ജെൻസൻ ഹുവാംഗ്
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനികളിലൊന്നായ എൻവിഡിയ അവരുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെൻസൻ ഹുവാംഗിനെതിരെ സ്വതന്ത്ര അന്വേഷണം ആരംഭിച്ചതോടെ കടുത്ത ഭരണപ്രതിസന്ധി നേരിടുന്നു. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആരോപിച്ച വ്യവസായ പ്രമുഖയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാംഗ് പരസ്യമായി സമ്മതിച്ചതിനെ തുടർന്നാണ് ബോർഡ് നടപടി.
ഇതിനെ തുടർന്ന് കമ്പനിക്കെതിരെയും ഹുവാംഗിനെതിരെയും യുഎസ് ഫെഡറൽ കോടതിയിൽ ഓഹരി ഉടമകൾ ക്ലാസ്-ആക്ഷൻ ഹർജി ഫയൽ ചെയ്തു. എൻവിഡിയയുടെ പത്തംഗ ഡയറക്ടർ ബോർഡ് ഹുവാംഗിന്റെ പങ്കാളിത്തമില്ലാതെ പുറത്തുനിന്നുള്ള സ്വതന്ത്ര നിയമോപദേശകരെ വെച്ച് അന്വേഷണം നടത്തും. എന്നാൽ അന്വേഷണ വേളയിലും ഹുവാംഗ് സിഇഒ പദവിയിൽ തുടരും.
കഴിഞ്ഞ 30 വർഷമായി കമ്പനിയെ നയിക്കുന്ന 63-കാരനായ ഹുവാംഗിന് ശേഷം എൻവിഡിയയെ നയിക്കാൻ വ്യക്തമായ ഒരു പിൻഗാമി നിലവിലില്ല. ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മത്സരവും ഭിന്നതയും ഒഴിവാക്കാൻ ഒരു പിൻഗാമിയെ പ്രഖ്യാപിക്കുന്നതിനെ ഹുവാംഗ് നേരത്തെ എതിർത്തിരുന്നു. ഹുവാംഗിന്റെ മകൻ സ്പെൻസർ (റോബോട്ടിക്സ് വിഭാഗം ഡയറക്ടർ), മകൾ മാഡിസൺ (പ്രൊഡക്ട് മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ), മരുമകൻ നിക്കോ കാപ്രസ് എന്നിവർ എൻവിഡിയയിൽ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്.
"കമ്പനി തന്നെയാണ് എന്നെ വളർത്തിയത്, അതിനാൽ എന്നെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാകില്ല" എന്നാണ് സ്വന്തം നേതൃത്വ ശൈലിയെക്കുറിച്ച് ഹുവാംഗ് മുൻപ് പ്രതികരിച്ചത്.
Tags : Nvidia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash