അടൂർ പ്രകാശ്
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യുഡിഎഫ് ചെയർമാനോടാണ് അതിന് മറുപടി ചോദിക്കേണ്ടതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുൻപ് പറഞ്ഞ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുന്നതായും കൂട്ടിച്ചേർത്തു.
യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനം കൂടുതൽ ശക്തമാക്കുന്നതാണ് അടൂർ പ്രകാശിന്റെ പ്രതികരണം. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കണമെന്ന് നിർബന്ധമില്ലെന്നും ക്യാബിനറ്റ് തീരുമാനങ്ങൾ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലും കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും വേഗത്തിൽ തീരുമാനമുണ്ടാകണം.
കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയത് പോലെ യുഡിഎഫ് കൺവീനറെയും പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് അടൂർ പ്രകാശ് മുൻപ് ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന സണ്ണി ജോസഫിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മന്ത്രി എന്ന നിലയിൽ മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം കാരണമായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
Tags : udf Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash