സോണിയ ഗാന്ധി, മനേകാ ഗാന്ധി
ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയുടെ ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയുമായുള്ള അകൽച്ചയെക്കുറിച്ചും ഗാന്ധി കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും തുറന്നെഴുതി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന പേരിൽ പുറത്തിറങ്ങിയ തന്റെ പുതിയ ഓർമക്കുറിപ്പിലാണ് സോണിയ ഗാന്ധി കാര്യങ്ങൾ വിശദീകരിക്കുന്നത്.
18-ാം വയസ്സിൽ 'ചോട്ടി ബഹു' ആയി കുടുംബത്തിലേക്ക് വന്ന മനേകയുമായി തുടക്കത്തിൽ നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് അത് തകരുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കുന്നു. കുടുംബത്തിലെ ജീവനക്കാർ തന്നോട് സംസാരിക്കുമ്പോൾ 'ബഹുറാണി' എന്നും മനേകയെ 'ചോട്ടി ബഹു' എന്നും വിളിച്ചിരുന്നു. താൻ രണ്ടുപേരെയും തുല്യരായി കണ്ടെങ്കിലും ഇത് മനേകയ്ക്ക് അതൃപ്തി ഉണ്ടാക്കിയതായി സോണിയ പറയുന്നു.
1977-ലെ തെരഞ്ഞെടുപ്പ് തോൽവിക്കും അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾക്കും കാരണം സഞ്ജയ് ഗാന്ധിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് രാജീവ് ഗാന്ധി തുറന്നടിച്ചതും, ഇതിൽ ഇന്ദിരാ ഗാന്ധിയുടെ പിന്തുണ രാജീവിനൊപ്പം നിന്നതും മനേകയുടെ അമർഷം കൂട്ടി.1980-ൽ സഞ്ജയ് ഗാന്ധിയുടെ മരണശേഷം 23-കാരിയായ മനേകയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് മുൻപ് പ്രധാന ചുമതലകൾ നൽകാൻ ഇന്ദിരാ ഗാന്ധി തയ്യാറായില്ല. ഇത് മനേകയെ പ്രകോപിപ്പിച്ചു.
ബിജെപി നേതാവ് വസുന്ധര രാജെയുടെ വസതിയിൽ വെച്ച് മകൻ ഫിറോസ് വരുൺ ഗാന്ധിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചതും മറ്റും ഇന്ദിരാ ഗാന്ധിയെ ചൊടിപ്പിച്ചു. തുടർന്ന് കുടുംബത്തിൽ നിന്നുമുണ്ടായ എതിർപ്പുകൾക്കൊടുവിൽ നാടകീയ രംഗങ്ങളോടെ മനേക പ്രധാനമന്ത്രിയുടെ വസതി വിട്ടിറങ്ങുകയായിരുന്നു. പിന്നീട് മകനെ കാണാനുള്ള അവകാശത്തിനായി ഗാന്ധി കുടുംബത്തിന് നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നും പുസ്തകത്തിൽ സോണിയ ഓർക്കുന്നു.
Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash