പാലാ: വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവെന്നും ജാതി, വര്‍ഗ, മത വ്യത്യാസമില്ലാത്ത ഐക്യമാണ് രാജ്യത്തിന്റെ കരുത്തെന്നും കനിമൊഴി എംപി. അല്‍ഫോന്‍സാ കോളജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഫാ. ഡോ. ജോസ് ജോസഫ് പുലവേലില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു പാര്‍ലമെന്റ് അംഗവും കവിയും മാധ്യമപ്രവര്‍ത്തകയുമായ കനിമൊഴി കരുണാനിധി.
സാഹിത്യം, ഭാഷ, ജനാധിപത്യം: വാക്കിന്റെ ശക്തി എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വ്യവസ്ഥിതിയിലെ കാര്‍ക്കശ്യങ്ങളെ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്നത് സാഹിത്യവും കലയുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും തങ്ങളുടെ കവിതകളിലൂടെ നിര്‍വഹിച്ചത് സാഹിത്യത്തിന്റെ രാഷ്ട്രീയമായിരുന്നു. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെയും റീലുകളിലൂടെയും പുറത്തുവരുന്ന വാക്കുകളുടെ ശക്തി ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.
സമൂഹത്തെ മാറ്റിയെടുക്കാന്‍ കലയ്ക്ക് കഴിയും. എഴുതപ്പെട്ട വാക്കുകള്‍ മരിക്കില്ലെന്ന് വ്യക്തമാക്കിയ അവര്‍, ഇന്നത്തെ യുവതലമുറ നിശബ്ദതയെയും അവഗണനയെയും അംഗീകരിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണത്തിനു ശേഷം വിദ്യാര്‍ഥികളുമായും അധ്യാപകരുമായും കനിമൊഴി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അധ്യാപകനും ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഫാ. ഡോ. ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാര്‍ഥമാണ് പ്രഭാഷണപരമ്പര സംഘടിപ്പിച്ചുവരുന്നത്. കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളാച്ചാലില്‍, അസിസ്റ്റന്റ് ബര്‍സാര്‍ ഫാ. ഡോ. ജോബിന് സെബാസ്റ്റ്യന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.