എസ്. ഇന്ദുശേഖർ
ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവർ ഒരേ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ അവസാന രണ്ട് മൃതദേഹങ്ങൾ കൂടി ഷിരാഡി ഘാട്ട് വനമേഖലയിൽനിന്ന് പൊലിസ് കണ്ടെടുത്തു. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യയുടെ സഹോദരൻ ശങ്കർ, ഭാര്യ നളിനി എന്നിവരുടെ മൃതദേഹങ്ങളാണ് ഷിരാഡി ഘാട്ടിൽനിന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ കൊലചെയ്യപ്പെട്ട മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ഇന്ദു ശേഖറിനെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ചോദ്യം ചെയ്തു വരികയാണ്.
നവംബർ ആറിന് നന്ദി ഹിൽസിൽനിന്നാണ് പ്രതിയുടെ ഭാര്യസഹോദരന്റെ മകൻ പൂനിതിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പ്രതിയുടെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം വനമേഖലയിൽനിന്നും ഞായറാഴ്ച മൈസൂരു ചാമുണ്ടി കുന്നുകളുടെ താഴ്വരയിൽനിന്ന് ഭാര്യസഹോദരൻ ശിവകുമാർ, ദിവ്യ ദമ്പതികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
കുടുംബവഴക്കുകളെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ചാക്കുകളിൽ പൊതിഞ്ഞ് നന്ദി ഹിൽസ്, സേലം, ചാമുണ്ടി ഹിൽസ്, ഷിരാഡി ഘാട്ട് തുടങ്ങി സ്ഥലങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.