പ്രണബ് മുഖർജി, സോണിയ ഗാന്ധി
ന്യൂഡൽഹി: പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യം പ്രണബ് തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും സോണിയ പറയുന്നു. സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ബിലോങ്ങിംഗ് എ ജേണി ഓഫ് ലൗവിലാണ് ഈ വെളിപ്പെടുത്തൽ.
സർക്കാരുമായുള്ള ഏകോപനം ഉറപ്പാക്കാൻ പ്രധാനമന്ത്രിക്കൊപ്പം ഒരു കോർ ഗ്രൂപ്പ് ആഴ്ചതോറും യോഗം ചേർന്നിരുന്നതായും പുസ്തകത്തിൽ പറയുന്നു. പ്രണബ് മുഖർജി, അർജുൻ സിംഗ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു കോർ ഗ്രൂപ്പിലെ അംഗങ്ങൾ. പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനും പതിവായി യോഗങ്ങൾ ചേർന്നിരുന്നു. അന്നത്തെ ധനമന്ത്രി പി.ചിദംബരവുമായി പ്രണബ് മുഖർജിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തി.
2010ൽ തന്റെ നിരാശ പ്രകടിപ്പിച്ച ശേഷം ഏറ്റവും ഉയർന്ന പദവിയിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് പ്രണബ് നിർദേശിച്ചു. ഈ പരാമർശം തന്നെ ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രിയാകാനുള്ള പ്രണബിന്റെ ആഗ്രഹത്തിന്റെ സൂചനയായാണ് അതിനെ കണ്ടതെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. താൻ തന്ത്രപരമായി വിഷയം മാറ്റിയെന്നും പ്രണബ് നിരാശനായെങ്കിലും അത് മനസിൽ വച്ചുകൊണ്ട് പെരുമാറിയിട്ടില്ലെന്നും സോണിയ പറയുന്നു.
Tags : Sonia Gandhi PranabMukherjee SoniaGandhi Congress PrimeMinister IndianPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash