കൈപ്പറമ്പ്: പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈപ്പറമ്പ് എടക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. നാല് ഓട്ടുരുളികൾ, നാല് ഓട്ടുവിളക്കുകൾ, 15 കിലോഗ്രാം തൂക്കമുള്ള മൂന്ന് തട്ടുകളുള്ള ഓടിന്റെ ദീപസ്തംഭം എന്നിവയാണ് മോഷണം പോയത്. ശ്രീകോവിലിനു മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ടു തകർത്ത് പണവും കവർന്നു. ഏകദേശം 80,000 രൂപ വിലമതിക്കുന്ന മുതലുകളാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിനും ശനി പുലർച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൈപ്പറമ്പ് സ്വദേശി സന്തോഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നിലവിൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
Tags : nattu vishesham Kaiparampil temple Theft