള തെളിവില്ലായിരുന്നു. ഇതിനിടെ പല ആഭരണങ്ങളുടെയും തൂക്കവും വിലയും രേഖപ്പെടുത്തിയ ടാഗ് നഷ്ടമായതും ശ്രദ്ധയിൽപ്പെട്ടു. മോഷ്ടാവ് സ്വർണാഭരണങ്ങൾ മാത്രം എടുത്ത് ടാഗ് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിൽ വീണ്ടും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
ഇതോടെയാണ് പുലർച്ചെ നാലരയോടെ നടന്ന മോഷണം പരസ്യമാകുന്നത്. സ്വർണമോതിരവും കടിച്ച് ഒരു എലി നീങ്ങുന്നതു കണ്ടതോടെ ജീവനക്കാർ ജ്വല്ലറിക്കുള്ളിൽ വിശദമായി പരിശോധിച്ചു. ഒരു ഭാഗത്തെ ചെറിയ ദ്വാരത്തിൽനിന്ന് തൊണ്ടിമുതലുകൾ മുഴുവൻ കണ്ടെത്തുകയും ചെയ്തു.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റ് ഷര്‍മിള ധൻകര്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ ചരിത്ര സ്വര്‍ണമെത്തിച്ചു. എഫ്57 വനിതാ ഷോട്ട് പുട്ടിലാണ് ഷര്‍മിളയുടെ സുവര്‍ണനേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ-അത്ലറ്റിക്സില് സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടുന്നതാണ് ഷര്‍മിളയുടെ ഗോള്‍ഡന്‍ ഗ്ലോറി.9.81 മീറ്റര്‍ ഷോട്ട് പായിച്ചാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നാം ശ്രമത്തിലായിരുന്നു ഈ ദൂരം. 9.48, 9.58 എന്നിങ്ങനെയുള്ള ആദ്യ രണ്ടു ശ്രമങ്ങള്ക്കുശേഷമായിരുന്നു 9.81ലേക്ക് എത്തിയത്. ഹരിയാന സ്വദേശിയായ ഷര്‍മിള, രണ്ടാം വയസില്‍ കഠിന പനിയെത്തുടര്‍ന്ന് പോളിയോ ബാധിതയാകുകയായിരുന്നു.
7.26 മീറ്ററുമായി ഇന്ത്യയുടെ ശില്‍പ്പ ഷൈല ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു വെങ്കലം ഉറപ്പിച്ച് ശില്‍പ്പ ഈ ദൂരം കുറിച്ചത്. ഇതോടെ പോഡിയത്തില്‍ ഒന്നിച്ച് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കയറി. ഘാനയുടെ സിനാബു ഇസ്സയ്ക്കാണ് വെള്ളി (8.65 മീറ്റര്‍).
ചരിത്ര സര്‍വേഷ്
പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷാരെയ്ക്കു ചരിത്ര മെഡല്‍. 2.25 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സര്‍വേഷ് വെള്ളി സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജംപില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സര്‍വേഷ്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡിനാണ് (2.55) സ്വര്‍ണം.
ദേശീയ റിക്കാര്ഡുകാരനായ സര്‍വേഷ് 2.05 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. മൂന്നാം ശ്രമത്തില്‍ 2.25 മീറ്റര്‍ ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തു. എന്നാല്‍, റൊമെയ്ന്‍ ആദ്യശ്രമത്തില്‍ ഈ ഉയരം ക്ലിയര്‍ ചെയ്തതിന്റെ ആനുകൂല്യത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 2.28 മീറ്റര്‍ ഇരുവര്‍ക്കും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചുമില്ല.
Sports
ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്കം. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി.
ഗെയിംസ് റെക്കോർഡ് തകർത്താണ് താരത്തിന്റെ ഈ ചരിത്ര നേട്ടം. ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 48 കിലോഗ്രാം വിഭാഗം മത്സരത്തിലാണ് മീരാഭായ് ചാനുവിന്റെ സുവർണ നേട്ടം.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ മീരാഭായ് ചാനു നേടുന്ന തുടർച്ചയായ മൂന്നാമത്തെ സ്വർണ മെഡലാണിത് .
Business
ക്ലാസിക്, കണ്ടംപററി, മിനിമൽ, ഹെവി ഇങ്ങനെ ഓരോ കാലത്തും വധുവിന്റെ ആഭരണ ട്രെന്‍ഡുകള്‍ മാറുന്നത് നിമിഷനേരംകൊണ്ടാണ്. വിവാഹവസ്ത്രം, സംസ്കാരം അതിനേക്കാളൊക്കെ വധുവിന്റെ സ്വപ്നത്തിലെ ആഭരണ ഡിസൈനുകളും കൂടി ചേരുമ്പോള്‍ അല്പം കണ്‍ഫ്യൂഷനിലാകും. ജ്വല്ലറി ബിനിസനസ് രംഗത്ത് 40 വർഷംകൊണ്ട് സംതൃപ്തമായ ഉപഭോക്താക്കളെ വളർത്തിയെടുത്ത ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ഭാഗമായ അമേറ സിഗ്നേച്ചര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന ബ്രൈഡല്‍ ഡെസ്റ്റിനേഷനിലേക്കെത്തിയാല് ഈ ആശങ്കയുടെയൊന്നും ആവശ്യമില്ല.
ഓരോ കാലത്തിനും ഓരോ വധുവിനും ആവശ്യമായതൊക്കെയും ഇവിടെയുണ്ട്. കോട്ടയം ശാസ്ത്രി റോഡിലെ അമേറയുടെ സാന്നിധ്യം ഇനി എറണാകുളത്തിനും സ്വന്തമാകുകയാണ്. 26ന് വൈകുന്നേരം 4.30ന് വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപക ഷീല കൊച്ചൗസേപ്പും ഫാഷൻ ഡിസൈനറും അഭിനേതാവുമായ പൂർണിമ ഇന്ദ്രജിത്തും എംജി റോഡിലെ ഷോറൂം ഉദ്ഘാടനം ചെയ്യും. മാറിമാറി വരുന്ന ട്രെന്‍ഡുകളെക്കുറിച്ചും അമേറ എന്തുകൊണ്ട് ഏതൊരു വധുവിന്റെയും ആദ്യ തെരഞ്ഞെടുപ്പാകുന്നുവെന്നും സിഇഒ അമ്പിളി സണ്ണി പറയുന്നു.
ജ്വല്ലറി ബിസിനസ് മേഖലയിലേക്കുള്ള കടന്നുവരവ് ?
ഭര്‍ത്താവ് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ ജ്വല്ലറി ബിസിനസ് മേഖലയിലായിരുന്നതിനാല്‍ സ്വര്‍ണവ്യാപാര മേഖലയുമായുള്ള ബന്ധം വളരാന്‍ ഇടയാക്കി. അദ്ദേഹത്തോടൊപ്പം ജ്വല്ലറി എക്സിബിഷനുകളിലും മറ്റും പങ്കെടുത്തു തുടങ്ങിയപ്പോള്‍ ആഭരണങ്ങളെക്കുറിച്ചും സ്വര്‍ണവ്യാപാര മേഖലയെക്കുറിച്ചും കൂടുതല്‍ അടുത്തറിയാനും അതൊരു പാഷനായി വളരാനും ഇടയാക്കി. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്തമായി ഈ തലമുറയുടെ ട്രെന്‍ഡ് മനസിലാക്കി പുതിയ സ്റ്റൈലും ഡിസൈനും നല്കാന് കഴിയുമെന്ന ആത്മവിശ്വാസം കൂടിയായപ്പോള്‍ ഈ രംഗത്തേക്കെത്തി. അതു സ്വന്തമായി അമേറ സിഗ്നേച്ചര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് (Amaera Signature Gold & Diamond) എന്ന ബ്രാന്‍ഡായി വളര്‍ന്നു.
അമേറയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ഓരോ ആഭരണവും തനതായ വ്യക്തിത്വത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് അമേറയുടെ ഏറ്റവും വലിയ പ്രത്യേകത. അഹമ്മദാബാദ്, ജയ്പുര്‍, കോല്‍ക്കത്ത തുടങ്ങി വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ കരകൗശല വിദഗ്ധരുടെ കരവിരുതാണ് അമേറയുടെ ഓരോ ഡിസൈനിലും പ്രതിഫലിക്കുന്നത്. ഒരൊറ്റ ഇടത്ത് വൈവിധ്യമായ ഡിസൈനര്‍ റോയല്‍ ആന്റിക്, ഡയമണ്ട്, പോള്‍ക്കി ബ്രൈഡല്‍ കളക്ഷന്‍ ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡല്‍ ജ്വല്ലറി ബൂട്ടീക്കാണെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. അമേറയിലെത്തുന്ന ഒരോരുത്തരുടെയും താത്പര്യങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ പ്രത്യേകം വിലമതിക്കുന്നുണ്ട്.
ഓരോ വധുവിന്റെയും ആഗ്രഹങ്ങള്‍ വ്യത്യസ്തമല്ലേ?
തീര്‍ച്ചയായും. ഓരോ വധുവും വ്യത്യസ്തയാണ്. അവരുടെ വ്യക്തിത്വത്തിനും വിവാഹത്തിന്റെ തീമിനും വസ്ത്രധാരണത്തിനും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിപുലമായ ബ്രൈഡല്‍ കളക്ഷനാണ് അമേറ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് മുതല്‍ കണ്ടംപററി വരെയും മിനിമല്‍ മുതല്‍ ഗ്രാന്‍ഡ് ബ്രൈഡല്‍ ലുക്കുകള്‍ വരെയും ഒരൊറ്റ കുടക്കീഴില് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ വധുവിനും അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനത്തെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും അടയാളപ്പെടുത്താന്‍ അവരോടൊപ്പമുണ്ടാകുക എന്നതാണ് ഞങ്ങളുടെ സന്തോഷം. ഓരോ വിവാഹവസ്ത്രത്തിനും അനുയോജ്യമായ എന്നാല്‍ യൂണിക് ആയിട്ടുള്ള ആഭരണങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഒരു വധു അമേറയെ എന്തുകൊണ്ട് തെരഞ്ഞെടുക്കണം?
അമേറ ഒരു ബ്രൈഡല്‍ ഡെസ്റ്റിനേഷനാണ്. ഓരോ വധുവിന്റെയും സ്വപ്നം, വ്യക്തിത്വം, സംസ്കാരം എന്നിവയൊക്കെ മനസിലാക്കിയാണ് ഓരോ ആഭരണവും ഡിസൈന്‍ ചെയ്യുന്നത്. അതുകൊണ്ട് ഏതു ശൈലിയിലുള്ള വിവാഹം സ്വപ്നം കാണുന്ന വധുവിനും അവരുടെ മനസിനിണങ്ങിയ ആഭരണങ്ങള്‍ ഞങ്ങളുടെ വിശാലമായ ആഭരണശേഖരത്തില്‍ ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള മാറിമാറി വരുന്ന വിവിധ വിവാഹരീതികള്ക്കും അഭിരുചികള്‍ക്കും അനുയോജ്യമായ ബ്രൈഡല്‍ ആഭരണങ്ങളാണ് അമേറ ഒരുക്കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് റെഡി സ്റ്റോക്കിനു പ്രാധാന്യം നല്‍കുന്നത്?
ബ്രൈഡല്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അവസാന നിമിഷ തീരുമാനങ്ങളുണ്ടാകും. ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ ചിലപ്പോള്‍ ചെറിയ മാറ്റങ്ങളോ തിരുത്തലുകളോ നിര്‍മാണത്തിനിടയില്‍ ആവശ്യമായി വരാം. എന്നാല്‍ അമേറയില് വിപുലമായ റെഡി സ്റ്റോക്കുള്ളതിനാല്‍ വധുവിന് ആഭരണങ്ങള്‍ ധരിച്ച് നേരിട്ടുകണ്ട്, ഏറ്റവും അനുയോജ്യമായത് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാം. അത് ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
ഡിസൈനിംഗ് ഫിലോസഫി എന്താണ്?
പരമ്പരാഗത ആഭരണങ്ങളുടെ ആത്മാവ് നിലനിര്‍ത്തി അതിനെ ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ കണ്ടംപററി ഡിസൈനുകളാക്കി മാറ്റുകയാണ് ഡിസൈനിംഗ് രീതി. വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പോള്‍കി ഡയമണ്ട്സില്‍ ടൈംലെസ് കളക്ഷന്‍സ് ഒരുക്കുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ട്രെന്‍ഡുകള്‍ മാറിയാലും ക്ലാസിക് എലഗന്‍സ് ഒരിക്കലും പഴകില്ല എന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. ഇന്ത്യന്‍ പാരമ്പര്യത്തിനൊപ്പം യൂറോപ്യന്‍, വെസ്റ്റേണ്‍, മുഗള്‍ ശൈലികളില്നിന്നുമെല്ലാം പ്രചോദനമുള്‍ക്കൊണ്ടുള്ള ഡിസൈനുകളാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അമേറയിലെ ആഭരണങ്ങള്‍ പാരമ്പര്യവും ആധുനികതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.
അമേറ എന്ന പേരില്‍ പ്രതിഫലിക്കുന്നത്?
ഓരോ വധുവും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തില്‍ അവരുടെ വ്യക്തിത്വം പൂര്‍ണതയില്‍ പ്രകാശിപ്പിക്കുക എന്ന ആശയമാണ് അമേറയുടെ അടിത്തറ. അതുകൊണ്ട് അമേറ എന്ന പേര് ഞങ്ങള്‍ക്ക് വെറും ഒരു ബ്രാന്‍ഡ് മാത്രമല്ല. സൗന്ദര്യവും ആത്മവിശ്വാസവും ശാശ്വതമായ എലഗന്‍സും ഒരുമിക്കുന്ന ഒരു അനുഭവമാണ്. കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രൈഡല്‍ ജ്വല്ലറി ഡെസ്റ്റിനേഷനായി അമേറയെ വളര്‍ത്തുക എന്നതാണ് ഞങ്ങളുടെ സ്വപ്നം. ആഭരണം വില്‍ക്കുക മാത്രമല്ല, ഓരോ വധുവിനും ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാവുന്ന അനുഭവം സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ബിസിനസില്‍ കുടുംബത്തിന്റെ പങ്ക്?
ബിസിനസിന്റെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങള്‍ ഭര്‍ത്താവാണ് പ്രധാനമായും നോക്കുന്നത്. എന്റെ ശ്രദ്ധ മുഴുവന്‍ ഓരോ വധുവിനെയും സന്തോഷത്തോടെ യാത്രയാക്കുന്നതിലാണ്. ഒരു വധു കണ്ണാടിയില്‍ നോക്കി സന്തോഷത്തോടെയും സംതൃപ്തിയോടെയും പുഞ്ചിരിക്കുന്നതിലാണ് ഞങ്ങളുടെ വിജയം.
National
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പണവും സ്വർണവും കവർന്നു. സാമൂഹിക പ്രവർത്തകനായ ഹരീഷ് ചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ സായുധ സംഘം ഒൻപത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നത്. വീട്ടിലുള്ളവരുടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകി, കെട്ടിയിട്ടായിരുന്നു കവർച്ച.
വീട്ടിലെത്തിയ അക്രമിസംഘം ഫോണിൽ ഹരീഷ് ചന്ദ്രനെ ബന്ധപ്പെടുകയും ഒരു മീറ്റിംഗിനായി വന്നതാണെന്ന് അറിയിക്കുകയും ചെയ്തു. സ്ഥലത്തില്ലെന്ന് മറുപടി നൽകുന്നതിനിടെ ഹരീഷ് ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫായി.
പിന്നാലെ തങ്ങളെ അകത്തേക്ക് ഇരുത്താനും ചായ നൽകാനും ഹരീഷ് ചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്രമികൾ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും വിശ്വസിപ്പിച്ചു. തുടർന്ന് വീട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി. ബഹളം വച്ചതോടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകിയ ശേഷം കെട്ടിയിട്ടു.
പണവും സ്വർണവും വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡറും കൈക്കലാക്കിയ ശേഷമാണ് സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. അക്രമികൾ പോയതിനു ശേഷം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ചുമാറ്റിയ കുടുംബാംഗങ്ങൾ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Business
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,090 രൂപയിലും പവന് 1,04,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ താഴ്ന്ന് 10,755 രൂപയിലെത്തി.
യുഎസ്- ഇറാൻ യുദ്ധം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വീഴ്ചയുടെ പാതയിലുള്ള സ്വർണവില കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണവില രാജ്യാന്തര വിപണിയിൽ നേരിട്ടത് രണ്ടാഴ്ചത്തെ ഏറ്റവും വലിയ ഇടിവാണ്. ഒരുവേള ഔൺസിന് 3986.54 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില തിരിച്ചുകയറി നിലവിൽ 4017.74 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തരവില താഴേക്കു പോയതിനാൽ കേരളത്തിലും ഇന്നു സ്വർണവില വലിയതോതിൽ ഇടിയുമെന്ന് കരുതിയിരുന്നു. എന്നാൽ, തിരിച്ചുകയറിയതോടെ കേരളത്തിലെ വിലയിടിവ് നേരിയതോതിലേക്ക് ഒതുങ്ങി.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്തു ഹാള്‍മാര്‍ക്ക് എച്ച്യുഐഡി മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങളുടെ വ്യാപക വില്പന നടക്കുന്നുണ്ടെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസറും ആവശ്യപ്പെട്ടു.
ബിഐഎസ് കെയര്‍ ആപ്പില്‍ ആറക്ക ആല്‍ഫാ ന്യൂമറിക് എച്ച്യുഐഡി നമ്പര്‍ പരിശോധിച്ചാല്‍ ഹാള്‍ മാര്‍ക്കിംഗ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കും.
സ്വര്‍ണവില വര്‍ധിച്ചതിനു പിന്നാലെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായത്.സംഭവം കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Business
കൊച്ചി: കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ 18 കാരറ്റ് സ്വര്‍ണത്തിനും ഏകീകൃത വിലനിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം.
18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കു കേരളത്തില്‍ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
യോഗത്തില്‍ ടി.എസ്. കല്യാണരാമന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), കെ. സുരേന്ദ്രന്, അഡ്വ. എസ്. അബ്ദുൾ നാസര്‍ (കെജിഎസ്എംഎ), എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഒ. അഷര്‍ (കെജെഎഫ്) എന്നിവര്‍ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വില്പനയില് കുതിപ്പുണ്ടാകുമെന്നും സ്വര്‍ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍നാസര്‍ അറിയിച്ചു.
Kerala
കൊച്ചി: ജില്ലയില്‍ കോഴിമുട്ടയ്ക്ക് തീ വില. മുമ്പ് 5.50 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിമുട്ടയുടെ ഇപ്പോഴത്തെ ചില്ലറ വില 8.50 രൂപയാണ്.
ഏറെ ആവശ്യക്കാരുള്ള നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപ വരെയെത്തി. തമിഴ്നാട്ടിലെ നാമക്കല്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കൂടുതലായും മുട്ടയെത്തുന്നത്.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തോടൊപ്പം പുഴുങ്ങിയ കോഴിമുട്ട കൂടി ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് മുട്ട ക്ഷാമം നേരിട്ടു തുടങ്ങിയത്.
കോഴിത്തീറ്റയുടെ വിലയിലുണ്ടായ വന്‍വര്‍ധന കോഴിവളര്‍ത്തല്‍ മേഖലയെയും മുട്ട ഉത്പാദനത്തെയും ബാധിച്ചു. നിലവില്‍ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2,300 രൂപ വരെയാണ് വില.
Kerala
ചാലക്കുടി: ഫിനാൻസ് സ്ഥാപനത്തിൽ പണയത്തിലുള്ള സ്വർണം എടുക്കാൻ സാന്പത്തികമായി സഹായിച്ചാൽ സ്വർണം നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി വഞ്ചിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വാടാനപ്പള്ളി പുത്തൻവീട്ടിൽ ഇല്യാസ്(40) ആണു പോലീസിന്റെ പിടിയിലായത്.
2026 മാർച്ച് 11നാണ് ഇയാൾ മാള പൊയ്യ പൂപ്പത്തി സ്വദേശി മണവാളൻവീട്ടിൽ ബിനോജ് പോളിനെ തട്ടിപ്പിനിരയാക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ച തന്റെ 28 ഗ്രാം സ്വർണം തിരിച്ചെടുക്കാൻ പണം നൽകിയാൽ, ആ സ്വർണം ബിനോജിനുതന്നെ വിൽക്കാമെന്ന് ഇയാൾ ഉറപ്പുനൽകി.
ഇതു വിശ്വസിച്ച് 3,21,000 രൂപ ബിനോജ് പ്രതിക്കു കൈമാറി. എന്നാൽ, സ്വർണത്തിനു പകരം മുക്കുപണ്ടത്തിന്റെ ഒരു മാലയും കൈചെയിനും ബിനോജിനു നൽകി പണവുമായി ഇല്യാസ് മുങ്ങുകയായിരുന്നു.
കേരളത്തിലുടനീളം ജ്വല്ലറികളും ഫിനാൻസ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുള്ള ഇല്യാസ്, 18 തട്ടിപ്പുകേസുകളിലും രണ്ടു മോഷണക്കേസുകളിലും അടക്കം ഇരുപതു കേസുകളിൽ പ്രതിയാണ്. വാടാനപ്പിള്ളി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.
ജ്വല്ലറി, ഫിനാൻസ് ഉടമകൾചേർന്ന് രൂപവത്കരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇല്യാസിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇല്യാസ് മൂവാറ്റുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിൽ പണയംവച്ച സ്വർണം എടുക്കാനായി മുക്കുപണ്ടവുമായി എത്തിയപ്പോൾ ഉടമ തിരിച്ചറിയുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
Kerala
മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം കാണാതായ സംഭവത്തിൽ എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. സ്വർണം കൊണ്ടുപോയത് മുൻ എസ്എച്ച്ഒ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നും റിപ്പോർട്ടിലുണ്ട്. വിവിധ കാലയളവുകളിലായി കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങള്‍ പോലീസ് സ്റ്റേഷന്റെ കസ്റ്റഡിയില്‍ നിന്ന് നഷ്ടപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
Kerala
കൊച്ചി: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികളുടെ നവീകരണ ജോലികള്‍ക്കിടെ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പോലുള്ള മൂല്യം കുറഞ്ഞ ലോഹങ്ങള്‍ സ്ഥാപിച്ചെന്ന പരാതിയില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി.
എ.ജി. പ്രസാദ് കുമാര്‍ എന്ന ഭക്തന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഏഴരപ്പൊന്നാന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ടു പരിശോധിക്കാനും സ്വര്‍ണത്തിന്റെ തൂക്കവും നിലവാരവും മറ്റും ഉറപ്പുവരുത്താന്‍ സ്വര്‍ണപ്പണിക്കാരന്റെ സേവനം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്.
ക്രമക്കേട് നടന്നതിനു രേഖകളില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും അസി. ദേവസ്വം കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. ഇത് അവിശ്വസിക്കേണ്ട സാഹചര്യമില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ജൂലൈ 31ന് പരിഗണിക്കാന്‍ മാറ്റി.
Kerala
ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി മധ്യവയസ്കന്റെ കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കുന്നപ്പുഴ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (നാസർ 52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്റെ ചീട്ട് അയച്ചുനൽകി വിശ്വസിപ്പിച്ചു. ആലപ്പുഴയിൽനിന്നും സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന് പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് ഭാഗത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിർത്തിച്ചശേഷം നാസറിന്റെ കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്റെ മുന്നിലിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു.
ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച പോലീസ് മതുക്കൽ ജങ്കാറിന് സമീപത്തുവച്ച് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്.
Kerala
മലപ്പുറം: കസ്റ്റംസിനെ വെട്ടിലാക്കി സ്വർണക്കടത്തിനിടെ പിടിയിലായ പ്രതിയുടെ മൊഴി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്നാണ് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം മൊഴി നൽകിയത്
വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കസ്റ്റംസിന്റെ പിടിവീഴില്ലെന്ന് കൊടുത്തു വിട്ടവർ ഉറപ്പ് നൽകിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം എയർപോർട്ടിന് പുറത്തെത്തിച്ച ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി.
Business
മൂന്നു മാസത്തിലേറെ നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് യുഎസും ഇറാനും സമാധാന കരാറിലെത്തി. ഇതേത്തുടർന്ന് നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ പുനർമൂല്യനിർണയം ചെയ്യുകയാണ്. ക്രൂഡ് ഓയിൽ വിതരണം മെച്ചപ്പെടുമെന്ന പ്രതീക്ഷയും കുറഞ്ഞ ഉൗർജ വിലയും ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന സന്പദ്വ്യവസ്ഥകളുടെ ഭാവിസാധ്യതകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
സ്വർണം, വെള്ളി തുടങ്ങിയ പരന്പരാഗത സുരക്ഷിത നിക്ഷേപങ്ങളിൽ തന്നെ തുടരണോ, അതോ മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരി വിപണിയിലേക്ക് മൂലധനം മാറ്റണോ എന്ന് നിക്ഷേപകർ ആലോചിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിനെത്തുടർന്ന് ഈ മാസം സ്വർണം, വെള്ളി വിലകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) കണക്കുകൾ പ്രകാരം ജൂണ്‍ ഒന്നിലെ 1,54,9008 രൂപയിൽനിന്ന് ജൂണ്‍ 19 ആയപ്പോഴേക്കും സ്വർണ വില 10 ഗ്രാമിന് 10070 രൂപ (6.50%) കുറഞ്ഞ് 1,44,938 രൂപയായി താഴേക്കു പതിച്ചു. ഇതേ കാലയളവിൽ വെള്ളി വിലയിൽ കിലോഗ്രാമിന് 30448 രൂപയുടെ (11.56%) ഇടിവുണ്ടായി. ജൂണ്‍ ഒന്നിലെ 2,63,458 രൂപയിൽനിന്നും ജൂണ്‍ 19ന് 2,33,010 രൂപയിലെത്തി.
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒന്നരവർഷമായി സ്വർണത്തിലും വെള്ളിയിലും ഉണ്ടായ റിക്കാർഡ് വിലക്കയറ്റത്തിൽ ആകൃഷ്ടരായി നിക്ഷേപം നടത്തിയ പലരും ഇപ്പോൾ നഷ്ടം സഹിച്ചു പുറത്തുപോകണോ അതോ വില തിരിച്ചുകയറുന്നതുവരെ കാത്തിരുന്ന് ലാഭമെടുക്കണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
►ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സ്വർണം സുരക്ഷിതം
സ്വർണത്തിന്റെ മുന്നേറ്റത്തിനു വേഗത കുറഞ്ഞേക്കാം, എങ്കിലും ആസ്തി സുരക്ഷിതമാക്കാൻ അത് ഇപ്പോഴും പ്രധാനമാണ്. 2025-ലും 2026-ന്റെ തുടക്കത്തിലും ഉണ്ടായ ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒന്നാണ് സ്വർണം. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും, നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സാന്പത്തിക അനിശ്ചിതാവസ്ഥയും നിക്ഷേപകരെ പരന്പരാഗത സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിച്ചു.
സ്വർണവില ഉയർന്നുകൊണ്ടിരുന്നപ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ പണം വകയിരുത്തി. സ്വർണവില ഏറ്റവും ഉയർന്ന നിലയിലായിരുന്ന 2026 ജനുവരിയിൽ, സ്വർണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) 24,040 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ മറികടന്നു. നിക്ഷേപകർ സമീപകാലത്തെ മികച്ച പ്രകടനം ഭാവിയിലും തുടരുമെന്ന് അനുമാനിക്കുകയായിരുന്നു. എന്നാൽ, ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുകയും സ്വർണവില മിതപ്പെടുകയും ചെയ്തതോടെ, നിക്ഷേപകരുടെ താത്പര്യം കുറയാൻ തുടങ്ങിയിട്ടുണ്ട്. 2026 മേയ് മാസത്തിൽ സ്വർണ ഇടിഎഫുകളിൽ നിന്ന് 725 കോടി രൂപയുടെ പിൻവലിക്കൽ രേഖപ്പെടുത്തി, കഴിഞ്ഞ 13 മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നിക്ഷേപ ചേർച്ചയാണിത്.
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നത് സാധാരണയായി സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള ഡിമാൻഡ് കുറയ്ക്കാറുണ്ടെങ്കിലും, വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരം വൈവിധ്യവത്കരണം, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ എന്നിവ സ്വർണത്തിന് തുടർന്നും പിന്തുണ നൽകുന്നുണ്ടെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സമീപകാലത്തെ വിലയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നത്, നിക്ഷേപകർ സ്വർണത്തെ ഒരു താത്കാലിക പ്രതിസന്ധി ഘട്ടത്തിലെ ആസ്തിയായി മാത്രമല്ല, മറിച്ച് തങ്ങളുടെ മൊത്തം നിക്ഷേപത്തെ ദീർഘകാലത്തേക്ക് സംരക്ഷിച്ചു നിർത്തുന്ന ഒരു സുരക്ഷിത കവച (പോർട്ട്ഫോളിയോ ഹെഡ്ജ്) മായിക്കൂടിയാണ് കാണുന്നത്.
വിപണിയിലെ ഹ്രസ്വകാല ചലനങ്ങൾ കണക്കിലെടുക്കാതെ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിൽ തന്ത്രപരമായ ഒരു വിഹിതം നിലനിർത്തണം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
►വെള്ളി തുടർന്നും ആകർഷകമായേക്കും
2025-ൽ സ്വർണത്തെപ്പോലെ തന്നെ വെള്ളിയും വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ വർഷം വെള്ളിയും സ്വർണം സഞ്ചരിച്ച പാത തന്നെയാണ് പിന്തുടർന്നത്. ആ വർഷം വിലയിൽ ഏകദേശം 150% വർധന രേഖപ്പെടുത്തി. റിട്ടേണ്‍ വേഗത്തിലായതോടെ നിക്ഷേപകർ സിൽവർ ഇടിഎഫുകളിലേക്ക് പണം ഒഴുക്കി, 2026 ജനുവരിയിൽ മാത്രം 9,463 കോടി രൂപയാണ് ഇതിലേക്ക് എത്തിയത്. പിന്നീട് വിലയിൽ തിരുത്തലുകൾ വരികയും വിപണിയുടെ വേഗത കുറയുകയും ചെയ്തതോടെ നിക്ഷേപകരുടെ താത്പര്യവും കുറയാൻ തുടങ്ങി.
വെള്ളിയുടെ നിക്ഷേപ സാധ്യതകൾ സ്വർണത്തിൽനിന്ന് വ്യത്യസ്തമാണ്. സ്വർണം പ്രധാനമായും ഒരു സുരക്ഷിത നിക്ഷേപമായി പ്രവർത്തിക്കുന്പോൾ, വെള്ളിക്ക് നിക്ഷേപ ഡിമാൻഡും ഒപ്പം വ്യവസായ മേഖലകളിൽ നിന്നുള്ള ഉപയോഗവും ഒരേപോലെ ഗുണം ചെയ്യുന്നു.
ഈ ഇരട്ട സ്വഭാവം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മാറുന്പോൾ വെള്ളിയെ നിക്ഷേപകർക്ക് ആകർഷകമാക്കാൻ സഹായിക്കും. വെള്ളി മറ്റ് ആസ്തികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചേക്കാമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ആഗോള സാന്പത്തിക വളർച്ച മെച്ചപ്പെടുകയാണെങ്കിൽ നിർമാണം, പുനരുപയോഗ ഉൗർജം, ഇലക്ട്രോണിക്സ്, മറ്റ് വ്യവസായ മേഖലകൾ എന്നിവയിൽ നിന്നുള്ള ഡിമാൻഡ് വെള്ളിയുടെ വിലയെ പിന്തുണയ്ക്കും.
അതേസമയം, സ്വർണത്തേക്കാൾ വളരെ കൂടുതൽ അസ്ഥിരതയുള്ളതാണ് വെള്ളി എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
►ഓഹരിവിപണി മികച്ച പ്രകടനം കാഴ്ചവച്ചേക്കും
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നതോടെ ഓഹരിവിപണി കൂടുതൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് ഭൂരിഭാഗം വിദഗ്ധരും സമ്മതിക്കുന്നു.
കുറഞ്ഞ ക്രൂഡ് ഓയിൽ വില നാണയപ്പെരുപ്പത്തിന്റെ സമ്മർദം കുറയ്ക്കുകയും കോർപറേറ്റ് ലാഭക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്തൃ ചെലവഴിക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഓഹരി വിപണിക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ആഭ്യന്തര ഉപഭോഗം, ബാങ്കിംഗ്, വ്യവസായം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലേക്ക് നിക്ഷേപകർക്ക് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
സമീപകാലത്തെ ഫണ്ട് ഒഴുക്കിന്റെ പ്രവണതകൾ നിക്ഷേപകരുടെ താല്പര്യങ്ങളിൽ വന്ന മാറ്റം ഇതിനകംതന്നെ സൂചിപ്പിക്കുന്നുണ്ട്. വളർച്ചാ ആസ്തികളിലേക്ക് പണം തിരികെ വരാൻ തുടങ്ങിയിരിക്കുന്നു. മേയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് 22,908 കോടി രൂപയുടെ അറ്റ നിക്ഷേപം എത്തി, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 20 % കൂടുതലാണ്.
ഇന്ത്യൻ ഓഹരികളുടെ മൂല്യനിർണയങ്ങളിൽ തിരുത്തലുകൾ ഉണ്ടായതിനാൽ, കഴിഞ്ഞ ഒരു വർഷമായി മോശം റിട്ടേണ്‍ നൽകിയിട്ടും വിപണിയിലേക്ക് പ്രവേശിക്കാൻ നിക്ഷേപകർ കാത്തിരിക്കുകയായിരുന്നു. കാരണം ഇക്വിറ്റി ഇപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സന്പത്ത് സൃഷ്ടിക്കാനുള്ള മാർഗമായി തന്നെയാണ് കാണപ്പെടുന്നതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
►നിക്ഷേപകർ ചെയ്യേണ്ടത്
ഭൗരാഷ്ട്രീയ ആശങ്കകൾ കുറയുന്നതിനനുസരിച്ച് നിങ്ങൾക്ക് സ്വർണം, വെള്ളി എന്നിവയിൽ നിന്ന് ഇക്വിറ്റികളിലേക്ക് നിക്ഷേപം മാറ്റാമെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനം മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒരു പ്രത്യേക സമയത്ത് ഏത് ആസ്തിയാണോ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്നത്, അതിലേക്ക് നിക്ഷേപകർ കൂട്ടമായി പോകുന്ന പ്രവണതയുണ്ട്. ഏറ്റവും കൂടുതൽ മുന്നേറ്റം കാണിക്കുന്ന ആസ്തികളിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ 1990 മുതലുള്ള 10 വർഷത്തെ റോളിംഗ് പിരീഡുകളിലെ ദീർഘകാല ഡാറ്റ പരിശോധിച്ചാൽ, ഇക്വിറ്റി തന്നെയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും വലിയ സന്പത്ത് സൃഷ്ടിക്കുന്നത് എന്ന് കാണാം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്പോൾ ഇക്വിറ്റികൾക്ക് മുൻഗണന നൽകാം എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ പൊതുവായ യോജിപ്പുണ്ട്. സ്വർണം ഒരു പോർട്ട്ഫോളിയോ ഹെഡ്ജ് ആയും സന്പത്ത് സംരക്ഷണ മാർഗമായും തുടർന്നും പ്രവർത്തിക്കും, അതേസമയം വെള്ളിക്ക് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡ് ഗുണം ചെയ്യുമെങ്കിലും അത് താരതമ്യേന അസ്ഥിരമായ ഒരു ആസ്തിയായി തുടരും.
അവസാനപാദത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ക്രമേണ ഉയരുമെന്നും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് എങ്കിലും ഇവ വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിപണി വിദഗ്ധരുമുണ്ട്.
ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സമീപകാലത്തെ താതകാലിക പ്രകടനങ്ങൾക്ക് പിന്നാലെ പോകാതെ, അച്ചടക്കത്തോടെ വിവിധ നിക്ഷേപവിഭാഗങ്ങളിലേക്ക് പണം വിഭജനം പിന്തുടരുന്നതാണ് ഏറ്റവും അനുയോജ്യമായ തന്ത്രം.
Kerala
പമ്പാ: ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസർക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. മുൻപ് രണ്ടുതവണയായി എസ്ഐടി ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലകശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് സാമ്പിൾ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകൾ മുറിച്ചെടുത്തില്ല.
1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വർണം പൂശാൻ ഇളക്കിയിരുന്നില്ല. ഈവർഷങ്ങളിൽ സ്വർണം പൂശിയ ഭാഗങ്ങളിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ, ഇപ്പോഴത്തെ ഭാരമളക്കൽ സഹായകമാകും.
സ്വർണക്കൊള്ളക്കേസിന്റെ അന്തിമറിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലെറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്.
വിമാന എഞ്ചിനിയർമാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ടോയ്ലെറ്റ് സ്പീക്കർ ബോക്സ് തുറന്ന് പരിശോധിച്ചത്. കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പായ്ക്കറ്റുകളിൽ നിന്നാണ് 24 വിദേശ നിർമിത 24 കാരറ്റ് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. 2799.3 ഗ്രാം (2.8 കിലോ) വരുന്ന സ്വർണമാണ് കണ്ടെത്തിയത്.
സ്വർണത്തിനവകാശവാദമുന്നയിച്ച് യാത്രക്കാരോ ക്രൂ അംഗങ്ങളോ മുമ്പോട്ട് വരാത്ത സാഹചര്യത്തിൽ കസ്റ്റംസ് നിയമപ്രകാരം ഇവ അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കും. സംഭവത്തിൽ വിശദാന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഉയർന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,665 രൂപയിലും പവന് 1,09,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 11,230 രൂപയിലെത്തി.
മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം വെള്ളിയാഴ്ച സ്വർണവില കുതിച്ചിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 5,520 രൂപയോളം കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഇന്ന് ഔൺസിന് 112.88 ഡോളർ വർധിച്ച് 4210.9 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസും ഇറാനും തമ്മിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പ്രധാന ആവേശം
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും.
2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിംഗ് സാൾട്ട്' ഉപയോഗിച്ച് വേർതിരിച്ചെടുത്തു. പ്രത്യേക തരം രാസമിശ്രിതമാണ് ഇത്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂർ എന്‍എംഎലിലെ റിപ്പോർട്ട് അന്വേഷണത്തിൽ നിർണായക സഹായം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
Sports
റാഞ്ചി: 29-ാമത് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ഫെഡറേഷന് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കെ.എ. അനാമികയ്ക്കു സ്വര്‍ണം.
വനിതകളുടെ ഹെപ്റ്റാത്തലണില്‍ 5685 പോയിന്റ് നേടിയാണ് പാലക്കാട് കോട്ടായി സ്വദേശി അനാമിക സ്വര്‍ണം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 200 മീറ്ററില്‍ കേരളത്തിന്റെ പി.കെ. ജിഷ്ണു പ്രസാദ് വെള്ളി നേടി. 20.98 സെക്കന്‍ഡിലാണ് ജിഷ്ണു ഫിനിഷ് ചെയ്തത്. ഒഡീഷയുടെ അനിമേഷ് കുജൂറിനാണ് (20.64) സ്വര്‍ണം.
പുരുഷ വിഭാഗം ട്രിപ്പിള്‍ജംപില്‍ എയര്‍ ഫോഴ്സിന്റെ മലയാളിതാരം അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. 16.63 ക്ലിയര്‍ ചെയ്താണ് അബ്ദുള്ള വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തമിഴ്നാട് സ്വദേശിയായ പ്രവീണ്‍ ചിത്രവേലിനാണ് (17.08) സ്വര്‍ണം. പ്രവീണ്‍ കോമണ്‍വെല്‍ത്ത് യോഗ്യതയും സ്വന്തമാക്കി.
Business
കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം. രാവിലെ കത്തിക്കയറിയ വില ഉച്ചയോടെ തിരിച്ചിറങ്ങി. രാവിലെ ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 15,390 രൂപയിലും പവന് 1,23,120 രൂപയിലും എത്തിയിരുന്നു.
ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്നലെ രാവിലെ സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഉച്ചയോടെ രണ്ടു തവണയായി വില കുറഞ്ഞു.
ആദ്യം ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 14,890 രൂപയിലും പവന് 1,19,120 രൂപയിലുമെത്തിയ സ്വര്‍ണവില വീണ്ടും കുറയുകയാണുണ്ടായത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ് നിലവില്‍ ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തില്‍നിന്ന് 15 ശതമാനം ആയി വര്‍ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വര്‍ധിക്കുന്നതിന് ഇതു കാരണമാകുമെന്നു കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത്. ആറ് ശതമാനം ഇറക്കുമതി ചുങ്കം നിലനില്ക്കുമ്പോള് 800 ടണ്ണില്‍ താഴെയാണ് ഇറക്കുമതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നാല്‍ 20 ലക്ഷം രൂപയ്ക്കു മുകളില്‍ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വര്‍ണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാല്‍ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കോഴിക്കോട്: സ്വര്‍ണം വാങ്ങുന്നതു നിരുത്സാഹപ്പെടുത്തുന്നതിനു പകരം രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിനു സാധ്യമാകുന്ന വിധം ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി ഗോള്‍ഡ് ബാങ്ക് രൂപവത്കരിക്കണം.
ജനങ്ങളില്‍നിന്ന് പണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്കുന്ന മാതൃകയില്‍ സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്കുന്ന പദ്ധതി രൂപവത്കരിക്കണം. ഇത്തരത്തില്‍ സ്വീകരിക്കുന്ന സ്വര്‍ണം സ്വര്‍ണ വ്യാപാരികള്‍ക്കടക്കം ലഭ്യമാക്കണം. ഇതുവഴി രാജ്യത്തെ സ്വര്‍ണശേഖരം ഇവിടുത്തെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്പെടുത്താന്‍ കഴിയും.
ഇങ്ങനെ ചെയ്താല്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണയ ചെലവ് കുറയ്ക്കാനും കഴിയുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ ഖനനം ചെയ്യപ്പെട്ട ആകെ സ്വര്‍ണം ഏകദേശം 2,19,890 ടണ്‍ ആണ്. അതില്‍ ഏകദേശം 25,000 മുതല്‍ 30,000 ടണ്‍ വരെ സ്വര്‍ണം ഇന്ത്യയിലെ കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുണ്ടെന്നാണു കണക്കെന്ന്
ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത് ലോക സ്വര്‍ണശേഖരത്തിന്റെ ഏകദേശം 15 ശതമാനം വരും. ഇന്ത്യയിലെ സ്വര്‍ണശേഖരം കൃത്യമായി ഉപയോഗിച്ചാല്‍ സ്വര്‍ണം ഇറക്കുമതി പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അരുണ്‍ മല്ലര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു.
സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.
എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
National
ബംഗളൂരു: ബന്ധുവിന്റെ വിവാഹത്തിൽ വസ്ത്രങ്ങൾ വാങ്ങാൻ കടയിൽ പോയ യുവതിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. മന്ത്രാലയ സ്വദേശിനി ചന്ദ്രികയുടെ സ്വർണവും പണവുമാണ് ചിക്കപേട്ട് മാർക്കറ്റിൽ വച്ച് നഷ്ടപ്പെട്ടത്.
സംഭവം നടക്കുന്പോൾ ചന്ദ്രികക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മാർക്കറ്റിലെ തിരക്കും മോഷണ സാധ്യതയും മുന്നിൽ കണ്ട് ചന്ദ്രിക ധരിച്ചിരുന്ന സ്വർണാഭരങ്ങൾ അഴിച്ച് 20,000 രൂപയോടൊപ്പം ബാഗിനുള്ളിലെ പേഴ്സിൽ സൂക്ഷിച്ചു.
അവന്യൂ റോഡിന് സമീപം നടന്നുപോകുന്പോൾ ഒരു കൂട്ടം യുവാക്കൾ ചന്ദ്രികയുടെ അരികിലെത്തി തിരക്കുണ്ടാക്കുകയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് മുറിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 20,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ് സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയാണ് അറസ്റ്റിലായത്.
ശ്രുതിയുടെ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വെച്ചതിനും ലിന്റോയ്ക്ക് എതിരെയും പോലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Business
കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തു നടന്നത് ഏകദേശം 2,000 കോടി രൂപയുടെ സ്വർണവ്യാപാരം.
ഞായറാഴ്ചയായിരുന്നു അക്ഷയ തൃതീയ. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളിൽ ഭേദപ്പെട്ട വ്യാപാരം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്വർണത്തിന്റെ വിലവർധന, യുദ്ധസാഹചര്യങ്ങൾ, സാമ്പത്തികമാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളെല്ലാം മറികടന്ന് മൂന്നു ലക്ഷത്തോളം ഉപഭോക്താക്കൾ സ്വർണ വ്യാപാരശാലകളിലേക്ക് എത്തിയതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസർ പറഞ്ഞു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും കോയിനുകളും ബാറുകളുമാണ് കൂടുതലായി വിറ്റുപോയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണവിലയിൽ 250 ശതമാനത്തോളം വിലവർധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞവർഷം അക്ഷയതൃതീയയ്ക്കു വാങ്ങിയതിനേക്കാൾ 60 ശതമാനത്തോളം ലാഭമാണ് സ്വർണത്തിൽനിന്നും ഇത്തവണ ലഭിച്ചത്.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റിക്കാര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Kerala
പരവൂർ: ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമത്. രാജ്യത്തെ ആകെ സ്വർണ ഉപഭോഗത്തിന്റെ 30 ശതമാനത്തോളം കേരളത്തിലാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ കേരളത്തിന് തൊട്ടുപിന്നാലെയുള്ളത്. രാജ്യത്തെ വീടുകളിലുള്ള ആകെ സ്വർണശേഖരത്തിന്റെ മൂല്യം കേട്ടാൽ അമ്പരക്കും വിധം ഉയരത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 445 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ളത്.
ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (ജിഡിപി) 125 ശതമാനം അധികമാണ്. 324 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ നിലവിലെ ജിഡിപി. ഓഹരി വിപണിയിലെ കമ്പനികളുടെ ആകെ വിപണി മൂല്യമായ 460 ലക്ഷം കോടിയോട് ഏകദേശം തുല്യമായ നിലയിലാണ് ഇന്ത്യൻ കുടുംബങ്ങളുടെ ഈ സ്വർണ സമ്പാദ്യം.
ബാങ്ക് നിക്ഷേപം, ഭൂമി, കെട്ടിടം തുടങ്ങിയ മറ്റ് സമ്പാദ്യ രൂപങ്ങളേക്കാൾ ഇന്ത്യക്കാർക്ക് പ്രിയം സ്വർണത്തോടാണെന്ന് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കുടുംബങ്ങളുടെ ആകെ സമ്പത്തിന്റെ 65 ശതമാനവും ഇപ്പോൾ സ്വർണരൂപത്തിലാണ്. ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യങ്ങളുടെയും മൊത്തം മൂല്യത്തിന്റെ 175 ശതമാനത്തോളമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായാണ് വർധിച്ചത്. അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇത് നാലിരട്ടിയിലധികം വർധിച്ചു. 2019 മാർച്ചിൽ 109 ലക്ഷം കോടിയായിരുന്ന മൂല്യമാണ് 2026 ജനുവരിയിൽ 445 ലക്ഷം കോടിയായി ഉയർന്നത്.
സമ്പാദ്യം മുഴുവൻ സ്വർണമാക്കി മാറ്റുന്നത് രാജ്യത്തിന്റെ സൂക്ഷ്മ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വർണത്തിന്റെ ആവശ്യം വർധിക്കുന്നതിനനുസരിച്ച് ഇറക്കുമതി കൂട്ടേണ്ടി വരുന്നത് വിദേശനാണ്യ കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കും. ഉത്പാദനപരമായ മേഖലകളിൽ നിക്ഷേപിക്കപ്പെടേണ്ട മൂല്യം മരവിച്ചു കിടക്കുന്നത് സമ്പദ്ഘടനയുടെ ചലനാത്മകതയ്ക്ക് തടസമാകുമെന്നും കൊട്ടക് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
Kerala
പത്തനംതിട്ട: പ്രകടന പത്രികയിലോ പ്രോഗ്രസ് റിപ്പോര്‍ട്ടിലോ ശബരിമല വിഷയത്തെക്കുറിച്ച് എല്‍ഡിഎഫ് നിശബ്ദത പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. സ്വര്‍ണം കൊള്ളയടിച്ച ആളുകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ്. പാര്‍ട്ടി തലതലത്തില്‍ നടപടി സ്വീകരിക്കാതിരിക്കുന്നതും സംശയങ്ങള്‍ക്ക് ഇട നല്കുന്നു. യുവതി പ്രവേശനത്തെ സംബന്ധിച്ച നിലപാടും അവ്യക്തമാണ്.
ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ മൗനം ഭക്തജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ശബരിമലയിലെ സ്വര്‍ണം കവര്‍ന്നവരെ സംബന്ധിച്ച് ഒരു വാക്കുപോലും പറയുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ നടന്ന വന്‍ കൊള്ളയ്ക്ക് നേതൃത്വം കൊടുത്തവരെ സംരക്ഷിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയ്ക്കു സമാനമായി സംസ്ഥാനത്തെ മറ്റു ദേവസ്വം ബോർഡുകളുടെ അധീനതയിലുള്ള പ്രധാന ക്ഷേത്രങ്ങളിലും സ്വർണം നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുള്ള് ദേവീ ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്വർണം കാണാതായത്.
കൊച്ചി ദേവസ്വം ബോർഡിന്റെ തൃശൂർ ഗ്രൂപ്പായ പഴുവം ദേവസ്വത്തിന് കീഴിലുള്ള പുള്ള് ദേവി ക്ഷേത്രത്തിൽ 5 പവൻ 500 മില്ലിഗ്രാം തൂക്കം വരുന്ന ഏഴ് സ്വർണമാലകളാണ് നഷ്ടമായത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ മകുടത്തിൽനിന്നും 663 മില്ലിഗ്രാം, ശ്രീവരാഹം ക്ഷേത്രത്തിലെ പൈതൃക മൂല്യമുള്ള 7.750 ഗ്രാം തുക്കമുള്ള രണ്ടു മാലകൾ എന്നിവയും നഷ്ടമായി.
പൈതൃക മൂല്ല്യമുള്ളവയായതിനാൽ തൂക്കത്തിനപ്പുറം വൻ വില മതിക്കുന്നവയാണ് ഇവ. മിക്ക ദേവസ്വം ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന തിരുവാഭരണ രജിസ്റ്റർ ഇല്ലെന്നും മറുപടിയിൽ പറയുന്നു.
പുള്ള് ദേവീ ക്ഷേത്രത്തിൽ 2014 മേയ് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് സ്വർണം നഷ്ടമായത്. കൊച്ചി സ്വദേശിയായ കെ. ഗോവിന്ദൻ നന്പൂതിരിക്ക് കൊച്ചി ദേവസ്വം തൃശൂർ ഗ്രൂപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ രേഖയിലാണ് സ്വർണം നഷ്ടമായ വിവരമുള്ളത്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ രജിസ്റ്ററിൽ മകുടത്തിന്റെ ഭാരം 954.663 ഗ്രാം എന്നാണ് രേഖപെടുത്തിയത്. സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മകുടത്തിന്റെ തൂക്കം 954 ഗ്രാം മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല വികനസനത്തിനായി സ്വദേശ് ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 46.53 കോടി രൂപയിൽ ചെലവഴിച്ചത് 36.27 കോടി മാത്രമാണ്. സ്വദേശ് ദർശൻ പദ്ധതിയിൽ ഒന്നാംഘട്ടത്തിന് ആദ്യം 100 കോടി രൂപ അനുവദിച്ചെങ്കിലും അതിന് എസ്റ്റിമേറ്റ് തയാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസി വരുത്തിയ പിഴവുകൾ നിമിത്തം 46.53 കോടി രൂപയുടെ പദ്ധതിയെ നടപ്പാക്കാൻ കഴിയുമായിരുന്നുള്ളൂ.
അതിൽ 36.27 കോടി രൂപ മാത്രമേ ചെലവഴിച്ചുള്ളൂ എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
Business
സ്വർണം, വെള്ളിപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് നാളെ മുതൽ പൂർണ തോതിൽ നിലവിൽ വരും.
ആഗോള സാന്പത്തിക അനിശ്ചിതാവസ്ഥയും സ്വർണവിലയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത് പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ആറുമാസം സമയം നീട്ടി നൽകണമെന്ന് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കന്പനീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വലിയ തുകയുടെ വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം നിശ്ചയിച്ചു. ബുള്ളറ്റ് (ഒറ്റത്തവണയായി മുതലും പലിശയും അടക്കമുള്ള ) തിരിച്ചടവ് വ്യവസ്ഥകൾ കർശനമാക്കി.
വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകുന്നതിനും ഇതിനു താമസമുണ്ടായാൽ പിഴ ഈടാക്കാനും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. സ്വർണ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പ (ലോണ്‍ ടു വാല്യു) അനുവദിക്കാമെന്ന കാര്യത്തിലും ആർബിഐ നിർദേശമുണ്ട്.
ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പ ലഭിക്കും. എന്നാൽ, മൂല്യം കണക്കാക്കുന്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുന്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുന്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകും. ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വ്യവസ്ഥ ബാധകമാണ്.
പുതിയ മാറ്റങ്ങൾ
► 2.5 ലക്ഷം രൂപയിൽ താഴെ വരെ ക്രെഡിറ്റ് പരിശോധന ആവശ്യമില്ല: വ്യക്തിയുടെ തിരിച്ചടവുശേഷി അടക്കമുള്ള കാര്യങ്ങളിൽ ധനകാര്യസ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിലും 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് ഇളവ്.
► വായ്പ: സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ് നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ മാത്രമേ വായ്പയായി നല്‍കാവൂ എന്നതായിരുന്നു കരട് മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ, പിന്നീടിത് 2.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനവും 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അഞ്ചു ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയും അനുവദിക്കും.
► തിരിച്ചടവ്: ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. വായ്പയെടുക്കുന്നവർ 12 മാസത്തിനുള്ളിൽ മുതലും പലിശയും നിർബന്ധമായും തിരിച്ചടച്ച് പണയവസ്തു എടുക്കണം. മുന്‍പു ചെയ്തിരുന്നതുപോലെ പലിശ മാത്രം അടച്ച് വായ്പ പുതുക്കി വയ്ക്കാൻ ഇനി കഴിയില്ല. 12 മാസത്തിനുള്ളിൽ മുതലും പലിശയും മുഴുവനായും തിരിച്ചടയ്ക്കണം.
► സ്വർണവും വെള്ളിയും: പരമാവധി ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും 10 കിലോഗ്രാം വരെ വെള്ളി ആഭരണങ്ങളും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാവൂ. സ്വർണനാണയമാണെങ്കിൽ 50 ഗ്രാമും വെള്ളിനാണയമാണെങ്കിൽ 500 ഗ്രാമുമാണ് പരിധി.
► സത്യവാങ്മൂലം നൽകണം: പണയം വയ്ക്കുന്നവർ പണയവസ്തുക്കൾ സ്വന്തമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
► പിഴ: പണയത്തുക തിരിച്ചടച്ചാൽ അന്നേ ദിവസമോ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലോ പണയംവച്ച സ്വർണം തിരികെ നൽകണം. ഇതിൽ വീഴ്ചവരുത്തുന്ന ബാങ്കുകൾ പ്രതിദിനം 5,000 രൂപ വീതം പിഴ നൽകേണ്ടി വരും.
► മൂല്യ നിർണയം: മുൻദിവസത്തെ സ്വർണത്തിന്റെയോ വെള്ളിയുടെയോ ക്ലോസിംഗ് വിലയോ മുപ്പത് ദിവസത്തെ ശരാശരിയോ അടിസ്ഥാനമാക്കി വേണം മൂല്യം നിശ്ചയിക്കാൻ. സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യം മാത്രമേ വായ്പയ്ക്കായി പരിഗണിക്കൂ. കല്ലുകൾ, രത്നങ്ങൾ എന്നിവ ഒഴിവാക്കും.
► വായ്പകൾ കിട്ടാത്തവ: ആഭണങ്ങൾ, നാണയങ്ങൾ ഒഴികെയുള്ള അസംസ്കൃത സ്വർണം, വെള്ളി കട്ടികളോ പണയം വയ്ക്കാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട സാന്പത്തിക ആസ്തികളായ ഇടിഎഫ്, മ്യൂച്ചൽ ഫണ്ട് എന്നിവയ്ക്ക് വായ്പ നൽകാൻ അനുവാദമില്ല.
► പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബാങ്ക് ശാഖകളും ഒരേ രീതിയിലുള്ള മാനദണ്ഡങ്ങൾ പാലിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം. സ്വർണത്തിന്റെയോ വെള്ളിയുടെയോ മൂല്യം പരിശോധിക്കുന്ന സമയത്ത് വായ്പ എടുക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണം. ഇതിനുശേഷം ഇവയുടെ മൂല്യം, തൂക്കം ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് ഉപയോക്താവിന് നല്‍കണം.
► സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യ നിർണയരീതി, ലേല വ്യവസ്ഥകൾ, സ്വർണം മടക്കി നൽകുന്നതിനുള്ള സമയപരിധി ഇക്കാര്യങ്ങൾ ഇടപാടുകാരന് നൽകുന്ന വായ്പാകരാറിൽ വ്യക്തമാക്കിയിരിക്കണം. വിശദാംശങ്ങളെല്ലാം വായ്പ എടുത്ത ആൾക്ക് മനസിലാകുന്ന ഭാഷയിൽ തയാറാക്കി നല്‍കുകയും വേണം.
► തിരിച്ചടവ് മുടങ്ങിയാൽ ലേല നടപടി: പണയ സ്വർണം ലേലം ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താവിനെ ചട്ടപ്രകാരം അറിയിപ്പ് നൽകണം. ലേലത്തിനു പോകും മുന്‍പ് വായ്പ എടുത്ത വ്യക്തിക്ക് ആവശ്യത്തിനു സമയം നൽകണം.
► ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമെങ്കിലും റിസർവ് തുകയായി നിലനിർത്തണം. വിജയകരമല്ലാത്ത രണ്ട് ലേലങ്ങൾക്ക് ശേഷം ഇത് 85 ശതമാനമാക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിൽ വായ്പാതിരിച്ചടവിന് ശേഷം ബാക്കിവരുന്നത് ഏഴ് ദിവസത്തിനുള്ളിൽ ഉപയോക്താവിന് മടക്കിനൽകുകയും വേണം.
ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപ ജില്ലകളിലോ ഓൺലൈൻ ആയോ ലേലം ചെയ്യണം.
Kerala
കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. കുറ്റൂരിലെ കോറോത്ത് കൊവ്വൽ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.
നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതിൽ തകർത്തതായി കണ്ടത്. വീടിന്റെ മുൻ വശത്തെ വാതിൽ തകർക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നടഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
പെരിങ്ങോം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ വീടിനു പിൻവശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വരികയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പിയും സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിനു നേതൃത്വം നൽകുന്നുണ്ട്.
Kerala
കൊല്ലം: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകൻ ഒളിവിൽ. പോലീസ് അന്വേഷണം ഊർജിതമാക്കി. വെളുത്തമണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാറാണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയത്. മാർച്ച് അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
ശാസ്താംകോട്ട പതാരം 721 നമ്പർ സർവീസ് സഹകരണ ബാങ്കിലാണ് സ്വർണമാണെന്ന് പറഞ്ഞു മുക്കുപണ്ടം പണയം വച്ചത്. 15 ലക്ഷം രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് തട്ടിയത്. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാണ് ദിലീപ് കുമാർ പണയം വച്ചത്. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
ബാങ്ക് അധികൃതരുടെ പരാതിയിൽ ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
Sports
അർകൻസാസ്: 2026 എൻസിഎഎ ഇൻഡോർ ചാന്പ്യൻഷിപ്പ് പുരുഷ ലോംഗ് ജന്പിൽ ഇന്ത്യയുടെ ലോകേഷ് സത്യനാഥന് സ്വർണ മെഡൽ.
8.21 മീറ്റർ ചാടി സ്വർണം നേടിയ ലോകേഷ് ഇന്ത്യൻ ലോംഗ് ജന്പ് താരങ്ങളുടെ മികച്ച ഒൗട്ട്ഡോർ പട്ടികയിൽ മൂന്നാം സ്ഥാനവും നേടി.
ജെസ്വിൻ ആൽഡ്രിനും (8.42 മീറ്റർ) മുരളി ശ്രീശങ്കറിനും (8.41 മീറ്റർ) ആണ് മുന്നിലുള്ളത്.
Kerala
പാലക്കാട്: കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന് സ്വര്‍ണം കവര്‍ന്നു. 30 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടു. എം.എൻ. നരേഷ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരം അറിയുന്നത്. ഗൃഹനാഥനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍വാതിലും മുറികള്‍ക്ക് അകത്തുള്ള അലമാരകളുടെ പൂട്ടും പൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.
മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.
കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.
സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Business
കൊച്ചി: സ്വര്‍ണവില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ വില സംരക്ഷണം നല്കുന്നതിനു സുതാര്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു.
ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് തുക 30 ശതമാനം 30 ദിവസത്തേക്ക് എന്ന രീതിയില്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചതായി യോഗം അറിയിച്ചു.
യോഗത്തില്‍ കേരള ജ്വല്ലറി ഫെഡറേഷന് ചെയര്മാന് ടി.എസ്. കല്യാണരാമന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി.അഹമ്മദ്, ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ചെയര്മാന് ഡോ. ബി. ഗോവിന്ദന്, കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍, ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ. നിഷാദ് മലബാര്‍, രാജേഷ് കല്യാണ്‍, വര്‍ഗീസ് ആലുക്കാസ്, ബാബു എം. ഫിലിപ്പ് ജോസ്കോ, വിപിന്‍ദാസ് റീഗല്‍, ജലീല്‍ മിറാള്‍ഡ, എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ബാങ്കിൽനിന്ന് എടുത്ത 50 പവനും 50,000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേക്കു പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽനിന്നു സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ തെരച്ചിൽ ആരംഭിച്ചു.
കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മോഹനനെ കാണാതായ കരകുളത്തിനു സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു മോഹനന്റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.
National
വിജയപുര: വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 20 പവനും അരലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. ഗ്രാമത്തിലുള്ളവർ ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ മുഴുകുകയും വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ സംബന്ധിക്കുകയും ചെയ്ത അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കർണാടകയിലെ വിജയപുരയിലാണ് സംഭവം. ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിലാണ് കള്ളന്മാർ കയറിയത്. 270 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു. ശിവരാത്രി ആഘോഷത്തിന് ശേഷം കുടുംബം തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.
സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.
വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Kerala
റായ്പുര്‍: 37-ാമത് ഫെഡറേഷന് കപ്പ് വോളിബോളില്‍ കേരളത്തിനു സ്വര്‍ണവും വെള്ളിയും. വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേസിനെ കീഴടക്കി കേരളം കിരീടം സ്വന്തമാക്കി.
25-22, 25-21, 25-22 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ഫൈനല്‍ ജയം. കഴിഞ്ഞ മാസം വാരാണസിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ഫൈനലിലും റെയില്‍വേസിനെ കീഴടക്കി കേരള വനിതകള്‍ കിരീടം സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം ഫൈനലില്‍ കേരളം തമിഴ്നാടിനോടു പരാജയപ്പെട്ടു; 22-25, 25-19, 18-25, 27-29.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,560 രൂപയിലും പവന് 1,16,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,965 രൂപയും 14 കാരറ്റ് സ്വർണവില ഗ്രാമിന് 9315 രൂപയും ഒമ്പത് കാരറ്റ് സ്വർണവില 6005 രൂപയുമാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച, രാവിലെ 1,520 രൂപ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും പവന് 2,120 രൂപ ഉയരുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. 2025 ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.
നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.
വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.
തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷം വീണ്ടും ചാഞ്ചാട്ടം തുടർന്നു.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വർണവില നിലവിൽ 5,000 ഡോളറിന് മുകളിലാണ്. റിക്കാർഡ് ഉയരത്തിൽ നിന്ന് ലാഭമെടുപ്പിൽ വില ഇടിഞ്ഞ സ്വര്‍ണം പതിയെ തിരിച്ചുകയറുകയാണ്.
അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഗ്രാമിന് 300 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
ആലപ്പുഴ: ശബരിമല സ്വർണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. എസ്ഐടിയുടെ അനാസ്ഥ കാരണമാണു പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു.
തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജിവയ്ക്കണം. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: മാറി മറിഞ്ഞ് വീണ്ടും സ്വർണവില. ഇന്ന് നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും നടന്ന വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വൈകുന്നേരം രണ്ട് തവണ വർധിച്ചു.
ഇന്ന് വൈകുന്നേരം നാലിനുശേഷം സ്വർണവില പവന് 2000 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. ഗ്രാമിന് 250 രൂപയാണ് വർധിച്ചത്. പിന്നീട് രാത്രി ഏഴോടെ വീണ്ടും സ്വർണവില വർധിച്ചു. 2400 രൂപയാണ് വീണ്ടും വർധിച്ചത്. ഇതോടെ ഒരു പവന് 1,12,320 രൂപയായി.
ഇന്ന് രണ്ട് തവണയായി പവന് 9,840 രൂപ കുറഞ്ഞശേഷം രണ്ട് തണയായി 4400 രൂപ വർധിച്ചു. ഇന്ന് രാവിലെ പവന് 1,11,120 രൂപയായിരുന്നു. ഞായറാഴ്ച പവന് 1,17,760 രൂപയായിരുന്നു.
National
കൊച്ചി: സ്വർണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.
ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറയുന്നത്.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Kerala
തൃശൂര്‍: കോടതി നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായി. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന് സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്.
മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: സ്വർണവില കുതിക്കുന്നു. ഇന്നും പവന് ആയിരത്തിലധികം രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1080 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.
വെള്ളിയാഴ്ച 1,15,240 രൂപയായിരുന്നു ഒരു പവന്. ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർധിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന് വിലയില്‍ 15,000 രൂപയിലധികമാണ് വര്‍ധിച്ചത്.
സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് സ്വർണവില റിക്കാർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും കുതിച്ചുയർന്നത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.
Kerala
കാസർഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പോലീസ് ഇയാളെ പിടികൂടിയത്.
ഇയാൾ 25 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. ജനുവരി18ന് ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് സംഭവം.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന് സ്വര്‍ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.
Kerala
കോട്ടയം: ഒരു പവന് സ്വര്‍ണാഭരണത്തിന് ഒന്നേകാല്‍ ലക്ഷം രൂപയിലേക്ക് ഉയര്‍ന്നതോടെ ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് ആവശ്യക്കാരേറി. പല ഷെഡ്യൂള്‍ ബാങ്ക് ശാഖകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കര്‍ കിട്ടാനില്ല. സ്വന്തം റിസ്കിലാണ് ലോക്കറില്‍ സ്വര്‍ണവും വിലപ്പെട്ട സാധനങ്ങളും രേഖകളും മറ്റും വയ്ക്കുന്നതെങ്കിലും ബാങ്ക് ലോക്കര്‍ ഉരുക്ക് പെട്ടിയാണല്ലോ എന്നതാണ് ആശ്വാസം. വീടുകളുടെ അലമാരകളിലോ ഒളിപ്പെട്ടികളിലോ ആഭരണം സൂക്ഷിക്കാന്‍ മനസുവരുന്നില്ല. മിന്നു മാലയും കല്യാണമോതിരവും രണ്ട് വളകളും ഒഴിക്കെ ലോക്കറില്‍ വച്ചാല്‍ സമാധാനത്തോടെ കിടന്നുറങ്ങുകയോ യാത്രപോകുകയോ ചെയ്യാമല്ലോ ഇക്കാലത്തെ പൊതുവര്‍ത്തമാനം.
ലോക്കർ: അറിയേണ്ടത്
ലോക്കറുടെ ഒരു താക്കോല്‍ ഉടമയുടെ കൈവശവും ഒരെണ്ണം ബാങ്കിലുമുണ്ടാകും. ലോക്കറുടെ വലിപ്പം അനുസരിച്ച് നിശ്ചിത ഫീസും ബാങ്ക് ഈടാക്കും. ഇരു കൂട്ടരും അറിയാതെ ലോക്കര്‍ തുറക്കാനാവില്ല. വിശേഷാല്‍ ചടങ്ങുകള്‍ വരുമ്പോള്‍ ലോക്കറിലെ സ്വര്‍ണം എടുക്കുകയും ഒട്ടും വൈകാതെ തിരിച്ചുവയ്ക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും.
ചെറിയ ബാങ്ക് ശാഖകളില്‍ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളില്‍ ആയിരത്തോളം ലോക്കറുകളും ഉണ്ടാകാറുണ്ട്. ബ്രാഞ്ചില്‍ ആവശ്യത്തിന് ലോക്കര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ അധികൃതര്‍ ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുക്കും. ലോക്കര്‍ കാലാവധി പൊതുവെ മൂന്നു വര്‍ഷമാണെങ്കിലും പലരും ഒരിക്കല്‍ വാടകയ്ക്ക് എടുത്ത ലോക്കര്‍ പിന്നീട് ഒഴിവാക്കാറില്ല. ലോക്കറിന്റെ വലിപ്പം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. കൂടുതല്‍ പേരും മീഡിയം ലോക്കറുകളാണ് താല്പര്യപ്പെടുന്നത്.
ബാങ്കിന് തുറക്കാം
മൂന്നു വര്‍ഷത്തിലധികം ലോക്കര്‍ ഉപയോഗിക്കാതിരുന്നാല്‍ ഇടപാടുകാരനോട് അത് ഉപയോഗിക്കാനോ ഒഴിഞ്ഞു നല്‍കാനോ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം. ഇടപാടുകാരന് ലോക്കര്‍ വാടക ക്രമമായി നല്‍കുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇതാവശ്യപ്പെടാം. എന്തുകൊണ്ടാണ് ലോക്കര്‍ ഉപയോഗിക്കാതിരിക്കുന്നത് എന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ബാങ്ക് നിര്‍ദേശത്തോ പ്രതികരിക്കാതിരി ക്കുകയോ എന്നിട്ടും ലോക്കര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ നോട്ടിസ് നല്കി ബാങ്കുകള്‍ക്കു ലോക്കര്‍ തുറക്കാം.