ആർ.പ്രേംകുമാർ
കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ.പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ മുൻകൂർ നോട്ടിസ് നൽകേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ തീരുമാനം.
നേരത്തെ കേസിൽ അറസ്റ്റിന് മുമ്പ് മുൻകൂർ നോട്ടിസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്. ബിഎൽഎം സൊസൈറ്റിയുടെ പണം വകമാറ്റിയ സംഭവത്തിൽ കഴിഞ്ഞയാഴ്ച ഇഡി 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.
പ്രേംകുമാർ നിക്ഷേപകരുടെ പണം സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബിഎൽഎം ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രേംകുമാറിനെതിരായ ആരോപണം.
Tags : RPremkumar BLM KeralaHighCourt CrimeBranch NewsUpdate Headlines