ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി.
ചെന്നൈ: ടിവികെ എംഎൽഎ കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്യെ വിമർശിച്ച് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി. അരുൾ വിഗ്നേഷ് എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണത്തിൽ വിജയ് നിലപാട് വ്യക്തമാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. കളക്ടർക്ക് നേരെയുണ്ടായ സംഭവത്തെക്കുറിച്ച് എക്സ് പോസ്റ്റിലൂടെയാണ് കനിമൊഴി ആരോപണം ഉന്നയിച്ചത്.
ടിവികെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയാണെന്നും കൊലപാതകങ്ങളും കവർച്ചകളും തുടർക്കഥയാകുകയാണെന്നും കനിമൊഴി വിമർശിച്ചു. ഇപ്പോൾ ഒരു ജില്ലാ കളക്ടർക്ക് പോലും ഭരണകക്ഷി എംഎൽഎയിൽ നിന്ന് സുരക്ഷാഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യമാണ്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ്ക്ക് എന്താണ് പറയാനുള്ളതെന്നും കനിമൊഴി ചോദിച്ചു.
എംഎൽഎ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അമർഷത്തിലാണെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ 11ന് ടിവികെയുടെ എല്ലാ എംഎൽഎമാരും ചെന്നൈയിൽ എത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതേസമയം തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്ന് അരുൾ വിഗ്നേഷ് പറഞ്ഞു.
Tags : C. Joseph Vijay. Kanimozhi Dmk JosephVijay TamilNaduPolitics DMKParty