ഷാംഗ്ഹായ് ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാർ ഒന്നിച്ചുള്ള ചിത്രം
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോ വൻ നയതന്ത്ര നാണക്കേടിനും വിവാദങ്ങൾക്കും വഴിവെച്ചു. ലോകനേതാക്കൾക്കൊപ്പം നിൽക്കുന്ന യഥാർഥ ചിത്രത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് അഞ്ച് ലോകനേതാക്കളെയും എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് പാകിസ്ഥാൻ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രം പോസ്റ്റ് ചെയ്തത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചിത്രത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്നതായി കാണിക്കാനും, അദ്ദേഹം ഉച്ചകോടിയിൽ പ്രധാന പങ്കുവഹിച്ചു എന്ന് വരുത്തിതീർക്കാനുമായിരുന്നു ഈ കൃത്രിമം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പാക് പിഎംഒ വെട്ടിമാറ്റി.
തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിൽ ഷെഹ്ബാസ് ഷെരീഫ് വലതുഭാഗത്ത് നിന്ന് നാലാമതായാണ് നിന്നിരുന്നത്.സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതോടെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്നീട് തന്റെ വ്യക്തിഗത അക്കൗണ്ടിലൂടെ യഥാർത്ഥ ചിത്രം പങ്കുവെച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു.
Tags : Shanghai SCOSummit DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash