Kerala
കൊച്ചി: താമസക്കാര്‍ പുറത്തുപോയ സമയത്ത് വാടക വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി. ഫ്രിഡ്ജ്, ടിവി, തയ്യല്‍ മെഷീന് എന്നിവയ്ക്കാണ് കേടുപാട് വരുത്തിയത്.
ഞാറക്കല്‍ അപ്പങ്ങാട് സുകേഷിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന എളങ്കുന്നപ്പുഴ പുത്തന്‍പുരക്കല്‍ വിഷ്ണുവാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവോണ നാളില്‍ വൈകുന്നേരം ആയിരുന്നു സംഭവം.
10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിഷ്ണു ഞാറക്കല്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മാനന്തവാടി: തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ പട്ടിക്കാട് കാരാടാന്‍ വീട്ടില്‍ മൊയ്തീന് കുട്ടി(49) ആണ് പിടിയിലായത്.
ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
ചാവക്കാട്: ആളില്ലാത്ത സമയത്ത് ബ്ലാങ്ങാട്ടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കർണാടക സ്വദേശികളായ രണ്ടംഗസംഘത്തെ ബ്ലാങ്ങാട്ടത്തിച്ച് തെളിവെടുപ്പുനടത്തി. കർണാടക കൊടുചാമുണ്ഡി നഗർ സ്വദേശി പ്രസാദ്(48), മൈസൂർ എച്ച്ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന ഫയാസ് അഹമ്മദ് (57) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ അബ്ദുൾ കരീമിന്റെ വീട്ടിൽ കഴിഞ്ഞമാസം 12നാണ് മോഷണംനടന്നത്. തൃശൂരിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം, വൈകിട്ടുപോയി രാത്രി ഒമ്പതിന് തിരിച്ചെത്തുമ്പോഴെക്കും മോഷണംനടന്നു. വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരങ്ങൾ, മാല, ലോക്കറ്റ്, സ്വർണക്കോയിനുകൾ തുടങ്ങി ആറരപവന്റെ ആഭരണം 5,500 രൂപ എന്നിവയാണ് സംഘം കവർന്നത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. മറ്റൊരു കവർച്ചാക്കേസിൽ കർണാടക പോലീസ് ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ബ്ലാങ്ങാട് കവർച്ച നടത്തിയത് ഇവരാണെന്ന് അറിഞ്ഞത്.
കർണാടക കോടതിയിൽ ചാവക്കാട് പോലീസ് അപേക്ഷ സമർപ്പിച്ചു കർണാടക ജയിലിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തെളിവെടുപ്പിനായി ബ്ലാങ്ങാട് കൊണ്ടുവന്നത്.
District News
മുക്കം: അടുത്തിടെയായി മോഷണങ്ങൾ തുടർക്കഥയായ മുക്കത്തും പരിസര പ്രദേശങ്ങളിലും ജനങ്ങൾ ആശങ്കയിൽ. മുക്കം കാഞ്ഞിരമുഴി രവിപുരം ശിവക്ഷേത്രത്തിലാണ് അവസാനമായി മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഉള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി.
കഴിഞ്ഞ ദിവസം പുലർച്ചെ ക്ഷേത്ര ശാന്തി പൂജക്കായി എത്തിയപ്പഴാണ് മോഷണവിവരമറിയുന്നത്. ക്ഷേത്രത്തിന്റെ അകത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിയത്. മോഷണം പോയ ഭണ്ഡാരങ്ങളിൽ പതിനായിരത്തിൽ താഴെ പണമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മുക്കം പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ളതാണ് രവിപുരം ശിവക്ഷേത്രം.
Kerala
തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെ കവർന്നു. ബിവറേജസിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
District News
വണ്ടിപ്പെരിയാര്‍: പശുമല എസ്റ്റേറ്റിനോടുചേര്‍ന്ന ഭാഗത്തുനിന്ന് ചന്ദനമരം മോഷ്ടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ നെല്ലിമല എസ്റ്റേറ്റിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും മ്ലാമല പ്രദേശത്തുനിന്നും ചന്ദനം മോഷണം പോയിരുന്നു.പ്രതികളെ സംബന്ധിച്ച് ഇതുവരെയും ഒരുതുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ചന്ദനമോഷണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണവും കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടിയും വനംവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Kerala
കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയായ യുവതി പിടിയിൽ. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെയാണ് (48) കണ്ണൂർ ടൗൺ പോലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടിയത്.
താഴെ ചൊവ്വ കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകൾ നിലയിൽ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ചാണ് സവിതയും കേസിലെ മറ്റൊരു പ്രതിയായ ഷിനേഷും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്.
വയോധികയ്ക്ക് സഹായത്തിനെന്ന വ്യാജേനയാണ് ഇവര്‍ വീട്ടില്‍ അടുപ്പം സ്ഥാപിച്ചത്. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി, സവിതയുടെ നിർദേശപ്രകാരം കൂടെയുണ്ടായിരുന്ന ഷിനേഷ് (52) മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല കവരുകയായിരുന്നു.
മോഷണത്തിന് ശേഷം ഇരുവരും ചേർന്ന് ഈ മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റ് പണമാക്കി മാറ്റി. തുടക്കത്തിൽ ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് സവിത ഉറച്ചുനിന്നത്. എന്നാൽ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇവർ നാടുവിടുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ടൗൺ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവിതയെ അന്വേഷണ സംഘം വളഞ്ഞ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സവിതയെ റിമാൻഡ് ചെയ്തു.
District News
കൊയിലാണ്ടി: സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി കവർച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ രണ്ട് മെഡിക്കൽ ഷോപ്പുകളിലാണ് മോഷണം നടന്നത്.
ജൂലൈ 31ന് ന്യൂ സ്റ്റേഡിയം മെഡിക്കൽസിൽ നിന്നും സിഎച്ച് സെന്ററിന്റെ സംഭാവനപെട്ടിയാണ് നഷ്ടപ്പെട്ടത്. കടയിലെത്തിയ ഒരാൾ ചുറ്റുപാടുകൾ നിരീക്ഷിച്ച് ചാരിറ്റി ബോക്സുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് ജൂലൈ 28ന് സ്റ്റേഡിയം കോംപ്ലക്സിലെ തന്നെ സിറ്റി മെഡിക്കൽസിൽ നിന്നും സമാനമായ രീതിയിൽ പെട്ടി നഷ്ടപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളും വൈകുന്നേരം ഏഴിനും എട്ടിനും ഇടയിലാണ് നടന്നിട്ടുള്ളത്. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ അതോ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് വ്യാപാരികൾ.
District News
വടക്കഞ്ചേരി: മഞ്ഞപ്ര ശ്രീകുറുമാലിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളാണ് തകർത്തിരിക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രംതുറക്കാൻ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
കഴിഞ്ഞ ആഴ്ച ഭണ്ഡാരം തുറന്ന് പണം എടുത്തതിനാൽ കാര്യമായ തുക നഷ്ടപ്പെടാൻ സാധ്യതയില്ലെന്നു ക്ഷേത്രം അധികൃതർ പറഞ്ഞു.
Kerala
മൂവാറ്റുപുഴ: ജാതിക്കയോടൊപ്പം അബദ്ധത്തിൽ കൈക്കലാക്കിയ സ്കൂട്ടറിന്റെ താക്കോൽ മോഷ്ടാവ് തിരികെ എത്തിച്ചു. മൂവാറ്റുപുഴ കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ജോയിയുടെ വീട്ടിൽ എത്തിയ മോഷ്ടാവ് രണ്ട് കിലോയോളം ജാതിക്കയും അത് ഇട്ടിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കുകയായിരുന്നു. എന്നാൽ ജാതിക്കയോടൊപ്പം ചട്ടിയിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോലും കള്ളന്റെ കൈയിലായി.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷം രാവിലെ വീട്ടുകാർ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളി മാറ്റുന്നതിനിടെ അതിന്റെ അറ്റത്ത് കള്ളൻ സ്കൂട്ടറിന്റെ താക്കോൽ കെട്ടിവച്ചിരുന്നു.
District News
മൂവാറ്റുപുഴ: പഴയ വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടയില്‍ നിന്നും മോഷണം നടത്തിയ കേസില്‍ രണ്ടു പേര് പോലീസ് പിടിയില്‍. ചെറുവട്ടൂര്‍ പഴയവീട്ടില്‍ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലില്‍ രാഹുല്‍(മുന്ന-29) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പേഴയ്ക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ സ്പെയര്‍ പാർട്സുകള്‍ മോഷ്ടിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ പി.എം. റാസിഖ്, എം.എം. ഉബൈസ്, പി.എം. മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.ഒ. ജിജു, പി.കെ. സനൂപ്, കെ.പി. നിസാര്‍, കെ.എ. ഷിഹാബ് എന്നിവരാണ് അന്വേഷണം നടത്തിയത്.
District News
പിഴക്: രാമപുരം കവലയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ മോഷണം. ചൊവ്വാഴ്ച രാത്രി 11.30 യോടെയാണ് കവര്‍ച്ച നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാക്കളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.
പിഴക് സ്വദേശിയായ ഷോബി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തട്ടുകട. സമീപവാസിയായ ബാബു എന്നയാളാണ് നിലവില്‍ ദിവസ വാടകയ്ക്ക് തട്ടുകട നടത്തുന്നത്. ഇന്നലെ കട നേരത്തേ അടച്ചിരുന്നു. കടയുടെ മുന്‍വശം ഷട്ടറിന് പകരം ഗ്ലാസ് കൊണ്ടുള്ള ഡോറാണുള്ളത്. രാത്രി 11.15ന് തട്ടിന്റെ വശത്തെ ഗ്ലാസ് ഡോര്‍ ഇളക്കിമാറ്റിയാണ് യുവാക്കള്‍ അകത്തു കടന്നത്.
മുഖംമൂടി ധരിക്കാത്തതിനാല്‍ യുവാക്കളുടെ മുഖം വ്യക്തമാണ്. മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. മോഷണത്തിനിടയില്‍ സിസിടിവി കാമറ മറച്ചുവയ്ക്കുകയും ചെയ്തു. ബാബു നിലവില്‍ സ്ഥലത്തില്ല. കടയുടമയായ ഷോബി രാമപുരം പോലീസില്‍ പരാതി നല്കി.
പിഴക് പ്രദേശത്ത് മോഷണങ്ങള്‍ വര്‍ധിച്ചുവരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങളിലും സ്കൂളിലുമടക്കം മോഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ലഹരി സംഘങ്ങളും ഇത്തരം മോഷണങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
Kerala
പാലാ: പാലായിൽ തട്ടുകടയിൽ മോഷണം നടത്താൻ കയറിയ യുവാക്കൾ കാമറയിൽ കുടുങ്ങി. പാലാ - തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
ഈ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കടയിൽ സിസി ടിവി ഉള്ള കാര്യം ശ്രദ്ധയിൽപ്പെടാതെയാണ് മോഷ്ടാക്കൾ കയറിയെന്നു കരുതുന്നു. കടയിൽ കുറെ സമയംചെലവഴിച്ച ഇവർ മേശയിലും അലമാരയിലുമെല്ലാം പരിശോധിക്കുന്നതും ചില സാധനങ്ങൾ പോക്കറ്റിലാക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
കുറെനേരം കഴിഞ്ഞാണ് കാമറ ഇവരുടെ കണ്ണിൽപ്പെടുന്നത്. ഇതോടെ കാമറ ഒരു വശത്തേക്കു തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മോഷണം. പിഴക് സ്വദേശി ഷോബിയുടെ ഉടമസ്ഥതയിലുള്ള കട ബാബു എന്നയാളാണ് ഇപ്പോൾ നടത്തുന്നത്.
മോഷണം നടന്ന ദിവസംകട നേരത്തെ അടച്ചതായി പറയുന്നു. ഗ്ലാസ് ഡോർ ആണ് കടയ്ക്ക് ഉള്ളത്. ചായത്തട്ട് ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ് ഡോർ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
അടൂർ: ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് ഓട്ടുരുളിയും വാർപ്പും മോഷ്ടിച്ചു. ഇളങ്ങമംഗലം രാജ് നിവാസിൽ റിട്ട. എസ്ഐ രാജശേഖരൻപിള്ളയുടെ പഴയ വീട്ടിലാണ് സംഭവം.
അടുക്കള ഭാഗത്തെ ജനലഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും വാർപ്പുമാണ് മോഷണം പോയത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടുകാർ പഴയ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം അതിനു മുമ്പ് നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞതിനെത്തുടർന്ന് കുടുംബം താമസം മാറിയതിനാൽ പഴയ വീട് ആൾത്താമസമില്ലാതെ കിടക്കുകയായിരുന്നു. സംഭവത്തിൽ ഏനാത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: പ്രിയദർശിനി ബസിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും രണ്ട് പവന്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്.
ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്.
ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പോലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
District News
പിറവം: ടൗണിലെ പിഷാരു കോവിൽ ദേവീ ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. ഭണ്ഡാരം ഇ ടിച്ചു പൊളിക്കാനുള്ള ശ്രമത്തനിടയിൽ മേൽശാന്തി ഉണർന്നെഴുന്നേറ്റു വന്നപ്പോൾ മോഷ്ടാവ് ഓടിമറഞ്ഞു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ടൗണിൽ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് രാത്രി തന്നെ പ്രതിയെ പിടികൂടി. പത്തനംതിട്ട ആറന്മുള സ്വ ദേശിയായ മനോജാണ് (21) പിടിയിലായത്.
ടൗണിൽ രാത്രി പട്രോളിംഗിറങ്ങിയ പോലീസ് സംഘം സംശയാസ്പദമായ നിലയിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അടുത്ത സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മനോജ് ആറന്മുളയിൽ അനാഥാലയത്തിലാണ് വളർന്നതും പഠിച്ചതും. പത്താം ക്ലാസ് പാസായ യുവാവ് ഏതാനും ദിവസം മുമ്പാണ് തൊഴിൽ തേടി പിറവത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവ് ക്ഷേത്ര മതിൽക്കകത്തെ എല്ലാ ഭണ്ഡാരത്തിനടുത്തും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പിഷാരു കോവിലിൽ ഏതാനും മാസം മുമ്പ് മോഷണം നടത്തിയ മറ്റൊരു യുവാവിനെ നിരീക്ഷണ കാമറാ ദൃശ്യങ്ങളുടെ അടി സ്ഥാനത്തിൽ പോലീസ് പിടികൂടിയിരുന്നു.
District News
കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷണ പരമ്പര. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം മോഷ്ടിച്ചു. ഒരുമാസം മുമ്പും ഇതേ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നങ്ങേലിപ്പടിയിലെ ഏദന്‍സ് ബേക്കറിയിലും കഴിഞ്ഞ ദിവസം കവർച്ച നടന്നു. ബീഡി, സിഗററ്റ്, പണം, മിഠായികള്‍ എന്നിവയാണ് ഇവിടെ നിന്നു കവര്‍ന്നത്.
കടയുടെ ഒരു വശത്തെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് ഉടമ സുജിത്ത് പറഞ്ഞു. മറ്റ് മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി കണക്ഷനില്‍ ഏര്ത്തിനായി ഉപയോഗിക്കുന്ന ചെമ്പ് കമ്പി യാണ് മോഷ്ടിക്കപ്പെട്ടത്. സമീപ ദിവസങ്ങളിലായിരുന്നു ഇവിടുത്തെ മോഷണവും. മോഷണപരമ്പരയെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. പോലിസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
എത്രയും വേഗം മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മതിലകം: കോതപറമ്പ് വാസുദേവവിലാസം യുപി സ്കൂളിലെ സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ടുപൊളിച്ച് കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിയും പാത്രങ്ങളും കവർന്ന കേസിൽ രണ്ടാം പ്രതിയായ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നാഗോൺ ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ ഇക്രമുൾ ഇസ്ലാമിനെ(20)യാണ് അറസ്റ്റ് ചെയ്തത്.
സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ചു ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ആസാം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) കഴിഞ്ഞദിവസം പിടിയിലായിരുന്നു. താജുദ്ദീനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ മോഷണ മുതലുകൾ കണ്ടെടുത്തിരുന്നു. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.
മതിലകം പോലീസ് സ്റ്റേഷൻ എസ്ഐ നസിയ എം.ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, സീനിയർ സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
District News
ആലപ്പുഴ: തുമ്പോളി അരേശേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ കളർകോട് പോരൂർ കോളനിയിൽ സുമേഷ് സുശീലനെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി.
സമീപകാലത്ത് ജയിലിൽ നിന്നിറങ്ങിയ പ്രതി ജില്ലയിലെ വിവധ ഭാഗങ്ങളിൽ മോഷണം നടത്തി വരികയായിരുന്നു. വിവിധ ജില്ലകളിലായി 24 ഓളം കേസുകളിൽ പ്രതിയാണ്. ആരാധാനലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും മോഷണം നടത്തിവരുന്നത്.
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ, എസ്ഐ ദേവിക, എഎസ്ഐ അജയകുമാർ, സീനിയർ സിപിഒമാരായ ഗിരീഷ്, ബിനിൽ, അൻവർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടുയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കഴക്കൂട്ടം : കെഎസ്ആർ ടി സി യാത്രക്കാരിയുടെ ബാഗിൽ നിന്നും 13,000 രൂപ കവർന്നു. കൊയ്ത്തൂർക്കോണം സ്വദേശി ഷാനിഫയുടെ ബാഗിലുണ്ടായിരുന്ന പണം ആണ് മോഷണം പോയത്. ഇന്നലെ വൈകിട്ട് നാലിന് ഭർത്താവിനൊപ്പം ബസിൽ കയറിയിരുന്നപ്പോഴാണ് പണം പോയത് ശ്രദ്ധയിൽ പെട്ടത്. വളരെ നേരം ബസ് കിട്ടാത്തതിനെ തുടർന്ന് ബസ് സ്റ്റേഷനിൽ കാത്തുനിന്ന ഷാനിഫ ബസിൽ കയറി സീറ്റിലിരുന്ന ശേഷമാണ് ബാഗ് തുറന്നതു കിടക്കുന്നത് കണ്ടത്.
കുടുംബശ്രീയിൽ ലോൺ അടയ്ക്കാനായി കരുതിവച്ച പണം ബാഗിനുള്ളിലെ പഴ്സിനുള്ളിൽ ചെറിയ അറയിൽ ഭദ്രമായി വച്ചിരുന്നു.
ബസ് സ്റ്റേഷനിൽ മൂന്നു ദിവസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ മോഷണം ആണിത്. കഴിഞ്ഞ തിങ്കളാഴ്ച ശാന്തിഗിരി സ്വദേശി അംബികയുടെ 10 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. മെഡിക്കൽ കോളജിൽ നിന്നും ബസ് കയറി പോത്തൻകോട് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടയിൽ ആയിരുന്നു കവർച്ച. സമാനമായാണ് ഇരു മോഷണങ്ങളും നടന്നതെന്നും രണ്ട് കേസുകൾക്കു പിന്നിലും ഒരേ സംഘമായിരിക്കാമെന്നും പോലീസ് പറഞ്ഞു. ബസ് സ്റ്റേഷനിലെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചെങ്കിലും രണ്ട് കേസുകളിലും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചില്ല.
തിരക്കേറിയ ബസ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും പോലീസ് പെട്രോളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുറവാണെന്ന് നാട്ടുകാർ പലപ്രാവശ്യം പരാതി പറഞ്ഞു എങ്കിലും ട്രാഫിക് നിയന്ത്രിയ്ക്കുന്നതിനുൾപ്പെടെ ആവശ്യത്തിന് പോലീസുകാരെ നിയമിയ്ക്കുന്നില്ല എന്നും അതുകൊണ്ടാണ് മോഷ്ടാക്കൾ ബസ്റ്റാൻഡും പരിസരവും ലക്ഷ്യമാക്കി തമ്പടിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
District News
കൊട്ടാരക്കര: അന്നൂര്‍ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു. പതിനയ്യായിരത്തോളം രൂപ നഷ്ടമായെന്ന് ഭാരവാഹികള്‍ പറയുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
രാത്രി പന്ത്രണ്ടരയോടെ തലയില്‍ മുണ്ടിട്ട് ക്ഷേത്ര മതില് ചാടിക്കടന്ന് മോഷ്ടാവ് സിസിടിവി കാമറ കേടുവരുത്തിയശേഷമാണ് വഞ്ചികളുടെ പൂട്ടു തകര്‍ത്തത്. ദിവസങ്ങള്‍ക്കു മുമ്പ് മുമ്പ് മുട്ടറ ഇണ്ടിളയപ്പന് ക്ഷേത്രം, അമ്പലപ്പുറം ഗൗരിശങ്കരം ക്ഷേത്രം, ചെറുപറക്കോണം പരബ്രഹ്മ ക്ഷേത്രം, അമ്പലപ്പുറം കത്തോലിക്ക പള്ളി എന്നിവടങ്ങളിലും കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നിരുന്നു.
കടയ്ക്കോട് മാടന്‍കാവ്, മാരൂര്‍ ദൂര്ഗാദേവീ ക്ഷേത്രം എന്നിവടങ്ങളിലും മോഷണ ശ്രമവും ഉണ്ടായി. അന്നൂര്‍ കോളക്കോണം മലനടക്ഷേത്രം വഞ്ചി തകര്‍ത്തെങ്കിലും പണം നഷ്ടമായില്ല.
രണ്ടാഴ്ച മുമ്പ് കിഴക്കേത്തെരുവ് പാലനിരപ്പ് മാര്‍ ബസേലിയോസ് മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കുരിശടിയിലെ കാണി ക്ക വഞ്ചി മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു.
തൃക്കണ്ണമംഗല്‍ തോട്ടംമുക്കില്‍ സെന്റ് ആന്റണി മലങ്കര കത്തോലിക്ക പള്ളിയുടെ രണ്ടു വഞ്ചികളുടെയും പൂട്ടു തകര്‍ത്തത് ആറു ദിവസം മുമ്പായിരുന്നു. ആനയം, ഗോവിന്ദമംഗലം, തോട്ടംമുക്ക്, ചെറുകരക്കോണം എന്നിവടങ്ങളിലും മോഷണം നടന്നു.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു മോഷണം പോയതായി വിവരം പുറത്ത് വരുന്നത്.
സംഭവം മനസിലാക്കിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്നുതന്നെ പരാതിയും മെഡിക്കല്‍ കോളജ് പോലീസിന് നല്കുകയുണ്ടായി. എന്നാല്‍ കാണാതായ മരുന്നിന്റെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് അറിയുന്നത്.
ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെയും കടുത്ത നിയന്ത്രണത്തോടെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. ഉറക്കക്കുറവ് ഉളളവര്‍, ഡിപ്രഷന് ഉളളവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക്ക് ഇനത്തില്‍ വരുന്ന മരുന്നാണ് കാണാതായിരിക്കുന്നത്.
മരുന്നു കാണാതായ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം ചെറായില്‍ നവീകരണ പണികള്‍ നടന്നു വരുന്ന ചെറായി ദേവസ്വം നടയിലെ ചെറായി ടൂറിസ്റ്റ് ഹോം എന്ന വൈന്‍ പാര്‍ലറില്‍ നിന്നും 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷണം പോയതായി പരാതി. മോട്ടോര്‍ പമ്പ്, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, കാര്‍ വാഷ് പമ്പ്, കോപ്പര്‍ വയറുകള്‍, ബാത്റൂം ഫിറ്റിംഗ്സുകള്‍ എന്നിവയാണ് മോഷണം പോയത്.
സാധനങ്ങള്‍ കാണാതായതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. ജൂണ്‍ ഒന്നിനും ജൂലൈ ആറിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നിട്ടുള്ളത് എന്നാണ് മാനേജര്‍ പാലക്കാട് വടക്കുഞ്ചേരി സ്വദേശി വിജയകുമാര്‍ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ ജനറേറ്ററിന്റെ സ്റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശികളായ വിഷ്ണു(28), സുരേഷ്(40) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റിസോർട്ട് ഉടമയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി 11:15 ഓടെയാണ് മോഷണം നടന്നത്.
റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവസ്ഥലം സന്ദർശിച്ച പോലീസ് വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണ വസ്തുക്കൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് സ്വർണാഭരണം കവർന്ന കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ പുതിയ കടവ് സ്വദേശിനി പാത്തീബി (59) ആണ് പിടിയിലായത്.
ജൂണിലാണ് സംഭവം നടന്നത്. കോഴിക്കോട് പി.ടി.ഉഷ റോഡിലുള്ള ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ ജോലി ചെയ്യുകയായിരുന്ന പ്രതി ഏഴ് പവൻ സ്വർണാഭരണമാണ് കവർന്നത്.
അന്വേഷണത്തിനിടെ പ്രതിയെ വിളിച്ചുവരുത്തി പേലീസ് ചോദ്യംചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജില മോൾ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
പാലാ: കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാം ഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെക്കൂടി മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി തോട്ടുമുഖം മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ ആഷിക് മുഹമ്മദ് (22), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇനായത്ത് കെ. റസാക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി അൽത്താഫ് നൂഹ് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രി 10നും പുലർച്ചെ ആറിനും ഇടയിലാണ് സംഭവം. കൊല്ലപ്പള്ളി കാരിക്കവയലിൽ പ്രവർത്തിക്കുന്ന ഫാം വിന്റേജ് പ്രമോട്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാം ഹൗസിൽ അതിക്രമിച്ച് കയറി മാനേജിംഗ് പാർട്ണറുടെ മുറിയിൽനിന്ന് 3,000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയും ഓഫീസിന്റെയും വാഹനങ്ങളുടെയും താക്കോൽ കൈക്കലാക്കി കമ്പനി ഓഫീസിൽ കയറി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപഹരിച്ചു. കമ്പനി വളപ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു.
ആകെ 2.38 ലക്ഷം രൂപയുടെ സ്വത്തുക്കളും 3,000 രൂപയും കമ്പനി രേഖകളും നഷ്ടപ്പെട്ടതായാണ് പോലീസിന് ലഭിച്ച പരാതി.പ്രതികളെ ഈരാറ്റുപേട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
തലയോലപ്പറമ്പ് : ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തു നിന്ന് ഓട്ടുരുളികളും വിളക്കുകളും മോഷ്ടിച്ച പ്രതികൾ ഒളിവിൽ. പ്രധാന പ്രതിയായ തലയോലപ്പറമ്പ് സ്വദേശിയും കൂട്ടാളികളുമാണ് ഒളിവിൽ പോയത്. ഇവർ അപഹരിച്ച രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ലോഹ വിഗ്രഹമൊഴിച്ച് ബാക്കിയുള്ള ഉരുളിയും വിളക്കുകളും ആക്രിക്കടയിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
പരാതി ലഭിച്ച ഉടൻ തലയോലപ്പറമ്പ് പോലീസ് ഊർജിതമായ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് പ്രതികളെ ക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ മോഷണമടക്കമുള്ള കേസുകളിൽ പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം.
പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ ഉടൻ വലയിലാകുമെന്നും സിഐ എസ്. മനോജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്റെ രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്. പുരാതനമായ ഇല്ലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ പുരാതനമായ ശാസ്താവിന്റെ വിഗ്രഹവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇല്ലത്തിനു പുറകവശത്തെ ഓടു പൊളിച്ച് അകത്തു കയറിയ ശേഷം വീടിന്റെ അടുക്കളയുടെ കതകു തുറന്നാണ് മോഷണം നടത്തിയത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്.
Business
ന്യൂഡല്‍ഹി: ദേശീയശ്രദ്ധ നേടിയ തമിഴ്നാട്ടിലെ രാമര്‍ പെട്രോള്‍ തട്ടിപ്പിന് 30 വര്‍ഷം. 1996ല്‍ ഔഷധ ഇന്ധനം (രാമര്‍ ബയോ-ഫ്യുവല്‍) എന്നവകാശപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 2.27 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രാമര്പിള്ളയ്ക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ രാമറിനെ മൂന്നു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയ്ക്കും സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള പി. രാമര്പിള്ളയാണു ബദല്‍ ഇന്ധനം അവതരിപ്പിച്ച് വര്‍ഷങ്ങളോളം പൊതുജനങ്ങളെ കബളിപ്പിച്ചത്. രഹസ്യ ഔഷധങ്ങളുടെ പ്രത്യേക മിശ്രിതം, ഉപ്പ്, സിട്രിക് ആസിഡ് തുടങ്ങിയ സാധാരണ ചേരുവകളുമായി അര മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ ഇന്ധനം ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് 1996ല്‍ രാമര്‍പിള്ള അവകാശപ്പെട്ടത്.
ഇന്ധനക്ഷാമത്തിനും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിഹാരം കണ്ടുപിടിച്ചയാളെന്ന നിലയില്‍ രാമര്‍ ദേശീയ, ആഗോള പ്രശസ്തി നേടി. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയനേതാക്കളെ കാണാനും അവസരം ലഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണശാലകളില്‍ തന്റെ രാസപ്രക്രിയ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നുവരെ രാമര്‍ അവകാശപ്പെട്ടു.
എണ്ണശുദ്ധീകരണ ശാലകളിലെയും വിതരണ കമ്പനികളിലെയും ചിലരുമായി ചേര്‍ന്നു ബെന്‍സീന്‍, ടൗലീന് തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ചേര്‍ത്തു ഹെര്‍ബല്‍ പെട്രോളായി രാമര്‍പിള്ള വില്‍ക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ രാമറിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്തശേഷം അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഡി. മുഖര്‍ജി വിശദീകരിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ ചേര്‍ത്ത മിശ്രിതമാണ് ബയോ ഇന്ധനമായി അവതരിപ്പിച്ചത്. നിരോധിച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നു ഹെര്‍ബല്‍ ഇന്ധനം.
പൊതുജനങ്ങളെ വഞ്ചിച്ചു പണം തട്ടിയതിന് സിബിഐ അറസ്റ്റ് ചെയ്ത രാമര്‍പിള്ളയും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്, എസ്.കെ. ഭരത് എന്നിവരും കുറ്റക്കാരാണെന്ന് ചെന്നൈ എഗ്മോറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കണ്ടെത്തി. വഞ്ചനയിലൂടെ 2.27 കോടി രൂപ തട്ടിയതിന് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമര്‍പിള്ള വീണ്ടും 2000ല്‍ മറ്റൊരു ഇന്ധനം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചെന്നൈയില്‍ പത്രസമ്മേളനം നടത്തി. വേലാര്‍ ബയോ-ഹൈഡ്രോകാര്‍ബണ്‍ ഇന്ധനം എന്നുപേരിട്ട ഇതും മറ്റൊരു തട്ടിപ്പാണെന്നു സംശയമുയര്‍ന്നതോടെ വില്‍പ്പന നടന്നില്ല.
Kerala
മലപ്പുറം: വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍ നിന്ന് അലൂമിനിയം ലൈന്‍ കമ്പി മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തിൽ കെസ്ഇബി ഉദ്യോഗസ്ഥനും കരാര്‍ ജോലികള്‍ ചെയ്യുന്ന ആളുമടക്കമുള്ളവരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥനായ വണ്ടൂര്‍ കാപ്പില്‍ സ്വദേശി മാടവന തോമസ് (52), പുക്കോട്ടുംപാടം ഓഫീസില്‍ കരാര്‍ ജോലികള്‍ ചെയ്യുന്ന കൊല്ലം ജില്ലയിലെ ഇടമണ്‍ തെന്മല സ്വദേശി തേക്കിന്‍കുപ്പില്‍ അബ്ദുല്‍സലാം (59), പാലക്കാട് വല്ലപ്പുഴ സ്വ ദേശികളായ വെട്ടിക്കാട്ടില്‍ ജാസിര്‍ ഹുസൈന് (21), ആലിക്കല്‍ ഹിഷാമുദ്ദീന്‍ (23), കൊടക്കാടന്‍ മുഹമ്മദ് ഹസീബ് (22) എന്നിവരെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് കെഎസ്ഇബി ഓഫീസില്‍നിന്ന് 100 കിലോഗ്രാമില്‍ അധികം തൂക്കം വരുന്ന അലുമിനിയം കമ്പിയാണ് സംഘം മോഷണം നടത്തിയത്. തോമസും അബ്ദുല്‍ സലാമും ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്ത് മറ്റു പ്രതികളോട് വണ്ടിയുമായി വരാന്‍ പറയുകയും മോഷണം നടത്തിയ സാധനങ്ങളുമായി പോകും വഴി, നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധിക്കിടയില്‍ ഒരാള്‍ ഓടി രക്ഷപെടുകയും ആയിരുന്നു.
തുടര്‍ന്നുള്ള പരിശോധയില്‍ വാഹനത്തില്‍നിന്ന് ലൈന്‍ കമ്പിയായി ഉപയോഗിക്കുന്ന അലൂമിനിയം കമ്പി ടാര്‍പ്പായില്‍ മൂടിയ നിലയില്‍ കാണപ്പെട്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കമ്പികള്‍ കെഎസ്ഇബി ഓഫീസില്‍ നിന്നും മോഷണം നടത്തിയതാണെന്നും ഓടി രക്ഷപ്പെട്ടത് കെഎസ്ഇബി ജീവനക്കാരന് തോമസ് ആണെന്നും മനസിലായത്.
തോമസിനെ പിന്നീട് വഴിക്കടവ് വച്ച് പിടികൂടുകയായിരുന്നു. വഴിക്കടവ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്, സിവില്‍ പോലീസ് ഓ ഫിസര്‍മാരായ സഞ്ജു, രാജ്മോഹന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിൽ. പൊന്നാനി അഴിക്കല്‍ പാലക്കല്‍ യൂനസ് (37), പുതിയപുര യില്‍ ഉസ്മാന് (62), ഏഴുകുടിക്കല്‍ യാസിര്‍ (49) എന്നിവരാണ്
അറസ്റ്റിലായത്.
പൊന്നാനി സിഐ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ടോള്‍ ജീവനക്കാര ന് ഹുസൈന് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടത്താന്‍ സഹായിച്ച മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അസി. എന്‍ജിനീയര്‍ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
District News
കരുമാലൂർ: കരുമാലൂരിൽ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ വെളിയത്തുനാട് മില്ലുപടിയിലെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നു മോട്ടറും വയറുകളും കവർന്നു.
കഴിഞ്ഞദിവസം വെളിയത്തുനാട് പാറാന ഭാഗത്തു നിന്നു വാട്ടർ മീറ്ററുകൾ കവർന്ന സംഭവത്തിനു പിന്നാലെയാണ് അടുത്ത മോഷണം നടന്നിരിക്കുന്നത്.
സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയാണ് മോഷണത്തിനു പിന്നിലെന്നു സൂചന.
ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒട്ടേറെ മോഷണങ്ങളാണു നടന്നിരിക്കുന്നത്. ഭൂരിഭാഗം സംഭവത്തിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കരുമാലൂർ മേഖലയിൽ ലഹരിസംഘങ്ങളുടെയും മോഷ്ടാക്കളുടെ ശല്യം കൂടുതലായതലാണ. പോലീസ് രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്താത്തതാണ് മോഷ്ടാക്കളും ഇതര സംസ്ഥാന സംഘങ്ങളും വിലസാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
Kerala
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് കേസിൽ പിടിയിലായത്. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. എസ്പി ഓഫീസിന് 50 മീറ്റർ അകലെ നടന്ന മോഷണം പോലീസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ ജൂൺ ഏഴിന് ഫാസിൽ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഇന്ന് പാലക്കാട് എത്തിയ പ്രതി പിടിയിലാകുകയായിരുന്നു. ഇയാളെ ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിച്ച സുഹൃത്തിനായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം റബർ ബോർഡ് ആസ്ഥാനത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരു പ്രതി പിടിയിൽ. മധ്യപ്രദേശ് അലിരാജ്പുർ സ്വദേശി ദൽസിംഗ് മണ്ഡേലോയ് ആണ് പിടിയിലായത്.
ജനുവരി 19 നാണ് റബർ ബോർഡ് ആസ്ഥാനത്ത് മോഷണം നടന്നത്. അഞ്ച്പേരുടെ സംഘമാണ് മോഷണം നടത്തിയത്. ഇവരിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്.
43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആണ് റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.
Kerala
കൊച്ചി: ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അസം ചിരാങ്ങ് സ്വദേശി ബിജനി ബോക്ത്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗവാസ്കർ (32) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കളത്തെ ടെലിഫോൺ എക്സ്ചേഞ്ചിനകത്ത് എർത്തിംഗിനായി സൂക്ഷിച്ചിരുന്ന 164 കിലോ ഗ്രാം തൂക്കം വരുന്ന ചെമ്പ് പട്ടകളാണ് പ്രതികൾ മോഷ്ടിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 1,80,400 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതിയായ ബോക്ത്തോ റായും മറ്റ് രണ്ട് പേരും ചേർന്നാണ് എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി കോതമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് പിടിയിലായത്.
മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി.
ചൊവ്വാഴ്ച പുലർച്ചെ നാലോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിരുന്നു. നെയ്യാറ്റിൻകര പോലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പരാതി നൽകിയതിന് പിന്നാലെയാണ് പെരുമ്പഴുതൂരിൽ നിന്നും പ്രശാന്തനെ പിടികൂടിയത്. ദൃശ്യങ്ങൾ കണ്ടപ്പോഴേ പൊലീസ് മണിച്ചനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
District News
കൈപ്പറമ്പ്: പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈപ്പറമ്പ് എടക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. നാല് ഓട്ടുരുളികൾ, നാല് ഓട്ടുവിളക്കുകൾ, 15 കിലോഗ്രാം തൂക്കമുള്ള മൂന്ന് തട്ടുകളുള്ള ഓടിന്റെ ദീപസ്തംഭം എന്നിവയാണ് മോഷണം പോയത്. ശ്രീകോവിലിനു മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് പണവും കവർന്നു. ഏകദേശം 80,000 രൂപ വിലമതിക്കുന്ന മുതലുകളാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിനും ശനി പുലർച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൈപ്പറമ്പ് സ്വദേശി സന്തോഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
Kerala
കൊല്ലം: വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി പ്ലാവിള വീട്ടിൽ ഹരിഷ് കുമാറി (31) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിൽ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്.
കനത്ത മഴയിൽ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാൾ വയോധികയുടെ അടുത്ത് എത്തിയത്. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഓമനയുടെ പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സ്വർണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാൾ കാസർകോട്ടേക്ക് മുങ്ങി. ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയ പ്രതിയെ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതെന്നും ബാക്കി കാസർകോട്ട് എത്തിച്ച് വിറ്റു എന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.
Kerala
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. പാലക്കുഴ സ്വദേശി എം.എസ്. രഞ്ജിത്ത്, തിരുമാറാടി സ്വദേശി കെവിന് തോമസ് എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.
കൂത്താട്ടുകുളം രാമപുരം കവലയ്ക്ക് സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 2021 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. അന്നത്തെ ബ്രാഞ്ച് മാനേജറായിരുന്ന മുളക്കുളം മേടമനയില്‍ സീന മാത്യുവും ജീവനക്കാരായിരുന്ന രഞ്ജിത്തും കെവിനും ചേര്‍ന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ലോണ്‍ എടുത്തവരില്‍ നിന്നും തിരിച്ചടവിനായി ലഭിച്ച പണവും പലരുടെയും പേരില്‍ ലോണ്‍ എടുത്ത തുകയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിന് പിന്നാലെ സീന മാത്യു ഇസ്രയേലിലേക്കും രഞ്ജിത്ത് സൗദിയിലേക്കും പോയിരുന്നു. രഞ്ജിത്ത് അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. സീനയ്ക്കായി അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടക കൊപ്പ സ്വദേശി രാധ (49) ആണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് രാധയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പഴ്സാണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്.
അയ്മുറിയിൽ നിന്നും പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 75000 രൂപയും മൂന്ന് പവൻ സ്വർണവും ആണ് മോഷ്ടിച്ചത്.
19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മേയ് 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്.
Kerala
കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.
ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.
അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.
മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.
പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.
അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തൽ.
ക്ഷേത്രത്തിൽ നിന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് മോഷണവിവരങ്ങൾ പുറത്തുവന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ വൈരനാമം ക്ഷത്രത്തിൽ നിന്നു കവർച്ച ചെയ്തു. ആറുമാസം മുൻപ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് ഇതിനെക്കുറിച്ച് ഔദ്യോഗിക രേഖകളിൽ ഉള്ളതെങ്കിലും ഇതുവരെ ക്ഷേത്രത്തിൽ തിരികെ എത്തിച്ചിട്ടില്ല.
വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ 78 ഗ്രാം സ്വർണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വർണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആറുമാസം കഴിഞ്ഞിട്ടും സ്വർണവിളക്കു തിരികെ കൊണ്ടുവന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണമായി നോക്കുകുത്തിയാക്കി നടക്കുന്ന തുടർച്ചയായ മോഷണങ്ങൾ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പോലീസ് വിലയിരുത്തൽ.
ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം സുരക്ഷിതമായ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനോടു ശിപാർശ ചെയ്തു.
വിഐപികൾ ഉൾപ്പെടെ ഒരാളെയും സുരക്ഷാ പരിശോധനയില്ലാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്. സുരക്ഷാ ഓഡിറ്റിംഗ് കർശനമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അന്വേഷണ സംഘത്തിനുമേൽ മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായി. അതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടത്. അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും മുരളീധരൻ പറഞ്ഞു.
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും പിരിച്ചു വിടാനുള്ള അനുമതി ഞങ്ങൾക്ക് ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നെഗറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്.നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതിന് ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായി സംസാരിച്ചു. ഇവന്റ് കമ്പനി കോടതിയെ സമീപിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.
Kerala
കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിന് എത്തിയ കാറ്ററിംഗ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.
പന്തളം ഇലവൻതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങും വിളയിൽ അഭിജിത്ത് (22 ) എന്നിവരെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് ആയിരുന്നു മോഷണം നടന്നത്. എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ കാറ്ററിംഗിന് എത്തിയവരുടെ ആറ് ഫോണുകളാണ് ഇരുവരും ചേർന്ന് അപഹരിച്ചത്.
അന്വേഷണത്തിൽ ഇവരിൽ നിന്നും മുപ്പതിൽ ഏറെ ഫോണുകളും 10 ലേറെ മൊബൈൽ ബാറ്ററികളും ഹെഡ് ഫോണുകളും കണ്ടെടുത്തു, മൊബൈൽ കൂടാതെ ബൈക്കുകളും ഇവർ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണത്തിന് സഹായികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ കൂടി ജുവനൈൽ ബോർഡ് മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം.
ഏകദേശം 20,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടിട്ടായിരുന്നു മോഷണം നടത്തിയത്.
പിക്കാസുമായി അകത്ത് കയറിയ മോഷ്ടാവ് നേരെ ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്നായിരുന്നു വഴിപാട് രസീതായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചത്.
തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കവരാൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിയിട്ട ക്ഷേത്രനടയിലെ മേശ കുത്തി തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിനു സമീപത്തെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മുറി തള്ളിത്തുറന്നു പുറത്തെത്തിയത്. മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനുമായി മൽപ്പിടുത്തത്തിന് ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിറകു വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽനിന്നു വസ്ത്രം മാറിയാണ് കള്ളൻ സ്ഥലം വിട്ടത്. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എഎസ്പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.
District News
പേരൂര്‍ക്കട: കഴിഞ്ഞവര്‍ഷം നടന്ന കവടിയാര്‍ കൊട്ടാരത്തിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണ മോഷണത്തില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്.
അന്വേഷണത്തിന് സഹായകമായ യാതൊരു വിവരവും ഇതുവരെയും ലഭിക്കാത്തതും അന്വേഷണം പാതിവഴിയില്‍ താത്കാലികമായി നിലച്ചതുമാണ് പോലീസിനെ വലയ് ക്കുന്നത്. 2025 നവംബര്‍ മാസത്തിലുണ്ടായ മോഷണത്തെക്കുറിച്ച് രാജകുടുംബം പരാതി നല്കി അന്വേഷണം തുടങ്ങുന്നതുതന്നെ 2026-ലാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ലഭിക്കാവുന്നതിന്റെ 50 ശതമാനം തെളിവുകള്‍പോലും ഇതുമായി ബന്ധപ്പെട്ട് ഇനി ലഭിക്കുമോയെന്ന സംശയത്തിലാണ് പോലീസ്.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണച്ചെയിനില്‍ തുടങ്ങി ആ റുപവന് തൂക്കമുള്ള റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വളയും പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്ണപ്പതക്കവുംവരെ നഷ്ടപ്പെട്ടവയില്‍പ്പെടുന്നു. വിശാലമായ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള കൊട്ടാരത്തിനുള്ളില്‍ കടന്നു കയറി മോഷണം നടത്തുക അസാദ്ധ്യമാണ്. അങ്ങനെയുണ്ടായാല്ത്ത ന്നെ സുരക്ഷിതമായ മുറികളില്‍ കയറിപ്പറ്റുകയും പ്രയാസമാണ്.
അതുകൊണ്ടുതന്നെ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായപ്പോള്‍ രാജകുടുംബം അതുമായി നിസ്സഹകരിച്ചതായി പോലീസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടായതും മൂലമുണ്ടായ തിരക്കും അന്വേഷണത്തെ മന്ദഗതിയിലാക്കി.
കഴിഞ്ഞ രണ്ടുമാസമായി കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് സൂചന. ഇനിയും കേസ് പൊടിതട്ടിയെടുത്തുവേണം അന്വേഷിക്കാന്‍. കോടികളുടെ ആഭരണമോഷണത്തിന് എന്തെങ്കിലും തുമ്പ് ലഭിക്കുമോയെന്ന കാര്യത്തില്‍ പോലീസ് ഉന്നതാധികാരികള്ക്കുതന്നെ മറുപടിയില്ല.
Kerala
തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്ഇബി പറയുന്നു.
വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും.
9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെഎസ്ഇബി പാരിതോഷികം നൽകും. പിഴ തുക പൂർണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും.
വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെസ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.
Kerala
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ഞായറാഴ്ച രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
District News
വെൺമണി: അടച്ചിട്ട വീട്ടിൽനിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവല്ല തൂകലശേരിൽ പൂമംഗലം ശരത് പി.എസ് (40) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണത്തിനുശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണസാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽനിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിനു ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
National
കാസർഗോഡ്: ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ.
റാംജിനഗർ ഗ്യാങ്ങിലെ മുഖ്യകണ്ണിയും തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശിയുമായ അറുമുഖൻ(കിട്ടു)നെ മഞ്ചേശ്വരം പോലീസാണ് പിടികൂടിയത്. ചത്തീസ്ഗഡിൽ നിന്നും പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.
ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പോലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പോലീസ് പിടികൂടിയത്.
2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. എടിഎമ്മില്‍ നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ കൊണ്ട് വന്ന 50 ലക്ഷം രൂപ ഗ്ലാസ് തകര്‍ത്ത് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പോലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ കാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
Kerala
തിരുവനന്തപുരം: വെങ്ങാനൂരിൽ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ ആളെ പിടികൂടി. പനങ്ങോട് രമേഷ് മന്ദിരത്തിൽ രമേഷ് കുമാർ (55) ആണ് പിടിയിലായത്.
ഇയാൾ വെങ്ങാനൂർ, പനങ്ങോട് ഭാഗത്ത് കടകളുടെ പൂട്ട് പൊളിച്ച് പണം മോഷ്ടിച്ചു. കോവളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി രണ്ടിന് പുലർച്ചെ പനങ്ങോടുള്ള ടിവി റിപ്പയറിംഗ് ഷോപ്പിലെയും അടുത്തുള്ള ഹെയർ ഡ്രസിംഗ് ഷോപ്പിലെയും ഷട്ടറിന്റെ പൂട്ടുപൊളിക്കുകയും, ടിവി റിപ്പയറിംഗ് ഷോപ്പിൽ നിന്ന് 15000 രൂപയും ഹെയർ ഡ്രസിംഗ് ഷോപ്പിൽ നിന്ന് 20000 രൂപയും പ്രതി മോഷ്ടിച്ചു.
പിടിയിലായ രമേഷ് കുമാർ കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കുണ്ടറ: കാഷ്യു ഫാക്ടറിയിലെ മോഷണം പ്രതികള്‍ പിടിയില്‍. കാരിക്കല്‍ സ്വദേശി മൊട്ട സുജിത്ത്, മുളവന സ്വദേശിയായ ആദര്‍ശ് അപ്പൂസ് എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ആശുപത്രി മുക്ക് ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തെ പുളിമുക്ക് കാഷ്യു ഫാക്ടറിയിലാണ് മോഷണം നടന്നത്. 30 വര്‍ഷത്തിലേറെയായി 250ൽ പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയാണിത്. കശുവണ്ടിയുടെ ലഭ്യത കുറവ് മൂലം കുറച്ചു നാളുകളായി തുറക്കാത്ത അവസ്ഥയിലാണ്.
ഫാക്ടറിയില്‍ കൃഷിക്കും സുരക്ഷയ്ക്കുമായി ഒരാള്‍ ഉണ്ട്. ഇയാള്‍ അറിയാതെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതികള്‍ ഫാക്ടറിയുടെ പിറകുവശത്തെ മതില് ചാടി കോമ്പൗണ്ടിനകത്ത് കടന്ന് മുറികളിലെ ഫാനുകള്‍, മെഷീന് പാര്‍ട്സുകള്‍ തുടങ്ങി വിലപിടിപ്പുള്ള 25 ഓളം മോട്ടോറുകളും അലൂമിനിയം പാത്രങ്ങള്‍, ത്രാസുകള്‍ തുടങ്ങി അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങളും മോഷ്ടിച്ചതായാണ് മാനേജ്മെന്റ് പരാതി നല്‍കിയത്.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുണ്ടറ മുക്കടയിലെ ആക്രിക്കടയില്‍ നിന്ന് തൊണ്ടിമുതലുകള്‍ ലഭിച്ചു. കൂട്ടുപ്രതികളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് തുണിക്കടയില്‍ കവര്‍ച്ച. ഹോം ഡെക്കോര്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പണവും തുണികളും മോഷണം പോയി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
മോഷണം നടത്തിയ ശേഷം കുറച്ച് തുണികള്‍ മോഷ്ടാവ് സ്ഥാപനത്തിനു മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്ഥാപനവുമായി മുന്‍വൈരാഗ്യമുള്ള വ്യക്തിയാണോ മോഷണത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ സംശയം.
Kerala
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സിറ്റി പോലീസ് കമ്മീഷ്ണർ ആണ് പരാതി കൈമാറിയത്.
കടകംപ്പള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂ ഉടമയായ സ്ത്രീയും ചേർന്ന് കേസിൽ കുരുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. സമാന സ്വഭാവമുള്ള കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചിട്ടുണ്ടോ, തെളിവ് ശേഖരിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം നൽകുന്നതിന് വേണ്ടിയാണ് സിറ്റി പോലീസ് കമ്മീഷണർ പരാതി എസ്ഐടിക്ക് കൈമാറിയത്.
ഡിജിപിക്ക് പോറ്റി നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണതതിനായി കമ്മീഷ്ണർക്ക് കൈമാറിയത്.
Kerala
കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. കുറ്റൂരിലെ കോറോത്ത് കൊവ്വൽ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.
നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതിൽ തകർത്തതായി കണ്ടത്. വീടിന്റെ മുൻ വശത്തെ വാതിൽ തകർക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നടഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
പെരിങ്ങോം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ വീടിനു പിൻവശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വരികയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പിയും സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിനു നേതൃത്വം നൽകുന്നുണ്ട്.
Kerala
ആലപ്പുഴ: ചമ്പക്കുളത്ത് വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ. തകഴി ചെറയകം സ്വദേശി കെ. അഭിലാഷ് (40) ആണ് അറസ്റ്റിലായത്.
നെടുമുടി പോലീസാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 21-ന് അർജന്റിനയിൽ നിന്നുള്ള 15 അംഗ വിനോദ സഞ്ചാര സംഘം ചമ്പക്കുളത്തെ റിസോർട്ടിൽ താമസിക്കാനെത്തിയിരുന്നു. ഇവർ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കി, സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് അഭിലാഷ് മുറിയിൽ കടന്ന് പണം അപഹരിച്ചത്.
വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളറാണ് ഇയാൾ മോഷ്ടിച്ചത്.പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ വിനോദ സഞ്ചാരികൾ നെടുമുടി സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തതിൽ അഭിലാഷിന്റെ മൊഴികളിലെ വൈരുധ്യം പോലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച ശേഷം ഒളിപ്പിച്ചു വച്ചിരുന്ന പണം പോലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ലക്നോ: ഗോമതിനഗറിലെ സഹാറ സിറ്റിയിൽ ആഡംബര വീടുകളിൽ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ. ഫയാസ്, നൂർ മുഹമ്മദ്, അമൻ സാഹ്നി, ഡാനിഷ്, ഷാഹിദ്, വിക്രം എന്നിവരാണ് പ്രതികൾ.
ആക്രി കച്ചവടക്കാർ എന്ന വ്യാജേനയാണ് പ്രതികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. പകൽ സമയങ്ങളിൽ ആക്രി പെറുക്കാൻ എന്ന വ്യാജേന വിവിധയിടങ്ങളിൽ പോയി മോഷണം നടത്തേണ്ട വീടുകൾ ഇവർ മുൻകൂട്ടി നിശ്ചയിക്കും. രാത്രികാലങ്ങളിൽ സഹാറ സിറ്റിയിലെ മതിൽ ചാടിക്കടന്നാണ് വീടുകളിൽ കയറിയിരുന്നത്.
വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്. മോഷണം നടത്തുന്ന വസ്തുക്കൾ ഒരു പിക്ക് അപ്പ് വാനിൽ കയറ്റിയാണ് കടത്തിയിരുന്നത്. ഇവ വിറ്റ് കിട്ടുന്ന പണം ആറ് പേരും കൂടി വീതിച്ചെടുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
സഹാറ സിറ്റിയിലെ നിരവധി വീടുകളിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
District News
മൂവാറ്റുപുഴ : ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പായിപ്ര പഴയകത്ത് അഷ്റഫ് (52) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സൗത്ത് മാറാടി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനത്തിൽ പകൽ സമയത്ത് അതിക്രമിച്ചു കയറി ആറാം നിലയിലുള്ള ലിഫ്റ്റ് റൂമിൽ എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷ്ടിച്ചത്.
Kerala
തിരുവനന്തപുരം: രാജ്യത്ത് എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി.
ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലടക്കം എൽപിജി ക്ഷാമം രൂക്ഷമായിരിക്കയാണ്. ഇതിനിടെയാണ് മോഷണം. എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കൃത്യമായി എത്തിക്കുമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജിയുടെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.